18 April 2024, Thursday

സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍

Janayugom Webdesk
September 8, 2021 4:20 am

രാജ്യത്തെ ട്രൈബ്യൂണലുകളിലെ ഒഴിവുകൾ നികത്താത്തതു സംബന്ധിച്ച വിഷയത്തില്‍ പരമോന്നത കോടതി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ കോടതികളെയും നീതിന്യായ സംവിധാനങ്ങളെയും മുഖവിലയ്ക്കെടുക്കാത്തതാണെന്ന പൊതുധാരണയെ ബലപ്പെടുത്തുന്നതാണ് പരമോന്നത കോടതിയില്‍ നിന്നുണ്ടായ നിരീക്ഷണങ്ങളും ശാസനാതുല്യമായ പരാമര്‍ശങ്ങളും. ഇപ്പോഴത്തെ സുപ്രീം കോടതി നിലപാട് ട്രൈബ്യൂണലുകളിലെ ഒഴിവുകളുമായി ബന്ധപ്പെട്ടതായിരുന്നുവെങ്കില്‍ കോടതികളിലെ ഒഴിവുകള്‍ നികത്തുന്നതുമായി ബന്ധപ്പെട്ടും ദേശദ്രോഹ (സെഡിഷന്‍) നിയമത്തിന്റെ ദുരുപയോഗം സംബന്ധിച്ചുമൊക്കെ നേരത്തേ സമാന നിരീക്ഷണങ്ങള്‍ തന്നെയാണ് പരമോന്നത കോടതിയില്‍നിന്നും ചില ഹൈക്കോടതികളില്‍ നിന്നും ഉണ്ടായത്.

ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ വൈകുന്നതും പരമോന്നത കോടതി റദ്ദാക്കിയ 2021ലെ ട്രൈബ്യൂണല്‍ പരിഷ്‌കരണ നിയമം പാര്‍ലമെന്റ് പാസാക്കിയതുമാണ് സുപ്രീം കോടതിയുടെ ശാസനയ്ക്ക് കാരണമായത്. കേന്ദ്രസര്‍ക്കാരിന്റെ കോടതികളോടുള്ള സമീപനത്തെ രൂക്ഷമായ ഭാഷയിലാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിന് ഈ കോടതിയോട് ബഹുമാനമില്ലെന്നും തങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നുമുള്ള ജസ്റ്റിസ് രമണയുടെ വാക്കുകള്‍ വിമര്‍ശനത്തിന്റെ പാരമ്യതയെയാണ് വ്യക്തമാക്കുന്നത്. കേന്ദ്രവുമായി ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഒഴിവുകൾ നികത്താത്തതിനാൽ രാജ്യത്തെ ട്രൈബ്യൂണലുകൾ തകർച്ചയുടെ വക്കിലാണെന്നും പറഞ്ഞ അദ്ദേഹം ട്രൈബ്യൂണലുകൾ അടച്ചുപൂട്ടുക, അംഗങ്ങളെ നിയമിക്കുക, കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുക എന്നിങ്ങനെ മൂന്ന് വഴികളാണുള്ളതെന്നും പറഞ്ഞുവയ്ക്കുകയുണ്ടായി. നിയമനങ്ങൾ പൂർത്തിയാക്കുന്നതിൽ കേന്ദ്രം തുടർച്ചയായി പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയ ബെഞ്ച് 13ന് വീണ്ടും വാദം കേൾക്കുന്നതിനുള്ളില്‍ നിയമനങ്ങൾ പൂർത്തിയാക്കണമെന്ന അന്ത്യശാസനവും നല്കുകയുണ്ടായി.

 


ഇതുകൂടി വായിക്കു:ജനാധിപത്യ വൈറസുകളും കോടതികളുടെ പ്രതിരോധവും


 

കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ വേളയില്‍ സര്‍ക്കാരുകളുടെ വീഴ്ച പരിഗണനയ്ക്കുവന്ന ഘട്ടത്തിലും കേന്ദ്ര സര്‍ക്കാരിനെയും ചില സംസ്ഥാന സര്‍ക്കാരുകളെയും രൂക്ഷമായി വിമര്‍ശിക്കുന്ന സമീപനം പരമോന്നത കോടതിയും ചില ഹൈക്കോടതികളും സ്വീകരിച്ചിരുന്നു. 14 മാസം നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ചോദിച്ച മദ്രാസ് ഹൈക്കോടതി, കോവിഡിന്റെ വ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് നടത്തിയ തെരഞ്ഞെടുപ്പ് കമ്മിഷനെയും വിമര്‍ശിച്ചിരുന്നു. മാത്രവുമല്ല കമ്മിഷനെതിരെ കൊലക്കുറ്റം ചുമത്തേണ്ടിവരുമെന്നുവരെ കോടതി നിരീക്ഷിച്ചിരുന്നു. അതുപോലെതന്നെ സിബിഐ എന്ന ഏജന്‍സിയെ കൂട്ടിലടച്ച തത്തയാക്കിയെന്ന മദ്രാസ് ഹൈക്കോടതിയുടെതന്നെ പരാമര്‍ശവും കേന്ദ്രത്തിന്റെ നിലപാടുകളോടുള്ള കോടതി വിയോജിപ്പുകളുടെ പട്ടികയില്‍പ്പെടുത്താവുന്നതാണ്. ഇതിനെല്ലാം പുറമേയാണ് കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വത്തിലുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകളും ദേശദ്രോഹക്കുറ്റം വ്യാപകമായിദുരുപയോഗം ചെയ്യുന്നതിനെതിരെ ഒരുമാസം മുമ്പുണ്ടായ പരാമര്‍ശങ്ങള്‍. കോളനി വാഴ്ചക്കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ അഭിപ്രായം പറയുന്നവരെയും പ്രതിഷേധിക്കുന്നവരെയും തുറുങ്കിലടയ്ക്കുന്നതിന് ഉപയോഗിച്ചിരുന്ന നിയമം കാലഹരണപ്പെട്ടതാണെന്ന സുവ്യക്തമായ നിലപാടായിരുന്നു കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സര്‍ക്കാരിനെതിരെ അഭിപ്രായം പറയുന്നത് കുറ്റമാകില്ലെന്ന് വളരെ കൃത്യമായി കോടതി പറഞ്ഞുവയ്ക്കുകയും ചെയ്തു. 2014ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതുമുതലാണ് ദേശദ്രോഹക്കുറ്റം വ്യാപകമായി ചുമത്തി തുടങ്ങിയത് എന്ന വസ്തുത പരിശോധിക്കുമ്പോഴാണ് നേരിട്ടല്ലെങ്കിലും കോടതിയുടെ പരാമര്‍ശങ്ങള്‍ ബിജെപി നേതൃത്വത്തിലുള്ള ഭരണകൂടങ്ങള്‍ക്കെതിരാണെന്ന് ബോധ്യമാവുക.

 


ഇതുകൂടി വായിക്കു: വര്‍ഗീയ വാര്‍ത്താ പ്രചാരണം രാജ്യത്തിന് ദുഷ്‌പേര്: സുപ്രീംകോടതി


 

സിബിഐ എന്ന അന്വേഷണ സംവിധാനം കൂട്ടിലടച്ച തത്തയാണെന്ന് നേരത്തെയുള്ള ഭരണകാലയളവുകളിലും ആരോപിക്കപ്പെട്ടതായിരുന്നുവെങ്കിലും എല്ലാ ഏജന്‍സികളും അത്തരത്തിലുള്ളതായി മാറ്റപ്പെട്ടത് ബിജെപി ഭരണകാലയളവിലായിരുന്നു. ഇപ്പോഴത്തെ പരാമര്‍ശങ്ങള്‍ക്കും അന്ത്യശാസനത്തിനുമിടയായത് ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതാണെങ്കിലും സ്വതന്ത്ര — ഭരണഘടനാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്ന കാര്യത്തില്‍ — എന്തിന് കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്നതില്‍ പോലും — കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന വിരുദ്ധസമീപനം മൊത്തത്തിലാണ് വിമര്‍ശിക്കപ്പെടുന്നത്.

ബ്രിട്ടീഷുകാരുടെ കാലത്ത് അവര്‍ക്കെതിരായ വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും നേരിടുന്നതിന് ഉണ്ടാക്കിയതായിരുന്നു ദേശദ്രോഹ നിയമം. സ്വാതന്ത്ര്യാനന്തരം അത് റദ്ദാക്കണമെന്ന ആവശ്യം നടപ്പിലാക്കിയില്ലെങ്കിലും 2014ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് ദേശദ്രോഹ നിയമത്തിന്റെ ദുരുപയോഗം പുനരാരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം പല രീതിയില്‍ ശക്തിപ്രാപിച്ചതോടെ ദുരുപയോഗം വ്യാപകമാവുകയും ചെയ്തു. ജനാധിപത്യവിരുദ്ധ സമീപനങ്ങളുടെയും സ്വേച്ഛാധിപത്യ പ്രവണതയുടെയും ഫലമാണ് ഇതെന്ന് മനസിലാക്കുവാന്‍ പ്രയാസമില്ല. കഴിഞ്ഞ ആറുമാസത്തിനിടെ കോടതികളില്‍ നിന്നുണ്ടായ ഈ പറഞ്ഞ വിധികളോ നിരീക്ഷണങ്ങളോ ഏതായാലും അവയെല്ലാം ബിജെപി സര്‍ക്കാരുകളുടെ ജനാധിപത്യ — ഭരണഘടനാവിരുദ്ധ നിലപാടുകളെയാണ് ചോദ്യംചെയ്യുന്നത്. അവയുടെ ഫാസിസ്റ്റ് പ്രവണതകള്‍ തുറന്നുകാട്ടപ്പെടുകയും ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.