19 April 2024, Friday

പെഗാസസ്: സുപ്രീം കോടതി തീരുമാനം കേന്ദ്രത്തിന് മുന്നറിയിപ്പ്

Janayugom Webdesk
October 28, 2021 5:00 am

രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് നടത്തുന്ന എല്ലാ കൊള്ളരുതായ്മകളും അംഗീകരിക്കുവാന്‍ കഴിയില്ലെന്ന വ്യക്തമായ സൂചനയാണ് പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് നടത്തിയ രഹസ്യ വിവര സമാഹരണവും ഫോണ്‍ ചോര്‍ത്തലും സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അലോക് ജോഷി, ഡോ. സുന്ദീപ് ഒബ്രോയ് എന്നിവരുടെ മേല്‍നോട്ടത്തിലുള്ള മൂന്നംഗ വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കാണ് സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്ത് ഗാന്ധി നഗറിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയിലെ ഡോ. നവീന്‍കുമാര്‍ ചൗധരി, അമൃത വിദ്യാപീഠത്തിലെ ഡോ. പി പ്രഭാഹരന്‍, ബോംബെ ഐഐടിയിലെ ഡോ. അശ്വിന്‍ അനില്‍ ഗുമസ്തെ എന്നിവരടങ്ങുന്നതാണ് വിദഗ്ധ സമിതി. ഇന്ത്യക്കാര്‍ക്കെതിരെ പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചത് സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട്സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികളിലാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ദേശ സുരക്ഷയുടെ പേരു പറഞ്ഞ് വ്യക്തമായ സത്യവാങ്മൂലം നല്കുന്നതിന് പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്ന വസ്തുത കൂടിപരിഗണിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനേറ്റ കനത്തതിരിച്ചടി കൂടിയാണ് സുപ്രീംകോടതി തീരുമാനം.


ഇതുകൂടി വായിക്കു: പെഗാസസ്:ഉരുണ്ടുകളിച്ച് കേന്ദ്രം;മോദി സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി


 

ഹര്‍ജികള്‍പരിശോധനയ്ക്കെത്തിയ ആദ്യഘട്ടം മുതല്‍ എന്തെക്കെയോ മറച്ചുപിടിക്കാനുണ്ടെന്ന് ബോധ്യപ്പെടുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായത്. കേന്ദ്രമന്ത്രിമാരുടേത് ഉള്‍പ്പെടെ ഫോണ്‍ചോര്‍ത്തല്‍ അടക്കം നടത്തിയെന്ന ആരോപണത്തെ കുറിച്ച് വ്യക്തമായ മറുപടിനല്കുന്നതിന് പോലും കേന്ദ്രസര്‍ക്കാര്‍ മടി കാട്ടി. എല്ലാത്തിനെയും ദേശസുരക്ഷയുടെ പേര് പറഞ്ഞ് മറി കടക്കുവാനാണ് സര്‍ക്കാര്‍ തയാറായത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനും വിസമ്മതിച്ചു. സര്‍ക്കാരിന്റെ നിഷേധാത്മകമായ ഈ സമീപനം ആവര്‍ത്തിച്ചതിനാല്‍തന്നെ ഈ വിഷയത്തില്‍ വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് സന്നദ്ധമായേക്കുമെന്ന വ്യക്തമായ സൂചന സുപ്രീം കോടതി നല്കിയിരുന്നതാണ്. അതാണ് ഇന്നലെ പരമോന്നത കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. വിവര വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തില്‍ സാങ്കേതിക വിദ്യയുടെ പ്രാധാന്യം അംഗീകരിക്കുമ്പോള്‍തന്നെ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശ സുരക്ഷയ്ക്കും തുല്യപ്രാധാന്യമാണ് ഉള്ളതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രയേൽ കമ്പനിയായ എൻ‌എസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ഇന്ത്യയിൽ നാല് കേന്ദ്ര മന്ത്രിമാരടക്കം 300ലധികം പേരെ നിരീക്ഷിച്ചുവെന്ന അന്വേഷണ റിപ്പോര്‍ട്ട് ജൂലൈ 16നാണ് പുറത്തുവന്നത്. കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ അടങ്ങിയ ഈ പട്ടികയില്‍ ബിജെപിക്കെതിരായനിലപാടുകളെടുത്ത പ്രമുഖരും വിവിധ ഘട്ടങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ, ഓണ്‍ലൈന്‍ പോര്‍ട്ടലായദി വയര്‍ ഉള്‍പ്പെടെയുള്ള ആഗോള മാധ്യമ സ്ഥാപനങ്ങള്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യാ ടുഡെ, ദ ഹിന്ദു എന്നിങ്ങനെയുള്ള സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതിന് ഉദാഹരണങ്ങളാണ്. സര്‍ക്കാരുകള്‍ക്ക് മാത്രമാണ് ചാര സോഫ്റ്റ്‌വേര്‍ വില്പന നടത്തിയതെന്ന് ഇസ്രയേൽ കമ്പനിയായ എൻ‌എസ്‌ഒ ഗ്രൂപ്പ് വാര്‍ത്ത പുറത്തുവന്ന ശേഷം വ്യക്തമാക്കിയിരുന്നു. അതിനര്‍ത്ഥം നരേന്ദ്രമോഡിസര്‍ക്കാര്‍ നേരിട്ട് വ്യക്തികള്‍ക്കുമേല്‍ നടത്തിയ നിരീക്ഷണമാണ് ഇതെന്നാണ്. എതിരാളികളുടെ രഹസ്യങ്ങള്‍ നേടിയെടുക്കുന്നതിന് മാത്രമല്ല സ്വന്തം പാളയത്തിലുള്ളവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്യുന്നതിനും ശ്രമിച്ചുവെന്നാണ് കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതില്‍നിന്ന് വ്യക്തമാകുന്നത്.


ഇതുകൂടി വായിക്കൂ: പെഗാസസ് ഫോണ്‍ ചോര്‍ത്തൽ: നരേന്ദ്ര മോഡിയെ എതിർകക്ഷിയാക്കി സുപ്രീം കോടതിയില്‍ ഹർജി


പുതിയസമിതിയെ നിയോഗിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഇന്നലത്തെ തീരുമാനത്തില്‍ വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെകുറിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. അത് സുപ്രധാനമാണെങ്കിലും പെഗാസസ് വിവാദം ആ പ്രശ്നം മാത്രമല്ല ഉയര്‍ത്തുന്നത്. ഈ വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ അത് ഈ കോളത്തില്‍ ഞങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ‘ഭരണകൂട കുറ്റകൃത്യവും പൗരന്റെ സ്വകാര്യതയെന്ന മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണ്. അവയെല്ലാം വിരല്‍ ചൂണ്ടുന്നത് അരക്ഷിത ബോധം വേട്ടയാടുന്ന സ്വേച്ഛാധിപതിയിലേക്കാണ്’ എന്നായിരുന്നു അത്. പെഗാസസ് സംബന്ധിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളുടെ വാദവേളയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അത് കൃത്യമായി ബോധ്യപ്പെടുത്തുന്നു. എന്താണ് സംഭവിച്ചതെന്നോ, സര്‍ക്കാരിന്റെ ഏത് തലത്തിലാണ് ഇത്തരമൊരു നടപടിക്കുള്ള ബുദ്ധി പ്രവര്‍ത്തിച്ചതെന്നോ കോടതിയോട് പറയുന്നതിന് പോലും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായില്ല. എന്നുമാത്രമല്ല, രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് വസ്തുതകള്‍ കോടതിക്കു മുന്നിലെത്തുന്നതുപോലും ഭയപ്പെട്ടതുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാതിരിക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ആഗോളതലത്തിലും രാജ്യത്തെ വ്യക്തി — അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യതാ എന്നിവ സംബന്ധിച്ച സുപ്രധാനമായ വിഷയത്തില്‍ സ്വേച്ഛാധിപത്യ നിലപാട് സ്വീകരിച്ച കേന്ദ്രസര്‍ക്കാരിനെതിരായ കനത്ത താക്കീതുകൂടിയാണ് സുപ്രീം കോടതിയുടെ ഇന്നലെയുണ്ടായ തീരുമാനം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.