ദുരിതമനുഭവിക്കുന്നവരെ കൊല്ലാക്കൊല ചെയ്യുന്നവര്‍

Web Desk
Posted on August 12, 2019, 9:22 pm

‘നമ്മള്‍ വന്നത് വെറും കയ്യോടെ, ഇനി പോകുന്നതും വെറും കയ്യോടെ’; ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായം ചോദിച്ചു വന്നവര്‍ക്ക് തന്റെ കടയിലെ വസ്ത്രങ്ങള്‍ ചാക്കില്‍ കെട്ടി നല്‍കിയ കൊച്ചി ബ്രോഡ്‌വേയിലെ വഴിയോര കച്ചവടക്കാരന്‍ നൗഷാദ് വെറുമൊരു മനുഷ്യന്‍ മാത്രമല്ല; മലയാളിയുടെ മനസാണ്. പതിറ്റാണ്ടിനിപ്പുറം കേരളക്കരയെയാകെ കണ്ണീരണിയിപ്പിച്ച കഴിഞ്ഞ പ്രളയകാലവും ശേഷം നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ലോകം വാഴ്ത്തിയ ഒന്നാണ്. ലോകത്താകെ വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ നന്മ തുളുമ്പുന്ന മനസിന് കിട്ടിയതാണ് ആ അംഗീകാരം. അതേ പ്രളയഭീതിയുമായാണ് വീണ്ടും ഓഗസ്റ്റ് മാസമെത്തിയത്. വടക്കന്‍ കേരളത്തിലെ വലിയൊരുഭാഗത്തെയും പ്രളയത്തില്‍ മുക്കി. മലകള്‍ പിളര്‍ന്ന് മണ്ണും കല്ലും മരങ്ങളും കുത്തിയൊലിച്ച് കൂരകള്‍ക്കും അതിലെ ജീവനുകള്‍ക്കും മീതെ മൂടി. തുടിക്കുന്ന ജീവനൊന്നിനെപ്പോലും പുറത്തെടുക്കാന്‍ കഴിയാത്ത വിധം മഴ മണ്ണിനെ കുതിര്‍ത്തുകൊണ്ടേയിരുന്നു. ഉരുള്‍പ്പൊട്ടിയിറങ്ങിയ വയനാട്ടിലെയും മലപ്പുറത്തെയും കുന്നിന്‍ ചെരുവുകളില്‍ ഈ നിമിഷവും ഉറ്റവരെ തിരയുന്ന മനുഷ്യജന്മങ്ങളുടെ കരച്ചിലാണ്. അറുപതോളം പേര്‍ രണ്ടിടത്തായി മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

രണ്ടര ലക്ഷത്തോളം പേരാണ് സംസ്ഥാനത്താകെയുള്ള 1639 ക്യാമ്പുകളിലായുള്ളത്. മരണത്തിനുതുല്യമായി സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഇനി എന്ത് എന്ന ചിന്തയിലാണ്. 286 വീടുകളാണ് ഇപ്പോള്‍ തുടരുന്ന പ്രകൃതിക്ഷോഭത്തില്‍ പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. 2,966 വീടുകള്‍ ഭാഗികമായും നശിച്ചു. ആകെയുള്ള നഷ്ടം ഇനിയും തിട്ടപ്പെടുത്താനും കഴിഞ്ഞിട്ടില്ല. എങ്കിലും കോടിക്കണക്കിന് രൂപയുടെ സമ്പാദ്യവും സാമഗ്രികളും കിടപ്പാടവും നഷ്ടമായിട്ടുണ്ട്.

സഹജീവികളുടെ കണ്ണീരൊപ്പാന്‍ കഴിയുന്നവനാണ് യഥാര്‍ഥ മനുഷ്യന്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങാവാന്‍ തുനിയുന്നവരെ വിലക്കാനുള്ള യത്‌നം സോഷ്യല്‍ മീഡിയകളിലൂടെ നടത്തുന്ന ഒരുപറ്റം ആളുകളുണ്ട്. അത്തരം വിഷജന്തുക്കളെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരേ ശൈലിയില്‍ ഒരേ ആശയത്തില്‍ നിന്ന് പടച്ചുവിടുന്ന സന്ദേശങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, സഹായിക്കാന്‍ സന്നദ്ധരാവുന്നവരെ പിന്‍തിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിന് ഇത്തവണ സഹായം നല്‍കേണ്ട അവസ്ഥയില്ലെന്നും സാമ്പത്തിക പരാധീനതയുടെ പ്രശ്നം കേരളത്തിന് ഇല്ലെന്നും കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്റെ പ്രസ്താവനയ്ക്ക് ചുവടുപിടിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ഒരുകൂട്ടര്‍ ദുരിതബാധിതര്‍ക്കെതിരെ ക്രൂരമായ വിനോദത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ദുരിതാശ്വാസ സഹായനിധിയിലേക്ക് പണം നിക്ഷേപിക്കരുതെന്ന് മാത്രമല്ല, മുസ്‌ലിം ജനവിഭാഗങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും സഹായിക്കേണ്ടെന്നും വഴിതെറ്റിപ്പോലും സേവാഭാരതിയുടെ വാഹനങ്ങള്‍ മലപ്പുറത്തേക്കും കണ്ണൂരിലേക്കും പോകരുതെന്നുമൊക്കെയാണ് വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെയെല്ലാമുള്ള സന്ദേശങ്ങള്‍.

കേന്ദ്രമന്ത്രി മുതല്‍ താഴെത്തലം വരെയുള്ള എല്ലാ തട്ടിലെയും ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കൃത്യമായി അറിയാവുന്ന ഒന്നാണ് ഒരു സംസ്ഥാനത്തിന്റെ ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി’ എന്താണെന്നും അതില്‍നിന്ന് ചെലവഴിക്കുന്ന രീതി എങ്ങനെയാണെന്നും. എന്നാല്‍, ബോധപൂര്‍വം കേരളത്തോട് ക്രൂരത കാണിച്ച് രസിക്കുന്നതില്‍ കേരളീയരും ഉള്‍പ്പെട്ടിരിക്കുന്നുവെന്നതിലാണ് ആശ്ചര്യം. നൂറുകണക്കിന് നിസഹായര്‍ക്ക് ആശ്വാസമാകുന്ന ഒന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം ദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനാവില്ല. വകമാറ്റി ചെലവഴിക്കുന്നുവെന്ന കല്ലുവച്ച നുണ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം വലിയ കുറ്റകൃത്യമായി കാണേണ്ടിയിരിക്കുന്നു. 4106 കോടി രൂപയാണ് (20.07.2019 വരെ) കഴിഞ്ഞ പ്രളയ ദുരിതാശ്വാസത്തിലേക്ക് സംഭാവനയായി ലഭിച്ചത്. ഓരോദിവസവും ലഭിക്കുന്ന തുകയും ചെലവഴിക്കുന്ന തുകയും തത്സമയം ഔദ്യോഗിക വെബ്സൈറ്റിലൂടെ ആര്‍ക്കും അറിയാം. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന 247666 വീടുകള്‍ പുനര്‍നിര്‍മ്മിക്കാനായി 1275 കോടി രൂപ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചു. 20.07.2019 വരെ 2041 കോടി രൂപ പ്രളയവുമായി ബന്ധപ്പെട്ട് വിവിധ ചെലവുകള്‍ക്കായി അനുവദിച്ചതായി കൃത്യമായി തന്നെ ഈ രേഖകളില്‍ വ്യക്തമാണ്. 4354 കോടി രൂപയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുള്ളത്.

സാധാരണ ദുരിതാശ്വാസ നിധിയില്‍ എന്നപോലെ മുഖ്യമന്ത്രി അനുവദിക്കുന്ന അടിയന്തര ദുരിതാശ്വാസത്തിന് പോലും പരിധിയുണ്ട്. മൂന്ന് ലക്ഷം രൂപ, അതില്‍ കൂടുതല്‍ തുക ഏതെങ്കിലും ആവശ്യത്തിനോ പ്രദേശത്തിനോ വേണ്ടി ചെലവഴിക്കണമെങ്കില്‍ കാബിനറ്റ് തീരുമാനം വേണം. റവന്യൂ വകുപ്പ് ഉത്തരവായി ഇറക്കുകയും വേണം. ഫിനാന്‍സ് സെക്രട്ടറി കളക്ടര്‍മാര്‍ക്കോ ബന്ധപ്പെട്ട വ്യക്തികള്‍ക്കോ ബാങ്ക് വഴി പണം കൈമാറും. ഇവ സിഎജി ഓഡിറ്റിന് വിധേയവുമാണ്. ഇതെല്ലാം അറിഞ്ഞിട്ടും ദുരന്തത്തെ അഭിമുഖീകരിക്കുന്ന ഒരുനാട്ടില്‍ അരക്ഷിതാവസ്ഥയും സംഘര്‍ഷവും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നത്. സമൂഹമൊന്നടങ്കം ഈ നീക്കത്തിനെതിരെ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.