പട്ടിണിയെ രാഷ്ട്രീയവൽക്കരിക്കരുത്

Web Desk
Posted on November 23, 2019, 9:28 pm

രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയിൽ സാമ്പത്തിക പരാധീനതയിലാണെന്ന വസ്തുത അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന പട്ടിണി പോലും മോഡി സർക്കാർ രാഷ്ട്രീയവൽക്കരിക്കുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്കുകൾ സംശയങ്ങൾക്ക് അതീതമാണ്. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ രൂപീകരിച്ചത്. ഇവരുടെ റിപ്പോർട്ട് റദ്ദാക്കിയ ഒറ്റപ്രഹരത്തിലൂടെ ഈ സ്ഥാപനങ്ങളുടെ ലക്ഷ്യങ്ങളും സ്വാതന്ത്ര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടത്. രാജ്യത്തെ ജനങ്ങളുടെ വാങ്ങൽശേഷി ഗണ്യമായി കുറഞ്ഞുവെന്ന റിപ്പോർട്ടാണ് കേന്ദ്ര സർക്കാർ തടഞ്ഞത്. റിപ്പോർട്ടിലെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. റിപ്പോർട്ട് തയ്യാറാക്കുന്നതിന് നാസോ അവംലംബിക്കുന്ന മാനദണ്ഡങ്ങൾ ലോകബാങ്ക് ഉൾപ്പടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ അംഗീകരിച്ചതാണ്. വാങ്ങൽ ശേഷിയിലുണ്ടാകുന്ന കുറവ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കിന്റെ സൂചകമാണ്.

വാങ്ങൽശേഷി കുറയുന്നത് തൊഴിലില്ലായ്മ ഗണ്യമായി വർധിക്കുന്നുവെന്നാണ് അർഥമാക്കുന്നത്. സ്വതസിദ്ധമായ പേടിയിലാണ് സർക്കാർ റിപ്പോർട്ട് തടഞ്ഞത്. സത്യം നേരിടാനുള്ള പേടിയാണിത്. വസ്തുതകൾ പുറത്തുവരുമ്പോൾ നേരത്തേയും ഇത്തരത്തിലുള്ള നിലപാടുകളാണ് മോഡി സർക്കാർ സ്വീകരിച്ചത്. പീരിയോഡിക്കൽ ലേബർ ഫോഴ്സിന്റെ റിപ്പോർട്ട് പുറത്തുവന്നപ്പോഴും സമാനമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ സർക്കാർ ശ്രദ്ധപതിപ്പിക്കേണ്ടത് അനിവാര്യമാണ്. നോട്ട് പിൻവലിക്കൽ, ജിഎസ്‌ടി തുടങ്ങിയ നടപടികളുടെ ആഘാതങ്ങളാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിരൽചൂണ്ടുന്നത്. ഗ്രാമീണ മേഖലയിലെ വാങ്ങൽശേഷി കഴിഞ്ഞ നാൽപ്പത് വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തിയെന്നാണ് റിപ്പോർട്ട് പറയുന്നത്. 8.8 ശതമാനം കുറവാണ് 2017 ജൂലായ്- 2018 ജൂൺ എന്ന ഇടവേളയിൽ ഉണ്ടായത്. അമ്പത് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഉപഭോക്തൃ സൂചികയിലെ കണക്കുകൾ. രാജ്യത്തെ ജനങ്ങൾ പട്ടിണിയിലേയ്ക്കും പരിവട്ടത്തിലേയ്ക്കും നീങ്ങുന്നുവെന്നാണ് കണക്കുകൾ അടിവരയിടുന്നത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന കണക്കുകൾ, സർക്കാരിന് പ്രതികൂലമായ നിഗമനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തടഞ്ഞത്. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കിൽ 6.1 ശതമാനം വർധനയുണ്ടായെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ 45 വർഷത്തിനിടെയുള്ള ഏറ്റവും ഉയ­ർ­ന്ന നിരക്കാണ്. ഈ റിപ്പോർട്ട് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ വിശദമായി പരിശോധിച്ചെങ്കിലും ഇത് പുറത്തുവിടാൻ സർക്കാർ അ­നുവദിച്ചില്ല. ഇത് റിപ്പോർട്ടല്ല മറിച്ച് കരട് എന്ന വാദമാണ് ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ വിശദീകരണം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വാങ്ങൽശേഷിയിൽ 3.7 ശതമാനം കുറവുണ്ടായി. 2011­-­12ൽ പൗരന്റെ ചെലവ് ഒരു മാസം 1501 രൂപയായിരുന്നത് 2017–18ൽ 1446 രൂപയായി കുറഞ്ഞു. ഗ്രാമീണ മേഖലയിൽ ഇത് സമാനകാലയളവിൽ 8.8 ശതമാനം കുറഞ്ഞുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. 2020–21, 2021–22 കാലയളവിലുള്ള വിവരങ്ങൾ തയ്യാറാക്കുമ്പോൾ പുതിയ മാനദണ്ഡങ്ങൾ അവലംബിക്കാനാണ് സർക്കാർ തീരുമാനം. ഇതിലൂടെ വസ്തുതകൾ വളച്ചൊടിക്കാൻ കഴിയും.

ഇത് റിപ്പോർട്ടിന്റെ ആധികാരികത നഷ്ടപ്പെടുത്തുന്നതാകും. ജിഡിപി വിവരങ്ങൾ തയ്യാറാക്കുന്നതിന് 2017 അടിസ്ഥാന വർഷമായി കണക്കാക്കുന്നത് യുക്തമല്ലെന്നാണ് നാഷണൽ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ് ഉപദേശക സമിതി സ്വീകരിക്കുന്ന നിലപാട്. ഇത് കണക്കുകളിൽ വെള്ളം ചേർക്കാനുള്ള മോഡി സർക്കാരിന്റെ ആദ്യ നടപടിയാണ്. നോട്ട് പിൻവലിക്കൽ, ജിഎസ്‌ടി തുടങ്ങിയ തീരുമാനങ്ങൾ സമ്പദ് വ്യവസ്ഥയിയിൽ സൃഷ്ടിച്ച ആഘാതങ്ങൾ മറച്ചുവയ്ക്കുന്നതിനാണ്. നാസോ റിപ്പോർട്ട് തടഞ്ഞുവച്ച സർക്കാർ നടപടി ഗുരുതരമായ പരിണിതഫലങ്ങൾ സൃഷ്ടിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും റിപ്പോർട്ട് തയ്യാറാക്കുന്നത്. കേന്ദ്ര സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയതോടെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തയ്യാറാക്കുന്ന റിപ്പോർട്ടും അടിസ്ഥാനരഹിതമാകും. റിപ്പോർട്ട് പൂഴ്ത്തിയാലും വാങ്ങൽശേഷി കുറയുന്ന പ്രവണത തുടരും. നിക്ഷേപങ്ങളിലും ഗണ്യമായ കുറവാകും ഉണ്ടാകുന്നത്. ഇതിനുള്ള തെളിവാണ് 2019 ജൂൺ മാസം അവസാനിച്ച സാമ്പത്തിക പാദത്തിൽ മൂലധന ചെലവിൽ 30 ശതമാനം കുറവ് രേഖപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി പ്രഖ്യപിക്കുന്ന പദ്ധതികളുടെ എണ്ണത്തിലും പകുതിയിലധികം കുറവുണ്ടായി.