June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ബിജെപി പൊലീസ് നഗ്നമാക്കപ്പെടുന്ന ദൃശ്യങ്ങളും നിരീക്ഷണങ്ങളും

By Janayugom Webdesk
February 20, 2020

പൗരത്വ നിയമഭേദഗതിക്കെതിരായി നടന്ന സമരങ്ങളിൽ നിഷ്ഠൂരമായ പൊലീസ് നടപടികളുണ്ടായ രണ്ട് സംഭവങ്ങളായിരുന്നു ഡൽഹി ജാമിയയിലും കർണാടകയിലെ മംഗളുരുവിലും നടന്നത്. ഈ രണ്ട് സംഭവങ്ങളിലും സ്വയം രക്ഷപ്പെടുന്നതിനും ന്യായീകരിക്കുന്നതിനും പൊലീസ് നടത്തിയ പ്രചരണങ്ങളെല്ലാം പച്ചക്കള്ളങ്ങളാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും തെളിവുകളും കോടതി നിരീക്ഷണങ്ങളും പുറത്തുവന്നിരിക്കുകയാണ്. അപ്പോഴും തങ്ങൾ നല്ലപിള്ളകളാണെന്ന് വരുത്തുന്നതിനുള്ള ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് ജാമിയയിലും ഫ്രന്റ്സ് കോളനിയിലും നടന്ന സംഘർഷവുമായി ബന്ധപ്പെട്ട പ്രഥമ വിവര റിപ്പോർട്ട്. മൂന്ന് ഘട്ടങ്ങളായാണ് ജാമിയയിലെ പൊലീസ് അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുള്ളത്.

ജാമിയ സർവകലാശാലയിലെ ലൈബ്രറിയിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ പൊതിരെ തല്ലുന്ന വീഡിയോയാണ് ആദ്യം പുറത്തുവന്നത്. ലൈബ്രറിയിലെ മേശയും കസേരയും ഉപയോഗിച്ച് പൊലീസ് മുറിയിൽ കയറുന്നത് വിദ്യാർത്ഥികൾ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് പകരമായി വിദ്യാർഥികൾ അക്രമത്തിന് കോപ്പുകൂട്ടുന്നതിന്റെ എന്ന പേരിൽ അടുത്ത ദിവസം പൊലീസ് ചില ദൃശ്യങ്ങൾ പടച്ചുവിട്ടു. വിദ്യാർഥികളുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ, പഴ്സുകൾ എന്നിവ കല്ലുകളാണെന്ന് വരുത്താനായിരുന്നു പൊലീസ് ശ്രമം. ഇതിന് പിന്നാലെയാണ് പൊലീസ് നടത്തിയ അതിക്രമങ്ങളുടെ കൂടുതൽ ദൃശ്യങ്ങൾ വീണ്ടും പുറത്തുവന്നത്.

സിസിടിവികളും ഫർണിച്ചറുകളും മറ്റും പൊലീസ് തല്ലിത്തകർക്കുന്നത് രണ്ടാമത്തെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഈ കള്ളങ്ങളാണ് പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളിലൂടെ പൊളിഞ്ഞത്. ഇതാണ് യഥാർഥ വസ്തുതയെന്നിരിക്കേ വിദ്യാർഥികളുടെ മേൽ കുറ്റംചുമത്തി വ്യാജ തെളിവുകളും മൊഴികളും സൃഷ്ടിച്ചാണ് പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ന്യൂഫ്രന്റ്സ് കോളനിയിലെ മാതാ മന്ദിർ റോഡിൽ നടന്ന അതിക്രമങ്ങളാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. ഇതിലേയ്ക്ക് നയിച്ചത് ജെഎൻയു വിദ്യാർത്ഥി ഷർജിൽ ഇമാമിന്റെ പ്രകോപനപരമായ പ്രസംഗമാണെന്നാണ് പൊലീസ് വാദം. ഇതിന്റെ അടിസ്ഥാനത്തിൽ ഷർജിൽ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ന്യൂഫ്രന്റ്സ് കോളനിയിലെ മാതാമന്ദിർ റോഡിലുണ്ടായ സംഭവത്തെ തുടർന്ന് ഇതിന് ഉത്തരവാദികൾ ജാമിയയിലെ വിദ്യാർഥികളാണെന്നാരോപിച്ചായിരുന്നു ഡിസംബർ 15 ന് പൊലീസ് സർവ്വകലാശാലയിൽ കയറി അതിക്രമം നടത്തിയത്. ഈ അക്രമത്തിൽ ചില വിദ്യാർത്ഥികളുടെ കാഴ്ചപോലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. എന്നാൽ ഇപ്പോൾ പൊലീസ് സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ പോലും ജാമിയയിൽ നിന്നുള്ളവരില്ല.

ഈ അതിക്രമത്തിൽ സർവകലാശാലയ്ക്കുണ്ടായ നാശനഷ്ടം സംബന്ധിച്ച് അധികൃതർ കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പിന് നല്കിയ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. ഇതിൽ 25 സിസിടിവികൾ പൊലീസ് തല്ലിത്തകർത്തുവെന്നും 2.66 കോടി രൂപയുടെ മൊത്തം നഷ്ടമാണ് ഉണ്ടായതെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇന്നലെ തന്നെയാണ് മംഗളുരു പൊലീസ് നടത്തിയ നരനായാട്ട് മറച്ചുവയ്ക്കാൻ ശ്രമങ്ങളുണ്ടെന്ന നിഗമനം കർണാടക ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. സംഭവത്തിൽ അറസ്റ്റിലായ 22 പേർക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. പൊലീസ് ഇവിടെ തോന്നുംപടി നിഷ്കളങ്കരായ മനുഷ്യർക്കുനേരെ പെരുമാറിയെന്ന ആരോപണം ഉയർന്നിരുന്നു. പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലെ തെളിവുകളുടെ പോരായ്മകൾ കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.

ഏകപക്ഷീയമായാണ് വ്യക്തികളെ പ്രതിചേർത്തതെന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്. ധാരാളം പ്രതികൾ ഉൾപ്പെടുന്ന ഒരു കുറ്റകൃത്യത്തിൽ, ഓരോ പ്രതിയുടെയും വ്യക്തിത്വവും പങ്കാളിത്തവും ന്യായമായ ഉറപ്പോടെ നിശ്ചയിക്കണം. സിസിടിവി ഫൂട്ടേജുകളിലും ഫോട്ടോഗ്രാഫുകളിലും കുറ്റാരോപിതരുടെ പങ്കാളിത്തം പകർത്തിയിട്ടുണ്ടെന്ന് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും മാരകായുധങ്ങൾ ഉപയോഗിച്ച് ആയുധധാരികളായ ഒരാളുടെ സാന്നിധ്യവും ഹാജരാക്കപ്പെട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നത് നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി. ബോംബെ ഹൈക്കോടതിയിൽ നിന്ന് കഴിഞ്ഞയാഴ്ച സമാനമായ മറ്റൊരു വിധിയുമുണ്ടായിരുന്നു. കർണാടകയിലും ഡൽഹിയിലും പൊലീസിനെ നിയന്ത്രിക്കുന്നത് ബിജെപി സർക്കാരുകളാണ്.

കർണാടകയിൽ സംസ്ഥാന സർക്കാരെങ്കിൽ ഡൽഹിയിൽ കേന്ദ്ര സർക്കാർ. ഈ പശ്ചാത്തലം കൂടി വച്ചുവേണം രണ്ടുസംഭവങ്ങളെയും പൊലീസ് നേരിട്ട രീതി മനസിലാക്കേണ്ടത്. ബിജെപിയുടെ തിട്ടൂരങ്ങൾക്കനുസരിച്ച് ഗുണ്ടകളെപ്പോലെ പെരുമാറുകയായിരുന്നു രണ്ടിടങ്ങളിലേയും പൊലീസെന്ന് വ്യക്തമാകുകയാണ് ഇതിലൂടെ. ഉത്തർപ്രദേശിലെ ബിജെപി സർക്കാർ പൊലീസിനെ ഉപയോഗിച്ച് കാട്ടിക്കൂട്ടുന്ന വികൃതവും വൃത്തികെട്ടതുമായ അതിക്രമങ്ങളും നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. കോടതികളും സാധാരണക്കാരും ഒരുപോലെ പ്രതിക്കൂട്ടിൽനിർത്തുമ്പോൾ രക്ഷപ്പെടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇനിയും വ്യാജ ചിത്രങ്ങളും ദൃശ്യങ്ങളും കെട്ടിച്ചമച്ച തെളിവുകളുമായി അവർ രംഗത്തെത്തും. എങ്കിലും ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങളും കോടതി നിരീക്ഷണങ്ങളും ബിജെപിക്കു കീഴിലുള്ള പൊലീസ് നഗ്നമാണെന്നു തന്നെയാണ് വെളിപ്പെടുത്തുന്നത്.

Eng­lish Sum­ma­ry: janayu­gom edi­to­r­i­al about police cru­el­ty against caa protesters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.