Web Desk

August 14, 2020, 3:00 am

കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം

Janayugom Online

യു എസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വംശജ കമല ഹാരിസ് ആയിരിക്കുമെന്ന പ്രഖ്യാപനം ആഗോളതലത്തിൽ ശ്രദ്ധേയമായിരിക്കുന്നു. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് കമലയുടെ പേര് പ്രഖ്യാപിച്ചത്‌. രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകയായ കമല ഹാരിസിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയായി ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നുമായിരുന്നു ബൈഡന്‍ പറഞ്ഞത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിർദ്ദേശിക്കപ്പെട്ടതിലൂടെ താന്‍ ബഹുമാനിതയായെന്നായിരുന്നു ഇതിനോടുള്ള കമലയുടെ പ്രതികരണം. ഒട്ടേറെ പ്രത്യേകതകളുമായാണ് കമല രംഗപ്രവേശം ചെയ്യപ്പെട്ടിരിക്കുന്നത്. കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററായ കമല (55) ഇന്ത്യയിൽനിന്ന് കുടിയേറിയ ശ്യാമളയുടെയും ജമൈക്കന്‍ വംശജനായ ഡോണാൾഡ് ഹാരിസിന്റെയും രണ്ട് പെൺമക്കളിൽ ഒരാളാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പേര് നിർദ്ദേശിക്കപ്പെടുന്ന തെക്കനേഷ്യൻ വംശജ, ആഫ്രിക്കൻ അമേരിക്കൻ, പിതാവ് വഴി കറുത്ത വംശജ എന്നിങ്ങനെ ആ പ്രത്യേകതകൾ നീളുന്നു. കമല വൈസ് പ്രസിഡന്റാകുകയാണെങ്കിൽ അമേരിക്കൻ ചരിത്രത്തിൽ ഈ സ്ഥാനത്തെത്തുന്ന ആദ്യവനിതയുമായിരിക്കും അവർ. മാത്രവുമല്ല ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെടുന്ന മൂന്നാമത്തെ വനിതയും. വംശ വിദ്വേഷം ആളിക്കത്തിയ ട്രംപിന്റെ ഭരണകാലയളവ് പരീക്ഷണ വിധേയമാകുന്നതാണ് ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ രണ്ടു മൂന്ന് മാസങ്ങൾ അത് പാരമ്യത്തിലായിരുന്നു. ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വംശജൻ പൊലീസുകാരന്റെ കാൽമുട്ടുകൾക്കിടയിൽ ശ്വാസം കിട്ടാതെ മരിക്കുന്നതിന് മുമ്പ് ദയനീയമായി നിലവിളിച്ച ‘എനിക്ക് ശ്വസിക്കാനാവുന്നില്ലെന്ന’ വാക്കുകൾ യുഎസിൽ മാത്രമല്ല പ്രതിധ്വനിച്ചത്. വംശ വിദ്വേഷത്തിനെതിരായി, ആ നിലവിളി ലോകമെങ്ങും പ്രതിധ്വനിച്ചു. അതുകൊണ്ട് തന്നെ കറുത്ത വർഗക്കാരിൽ നിന്നുള്ള ഒരാളുടെ, അതും ഒരു വനിത, പേര് നിർദ്ദേശിക്കപ്പെടുന്നുവെന്നതും പ്രാധാന്യം വർധിപ്പിക്കുന്നു.

ഈ പ്രഖ്യാപനം റിപ്പബ്ലിക്കൻ — ഡെമോക്രാറ്റിക് എന്നിവ തമ്മി­ൽ പ്രധാന മത്സരത്തിന് വേദിയാകുന്ന അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ചൂടും ചൂരും നല്കുമെന്നുമുറപ്പാണ്. യുഎസിൽ കറുത്ത വംശജർ ഭരണാധികാരിയായി വരുന്നതുകൊണ്ട് ആ രാജ്യത്തിന്റെ അടിസ്ഥാന നയങ്ങളി­ൽ മാറ്റമുണ്ടാകുമെന്നത് അമിതമായ പ്രതീക്ഷയാണ്. അത് ബരാക് ഒബാമയിലൂടെ തെളിഞ്ഞതുമാണ്. എങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ട ഒരാളെന്ന നിലയിൽ കമല ഹാരിസിന്റെ പേര് ചർച്ചയാവുന്നതും ചിലർക്കെങ്കിലും പ്രതീക്ഷ നല്കുന്നതും അവരുടെ ജീവിത പശ്ചാത്തലമാണ്. തെക്കനേഷ്യൻ, ആഫ്രിക്കൻ വംശജയെന്ന വിശേഷണം അവർ പറഞ്ഞു നടന്നില്ല. ആ വിശേഷണങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു തെരഞ്ഞെടുപ്പ് തന്ത്രമായി കരുതാവുന്നതുമാണ്. കാരണം പലതാണ്. അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കറുത്ത വംശജരും ഏഷ്യൻ വംശജരും വലിയ വോട്ടുബാങ്ക് തന്നെയാണ് യുഎസിൽ. അതിൽ തന്നെ ഇന്ത്യൻ വംശജർക്കും പ്രമുഖ സ്ഥാനമുണ്ട്. 13 ലക്ഷം ഇന്ത്യക്കാർക്കാണ് ഇവിടെ വോട്ടവകാശമുള്ളത്.

ന്യൂനപക്ഷങ്ങളോട് നിലവിലുള്ള യുഎസ് ഭരണകൂടങ്ങൾ കാട്ടുന്ന അവഗണനയും ഇത്തരത്തിലൊരു പ്രചരണത്തിന് അവർക്ക് പ്രേരണയാകുന്നുണ്ടാകും. അതോടൊപ്പം കറുത്ത വർഗക്കാർ നേരിടുന്ന വംശീയമായ അധിക്ഷേപങ്ങളും അവഗണനകളും വോട്ടാക്കി മാറ്റുന്നതിന് ഈയൊരു പേര് പ്രഖ്യാപനത്തിലൂടെ സാധിച്ചേക്കുമെന്നതും മറ്റൊരു കാരണമാണ്. അതെന്തായാലും കമല ഹാരിസിന്റെ ജീവിത പശ്ചാത്തലത്തിലൂടെ സഞ്ചരിക്കുമ്പോൾ അവരുടെ സ്ഥാനാർത്ഥിത്വം നീതിയുക്തമാവുന്നതിന് ഇതിനുമപ്പുറം കാരണങ്ങളുണ്ട്. പുരോഗമനപരമായ ആശയങ്ങളുമായി സഞ്ചരിക്കുന്ന വനിതയാണ് അവർ. ഡെമോക്രാറ്റുകൾക്കിടയിലെ നവ തലമുറയെയാണ് കമല പ്രതിനിധാനം ചെയ്യുന്നത്. പൗരാവകാശത്തിനായുള്ള പ്രവർത്തനങ്ങൾ, തൊഴിലവകാശസമരങ്ങൾ, എല്ലാവർക്കും ആരോഗ്യപരിരക്ഷ ലഭ്യമാക്കുക എന്നിങ്ങനെ അടിസ്ഥാന പ്രശ്നങ്ങളിൽ വളരെക്കാലമായി സജീവമായി ഇടപെടുകയും പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട് അവർ. മാത്രവുമല്ല യുഎസ് സംസ്ഥാനമായ കാലിഫോർണിയയിലെ അറ്റോർണി ജനറൽ എന്ന നിലയിലുള്ള ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. ഈ പുരോഗമനപരമായ കാഴ്ചപ്പാടുകൾ ആഗോള വിഷയങ്ങളിലും അവർ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് കമലയുടെ സ്ഥാനാർത്ഥിത്വം പ്രാധാന്യമർഹിക്കുന്നത്.