25 April 2024, Thursday

ചരിത്രത്തെ വികൃതമാക്കരുത്‌

Janayugom Webdesk
September 5, 2021 4:04 am

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്യ്രദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ പുറത്തിറക്കിയ പോസ്റ്ററില്‍ നിന്ന്‌ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രം ഒഴിവാക്കപ്പെട്ടു. സ്വാതന്ത്യ്ര സമരവുമായി ബന്ധപ്പെട്ട മുന്‍നിര നേതാക്കള്‍ എന്നു കരുതുന്ന എട്ടുപേരുടെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററായിരുന്നു ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ പുറത്തിറക്കിയത്‌. രാജ്യത്തിന്റെ വിഭജനത്തെയും മതം അതിന്‌ അടിസ്ഥാനമാകുന്നതിനെയും എതിര്‍ത്ത ദാര്‍ശനികനായിരുന്നു ജവഹര്‍ലാല്‍ നെഹ്രു. തന്റെ രാഷ്‌ട്രീയ പിന്‍ഗാമിയെന്ന്‌ മഹാത്മാ ഗാന്ധി ചൂണ്ടിക്കാട്ടുകയും രാജ്യത്തിനായി ഒമ്പതു വര്‍ഷക്കാലം കാരാഗൃഹവാസം അനുഭവിക്കുകയും ചെയ്‌ത പോരാളി. നെഹ്രു കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്ന കാലയളവിലാണ്‌ പൂര്‍ണ സ്വാതന്ത്യ്രം ആവശ്യപ്പെട്ടുള്ള പ്രമേയം 1929ല്‍ അവതരിപ്പിച്ചത്‌. ബ്രിട്ടീഷ്‌ മേല്‍ക്കോയ്‌മക്കെതിരെയുള്ള പോരാട്ടത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും സ്വാതന്ത്യ്ര പ്രാപ്‌തിക്കു ശേഷം രാജ്യം സ്വീകരിക്കേണ്ട ജനാധിപത്യ ഘടനയ്‌ക്കും അദ്ദേഹം രൂപം നല്‍കി. വലതു തീവ്ര നയങ്ങള്‍ക്കെതിരെയും രാജ്യത്തിന്റെ ഐക്യത്തിനുമായി സ്വാതന്ത്ര്യാനന്തര രാജ്യം ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ അധികാരത്തിലേറ്റി. രാജ്യനിര്‍മ്മിതിയുടെ നാളുകളായിരുന്നു തുടര്‍ന്നുള്ളത്‌.
വിധ്വംസക ശക്തികളുടെ എതിര്‍പ്പ്‌ നിരന്തരം നേരിടേണ്ടിയും വന്നു, ഇക്കാലത്ത്‌. വളര്‍ന്നുവരുന്ന രാജ്യത്തിന്റെ രാഷ്‌ട്രീയം മതേതരത്വവും ആത്മീയതയുടെ ഉള്ളടക്കം നാനത്വത്തില്‍ ഏകത്വവും എന്ന്‌ നെഹ്രു ആവര്‍ത്തിച്ചു. കാര്‍ഷിക വ്യാവസായിക നയങ്ങളിലൂടെ രാജ്യം ഉയരങ്ങളിലേയ്‌ക്ക്‌ അതിവേഗം നീങ്ങി. ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ ഇടം നല്‍കിയതുകൊണ്ട്‌ പോസ്റ്ററില്‍ സ്ഥാനം നേടിയ തീവ്ര വലതു ശക്തികളുടെ നേതാവ്‌ വി ഡി സവര്‍ക്കര്‍ 1923ല്‍ ഇങ്ങനെ എഴുതി; ഇന്ത്യ ഹിന്ദുക്കള്‍ക്കു മാത്രമുള്ളതാണ്‌. മുസ്‌ലിങ്ങള്‍ക്കും ക്രിസ്‌ത്യാനികള്‍ക്കും വേണ്ടിയുള്ളതല്ല. നാം ഹിന്ദുക്കള്‍ ഒന്നാണ്‌, കാരണം നാം ഒരു രാജ്യമാണ്‌. ഒരു വംശമാണ്‌, ഒരു സംസ്‌കാരമാണ്‌. രാജ്യത്തിന്റെ ജനാധിപത്യ സംസ്‌കാരം പൊളിഞ്ഞുവീഴണമെന്ന്‌ സവര്‍ക്കര്‍ ആഗ്രഹിച്ചു. ഹിന്ദുത്വ ആശയത്തിലധിഷ്‌ഠിതമായ ഒരു വംശീയതയുടെ രാജ്യസ്ഥാപനമായിരുന്നു ലക്ഷ്യം.


ഇതുംകൂടി വായിക്കൂ:നെഹ്രുവിനെ തമസ്കരിക്കുന്നവരും ഗ്രൂപ്പ് മാനേജര്‍മാരുടെ കോണ്‍ഗ്രസും

 


1937ല്‍ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നടത്തിയ പ്രസംഗത്തി­ല്‍ രണ്ടു രാജ്യമെന്ന ആ­ശയം സവര്‍ക്കര്‍ തു­റന്നുപറഞ്ഞു. ഏകീകൃതമായോ സമജാതീയമായോ ഇന്ത്യയെ കരുതാനാവില്ല. മറിച്ച് തിക­ച്ചും വിഭിന്നങ്ങളായ ര­ണ്ട് രാഷ്ട്രങ്ങള്‍ പ്രധാന­മായുണ്ടാവണം-ഇ­ന്ത്യ­­യിലെ ഹിന്ദുക്കളുടെയും മു­സ്‌ലിങ്ങളുടെയും. സവ­ര്‍ക്ക­ര്‍ രണ്ടു രാജ്യമെന്ന സിദ്ധാന്തത്തിന്‌ ആദ്യമായി ഇങ്ങനെ അടിത്തറപാകി. മൂന്നു കൊല്ലങ്ങ­ള്‍ക്കു ശേഷം മുഹമ്മദ്‌ അലി ജിന്ന ഈ ആശയം ഏറ്റെടുത്തു. ഹിന്ദുത്വവാദി നേതാവിന്റെ ഇരുരാജ്യ വാദസിദ്ധാന്തമെന്ന വര്‍ഗീയ വിള്ളലുകളിലേക്കും ഒടുവില്‍ വിഭജനത്തിന്റെ ബീഭത്സതയിലും എ­ത്തിച്ചേര്‍ന്നു. സാമ്രാജ്യത്വ അധിനിവേശത്തില്‍ ആരംഭിക്കുകയും 1947ല്‍ അവസാനിക്കുകയും ചെയ്യുന്നില്ല സ്വാതന്ത്യ്രസമര ചരിത്രം. സ്വാതന്ത്യ്രാനന്തരം എഴുപ്പത്തഞ്ചാണ്ടുകളിലായി രാജ്യം പലഘട്ടങ്ങളിലായി അതിന്റെ ഐക്യത്തില്‍, മതേതര ആശയങ്ങളില്‍, ജ­നാധിപത്യ മൂല്യങ്ങളില്‍ വെല്ലുവിളികള്‍ നേരിടുന്നു. പരാജയങ്ങളും തിരിച്ചടികളും സംഭവിക്കുമ്പോഴും ആത്മവിശ്വാസം നഷ്‌ടമായിരുന്നില്ല. കാരണം ചരിത്രസ്വഭാവത്തില്‍ രാജ്യം വിശ്വസിച്ചിരുന്നു. ആ­ത്മവിശ്വാസം ഇന്നലെകളില്‍ വേരാഴ്‌ത്തിയതായിരുന്നു, പോരാട്ടങ്ങളിലും പരാജയങ്ങളിലും.


ഇതുംകൂടി വായിക്കൂ:നെഹ്രുവിനെ തമസ്കരിക്കുന്നവരും ഗ്രൂപ്പ് മാനേജര്‍മാരുടെ കോണ്‍ഗ്രസും

 


ഇത്തരം രേഖകളുടെ സൂക്ഷിപ്പുകാരില്‍ ഒ­ന്നായിരുന്നു ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍(ഐസിഎച്ച്‌­ആര്‍). ഉന്നത ചരിത്രകാരനും വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ.നൂറുള്‍ ഹസന്‍, ചരിത്രകാരന്‍ പ്രൊഫ. ആര്‍ എസ്‌ ശര്‍മ്മ തുടങ്ങിയ­വരുടെ നേതൃത്വത്തില്‍ 1970ല്‍ ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്‌ തുടക്കമിട്ടു. ശാസ്‌ത്രീയവും യുക്തിഭദ്രവുമായി ചിന്തിക്കുന്നവരുടെ കാവല്‍ ചരിത്രപാഠങ്ങള്‍ക്ക്‌ ലഭിച്ചു. പരിപാലിച്ചും നിലനിര്‍ത്തിയും രാജ്യനിര്‍മ്മിതിക്കായി മുന്നോട്ടുനീങ്ങുകയായിരുന്നു ലക്ഷ്യം. ചലനാത്മകതയും ചെറുക്കാനാവാത്തതും തുടര്‍ച്ചയും പ്രധാന ആസ്തികളായി. ഐക്യത്തിന്റെയും സമാധാനത്തിന്റെയും മുന്നോട്ടുള്ള കുതിപ്പിനും ശക്തിക്കും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും അടിത്തറപാകി. രാജ്യനിര്‍മ്മിതിയുടെ അസ്ഥിവാരപൂര്‍ത്തീകരണത്തിന്‌ വേഗം നല്‍കി, ഇതെല്ലാം എക്കാലവും വലതു തീവ്ര ശക്തികളെ നേരിട്ടുകൊണ്ടായിരുന്നു സാധ്യമാക്കിയത്. രാജ്യത്തിന്റെ ഐക്യവും ഒരുമയും എക്കാലത്തും സ്ഥിരീകരിക്കപ്പെടുകയും അംഗീകരിക്കുകയും നിലനിര്‍ത്തുകയും ചെയ്‌തു. രാജ്യത്തിന്റെ വൈവിധ്യം സംരക്ഷിക്കപ്പെട്ടു. ഇത്‌ അംഗീകരിക്കുകയും അട്ടിമറിയ്‌ക്കാന്‍ ആരെയും അനുവദിച്ചില്ല. രാജ്യത്തിന്റെ ദീര്‍ഘവും ക്ലേശാവഹവുമായ ചരിത്രം വഴികാട്ടിയായി. ഇടര്‍ച്ചയ്‌ക്കോ സ്‌തംഭനത്തിനോ ചരിത്രബോധം അനുവദിച്ചുമില്ല. രാജ്യത്തിന്റെ വ്യക്തിത്വം എല്ലായ്പോ­ഴും ഓരോ വ്യതിയാനത്തിലും പുനഃനിര്‍വചിക്കപ്പെട്ടു. ഇതിനായി സ്വാതന്ത്യ്രത്തിലേക്ക്‌ എന്ന പേരില്‍ ഐസിഎച്ച്‌ആര്‍ എഴുപതുകളില്‍ ആരംഭിച്ച വിശാലമായ പദ്ധതിവിഭജനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. എല്ലാ ജില്ലകളിലും ഇതുമായി ബന്ധപ്പെട്ട ആശയ വിനിമയങ്ങള്‍ നടന്നു. ആ നാടുമായി ബന്ധപ്പെട്ട, സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ട ചരിത്രങ്ങള്‍ അടയാളപ്പെടുത്തി. സ്വാതന്ത്യ്ര സമരചരിത്രം വ്യക്തമായി ഇഴചേര്‍ക്കപ്പെട്ടു. ഐസിഎച്ച്‌ആറിന്റെ മികവായിരുന്നു ഇത്‌. ചെറുതും വലുതുമായ ചരിത്രപദ്ധതികളും പ്രബന്ധങ്ങളും അന്വേഷണങ്ങളും ഏറ്റെടുക്കപ്പെട്ടു. വികലമാക്കപ്പെട്ട പോസ്റ്റര്‍ ചരിത്രബോധം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുണ്ട്‌. അതോടൊപ്പം ചരിത്രത്തിന്റെ വ്യാഖ്യാനം പ്രത്യേക വിഭാഗം തിരഞ്ഞെടുക്കുന്നതും ആവുകയുമരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.