Web Desk

July 04, 2020, 5:00 am

ബഹിരാകാശ ഗവേഷണത്തിന്റെ സ്വകാര്യവല്ക്കരണം

Janayugom Online

ബഹിരാകാശ ശാസ്ത്ര ഗവേഷണവും ഗ്രഹ പര്യവേക്ഷണവും രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കുന്നതിനായി 1969 ഓഗസ്റ്റ് 15 ന് സ്ഥാപിതമായ അഭിമാന സ്ഥാപനമാണ് ഐഎസ്ആർഒ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ). വിക്രം സാരാഭായിയെ പോലുള്ള പ്രഗൽഭരായ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടന്നുവന്ന ഗവേഷണങ്ങൾക്ക് മൂർത്തരൂപം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആർഒ സ്ഥാപിതമായത്. 

സ്ഥാപിതമായതിന്റെ ആറാംവർഷം ആര്യഭട്ടയെന്ന ആദ്യ ഉപഗ്രഹം നിർമ്മിച്ച് 1975 ഏപ്രിൽ 19 ന് വിക്ഷേപിച്ചുകൊണ്ട് ഇന്ത്യ ബഹിരാകാശ ഗവേഷണ രംഗത്ത് ആദ്യ ചുവടുവയ്പ് നടത്തി. പിന്നീടുള്ള അമ്പത്തിയൊന്ന് വർഷം ബഹിരാകാശ ഗവേഷണ രംഗത്തും അതുവഴിയുള്ള വിവര സാങ്കേതിക വിപ്ലവത്തിലും ലോകത്തെ വന്‍കിട രാഷ്ട്രങ്ങളോട് കിടപിടിക്കാവുന്ന നേട്ടങ്ങൾ കൈവരിക്കാൻ ഐഎസ്ആർഒയ്ക്ക് സാധിച്ചു. 

ബഹിരാകാശ ഗവേഷണ രംഗത്ത് എണ്ണമറ്റ ചുവടുവയ്പുകൾ നടത്തിയ സോവിയറ്റ് യൂണിയന്റെ അകമഴിഞ്ഞ സഹായത്തോടെയായിരുന്നു ഐഎസ്ആർഒയുടെ മുന്നേറ്റങ്ങൾ. ആദ്യ ഉപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണം സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് നടന്നത്. പിന്നീടിങ്ങോട്ട് എസ്എൽവി എന്ന സ്വന്തം വാഹനത്തിൽ വിക്ഷേപണം സാധ്യമാക്കിയ രോഹിണി, 1979 ൽ ശ്രീഹരിക്കോട്ടയിൽ രണ്ടാമത്തെ ലോഞ്ചിങ് സ്റ്റേഷൻ, ആദ്യമായി വിക്ഷേപിച്ച സ്വദേശീയ ഉപഗ്രഹം രോഹിണി — 1, 1980ൽ വിക്ഷേപിച്ച എസ്എൽവി — 3, 1981 ൽ ആദ്യ വാർത്താ വിനിമയ ഉപഗ്രഹം ആപ്പിൾ, ഇൻസാറ്റ് പരമ്പരയിൽപ്പെട്ട ഉപഗ്രഹങ്ങൾ എന്നിങ്ങനെ ഓരോ വർഷവും ഐഎസ്ആർഒയുടെ നേട്ടങ്ങൾ കൂടിവന്നു. 

ഐഎസ്ആർഒയുടെ ഗവേഷണ പ്രാഗത്ഭ്യത്തെ അടയാളപ്പെടുത്തിയ നൂറിലധികം ഗവേഷണാനുഭവങ്ങളാണ് ശാസ്ത്രലോകത്തിന് വിസ്മയവും ലോകരാജ്യങ്ങളോട് കിടപിടിക്കാവുന്നവയുമായിട്ടുള്ളത്. ബംഗളുരു ആസ്ഥാനമായുള്ള ഐഎസ്ആർഒയ്ക്കു കീഴിൽ കേരളത്തിൽ ഉൾപ്പെടെ രാജ്യത്താകെ 13 കേന്ദ്രങ്ങളുണ്ട്. 20,000 ത്തോളം പേരാണ് ഈ സ്ഥാപനത്തിൽ ജോലിയെടുക്കുന്നത്.
അത്തരം അഭിമാനകരമായ ഒരു സംരംഭത്തെയും സ്വകാര്യവല്ക്കരിക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര മന്ത്രിസഭ ഇതിന് അംഗീകാരം നല്കിയത്.

പ്രസ്തുത മന്ത്രിസഭാ യോഗം സ്വകാര്യ സംരംഭകർക്ക് ഐഎസ്ആർഒയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് അവസരം നൽകാൻ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആന്റ് ഓതറൈസേഷൻ സെന്റർ (ഇൻ — സ്പേസ്) എന്ന സ്ഥാപനത്തിന്റെ രൂപീകരണത്തിനും അംഗീകാരം നൽകുകയുണ്ടായി. ഇക്കാര്യം ഐഎസ്­ആർഒ ചെയർമാൻ ഡോ.കെ ശിവൻ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഐഎസ്ആർഒയുടെ പ്രവർത്തനങ്ങൾ കുറയ്ക്കുകയല്ല കൂടുതൽ സ്വകാര്യസംരംഭകരെ ഉൾപ്പെടുത്തി വർധിപ്പിക്കുകയാണ് ഇത്തരമൊരു തീരുമാനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 

ഇതിൽ നിന്ന് ഐഎസ്ആർഒയുടെ സ്വകാര്യവല്ക്കരണം നേരത്തേ തന്നെ ലക്ഷ്യംവച്ചിരുന്നതാണെന്നാണ് വ്യക്തമാകുന്നത്. ഇതിനകംതന്നെ സുപ്രധാനമായ പല സംരംഭങ്ങളെയും മേഖലകളെയും സ്വകാര്യവല്ക്കരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഖനി മേഖലയിലെ സ്വകാര്യവല്ക്കരണത്തിനെതിരെ അവിടെയുള്ള തൊഴിലാളികളും ജീവനക്കാരും മൂന്ന് ദിവസത്തെ പണിമുടക്ക് ഇന്നലെ ആരംഭിച്ചിരിക്കുകയാണ്. പ്രതിരോധ മേഖലയിൽ സുപ്രധാനവും സ്വദേശിവല്ക്കരണത്തിന്റെ ഉദാഹരണവുമായ ഓർഡനൻസ് ഫാക്ടറികളുടെ സ്വകാര്യവല്ക്കരണത്തിനെതിരെ ഈ മാസം അവിടെയുള്ള ജീവനക്കാരും തൊഴിലാളികളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുമുണ്ട്. 

ഇതിനിടയിലാണ് ഐഎസ്ആർഒയുടെ സ്വകാര്യവല്ക്കരണ തീരുമാനം പുറത്തുവന്നിരിക്കുന്നത്. മറ്റെല്ലാ സ്വകാര്യവല്ക്കരണവും പോലെ ലഘുവായി കാണേണ്ട ഒന്നല്ല, തന്ത്രപ്രധാനവും സുരക്ഷാവിഷയം ഉൾച്ചേർന്നിരിക്കുന്നതുമായ ഐഎസ്ആർഒയുടേത്.
ബഹിരാകാശ ഗവേഷണ രംഗം സുപ്രധാനമാകുന്നത് അതിന്റെ രഹസ്യസ്വഭാവംകൊണ്ടും സുരക്ഷാ സംവിധാനങ്ങൾകൊണ്ടുമാണ്. ഇവ ഓരോ ഗവേഷണങ്ങളും പര്യവേക്ഷണ യത്നങ്ങളും അതിന്റെ വിജയത്തിലെത്തുന്നതിന്റെ അവിഭാജ്യ ഘടകവുമാണ്. ഇപ്പോഴത്തെ തീരുമാനം അതുകൊണ്ടുതന്നെ ഭയാശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. ആധുനിക കാലത്തെ വികസനത്തിന്റെ അടിത്തറയാകുന്നത് വിവരസാങ്കേതിക വിദ്യയാണ്. 

അതിന്റെ അടിത്തറയാകുന്നതാകട്ടെ ബഹിരാകാശ ഗവേഷണവും പര്യവേക്ഷണവും അതിലൂടെ സൃഷ്ടിക്കപ്പെടുകയും വിക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ഉപഗ്രഹങ്ങൾ ഉൾപ്പെടെയുള്ളവയുമാണ്. പ്രസ്തുത മേഖല സ്വകാര്യസംരംഭകർക്ക് കടന്നുകയറാനുള്ള ഇടമാക്കി മാറ്റുന്നത് അതുകൊണ്ടുതന്നെ രാജ്യസുരക്ഷയ്ക്കു അപകടം ചെയ്യുമെന്നതിൽ തർക്കമില്ല. അരനൂറ്റാണ്ടിലധികമായി ബഹിരാകാശ ഗവേഷണ രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുന്ന ഐഎസ്ആർഒയെ സ്വകാര്യ പങ്കാളിത്തത്തിന് വിട്ടുനൽകുന്നതിന് പറഞ്ഞിരിക്കുന്ന ന്യായീകരണം ഒരുതരത്തിലും യുക്തിഭദ്രമല്ല. അതുകൊണ്ടുതന്നെ സുരക്ഷാ ഭീഷണിയും സ്വാശ്രയത്വത്തിന്റെയും പരമാധികാരത്തിന്റെയും അന്തഃസത്തയ്ക്ക് വിരുദ്ധവുമായ തീരുമാനം ഉപേക്ഷിക്കുക തന്നെ വേണം.

ENGLISH SUMMARY:janayugom edi­to­r­i­al about Pri­va­ti­za­tion of space research