Web Desk

January 18, 2021, 5:00 am

മതേതര രാജ്യത്തിന്റെ രാഷ്ട്രപതി

Janayugom Online

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്തത് വലിയ വാർത്തയായിട്ടുണ്ട്. ക്ഷേത്ര നിർമാണത്തിന് ചുക്കാൻ പിടിക്കുന്ന ആർഎസ്എസും അനുബന്ധ സംഘടനകളും രാഷ്ട്രപതിയുടെ സംഭാവനയ്ക്ക് വൻ പ്രാധാന്യത്തോടെ പ്രചാരണം നല്കുകയും ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച തന്നെവന്നുകണ്ട ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾക്കാണ് അദ്ദേഹം സംഭാവന നല്കിയതെന്ന് വാർത്തയിലുണ്ട്.

ഇന്ത്യയിലെ പ്രഥമ പൗരനെന്ന നിലയിലാണ് അദ്ദേഹത്തെ സന്ദർശിച്ച് സംഭാവന വാങ്ങിയതെന്നും കുടുംബാംഗങ്ങൾ മുഴുവൻ ഈ വേളയിൽ കൂടെയുണ്ടായിരുന്നുവെന്നും സംഭാവന വാങ്ങുന്നതിന് ചെന്ന വിഎച്ച്പി നേതാവ് പറഞ്ഞതായും വാർത്തയിലുണ്ടായിരുന്നു. കൂടാതെ ക്ഷേത്ര നിർമ്മാണം മതപരവും ആത്മീയവുമായ കാര്യമാണെന്ന് വിഎച്ച്പി നേതാവ് പറഞ്ഞിട്ടുമുണ്ട്. ഇവിടെയാണ് രാഷ്ട്രപതിയുടെ നടപടി ചർച്ചാ വിഷയവും വിവാദവുമാകുന്നത്. പ്രഥമ പൗരനെന്നതിനൊപ്പം തന്നെ രാഷ്ട്രത്തലവൻ, സായുധ സേനാ വിഭാഗങ്ങളുടെ പരമോന്നത മേധാവി എന്നിങ്ങനെ രാഷ്ട്രപതിയുടെ ചുമതലകൾ നിർവചിക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യ രാജ്യമെന്ന നിലയിൽ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിസഭയും അടങ്ങുന്ന സംവിധാനമാണ് ഭരണ നിർവഹണത്തിന്റെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നതെങ്കിലും രാഷ്ട്രത്തലവൻ എന്നറിയപ്പെടുന്നത് രാഷ്ട്രപതിയെയാണ്.

ജനാധിപത്യപരമായി തെര‍ഞ്ഞെടുക്കപ്പെടുന്ന പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര മന്ത്രിസഭ രൂപംകൊള്ളുന്നത് പ്രസിഡന്റിന്റെ ചുമതലാ നിർവഹണത്തിന്റെ ഭാഗമായാണ്. ഇതിന് പുറമേ സംസ്ഥാന ഗവർണർമാർ, തെരഞ്ഞെടുപ്പ് കമ്മിഷൻ, നീതിന്യായസംവിധാനം എന്നിവിടങ്ങളിലെ നിയമനവും വിവിധ തലങ്ങളിലുള്ള ശുപാർശയുടെ അടിസ്ഥാനത്തിലാണെങ്കിലും രാഷ്ട്രപതിയുടെ ചുമതലയിൽപ്പെടുന്നതാണ്. ഇതെല്ലാം സ്വാഭാവികമായ ചുമതലകളാണെങ്കിലും ആത്യന്തികമായി ഇന്ത്യയുടെ ഭരണഘടനയും പരമാധികാരവും കാത്തുസൂക്ഷിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം രാഷ്ട്രപതിയുടേതാണ്. രാഷ്ട്രീയമായ ചട്ടക്കൂടുകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കിലും രാഷ്ട്രപതി നിഷ്പക്ഷനായിരിക്കണമെന്നത് രാജ്യ ചരിത്രത്തിൽ കീഴ്‌വഴക്കമായി നിലനില്ക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്തിന്റെ മതേതരത്വവും വൈവിധ്യങ്ങളും പരിപാലിക്കുക എന്നുള്ളതാണ്. അങ്ങനെ വരുമ്പോൾ ഒരു രാഷ്ട്രപതി സ്വന്തമായി ഒരു മതത്തിൽ വിശ്വാസമുള്ളപ്പോഴും ഏതെങ്കിലും മതത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിച്ചുകൂടാത്തതാണ്. മാത്രവുമല്ല തികച്ചും മതേതരമായ നടപടികളാണ് രാഷ്ട്രപതിമാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ മതേതര രാജ്യമായ ഇന്ത്യയുടെ രാഷ്ട്രപതി പ്രസ്തുത സ്ഥാനത്തിരുന്നുകൊണ്ട് അതിന് ഭംഗം വരുത്തുന്ന നടപടികൾ ചെയ്തുകൂടാത്തതാണ്.

പ്രധാനമന്ത്രിപോലും മതേതര ചിന്താഗതി കൊണ്ടുനടക്കുന്നവരായിരിക്കണമെന്ന ധാരണയാണ് പൊതുവിലുള്ളത്. ജവഹർലാൽ നെഹ്രുവിനെ പോലുള്ള പ്രഗത്ഭരായ പ്രധാനമന്ത്രിമാർ ആ കീഴ്‌വഴക്കം പൂർണാർത്ഥത്തിൽ നടപ്പിലാക്കിയവരാണ്. അക്കാലത്തെ രാഷ്ട്രപതിമാർ അതിന് വിരുദ്ധമായ നിലപാടുകൾ ചിലപ്പോഴെല്ലാം കൈക്കൊണ്ടപ്പോൾ അതിനെ വിമർശിക്കുന്നതിനും നെഹ്രു സന്നദ്ധനായെന്നത് ചരിത്രത്തിന്റെ ഭാഗവുമാണ്. ഇപ്പോൾ രാഷ്ട്രപതി അഞ്ചുലക്ഷം രൂപ സംഭാവന നല്കിയത് ആഘോഷിക്കപ്പെടുമ്പോൾ തനി ബിജെപിക്കാരനായിരുന്ന ഉപരാഷ്ട്രപതി (ഒട്ടേറെ വിയോജിപ്പുള്ള നടപടികൾ അദ്ദേഹത്തിൽ നിന്നുണ്ടാകാറുണ്ട് എങ്കിലും) ക്ഷേത്ര നിർമ്മാണത്തിന് നേരിട്ട് സംഭാവന നല്കാൻ തയ്യാറായില്ലെന്നത് ഇവിടെ ഓർക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സംഭാവന നല്കിയെന്നായിരുന്നു കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തുവന്ന വാർത്ത. ഒരു പക്ഷേ ബിജെപിക്കാരനാണെങ്കിലും ഇപ്പോൾ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമായിരിക്കാം അദ്ദേഹത്തെ അങ്ങനെയൊരു നടപടിക്ക് പ്രേരിപ്പിച്ചത്. രാഷ്ട്രപതി രാംനാഥിൽ നിന്ന് അതിന് വിപരീതമായ നടപടിയുണ്ടായി എന്നത് ഇന്ത്യയിലെ രാഷ്ട്രപതിമാരുടെ മതേതര സങ്കല്പത്തിന് വിരുദ്ധമാണ്. രാഷ്ട്രപതിയുടെ നടപടി മതേതര വിരുദ്ധമാകുന്നത് രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നല്കിയെന്നതുകൊണ്ടുകൂടിയാണ്. കാരണം അയോധ്യയിൽ ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമ്മിക്കാനിരിക്കുന്നതാണ് രാമക്ഷേത്രം.

എത്രയോ രാഷ്ട്രപതിമാരുടെ സുസ്ഥിരവും അചഞ്ചലവുമായ നിലപാടുകളുടെ ഫലമായാണ് രാജ്യം മതേതര അടിത്തറയിൽ നിലനില്ക്കുന്നതെന്നതും മറക്കാൻ പാടില്ലാത്തതാണ്. ഒരു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സാങ്കേതികമായി അത് നടക്കുന്നതെങ്കിലും ആ വിധിപോലും ചോദ്യം ചെയ്യപ്പെട്ടു നില്ക്കുകയാണ്. 2018 ജനുവരിയിൽ തന്റെ ആദ്യ റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാംനാഥ് കോവിന്ദ് തന്നെ പറഞ്ഞ കാര്യങ്ങൾ ഇവിടെ പ്രസക്തമാകുന്നുണ്ട്. മതേതരത്വവും സമത്വവും സൗഹൃദവുമാണ് ഇന്ത്യയുടെ അടിത്തറയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അങ്ങനെയൊരു നിലപാട് പ്രഖ്യാപിച്ച രാംനാഥ് കോവിന്ദിന്റെ ഇപ്പോഴത്തെ നടപടി തന്റെ തന്നെ വാക്കുകളോട് നീതി പുലർത്തുന്നതാണോ എന്ന ആത്മ പരിശോധന അദ്ദേഹത്തിൽ നിന്നുണ്ടാകേണ്ടതാണ്.