Web Desk

March 09, 2021, 5:00 am

പാലാരിവട്ടം ബോധ്യപ്പെടുത്തുന്ന ഇച്ഛാശക്തി

Janayugom Online

പാലാരിവട്ടം മേല്‍പ്പാലം അഞ്ചുമാസവും പത്തുദിവസവും കൊണ്ട് പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുനൽകിയപ്പോൾ ഇടതു സർക്കാരിന്റെ ഇച്ഛാശക്തിയിൽ സമൂഹം തീക്ഷ്ണമായി ആഴപ്പെട്ടു. ഇടതു മുന്നണി സര്‍ക്കാരിന്റെ രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി പശ്ചാത്തല മേഖലയിൽ സാധ്യമായത് പാലാരിവട്ടം പാലം അടക്കം നിരവധി സുപ്രധാന പദ്ധതികൾ. അഞ്ചും പത്തും തവണ പൂർത്തീകരണ തീയതി മാറ്റുന്ന നിർമ്മാണ രീതി കണ്ടുമടുത്ത നാടിനോട് കാലംമാറിയെന്ന് വിളംബരം ചെയ്ത നിർമ്മാണമായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പാലാരിവട്ടത്തു വിവിധ ഏജൻസികൾ ചേർന്നു നടത്തിയത്.

ഡിസൈൻ തയാറാക്കിയ ശ്രീഗിരി കൺസൽട്ടന്റ്സ്, മേൽനോട്ടം വഹിച്ച ഡിഎംആർസി, കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി എന്നിവയുടെ കൂട്ടായ പരിശ്രമമാണ് 270 ദിവസം വേണ്ടിയിരുന്ന നിർമ്മാണം 160 ദിവസം കൊണ്ടു പൂർത്തിയാക്കാൻ സഹായിച്ചത്. ‘പാലാരിവട്ടത്തു ഞങ്ങൾ പറഞ്ഞ ഏത് ആവശ്യവും ചെയ്തുതരാൻ ഊരാളുങ്കലിന്റെ എൻജിനീയർമാരും തൊഴിലാളികളും തയാറായിരുന്നു. ചില സൈറ്റുകളിൽ നമ്മൾ 30 പേരെ വേണമെന്നു പറഞ്ഞാൽ അഞ്ച് പേരെ മാത്രമായിരിക്കും കിട്ടുക. എന്നാൽ പാലാരിവട്ടത്ത് ആദ്യ ദിവസം മുതൽ നമ്മൾ പറയുന്നത് എന്താണോ അത് അവർ സൈറ്റിൽ ഒരുക്കി. 300 തൊഴിലാളികൾ വരെ നിർമ്മാണ സൈറ്റിലുണ്ടായിരുന്നു’. മേൽനോട്ടം വഹിച്ച ഡിഎംആർസിയുടെ സാക്ഷ്യമാണിത്. തൊഴിലാളികളുടെ സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകം പരാമർശിച്ചതും ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ്. 2016 ഒക്ടോബർ 12 ന് പാലാരിവട്ടം മേല്‍പ്പാലം യാഥാർത്ഥ്യമായെങ്കിലും ആറ് മാസം കൊണ്ടുതന്നെ പാലത്തിൽ കേടുപാടുകൾ കണ്ടെത്തുകയായിരുന്നു. പിയർ ക്യാപ്പുകളിലും വിള്ളൽ സംഭവിച്ചതോടെ 2019 മെയ് ഒന്നിന് പാലം അറ്റകുറ്റപണികൾ നടത്തുന്നതിനായി അടച്ചിട്ടു. യുഡിഎഫ് ഭരണത്തിന്റെ പഞ്ചവടിപ്പാലമായി കാലം പാലാരിവട്ടത്തെ ആദ്യപാലത്തെ അടയാളപ്പെടുത്തുകയും ചെയ്തു.

സംസ്ഥാനത്തിന്റെ വികസന കുതിപ്പ് അടയാളപ്പെടുത്തുന്ന സംസ്ഥാന ചരിത്രത്തിൽ ഏറ്റവുമധികം പാലങ്ങ­ൾ നിർമ്മിച്ചത് ഇടതുപക്ഷ സർക്കാരാണ്. നിർമ്മാണം പൂർത്തിയാക്കിയതും നിർമ്മാണത്തിലിരിക്കുന്നതും ബലപ്പെടുത്തിയതും ഭരണാനുമതി നൽകിയതുമുൾപ്പെടെ 569 പാലങ്ങൾ. യു­ഡിഎഫ് ഭരണത്തി­ൽ 275 പാലങ്ങള്‍ നിർമ്മിച്ചെന്ന് ഉമ്മൻചാണ്ടി അവകാശപ്പെടുന്നെങ്കിലും പൂ­ർത്തിയാക്കിയത് 73 എണ്ണം മാത്രമാണ്. ബാക്കിയുള്ള­വ യാഥാർത്ഥ്യ­മാക്കിയതും എൽഡിഎഫ് സർക്കാരാണ്. യുഡിഎഫ് ഭരണത്തിൽ ടോൾ ഏർപ്പെടുത്തിയാണ് പാലങ്ങൾ പണിതത്. എന്നാൽ, ടോൾ ഇല്ലാതെയാണ് എൽഡിഎഫ് പാലങ്ങളെല്ലാം യാഥാർത്ഥ്യമാക്കിയത്. 845 കോടി രൂപ ചെലവിൽ 104 പാലങ്ങള്‍ ഇതിനകം നാടിന് സമർപ്പിച്ചു. 1,370 കോടിയുടെ 106 പാലം നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. 103 പാലങ്ങളുടെ നിർമ്മാണം തുടങ്ങാൻ 934 കോടി രൂപയും അനുവദിച്ചു. കിഫ്ബിയിൽനിന്ന് ഫ്ലൈഓവർ, റയിൽവേ മേൽപ്പാലം, അണ്ടർപാസ് എന്നിവ ഉൾപ്പെടെ 47 നിർമ്മാണ പ്രവർത്തനങ്ങൾക്ക് 2170 കോടി ചെലവഴിച്ചു. പ്രളയത്തിൽ തകർന്ന 42 പാലം പുനർനിർമ്മിക്കാനും തുക ചെലവഴിച്ചു. ഇവയിലൊന്നിലും ടോൾ ഇല്ലെന്ന് ഉറപ്പാക്കി. പാലാരിവട്ടം പാലം പുതുക്കി പണിതതും ടോൾ ഇല്ലാതെയാണ്. ദേശീയപാത 66ലെയും കൊച്ചി നഗരത്തിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളും എൽഡിഎഫ് സർക്കാർ 152.81 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പൂർത്തീകരിച്ചത്.

എസ്റ്റിമേറ്റ് തുകയേക്കാൾ 15.02 കോടി രൂപ ലാഭിച്ചാണ് ഇരുവശങ്ങളിലും മൂന്നുവരി വീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെ പാലങ്ങൾ നിർമ്മിച്ചത്. ദേശീയപാത അതോറിറ്റിയിൽനിന്ന് നിർമ്മാണം ഏറ്റെടുത്തതുകൊണ്ട് ടോൾ പിരിവ് ഒഴിവാക്കാനും സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഫണ്ടില്ലെന്നു പറഞ്ഞ് മുൻ യുഡിഎഫ് സർക്കാർ നീട്ടിക്കൊണ്ടുപോയ പദ്ധതിയാണിത്. കോഴിക്കോട് പന്നിയങ്കര റയിൽവേ മേൽപ്പാലം, എറണാകുളം-ഏരൂർ റയിൽവേ മേൽപ്പാലം, കോഴിക്കോട് കുഞ്ഞിപ്പള്ളി റയിൽവേ മേൽപ്പാലം എന്നിവ പൂർത്തിയാക്കിയപ്പോഴും എൽഡിഎഫ് സർക്കാർ ടോൾ ഒഴിവാക്കി. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ആയംകടവ് പാലവും (കാസർകോട്) ഇടതുസർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിലാണ്. നാടിന്റെ വികസനത്തിനായി ഓരോ പദ്ധതികളും മുന്നോട്ടുവയ്ക്കുമ്പോള്‍ ഹൃദയപൂര്‍വ്വം ഏറ്റെടുക്കുകയായിരുന്നു പൊതുസമൂഹം. ആ പിന്തുണയുടെ ബലത്തിലാണ് വികസന നേട്ടങ്ങള്‍ സാധ്യമായത്. ജനകീയ ഭരണകൂടത്തിന് ഇത് ബോധ്യമുണ്ട്. ജനകീയ പങ്കാളിത്തം തുടരുകയും ഒത്തൊരുമിച്ച് മുന്നോട്ടു പോകുകയും വേണം.