ആഗോളവിപണിയിൽ ഇന്ധന വിലയിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഒരു ബാരലിന് ശരാശരി 50 ഡോളർ വരെയുണ്ടായിരുന്ന വില 30 ശതമാനത്തോളം കുറഞ്ഞ് 30 ഡോളറിന് താഴേയ്ക്കുവരെയായി. ഇന്നലെ വിലയിൽ അല്പം വർധനയുണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ പ്രവണത അനുസരിച്ച് വിപണിയിൽ വിലക്കുറവ് തുടരുമെന്നാണ് നിഗമനം. അതാത് ദിവസത്തെ ആഗോള വിലയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ വിപണിയിൽ ഇന്ധന വിലയിൽ വ്യതിയാനം വരുത്തുന്ന രീതിയാണ് കമ്പനികൾ നടത്തിവരുന്നത്. ലോക വ്യാപകമായി ഭീതി പരത്തി പടർന്നു പിടിക്കുന്ന കോവിഡ് 19 എന്ന വൈറസും സൗദി അറേബ്യയും റഷ്യയും തമ്മിലുണ്ടായിരിക്കുന്ന വിലത്തർക്കവുമാണ് ഇന്ധന വിലയിൽ ആഗോള തലത്തിൽ ഇടിവുണ്ടാകുന്നതിന് കാരണമായിരിക്കുന്നത്. ലോകത്തെ പല രാജ്യങ്ങളിലും കോവിഡ് 19 ഭീതി വിതയ്ക്കുന്ന സാഹചര്യത്തിൽ ഉണ്ടായിരിക്കുന്ന വ്യാപാര മാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയും ഇന്ധന ഉപഭോഗം കുറയുന്നതിന് കാരണമായി. അതോടൊപ്പം പരസ്പര വ്യാപാരത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കും ഇന്ധന വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇക്കാരണങ്ങളാലെല്ലാമാണ് വിലയിടിവിലേയ്ക്ക് നയിച്ചത്. 1991 ലുണ്ടായ ഗൾഫ് യുദ്ധകാലത്തെ വിലയിടിവിന് ശേഷം ഇത്രയും ഭീമമായ കുറവുണ്ടാകുന്നത് ഇപ്പോഴാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. എന്നാൽ ഇങ്ങനെയൊരു സാഹചര്യമുണ്ടായിട്ടും അതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് നൽകുന്നതിന് ഇന്ത്യയിലെ എണ്ണക്കമ്പനികൾ തയ്യാറാകുന്നില്ലെന്നത് പ്രതിഷേധാർഹമാണ്. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോൾ കമ്പനികൾ അല്പം വില കുറയ്ക്കുമെങ്കിലും കേന്ദ്ര സർക്കാർ നികുതി വർധിപ്പിച്ച് കയ്യിട്ടുവാരാനാണ് ശ്രമിക്കാറുള്ളത്. 2013 — 14 ൽ ഇന്ധന വില ആഗോളവിപണിയിൽ വൻ തോതിൽ ഉയർന്നപ്പോൾ 67 രൂപ വരെയുണ്ടായിരുന്ന ഒരു ലിറ്റർ പെട്രോളിന് 73 രൂപയോളമായി ഉയർന്നു. ഡീസലിന്റെ വില 49 രൂപയായിരുന്നത് 55.5 രൂപയായും വർധിച്ചു. പിന്നീട് ഓരോ വർഷത്തെ കണക്ക് പരിശോധിച്ചാൽ ആഗോള വിപണിയിൽ വില ഉയരുമ്പോൾ ഇവിടെയും ഉയരുന്ന പ്രവണതയുണ്ടാകുന്നതായി കാണാവുന്നതാണ്. എന്നാൽ ക്രൂഡോയിൽ വില കുറയുന്നതിനനുസരിച്ച് പെട്രോൾ, ഡീസൽ വില കുറയുന്നില്ല. എന്നു മാത്രമല്ല കുറയ്ക്കാവുന്ന വിധം ഗണ്യമായി വില വ്യത്യാസമുണ്ടാകുമ്പോൾ കേന്ദ്രസർക്കാർ നികുതിയിൽ മാറ്റം വരുത്തി നേട്ടമുണ്ടാക്കുകയെന്ന സമീപനമാണ് സ്വീകരിക്കുന്നത്.
2014 ന് മുമ്പ് 22.5 ശതമാനമാണ് വിവിധ നികുതിയിനത്തിൽ ഡീസലിന് ചുമത്തപ്പെട്ടിരുന്നത്. ഇപ്പോഴത് 60 ശതമാനത്തിന് മേലെയാണ്. ഇങ്ങനെ ഉപഭോക്താവിന് ആഗോള വിപണിയിലെ വിലക്കുറവ് ഒരു തരത്തിലും സഹായകമാവരുതെന്ന പിടിവാശിയിലാണ് കേന്ദ്രസർക്കാരും എണ്ണ കമ്പനികളും മുന്നോട്ടുപോകുന്നത്. ഇന്ധന വില നിർണ്ണയാധികാരം കമ്പനികൾക്ക് നല്കിയതോടെയാണ് ഈ കൊള്ളയടി ശക്തമായത്. ആദ്യമൊക്കെ ആഗോള വിപണിയിലെ വില വ്യത്യാസത്തിനനുസരിച്ച് സർക്കാരായിരുന്നു വില നിർണ്ണയം നടത്തിയിരുന്നത്. പിന്നീട് ആഗോളവൽക്കരണ സാമ്പത്തിക നയത്തിന്റെ ഭാഗമായി പ്രസ്തുത അവകാശം കമ്പനികൾക്ക് നൽകി. അതോടെ ശക്തമായ കൊള്ളയുടെ ഫലമായി പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ഇടയ്ക്കിടെ വിലകയറുന്ന സ്ഥിതിയുണ്ടാക്കി. എങ്കിലും രണ്ടാഴ്ചയിൽ ഒരിക്കലായിരുന്നു വർധനയുണ്ടാകാറുണ്ടായിരുന്നത്.
മാസം ഒന്ന്, 16 തീയതികളിലായിരുന്നു വിലനിർണ്ണയം. ബിജെപി സർക്കാർ 2017 ജൂൺ 16 മുതൽ എല്ലാ ദിവസവും വില നിർണ്ണയം നടത്തുന്നതിന് അനുവാദം നൽകി. വളരെ സുന്ദരമായ വിശദീകരണമായിരുന്നു ഇതിന് ബിജെപി സർക്കാർ നൽകിയത്. പതിനഞ്ച് ദിവസത്തിനിടെയുണ്ടാകുന്ന വിലക്കുറവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കാനാണ് ഇങ്ങനെയൊരു മാറ്റമെന്നായിരുന്നു അത്. എല്ലാവരും പ്രതീക്ഷിച്ചത് ആഗോള വിപണിയിൽ വില കുറയുന്നതനുസരിച്ച് എല്ലാ ദിവസവും വില കുറയുകയോ കൂടുകയോ ചെയ്യുമെന്നായിരുന്നു. പക്ഷേ സംഭവിച്ചത് ഓരോ ദിവസവും ആഗോള വിപണിയിൽ വില കൂടുന്നതിനനുസരിച്ച് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില കൂടുക മാത്രമാണ്. പല തവണ കുറയുമ്പോൾ വ്യാപക പ്രതിഷേധമുയരുകയാണെങ്കിൽ നേരിയ വിലക്കുറവ് വരുത്തുക മാത്രം ചെയ്യുന്നു. ഇപ്പോഴും അതുതന്നെയാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡോയിലിന് ആഗോള വിപണിയിൽ 30 ശതമാനത്തിലധികമാണ് വില കുറഞ്ഞത്.
എന്നാൽ ഇന്നലെ കുറച്ചത് പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ്. തിങ്കളാഴ്ച ബാരലിന് 30 ഡോളർ വരെയായിരുന്നുവെങ്കിൽ ഇന്നലെ 36.33 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. 70 മുതൽ നൂറിലധികം ഡോളർ വരെ ആഗോള വിപണിയിലെ വില എത്തിയപ്പോൾ കമ്പനികൾ നിശ്ചയിച്ച നിരക്കിൽ നിന്ന് വളരെ ചെറിയ വ്യത്യാസം മാത്രമേ ഇപ്പോഴും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുള്ളൂ. രാജ്യമാകെ പ്രതിസന്ധിയിലും ഓരോ വ്യക്തിയും കുടുംബവും ഭീതിയിലും പകച്ചുനിൽക്കുന്ന ഈ ഘട്ടത്തിലെങ്കിലും ഇന്ധനവിലയിലുണ്ടാകുന്ന കുറവിനനുസരിച്ച് വില നിർണ്ണയം നടത്തുന്നതിന് കമ്പനികളെ നിർബന്ധിക്കാൻ സർക്കാർ മുൻകയ്യെടുക്കണം.