സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ സജീവമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് അവയവമാറ്റത്തിന് കാത്തിരിക്കുന്ന ആയിരങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. അവയമാറ്റ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് ഉന്നതതല യോഗം വിളിച്ചത് പ്രത്യാശ നൽകുന്നതാണ്. അവയവ മാറ്റങ്ങള്‍ക്ക് മേൽനോട്ടം വഹിക്കാൻ സൊസൈറ്റി രൂപീകരണം യോഗത്തിൽ ചർച്ചയാകും. സൊസൈറ്റി നിർദ്ദേശം ആറു വർഷമായി ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാണ്. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് ഡിജിപിക്കു നൽകിയ റിപ്പോർട്ടിൽ സർക്കാറിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവട മാഫിയയുടെ പ്രവർത്തനം എന്ന് വ്യക്തമാക്കിയിരുന്നു. വൃക്ക വിലയ്ക്കു വാങ്ങുന്നതിന് ഇടനിലക്കാർ മൂന്നുലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ രോഗികളുടെ ബന്ധുക്കളിൽ നിന്നു തട്ടിയെടുക്കുന്നു എന്നാണ് വിവരം.
വൃക്ക മാത്രമല്ല ഹൃദയവും ശ്വാസകോശവും കരളും കണ്ണിന്റെ കോർണിയ പോലും മാറ്റിവയ്ക്കുന്നത് ലക്ഷങ്ങളുടെ കച്ചവടമാക്കി മാറ്റി അവയവ മാഫിയ. അവയവ ദാതാക്കൾക്കു പണം വാഗ്ദാനം ചെയ്തശേഷം നൽകാത്ത സംഭവങ്ങളും ഇതിനിടെയേറെ. സംസ്ഥാനത്ത് അവയവ കൈമാറ്റത്തിന് അനുമതിയുള്ള 35 ആശുപത്രികളുണ്ടെങ്കിലും അവയവ കച്ചവട മാഫിയയുടെ പ്രവർത്തനം ഇതിനു വെളിയിലാണ്. ദാനമായി ലഭിക്കുന്ന അവയവങ്ങളും ആവശ്യക്കാരായ രോഗികളുടെ എണ്ണവും തമ്മിലുള്ള അന്തരമാണ് മാഫിയയുടെ മൂലധനം. മരണാനന്തര അവയവ കൈമാറ്റത്തിനായി സർക്കാർ രൂപവത്കരിച്ച ‘മൃതസഞ്ജീവനി’യിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 2329 പേരാണ്. പക്ഷെ, വിവിധ രോഗങ്ങൾ ബാധിച്ച് അവയവങ്ങൾ മാറ്റിവെക്കേണ്ട കാൽലക്ഷം പേരെങ്കിലും സംസ്ഥാനത്തുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. മസ്തിഷ്ക മരണാനന്തരം ദാനം നൽകാൻ തയാറായവരുടെ അവയവകൈമാറ്റത്തിന് മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത 35 ആശുപത്രികൾക്കാണ് സർക്കാർ അനുമതി. 2012 മുതൽ ഇതുവരെ മസ്തിഷ്ക മരണം സംഭവിച്ച 314 പേരിൽനിന്ന് 888 അവയവങ്ങളാണ് ലഭിച്ചത്.
‘മൃതസഞ്ജീവനി’ വഴി അവയവം ലഭിക്കാനുള്ള കാലതാമസവും നിയമപരമായ കാര്‍ക്കശ്യവും ആവശ്യക്കാരുടെ ആധിക്യവും ലൈവ് ഡൊണേഷൻ അത്യാവശ്യമാക്കുന്നു. ഇതിനായി ജീവകാരുണ്യ താല്പര്യത്താല് ബന്ധുക്കളല്ലാത്തവർക്കും അവയവം ദാനം ചെയ്യാം എന്ന വകുപ്പ് പ്രയോജനപ്പെടുത്താം. അവയവ മാഫിയയും ദുരുപയോഗം ചെയ്യുന്നത് ഇതേ വകുപ്പാണ്. വൈദ്യശുശ്രൂഷയിലെ ധാർമ്മികത മറന്ന് ലാഭം മാത്രം ലാക്കാക്കിയ ചില സ്വകാര്യ ആശുപത്രികൾ മാഫിയായുമായി കൈകോർക്കുമ്പോൾ ആതുരശുശ്രൂഷയിൽ അനിവാര്യമായ നൈതികതയും മനുഷ്യത്വവും ചോരയിൽ കുതിരുന്നു. അവയവ കച്ചവടം നിയന്ത്രിക്കാൻ ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യുമൻ ഓർഗൻസ് ആന്റ് ടിഷ്യൂസ് ആക്ട് എന്ന കേന്ദ്ര നിയമം പ്രാബല്ല്യത്തിലുണ്ട്. സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന അവയവദാന പദ്ധതിയാണ് മൃതസഞ്ജീവനി. കേരള നെറ്റ്വർക്ക് ഓഫ് ഓർഗൻ ഷെയറിംഗാണു പദ്ധതി നടപ്പാക്കുന്നത്. മൃതസഞ്ജീവനി പദ്ധതിയിൽ രോഗികളുടെ പേര് രജിസ്റ്റർ ചെയ്യുന്നത് ആശുപത്രികളാണ്. ദാതാവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചാൽ ആർക്കാണ് അവയവം നൽകേണ്ടതെന്നു മൃതസഞ്ജീവനി സംസ്ഥാന സമിതി തീരുമാനിക്കുന്നത് രജിസ്റ്റർ ചെയ്യുന്ന രോഗികളുടെ അവസ്ഥയും മുൻഗണനയും നോക്കിയാണ്.
കടക്കെണിയിലായവരെയും സാമ്പത്തികകുരുക്കിലായവരെയുമാണ് അവയവ കച്ചവട മാഫിയ കെണിയിൽപെടുത്തുന്നത്. അവയവദാനത്തിന് നിർബന്ധിതമാക്കിയത് കൊടിയ ദാരിദ്ര്യമാണെന്ന് പൊലീസിന് മൊഴിനൽകിയവരുണ്ട്. അവയവ ദാതാവും സ്വീകർത്താവും ഒരുപോലെ നിയമപരമായി കുടുങ്ങുമെന്നതിനാൽ ഇരകൾ കേസിനുപോകാറുമില്ല. അവയമാറ്റ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ഇന്നു നടക്കുന്ന യോഗത്തിൽ അവയവ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മേൽനോട്ട ചുമതലയ്ക്ക് സൊസൈറ്റി രൂപീകരിക്കണമെന്ന നിർദേശത്തിനാണ് മുൻതൂക്കം. സൊസൈറ്റി രജിസ്ട്രേഷൻ, മൃതസഞ്ജീവനി നോഡൽ ഓഫീസറുടെ ചുമതലകൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളും അജണ്ടയിലുണ്ട്. അതിസങ്കീർണമായ അവയവദാന പ്രക്രിയയെ മുൻ സർക്കാർ എത്ര ലാഘവത്തോടെ കണ്ടുവെന്ന് വ്യക്തമാക്കിയാണ് ഏകോപനച്ചുമതലയുള്ള മൃതസഞ്ജീവനിക്ക് നിയമപ്രാബല്യമോ മേലധികാരിയോ ഘടനയോ ഇല്ലെന്ന വിവരം പുറത്തുവന്നത്. എല്ലാ അവയവദാനവും നിയമപരമാക്കാനും സൊസൈറ്റിക്ക് കീഴിലാക്കാനുമുള്ള നിര്‍ദ്ദേശം 2015 ൽ നല്‍കിയിരുന്നതാണ്. ദാതാക്കൾ, സ്വീകർത്താക്കൾ, ആശുപത്രികൾ എന്നിവയ്ക്കിടയിൽ മധ്യസ്ഥത വഹിക്കുക, ശസ്ത്രക്രിയകളുടെ ചെലവ് നിരീക്ഷിക്കുക, ആശുപത്രികളുടെ അംഗീകാരം, ദാതാക്കളുടെ ക്ഷേമം തുടങ്ങിയവ സൊസൈറ്റിക്ക് കീഴിൽ കൊണ്ടുവരാനാണ് ശ്രമം. ഇടനിലക്കാര്‍ക്ക് പഴുത് തേടാനാവാത്ത സർക്കാർ സംവിധാനം ശക്തിപ്പെടുമ്പോൾ ചൂഷണം അവസാനിപ്പിക്കാനാകും.