Web Desk

May 13, 2020, 5:00 am

ക്ഷാമവും പട്ടിണിമരണവും തടയുക മുഖ്യരാഷ്ട്ര ധര്‍മ്മം

Janayugom Online

ലോകം അതീവ ഗുരുതരമായ ക്ഷാമത്തിലേക്കും കൊടുംപട്ടിണിയുടെ ദിനങ്ങളിലേക്കുമാണ് നീങ്ങുന്നത്. ലോക രാഷ്ട്രങ്ങള്‍ കൂട്ടായ, സമയോചിത നടപടികള്‍ക്ക് തയ്യാറാവുന്നില്ലെങ്കില്‍ മൂന്നു ഡസന്‍ രാജ്യങ്ങളിലെങ്കിലും ക്ഷാമം കൊടിയ ദുരിതങ്ങള്‍ക്ക് വഴിതെളിക്കും. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ പദ്ധതി ഏജന്‍സി കഴിഞ്ഞ ആഴ്ച സുരക്ഷാ കൗണ്‍സിലിനു നല്‍കിയ മുന്നറിയിപ്പാണ് ഇത്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രസക്തമാണെന്ന് നൊബേല്‍ പുരസ്കാര ജേതാക്കളായ അമര്‍ത്യാസെനും അഭിജിത് ബാനര്‍ജിയും പ്രമുഖ സാമ്പത്തിക വിദഗ്ധനും ആര്‍ബിഐ മുന്‍ ഗവര്‍ണറുമായ രഘുറാം രാജനും നേരത്തെ തന്നെ പറഞ്ഞുവച്ചിരുന്നു. ലോകരാഷ്ട്രങ്ങള്‍ ആവശ്യമായ സത്വര മുന്‍കരുതല്‍ നടപടികള്‍ക്ക് തയ്യാറാവുന്നില്ലെങ്കില്‍ അടുത്ത മൂന്നു മാസങ്ങള്‍ക്കകം ദിനംപ്രതി മൂന്നു ലക്ഷം മനുഷ്യര്‍ പട്ടിണിമരണത്തിന് ഇരകളാവുമെന്നാണ് ലോക ഭക്ഷ്യ സംഘടന (ഡബ്ല്യുഎഫ്‌പി) മേധാവി ഡേവിഡ് ബീസ്‌ലെ യുഎന്‍ സുരക്ഷാ കൗണ്‍സിലിന് നല്‍കുന്ന മുന്നറിയിപ്പ്. ഇത് കൊറോണവൈറസ് ബാധമൂലം ഉണ്ടായേക്കാവുന്ന പട്ടിണി മരണങ്ങള്‍ക്ക് പുറത്താണെന്നും ബീസ്‌ലെ അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നു.

സാമ്പത്തികശേഷിയുള്ള രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭാ ഏജന്‍സിക്ക് ഭക്ഷ്യവിതരണാവശ്യങ്ങള്‍ക്കുള്ള ഫണ്ട് നിഷേധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡബ്ല്യുഎഫ്‌പിയുടെ മുന്നറിയിപ്പ്. ‘പണവും ഭക്ഷ്യലഭ്യതയും ഉറപ്പുവരുത്താനായാല്‍ യഥാര്‍ത്ഥത്തില്‍ തടയാനാവുന്നത് ക്ഷാമവും പട്ടിണി മരണങ്ങളുമാണ്. ഫണ്ട് നിഷേധവും വിതരണ സംവിധാനങ്ങള്‍ തടസപ്പെടുന്നതും വന്‍ ദുരന്തത്തിലേക്കായിരിക്കും നയിക്കുക’ ബീസ്‌ലെ പറയുന്നു. നേരത്തെ സൂചിപ്പിച്ച മൂന്നു ഡസന്‍ രാജ്യങ്ങളില്‍ പത്തെണ്ണത്തിലെങ്കിലും ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഇപ്പോള്‍തന്നെ പട്ടിണിയിലാണെന്നും ഡബ്ല്യുഎഫ്‌പി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കൊറോണ മഹാമാരി ഇന്ത്യന്‍ സമ്പദ്ഘടനയില്‍ പൊടുന്നനെ സൃഷ്ടിച്ച അസ്ഥിരീകരണവും അനിശ്ചിതത്വവും രൂക്ഷമായ തൊഴിലില്ലായ്മയും പട്ടിണിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ)യുടെ പഠനങ്ങള്‍ കോവിഡ് വ്യാപനത്തേയും അടച്ചുപൂട്ടലിനെയും തുടര്‍ന്ന് രാജ്യത്തെ തൊഴിലില്ലായ്മ 27.11 ശതമാനത്തില്‍ എത്തി നില്‍ക്കുന്നതായി വെളിപ്പെടുത്തുന്നു.

മഹാമാരിക്ക് തൊട്ടുമുമ്പ് മാര്‍ച്ച് പകുതിയില്‍ ഏഴു ശതമാനമായിരുന്ന തൊഴിലില്ലായ്മയാണ് മെയ് മാസം ആരംഭത്തോടെ 20 ശതമാനത്തിനുമേല്‍ കുതിച്ചുയര്‍ന്നത്. മഹാനഗരങ്ങളുള്‍പ്പെടെ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആരംഭിച്ച പരിഭ്രാന്തമായ കൂട്ടപ്പലായനങ്ങളും പ്രവാസി ഇന്ത്യക്കാരുടെ മടങ്ങിവരവും തൊഴില്‍രാഹിത്യം ഭീതിദമായ അനുപാതത്തിലേക്കാണ് വളര്‍ത്തുന്നത്. ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാന്‍ അടച്ചുപൂട്ടലും സാമൂഹ്യ അകലം പാലിക്കലും അനിവാര്യമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങളെ നേരിടാന്‍ രാജ്യം ഫലപ്രദമായ യാതൊരു നടപടിക്കും ഇനിയും മുതിര്‍ന്നിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രശ്നത്തിന്റെ വൈപുല്യവുമായി താരതമ്യം ചെയ്താല്‍ തുലോം തുച്ഛമാണെന്ന് വ്യക്തം. പ്രഖ്യാപിച്ച പാക്കേജ് മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ ഒരു ശതമാനത്തില്‍ ഒതുങ്ങുന്നു. എഫ്‌സിഐ സംഭരണികളില്‍ ഭക്ഷ്യധാന്യങ്ങളുടെ റെക്കോഡ് സ്റ്റോക്ക് ഉണ്ടായിട്ടും രാജ്യത്ത് പട്ടിണിമരണങ്ങള്‍ സംഭവിക്കുന്നു. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയിലെ ബംഗാള്‍ ക്ഷാമത്തെ പറ്റിയുള്ള പഠനങ്ങള്‍ ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കണം.

ബംഗാള്‍ ക്ഷാമത്തില്‍ പതിനായിരങ്ങള്‍ പട്ടിണി മരണത്തിനു ഇരയായത് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാതെയല്ല. മറിച്ച്, അവയുടെ കാര്യക്ഷമമായ വിതരണം ഉറപ്പുവരുത്തുന്നതില്‍ കോളനിഭരണം പരാജയപ്പെട്ടു എന്നതാണ്. അത്തരം ദുരന്തങ്ങള്‍ ജനാധിപത്യത്തില്‍ ആവര്‍ത്തിക്കപ്പെടാന്‍ അനുവദിച്ചുകൂട. രാജ്യത്തുടനീളം കുടിയേറ്റ തൊഴിലാളികള്‍ കൂട്ടപ്പലായനത്തിന് മുതിരുന്നത് മഹാമാരിയിലുള്ള ഭയം മാത്രമല്ല. ഭക്ഷണവും പാര്‍പ്പിടവും കുടിവെള്ളം പോലും നിഷേധിക്കപ്പടുന്ന അവസ്ഥയാണ് അതിന് കാരണം. മനുഷ്യരാശി ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളിയെ നേരിടുമ്പോഴും റേഷന്‍ കാര്‍ഡിന്റെയും മറ്റും പേരില്‍ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നത് കൊടിയ ഭരണകൂട ക്രൂരതയാണ്. അഭൂതപൂര്‍വമായ പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് തുണയാവേണ്ട സഹായധനം, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുടെ വിതരണത്തില്‍ വീഴ്ചകള്‍ സംഭവിക്കുമെന്നും ഇടനിലക്കാരും അനര്‍ഹരും അവ തട്ടിയെടുക്കുമെന്നുമുള്ള ആശങ്കകള്‍ അപ്രസക്തമാണ്. ഫലപ്രദമായ പ്രതിരോധ ഔഷധങ്ങളുടെ അഭാവത്തില്‍ ഇപ്പോഴത്തെ അടച്ചുപൂട്ടല്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുറച്ചേറെക്കാലം തുടരേണ്ടിവരുമെന്നു വേണം കരുതാന്‍. അങ്ങനെയെങ്കില്‍ മറ്റെല്ലാ പരിഗണനയ്ക്കും ഉപരി ജനങ്ങളെ പട്ടിണി മരണത്തില്‍ നിന്നും രക്ഷിക്കുക എന്നതു തന്നെയാവണം മുഖ്യ രാഷ്ട്ര ധര്‍മ്മം.