Web Desk

August 22, 2020, 3:00 am

പിഎം കെയേഴ്സിന് എന്തിനാണ് ഇത്രയും ദുരൂഹത

Janayugom Online

കോവിഡ് മഹാമാരിയെതുടർന്ന് രൂപം നല്‍കിയ പിഎം കെയേഴ്സിന്റെ കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര സർക്കാരും പുലർത്തുന്ന ദുരൂഹത സംശയാസ്പദമാണ്. ഓരോ ദിവസം കഴിയുന്തോറും അത് വർധിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. രാജ്യത്താകെ കോവിഡ് വ്യാപിച്ചു തുടങ്ങിയ ഘട്ടത്തിൽ, നിയമനിർമ്മാണത്തിന്റെ അടിസ്ഥാനത്തിൽ ദേശീയദുരിതാശ്വാസ നിധി നിലവിലുള്ളപ്പോഴാണ് ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ പിഎം കെയേഴ്സിന് രൂപം നല്‍കുന്ന പ്രഖ്യാപനമുണ്ടായത്. അന്നുതന്നെ ഇതേകുറിച്ച് നിരവധി ആക്ഷേപങ്ങളും സംശയങ്ങളും ഉയർന്നിരുന്നതുമാണ്. അതെല്ലാം അവഗണിച്ചാണ് മാർച്ച് 28 ന് ഇത് നിലവിൽ വരുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ട്രസ്റ്റായിട്ടാണ് ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിരോധ വകുപ്പ് മന്ത്രി, ധനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരാണ് ട്രസ്റ്റികൾ. രാജ്യത്തിനകത്തും പുറത്തുനിന്നുള്ള ധനസഹായങ്ങൾ സ്വീകരിച്ചുകൊണ്ട് കോവിഡിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായി സമാശ്വാസ നടപടികൾക്ക് വിനിയോഗിക്കുകയെന്നാണ് പിഎം കെയേഴ്സിന്റെ ലക്ഷ്യത്തിൽപ്പെടുന്നത്. വിദേശസഹായം സ്വീകരിക്കുന്നതിന് 15 വർഷം മുമ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ പിഎം കെയേഴ്സിന്റെ കാര്യത്തിൽ ഒഴിവാക്കി നല്കുകയും ചെയ്തു. ഇവിടെ 2018 ലെ പ്രളയത്തിന്റെ കാലത്ത് കേരളത്തിലെ സർക്കാരിന് വാഗ്ദാനം ചെയ്യപ്പെട്ട വിദേശ രാജ്യങ്ങളുടെ ധനസഹായം വാങ്ങുന്നതിന് അനുമതി നിഷേധിച്ചുവെന്ന നിലപാട് ഓർത്തെടുക്കണം. 2005ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിദേശ സഹായം സ്വീകരിച്ചുകൂടെന്ന കാരണം പറ‍ഞ്ഞാണ് നമ്മുടെ സംസ്ഥാനത്തിന് ലഭിക്കുമായിരുന്ന ധനസഹായം കേന്ദ്രസർക്കാർ അന്ന് തടഞ്ഞത്. എന്നാൽ നിലവിൽ ഒരു ദുരിതാശ്വാസ നിധി ഉണ്ടായിരിക്കേ ആരംഭിച്ച പിഎം കെയേഴ്സിന്റെ കാര്യത്തിൽ സർക്കാർ മറിച്ചൊരു തീരുമാനമാണ് കൈക്കൊണ്ടത്. ഇത് ഇരട്ടത്താപ്പാണെന്ന കാര്യം മാർച്ചിൽ നിലവിൽവരുന്ന ഘട്ടത്തിൽതന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നതാണ്.

എങ്കിലും പിഎം കെയേഴ്സ് യാഥാർത്ഥ്യമായി. എന്നാൽ ഇതുസംബന്ധിച്ച ഒരു കാര്യവും പുറത്തു നൽകാതിരിക്കുന്നതിനും കോടതിയിൽ ചോദ്യംചെയ്യപ്പെടുമ്പോൾ വാശിയോടെ എ­തി­ർക്കുന്നതിനും കേന്ദ്രസർക്കാർ വ്യഗ്രത കാട്ടുകയാണ്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസി(പിഎംഒ)ൽ ലഭിക്കുന്ന വിവരാവകാശ നിയമപ്രകാരമുള്ള ഒരപേക്ഷയ്ക്കും മറുപടി നല്കുന്നതിന് സന്നദ്ധമാകുന്നില്ല. ഫണ്ട് സംബന്ധിച്ച വിവരങ്ങൾ രഹസ്യമാണെന്ന് പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു. ഇത് ആദ്യത്തെ തവണയല്ല നിരസിക്കൽ. നേരത്തേയും ഉണ്ടായിരുന്നു. എന്നാൽ പിഎം കെയേഴ്സ് ഫണ്ടിന്റെ വിശദാംശങ്ങൾ മാത്രമല്ല നിരാകരിക്കപ്പെട്ടത്. കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊന്നും മറുപടി നല്കാൻ തയ്യാറാകാത്ത നിലപാടാണ് പിഎംഒ സ്വീകരിക്കുന്നത്. കോവിഡുമായിബന്ധപ്പെട്ട് ചേർന്ന ഉന്നത തലയോഗത്തിന്റെ വിവരങ്ങൾ നിരാകരിക്കപ്പെട്ടവയിൽ പെടുന്നു. കൂടാതെ പൂർണ്ണമായ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിന്റെ റിപ്പോർട്ടുകളോ ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് പിഎംഒയ്ക്ക് നല്കിയ ശുപാർശയോ നല്കാനാവില്ലെന്ന നിലപാടാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ജനങ്ങളുടെ ദുരിതമകറ്റുന്നതിനായി രൂപം നല്കിയൊരു സംവിധാനത്തെ ഇത്രമേൽ ഗോപ്യമായി വയ്ക്കുന്നതെന്തിനാണെന്ന ചോദ്യത്തിന് ഉത്തരം നല്കാത്തത് എന്തൊക്കെയോ മറച്ചുവയ്ക്കാനാണെന്ന സംശയത്തെ ബലപ്പെടുത്തുന്നു.

കൂടാതെ പിഎം കെയേഴ്സ് ഫണ്ട് നിലവിലുള്ള ദുരിതാശ്വാസ നിധിയിൽ സംയോജിപ്പിക്കണമെന്നാവശ്യപ്പെട്ട ഹർജിയെയും കേന്ദ്ര സർക്കാർ വൈരാഗ്യ ബുദ്ധിയോടെയാണ് എതിർത്തത്. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം പരമോന്നത കോടതിയിൽ നിന്നുണ്ടായ വിധി അത്ഭുതപ്പെടുത്തുന്നതല്ല. കാരണം സർക്കാരിന്റെ വാദം അംഗീകരിച്ചാണ് കോടതി വിധിപ്രസ്താവം നടത്തിയത്.

മാർച്ച് 28 ന് ആരംഭിച്ച പിഎം കെയേഴ്സിൽ അതേമാസം 31 ലെ കണക്കുകൾ അനുസരിച്ച് 3,076.62 കോടിരൂപ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ നിരവധി വിദേശ സ്ഥാപനങ്ങൾ നല്കിയകണക്കുകളും പുറത്തുവന്നിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ 2105 കോടിരൂപ നല്കിയ കണക്കും പുറത്തുവന്നു. എന്നാൽ ഇവ എന്തിനു വേണ്ടിയാണ് വിനിയോഗിക്കുന്നത്, ആർക്കാണ് ദുരിതാശ്വാസ സഹായം നല്കിയിട്ടുള്ളത് എന്നിങ്ങനെ കാര്യങ്ങളെല്ലാം അവ്യക്തമാണ്. ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള ദുരിതാശ്വാസ നിധി വിവരാവകാശ പരിധിയിൽ വരുന്നതും കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയവുമാണ്. എന്നിട്ടും പുതിയ ഒരു സംവിധാനത്തിന് രൂപം നല്കിയതുതന്നെ തെറ്റാണ്. അതോടൊപ്പം അത് സംബന്ധിച്ച വിവരങ്ങൾ നല്കാതെ മറച്ചുവയ്ക്കുന്നത് ദുരൂഹമാണ്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധിയിൽ ദുരിതാശ്വാസ നിധിയിലേക്ക് പിഎം കെയേഴ്സിലെ പണം കൈമാറുന്നത് ഉചിതമാണെന്ന് സർക്കാരിന് തോന്നുന്നുവെങ്കിൽ അങ്ങനെ ചെയ്യാമെന്നുമുണ്ടായിരുന്നു. സർക്കാരിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാകാതിരിക്കണമെങ്കിൽ ആ നിർദ്ദേശം പരിഗണിച്ചുള്ള തീരുമാനമാണ് ഉണ്ടാകേണ്ടത്.