Web Desk

July 31, 2021, 4:00 am

പച്ചക്കള്ളം പറയുന്ന പ്രധാനമന്ത്രി രാജ്യത്തിന് അപമാനം

Janayugom Online

രണ പരാജയത്തെയും വീഴ്ചകളെയും പച്ചക്കള്ളങ്ങള്‍ കൊണ്ട് മറച്ചുപിടിക്കാന്‍ പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും ശ്രമിക്കുന്നത് രാജ്യം അമ്പരപ്പോടെയാണ് കാണുന്നത്. പാര്‍ലമെന്റിനകത്തും പുറത്തും അവര്‍ അത് നിര്‍ബാധം ആവര്‍ത്തിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജൂലൈ 15ന് വാരാണസിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം. മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മോഡി നടത്തിയ പ്രസംഗം‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്ത അവകാശവാദങ്ങളും കുത്തിനിറച്ചതായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ പ്രകീര്‍ത്തിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചുള്ള പച്ചനുണകളായിരുന്നു. 

രാജ്യത്ത് ഏറ്റവും അധികം കോവിഡ് പരിശോധന നടന്നത് യുപിയിലാണെന്ന മോഡിയുടെ അവകാശവാദം ഏറ്റവും അധികം ജനസംഖ്യയുള്ള സംസ്ഥാനമാണെന്ന യാഥാര്‍ത്ഥ്യവുമായും ജനസംഖ്യാനുപാതികമായി മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന പരിശോധനാതോതുമായും താരതമ്യം നടത്താതെയായിരുന്നു. അവിടെ ലക്ഷം പേരില്‍ 3,516.89 പേര്‍ക്ക് പൂര്‍ണമായി വാക്സിന്‍ നല്കിയപ്പോള്‍ രാജ്യത്തെ വാക്സിനേഷന്‍ തോത് 7,575.84 ആണെന്നതും യുപി വാക്സിനേഷന്‍ ഏറ്റവും കുറവുമാത്രം നല്കിയ രണ്ടാമത്തെ സംസ്ഥാനമാണെന്നതും പ്രധാനമന്ത്രി സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നു. തന്റെ സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ മറച്ചുവച്ചാണ് കോവിഡ് കൈകാര്യം ചെയ്തതില്‍ മുഖ്യമന്ത്രി ആദിത്യനാഥിനെ മോഡി പ്രകീര്‍ത്തിച്ചത്.

ഗംഗാനദിയില്‍ മൃതശരീരങ്ങള്‍ ഒഴുകിനടന്നതും നദീതീരത്തെ മണല്‍ത്തിട്ടയില്‍ കൂട്ടത്തോടെ ശവസംസ്കാരം നടത്തിയതുമായ ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ മറച്ചുവയ്ക്കാനുള്ള പാഴ്ശ്രമമാണ് മോഡി നടത്തിയത്. ബിജെപി അധികാരത്തില്‍ വന്നതോടെ ഉത്തര്‍പ്രദേശില്‍ മെഡിക്കല്‍ കോളജുകളുടെ എണ്ണം ഒരു ഡസനില്‍ നിന്നും നാലുമടങ്ങായി വര്‍ധിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 2017 ല്‍ യുപിയി­ല്‍ ഉണ്ടായിരുന്ന മെഡിക്കല്‍ കോളജുകളുടെ എ­ണ്ണം 38 ആയിരുന്നത് 2021 ആകുമ്പോഴേക്കും 57 ആയി വര്‍ധിച്ചു എ­ന്നതാണ് വസ്തുത.
ഹത്രാസിലും ഉന്നാവോയിലും നടന്ന ബലാത്സംഗങ്ങളുടെ ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകള്‍ ജനമനസില്‍ പച്ചപിടിച്ചു നില്ക്കുമ്പോഴും ആദിത്യനാഥിന്റെ ഭരണത്തില്‍ നിയമവാഴ്ചയും സ്ത്രീസുരക്ഷയും ഉറപ്പാക്കിയെന്ന് പ്ര­ധാനമന്ത്രി അവകാശപ്പെടുന്നു. ഈ കാലയളവില്‍ സംസ്ഥാനത്ത് 22 കസ്റ്റഡി ബലാത്സംഗങ്ങള്‍ നടന്നുവെന്ന് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ക­ണ­ക്കുകള്‍ വെളിപ്പെടുത്തുന്നു. 

രാജ്യത്ത് ഏറ്റവുമധികം സ്ത്രീധന കൊലപാതകങ്ങളും സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണങ്ങളും നടക്കുന്നതും യുപിയില്‍ തന്നെയാണ്. സ്ത്രീകള്‍ക്കെതിരായി ഏറ്റവുമധികം അക്രമങ്ങള്‍ നടക്കുന്നതും അവിടെ തന്നെയാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവുമധികം ബലാത്സംഗങ്ങളും കൂട്ടബലാത്സംഗങ്ങളും നടക്കുന്നതും അവിടെ തന്നെയാണ്. ഈ വസ്തുതകള്‍ അപ്പാടെ മറച്ചുവച്ചാണ് പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണത്തില്‍ നിലനില്ക്കുന്ന നിയമവാഴ്ചയെപ്പറ്റി വാചാലനാവുന്നത്. സമീപകാലത്തായി മോഡിയുടെ കാര്‍മ്മികത്വത്തിലുള്ള പെരുംനുണകളുടെ പരമ്പരയ്ക്കാണ് പാര്‍ലമെന്റ് സാക്ഷ്യം വഹിക്കുന്നത്. രാജ്യത്ത് ഓക്സിജന്‍ ലഭിക്കാതെ ഒരു കോവിഡ് രോഗി പോലും മരിച്ചിട്ടില്ലെന്ന് യൂണിയന്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചത് രാജ്യം അമ്പരപ്പോടെയാണ് ശ്രവിച്ചത്. കഴിഞ്ഞ എട്ടുമാസത്തില്‍ ഏറെയായി രാഷ്ട്രതലസ്ഥാന അതിര്‍ത്തിയില്‍ നടന്നുവരുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ അഞ്ഞൂറില്‍‍ ഏറെ കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. 

എന്നാല്‍ കേന്ദ്ര കൃഷി കര്‍ഷക ക്ഷേമമന്ത്രി നരേന്ദ്രസിങ് തോമര്‍ പാര്‍ലമെന്റില്‍ നല്കിയ ഒരു മറുപടിയില്‍ കര്‍ഷകരുടെ മരണം സംബന്ധിച്ച കണക്കുകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നു പറയുകയുണ്ടായി. ലോകചരിത്രത്തിലെ തന്നെ അത്യപൂര്‍വമായ സമരമായി കണക്കാക്കപ്പെടുന്ന കര്‍ഷക പ്രക്ഷോഭത്തോടും അന്നദാതാക്കളായ കര്‍ഷകരോടുമുള്ള സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തെയാണ് അത് തുറന്നുകാണിക്കുന്നത്. ഏറ്റവും അവസാനമായി ഇന്നലെ തോട്ടിപ്പണിയില്‍ ഏര്‍പ്പെട്ട ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെ രാജ്യസഭയെ അറിയിച്ചു. നിയമംമൂലം നിരോധിക്കപ്പെട്ടിട്ടുള്ള തോട്ടിപ്പണി രാജ്യത്ത് നിര്‍ബാധം നടക്കുന്നതും ആ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അപകടമരണം സംഭവിക്കുന്നതും മറയ്ക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

നരേന്ദ്രമോഡിയും സഹപ്രവര്‍ത്തകരും പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ അധാര്‍മ്മികവും ജനവഞ്ചനയുമാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ പാര്‍ലമെന്റില്‍ പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിക്കുന്നത് അംഗങ്ങളുടെ മാത്രമല്ല സത്യം അറിയാനുള്ള പൗരന്റെ അവകാശ നിഷേധമാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ പാര്‍ലമെന്റിനകത്തും പുറത്തും പച്ചക്കള്ളം വിളിച്ചുപറയുന്നത് രാജ്യത്തിന് അപമാനവും ജനങ്ങളോടുള്ള കടുത്ത വഞ്ചനയുമാണ്.