April 2, 2023 Sunday

ഇടുങ്ങിയ രാഷ്ട്രീയ മനസ് പ്രതിപക്ഷം ഉപേക്ഷിക്കണം

Janayugom Webdesk
March 13, 2020 5:00 am

‘ഇത് ഒരു യുദ്ധം ആണ്, മരിക്കാതിരിക്കാൻ ഉള്ള യുദ്ധം. അതിൽ വലിയ പിന്തുണ കിട്ടുന്നു’ സർക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ പരാമർശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ പറഞ്ഞതാണിത്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 73 ആയി വർധിച്ചു എന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്ക്. രോഗബാധിതരിൽ 56 ഇന്ത്യക്കാരും 17 വിദേശികളുമാണുള്ളത്. വ്യാഴാഴ്ച മാത്രം പുതുതായി 13 കേസുകൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ് അഗർവാൾ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസിനെതിരായ വാക്സിൻ കണ്ടെത്താൻ 18 മാസം മുതൽ രണ്ടു വർഷം വരെ സമയം വേണ്ടിവരുമെന്നും അവർ പറഞ്ഞു. വൈറസുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പഠനവിധേയമാക്കുന്നുണ്ട്. നിലവിൽ പൂർണമായും സ്ഥിരീകരിക്കപ്പെട്ട പഠനങ്ങളൊന്നും ലഭ്യമല്ല. കൂടിയ ഊഷ്മാവിൽ വൈറസിന് അതിജീവിക്കാൻ സാധിക്കില്ലെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്.

എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കുന്ന പഠനങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് വ്യാപനത്തെ തുടർന്ന് ജനുവരി 30ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ ലോകം മുഴുവനും ഒരു മഹാമാരിയെപ്പറ്റി ആകുലപ്പെട്ട് കഴിയുമ്പോൾ കോവിഡ് 19 നിയന്ത്രിക്കുന്നതിന് സർക്കാർ പുലർത്തുന്ന മികവ് ഇടതുപക്ഷത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുവെന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ വിലയിരുത്തലിനൊപ്പം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു ഇപ്പോൾ യുഡിഎഫ്. രോഗബാധയുടെ സാഹചര്യം മുതലെടുക്കാനാണ് ആരോഗ്യ മന്ത്രി ശ്രമിക്കുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം. വ്യക്തിപരമായി ആക്രമിച്ച് മന്ത്രിയ്ക്ക് മീഡിയാ മാനിയ ആണെന്ന ആരോപണത്തിൽ എത്തിയിരിയ്ക്കുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് ബാധിത രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയത്തെ പിന്തുണയ്ക്കുന്നതിൽ നിന്ന് പിന്തിരിയുന്നതിൽ വരെ എത്തിയിരിയ്ക്കുന്നു പ്രതിപക്ഷ വൈരാഗ്യം.

ഇറ്റലിയിൽനിന്നെത്തിയ ഒരു കുടുംബവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ടത്തിൽ കോവിഡ് ബാധ നിയന്ത്രണവിധേയമാക്കുന്നതിലെ മികവ് നാട് അംഗീകരിച്ചതാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ആരോഗ്യവകുപ്പിന്റെ 12 സംഘങ്ങൾ. ഞായറാഴ്ചമുതൽ 24 മണിക്കൂറും വിശ്രമമില്ലാത്ത സേവനം. കുടുംബത്തിന്റെയും അവരുമായി അടുത്ത് ഇടപഴകിയവരുടെയും യാത്രാമാപ്പ് തയ്യാറാക്കുന്നത് അടക്കമുള്ള ഭഗീരഥപ്രയത്നം. ഇറ്റലിയിൽ നിന്ന് വ­ന്ന­വർ കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി 3000 പേരുമായി സമ്പർക്കം പുലർത്തിയെന്ന വിവരമാണ് ഞായറാഴ്ച വൈകുന്നേരം ആരോഗ്യവകുപ്പിന് കിട്ടിയത്. ദമ്പതിമാർക്ക് രോഗം സ്ഥിരീകരിച്ച ശനിയാഴ്ച അർധരാത്രിതന്നെ അടിയന്തര കർമപദ്ധതി പത്തനംതിട്ട കളക്ടർ പി ബി നൂഹിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. ഇവരുടെ മകളും മരുമകനും കോട്ടയത്തായതിനാൽ കോട്ടയം കളക്ടർ പി കെ സുധീർ ബാബുവുമായും വിവരങ്ങൾ പങ്കിട്ടു. ഇവിടെയും റാന്നിയിലുമായി ഞായറാഴ്ചതന്നെ ആരോഗ്യവകുപ്പിന്റെ സംഘങ്ങൾ ഇറങ്ങി. കുടുംബം താമസിച്ചിരുന്ന ഐത്തലയിൽ അവരുടെ സമീപവാസികളെയെല്ലാം ഞായറാഴ്ചതന്നെ വീടുകളിലെത്തി കണ്ടു.

കുടുംബവുമായി നിരന്തരം സംസാരിച്ചു. ഫെബ്രുവരി 29 മുതൽ മാർച്ച് ആറുവരെയുള്ള സഞ്ചാരത്തിന്റെയും ഇടപഴകലിന്റെയും വിവരം തയ്യാറാക്കി. റാന്നി ജണ്ടായിക്കൽ പ്രദേശത്തുനിന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ സഞ്ചാരങ്ങളും മറ്റുമറിഞ്ഞ് വിശദാംശങ്ങൾ തയ്യാറാക്കി. കോട്ടയം ചെങ്ങളത്ത് ഇറ്റലിയിൽ നിന്നെത്തിയ ദമ്പതിമാരുടെ മകളും മരുമകനും താമസിക്കുന്ന വീടും പരിസരവുമറിഞ്ഞു. അവരുമായി ഇടപഴകിയ ആളുകളുടെ വിവരശേഖരണത്തിന് നിയോഗിച്ചത് ആറു സംഘങ്ങളെ. അവരുടെ പ്രവർത്തനം ഇപ്പോഴും തുടരുന്നു. പത്തനംതിട്ട, കോട്ടയം ജില്ലാ ഭരണകൂടങ്ങളും ഡി എം ഒ മാരും പരസ്പരം വിവരം കൈമാറി നടത്തിയ നീക്കം വിജയകരമായി പൂർത്തിയാക്കി. ബസ്, ഹോട്ടൽ, ബാങ്ക്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നെല്ലാം വിവരം ശേഖരിച്ചു. രോഗികളുമായി അടുത്തിടപഴകിയവരെ വീടുകളിൽ ചെന്നുകണ്ട് ആരോഗ്യസ്ഥിതി മനസ്സിലാക്കി. മൊബൈൽ നമ്പറും എടുത്തു.

ഓരോ സംഘത്തിലും ഒരു മെഡിക്കൽ ഓഫീസറും രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാരും മെഡിക്കൽ പി ജി വിദ്യാർഥികളും ഉൾപ്പെടുന്നു. നിരീക്ഷണത്തിലുള്ളവരുടെ മൊബൈലിലേക്ക് ദിവസവും മൂന്നുതവണ ഹെൽത്ത് ഇൻസ്പെക്ടർമാർ വിളിച്ചു വിവരം തിരക്കും. ആരോഗ്യം മോശമായാൽ ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റും. രോഗബാധിതർ പോയ ഇടങ്ങളിലെ പിഎച്ച്സികളിലെ ഡോക്ടർമാരുടെ സംഘവും സമാന്തരമായി സേവനത്തിലുണ്ടായിരുന്നു. ഡിഎംഒ ഓഫീസുകളിൽ 24 മണിക്കൂറും കൺട്രോൾറൂം പ്രവർത്തിയ്ക്കുന്നു. രോഗികളുടെ വിളിയും മറ്റുകാര്യങ്ങളും ശേഖരിച്ച് ഇവർ കൈമാറും. ദേശീയ ആരോഗ്യമിഷനും ഇവർക്കൊപ്പം സേവനത്തിലുണ്ട്. ഇതേ മാതൃകയിൽ സംസ്ഥാനമൊട്ടാകെ ഈ മഹാമാരി നേരിടാൻ തയ്യാറാണ്. ഇത്തരം സാഹചര്യത്തിലാണ് വ്യക്തിഹത്യയും ഇടുങ്ങിയ രാഷ്ട്രീയ മനസ്സുമായി പ്രതിപക്ഷവും യുഡിഎഫും ജനങ്ങളെ മറന്നുള്ള പ്രവൃത്തിയ്ക്കിറങ്ങിയിരിയ്ക്കുന്നത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്ന് നാടുവിളിച്ചു പറയുന്നത് കേട്ടില്ലെന്ന് നടിയ്ക്കുകയാണവർ. ജനങ്ങളിതെല്ലാം കാണുന്നുണ്ട് എന്ന് മാത്രം ഓർമ്മിപ്പിയ്ക്കുന്നതാകും ഉത്തമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.