Web Desk

January 20, 2021, 5:01 am

മാധ്യമപ്രവര്‍ത്തനത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ മാപ്പ് അര്‍ഹിക്കുന്നില്ല

Janayugom Online

രാജ്യത്തെ രണ്ട് പ്രമുഖ മോഡിപക്ഷ ടെലിവിഷന്‍ ചാനലുകളായ റിപ്പബ്ലിക് ടി വി, ടെെംസ് നൗ എന്നിവക്കെതിരെ മുംബെെ പൊലീസ് ചുമത്തിയ ടിആര്‍പി (ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ്) കേസില്‍ ബോംബെ ഹെെക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രങ്ങളിലെ വിവരങ്ങള്‍ ഏതൊരു പൗരനെയും ഞെട്ടിപ്പിക്കുന്നവയാണ്. ആ കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുകയുണ്ടായി. റിപ്പബ്ലിക് ടി വി മേധാവി അര്‍ണബ് ഗോസ്വാമിയും ബിഎആര്‍സി (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്ഥോ ദാസ്ഗുപ്തയുമായി നടന്ന വാട്സ്ആപ്പ് സംഭാഷണങ്ങള്‍ രാജ്യസുരക്ഷയെ അപകടത്തിലാക്കുംവിധം ഔദ്യോഗികരഹസ്യ നിയമത്തിന്റ നഗ്നമായ ലംഘനമാണെന്ന് വ്യക്തമാക്കുന്നു. ചോര്‍ന്നുകിട്ടിയ വിവരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളവയാണെങ്കില്‍ അത് ദേശീയ സുരക്ഷയുടെ അടിത്തറ തോണ്ടുന്നവയാണ്.

2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തെപ്പറ്റി ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. 40 ജവാന്മാര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണമായിരുന്നു അത്. തുടര്‍ന്ന് ഫെബ്രുവരി 23ന് ഇന്ത്യ ബാലക്കോട്ടില്‍ നടത്തിയ മിന്നല്‍ ആക്രമണത്തെപ്പറ്റി അത് നടക്കുന്നതിനു മൂന്ന് ദിവസം മുമ്പ് ഇരുവരും ചര്‍ച്ച ചെയ്തു. അര്‍ണബ് ഗോസ്വാമിക്ക് പ്രധാനമന്ത്രിയുടെ ഓഫീസുമായും ബിജെപി ഭരണവൃത്തങ്ങളുമായുള്ള ഉറ്റബന്ധവും സ്വാധീനവും കുപ്രസിദ്ധമാണ്. അതെപ്പറ്റി ഗോസ്വാമിയും റിപ്പബ്ലിക്ക് ടി വിയും വീമ്പിളക്കുന്നതും പതിവായിരുന്നു. അതുകൊണ്ടുതന്നെ അതീവ പ്രാധാന്യമര്‍ഹിക്കുന്ന രാജ്യസുരക്ഷാ സംബന്ധിയായ രഹസ്യ വിവരങ്ങളുടെ ഉറവിടത്തെക്കുറിച്ചും ചോര്‍ച്ച എവിടെ നിന്ന് ഉണ്ടായി എന്നതിനെപ്പറ്റിയും ആര്‍ക്കും സംശയം ഉണ്ടാവേണ്ടതില്ല. നടന്‍ സുശാന്ത്സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് റിപ്പബ്ലിക് ടി വിയും ടെെംസ് നൗവും നടത്തിയ മാധ്യമവിചാരണ എല്ലാ മാധ്യമ ധാര്‍മ്മികതയെയും ലംഘിക്കുന്നവയായിരുന്നു. മഹാമാരിയെത്തുടര്‍ന്ന് മോഡി പ്രഖ്യാപിച്ച അടച്ചുപൂട്ടലും അത് സൃഷ്ടിച്ച ദുരിതങ്ങളും ഏറെ വിമര്‍ശനവിധേയമായ സന്ദര്‍ഭത്തിലായിരുന്നു അത്.

സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരോപണവിധേയരായവര്‍ക്കെതിരെ ഇരു ചാനലുകളും സമാനതകളില്ലാത്ത അപവാദ പ്രചരണമാണ് അഴിച്ചുവിട്ടത്. മാധ്യമ വിചാരണയിലൂടെ സുശാന്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ സൃഷ്ടിക്കാനായിരുന്നു ശ്രമം. കുറ്റം തെളിയിക്കപ്പെടുംവരെ കുറ്റാരോപിതര്‍ നിരപരാധികളായിരിക്കുമെന്ന നിയമതത്വത്തെപ്പോലും കാറ്റില്‍പറത്തി വ്യക്തിഹത്യക്കുള്ള നികൃഷ്ട ശ്രമമാണ് നടന്നത്. സ്വകാര്യതക്കുള്ള മൗലിക അവകാശം നിരന്തരമായി ലംഘിക്കപ്പെട്ടു. ടിആര്‍പി കൃത്രിമമായി ഉയര്‍ത്തിക്കാട്ടാന്‍ ബിഎആര്‍സിയുമായി റിപ്പബ്ലിക് ടി വി നടത്തിയ ഗൂഢാലോചനയുടെ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് രാജ്യതാല്പര്യത്തിനും നിയമവാഴ്ചയ്ക്കും മൗലികാവകാശ ലംഘനങ്ങള്‍ക്കും അര്‍ണബ് ഗോസ്വാമിയും പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ഭരണവൃത്തങ്ങളും നടത്തിയ ആസൂത്രിത ഗൂഢാലോചനയിലേക്കാണ്. ഇക്കാര്യങ്ങള്‍ ഉദ്വേഗജനകമായ വാര്‍ത്തകള്‍ എന്നതിലുപരി മൗലികപ്രാധാന്യം അര്‍ഹിക്കുന്ന കുറ്റകൃത്യങ്ങളും രാഷ്ട്രീയ നിയമപ്രശ്നങ്ങളുമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.

മൗലിക അവകാശ ലംഘനം ഉള്‍പ്പെട്ട മാധ്യമ വിചാരണ കേസില്‍ ബോംബെ ഹെെക്കോടതി റിപ്പബ്ലിക് ടി വിയുടെയും ടെെംസ് നൗവിന്റെയും പ്രവൃത്തി കോടതി അലക്ഷ്യത്തിനു തുല്യമാണെന്ന് കണ്ടെത്തി. എന്നിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതി വിസമ്മതിച്ചു. മോഡി ഭരണത്തില്‍ കോടതികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ധാര്‍മ്മിക ശെെഥില്യം ഏറെ ചര്‍ച്ചാവിധേയമായ വസ്തുതയാണ്. മൗലിക അവകാശം എന്ന നിലയില്‍ സ്വകാര്യതയുടെ പരമപ്രാധാന്യം സുപ്രീം കോടതിയുടെ നിരവധി വിധികള്‍ അടിവരയിടുന്നു. പതിനാല് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് സ്വകാര്യതയുടെ ലംഘനം. രാജ്യസുരക്ഷയെ അപകടത്തിലാക്കുന്നതും ഔദ്യോഗിക രഹസ്യ നിയമലംഘനവും രാജ്യദ്രോഹക്കുറ്റം തന്നെയാണ്. ടിആര്‍പി റേറ്റിംഗില്‍ ആസൂത്രിത തിരിമറി നടത്തിയത് മാധ്യമ ധര്‍മത്തിനു നിരക്കാത്ത കുറ്റകൃത്യവും ജനവഞ്ചനയുമാണ്. ഗോസ്വാമിയെപ്പോലെ ഒരാളില്‍ നിന്നും മാധ്യമ ധര്‍മ്മത്തോടുള്ള പ്രതിബദ്ധത ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അയാള്‍ നടത്തിയ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും മാപ്പ് അര്‍ഹിക്കുന്നവയല്ല.