തൊഴിലാളി വിയര്‍പ്പിന്‍റെ ഫലം

Web Desk
Posted on April 03, 2019, 8:30 am

ദേശീയതലത്തില്‍ തൊഴിലാളികള്‍ നടത്തിയ നിരന്തര പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് പിഎഫ് പെന്‍ഷനുള്ള പരിധി കളഞ്ഞ സുപ്രീം കോടതി വിധി. നേരത്തെ ഹൈക്കോടതി വിധിയെ മാനിക്കാതെ ഉദ്യോഗസ്ഥര്‍ കാണിച്ച ധിക്കാരം ഇക്കാര്യത്തില്‍ തുടരരുത്. പരമോന്നത കോടതിയുടെ വിധി നടപ്പാക്കി രാജ്യത്തെ കോടിക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്ക് യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ ഉറപ്പാക്കണം.
2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് പിഎഫ് വരിക്കാരായവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ വിഹിതം അടയ്ക്കാനായി ഓപ്ഷന്‍ നല്‍കാമെന്നതാണ് വിധിയുടെ പ്രധാന സാരം. ജീവനക്കാരും തൊഴിലുടമയും ചേര്‍ന്നാണ് ഓപ്ഷന്‍ നല്‍കേണ്ടത്. 2014 സെപ്റ്റംബര്‍ ഒന്നിനുശേഷം പിരിഞ്ഞവര്‍ക്ക് അവസാന 12 മാസത്തെ ശമ്പള ശരാശരിയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കും. 60 മാസത്തെ ശരാശരിയെന്നത് റദ്ദാക്കിയിരിക്കുന്നു. പിഎഫില്‍നിന്ന് പണം പിന്‍വലിച്ച വിരമിച്ച ജീവനക്കാര്‍ക്കും വാങ്ങിയിരുന്ന ശമ്പളത്തിന് ആനുപാതികമായ പെന്‍ഷന്‍ വിഹിതം പലിശസഹിതം തിരിച്ചടച്ച് ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങാനാകുമെന്നതാണ് പ്രത്യേകത.
പെന്‍ഷന്‍ ശമ്പളപരിധി 15,000 രൂപയാക്കി ഉയര്‍ത്തിയ വിജ്ഞാപനം റദ്ദായതോടെ, ജീവനക്കാര്‍ ഉയര്‍ന്ന വിഹിതത്തിന് ഓപ്ഷന്‍ നല്‍കിയില്ലെങ്കില്‍ പഴയ പരിധിയായ 6,500 രൂപയുടെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നിശ്ചയിക്കും. വിധിയുടെ ആനുകൂല്യത്തിനായി ജീവനക്കാര്‍ പുതിയ ഓപ്ഷന്‍ നല്‍കേണ്ടിവരുമെന്നുമാത്രം. അടിസ്ഥാനശമ്പളവും ഡിഎയും കൂട്ടിയ തുക കണക്കാക്കി ജീവനക്കാര്‍ക്ക് അവരുടെ യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ വിഹിതം നല്‍കാനുള്ള ഓപ്ഷന്‍ കൊടുക്കണം. ശമ്പളം 15,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ഓപ്ഷന്‍ നല്‍കുന്നവര്‍ അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജായി 1.16 ശതമാനം കൂടി നല്‍കണമെന്ന വ്യവസ്ഥ ഇല്ലാതായിട്ടുണ്ട്. പെന്‍ഷന് ആധാരമാക്കേണ്ടത് വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശമ്പളമായിരുന്നത് 60 മാസമാക്കിയ നടപടിയും റദ്ദാക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇപിഎഫ്ഒ പുതിയ വിജ്ഞാപനം ഇറക്കിയാല്‍ മാത്രമേ പുതിയ ഓപ്ഷന്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂ. തൊഴിലാളി വിരോധം മനസിലിട്ട് സുപ്രീം കോടതി വിധിക്കെതിരെയും ഇപിഎഫ്ഒ നീങ്ങില്ലെന്നാണ് വിശ്വാസം. സുപ്രീംകോടതിയില്‍ ശക്തമായ വാദം നടത്താന്‍ ഇപിഎഫ്ഒ തുനിയാതിരുന്നതും ആശ്വാസമായി. പരിഗണനയ്‌ക്കെടുത്ത ആദ്യദിവസം തന്നെയാണ് സുപ്രീംകോടതി തങ്ങളുടെ അപ്പീല്‍ തള്ളിയതെന്ന വസ്തുത ഇപിഎഫ്ഒ ഗൗരവത്തിലെടുത്തുകാണണം.
ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി പുറപ്പെടുവിച്ചതിനുശേഷം ഇപിഎഫ് ഉദ്യോഗസ്ഥരുടെ നിലപാട് തൊഴിലാളികളുടെ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയതാണ്. പെന്‍ഷന്‍ വിഹിതം കണക്കാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ പരിധി നിശ്ചയിച്ച വിജ്ഞാപനമാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. 2014 ഓഗസ്റ്റ് 22 ലാണ് വിജ്ഞാപനം നിലവില്‍വന്നത്. 2018 ഒക്ടോബര്‍ 12നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി. ഇതുപ്രകാരം ആനുകൂല്യത്തിനായി സമീപിച്ച തൊഴിലാളികളും ജീവനക്കാരും ഇപിഎഫ് ഓഫീസുകളില്‍നിന്ന് നിരാശരായി മടങ്ങിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി. കോടതി വിധിയല്ല ഉദ്യോഗസ്ഥരുടെ ഉത്തരവിനാണ് വിലയെന്ന വിചിത്രവാദമായിരുന്നു ഇവരുടേത്. ഒപ്പം വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്നും ചൂണ്ടിക്കാട്ടി ഉയര്‍ന്ന പെന്‍ഷന്‍ നിഷേധിക്കുകയും ചെയ്തു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാനമായ വിധി സുപ്രീംകോടതി ശരിവച്ചതോടെ യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കി ഉയര്‍ന്ന പെന്‍ഷന് എല്ലാവരും അര്‍ഹരാവുകയാണ്. സ്വന്തമായി പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതും അല്ലാത്തതുമായി സ്ഥാപനങ്ങളെ വേര്‍തിരിച്ചുകാണാന്‍ ഇനി കഴിയില്ല. എല്ലാ വിഭാഗത്തിലുംപ്പെട്ട പിഎഫ് അംഗങ്ങള്‍ക്ക് ഒരേപോലെ പെന്‍ഷന് അര്‍ഹതയുണ്ടാകും.

ഇപിഎഫ് വിഷയത്തില്‍ തൊഴിലാളികളുടെ അവകാശവാദങ്ങളെ അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടികള്‍ വെറും മൈതാനപ്രസംഗം മാത്രമായിരുന്നു. തൊഴിലാളികളുടെ വിയര്‍പ്പുകൊണ്ട് വീര്‍ത്തുകൊഴുത്ത ഇപിഎഫിനെ വിഴുങ്ങാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനാണ് ശ്രമങ്ങള്‍ നടന്നത്. പാര്‍ലമെന്റില്‍ വിഷയം കൈകാര്യം ചെയ്തവരാകട്ടെ വാര്‍ത്താസൃഷ്ടിക്കപ്പുറം മറ്റു തുടര്‍നടപടികളിലേക്ക് പോയതുമില്ല. 1996ല്‍ നടന്ന മൂല്യനിര്‍ണയപ്രകാരം 1,689 കോടിയുടെ മിച്ചവരുമാനമുണ്ടായിരുന്നു. 2008 ല്‍ ഇത് 54,203 കോടിയായി. 2009 ല്‍ 61,608 കോടിയിലേക്ക് ഉയര്‍ന്നു. 2015 മാര്‍ച്ച് 31 ന് പുറത്തുവന്ന കണക്കനുസരിച്ച് യഥാര്‍ഥ മിച്ച ആസ്തി 5,026 കോടി 87 ലക്ഷം രൂപയാണ്. എന്നിട്ടും ഉയര്‍ന്ന പെന്‍ഷന്‍ തടഞ്ഞുവച്ചതെന്തിന് എന്നത് കേന്ദ്രഗൂഢാലോചനയെന്നേ സംശയിക്കാനാവൂ. 1995 ലെ ജീവനക്കാരുടെ പെന്‍ഷന്‍ സ്‌കീമില്‍ ആവശ്യമായ ഭേദഗതി പരിഗണിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇത്തരം ആശങ്കകള്‍ നിലനില്‍ക്കേ പെന്‍ഷന്‍ വരിക്കാരുടെ അവകാശത്തിലൂന്നിയ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലാവണം ഇപിഎഫ് ഉദ്യോഗസ്ഥരുടെ ഊന്നല്‍.