Web Desk

May 04, 2021, 4:30 am

കേരളത്തിന്റെ സ്പന്ദനങ്ങൾക്കൊപ്പം സഞ്ചരിച്ച നേതാവ്

Janayugom Online

റര പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾക്കൊപ്പം സഞ്ചരിച്ച നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ആർ ബാലകൃഷ്ണപിള്ള. കേരളകോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ പിറവിയുടെ കാലം മുതൽ അതിന്റെ നേതാവായ ബാലകൃഷ്ണപിള്ള ആ പാർട്ടിയുടെ തളർച്ചയുടെയും വളർച്ചയുടെയും സഞ്ചാരപഥങ്ങളിൽ നിർണായക പങ്കാണ് വഹിച്ചത്. ജനപ്രതിനിധിയെന്ന നിലയിൽ അദ്ദേഹം വഹിച്ച സ്ഥാനങ്ങൾ പലതായിരുന്നു. ഇടമുളയ്ക്കൽ, കൊട്ടാരക്കര ഗ്രാമ പഞ്ചായത്തുകളുടെ പ്രസിഡന്റായി 31 വർഷം പ്രവർത്തിച്ച അദ്ദേഹത്തിന്റെ കാലയളവ് തിരുത്തപ്പെടാത്ത റെക്കോഡായിരിക്കുമെന്നതിൽ തർക്കമില്ല. 23 വർഷം ഇടമുളയ്ക്കലിന്റെയും എട്ട് വർഷം കൊട്ടാരക്കരയുടെയും പഞ്ചായത്ത് പ്രസിഡന്റായിരുന്നു അദ്ദേഹം. നിയമസഭാംഗം, മന്ത്രി, എംപി എന്നീ നിലകളിലും അദ്ദേഹം പാർലമെന്ററി രംഗത്തു സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തി. ആളുകളെ ആകർഷിക്കുന്ന പ്രസംഗ ശൈലിയും കുറിക്കുകൊള്ളുന്ന വിമർശനങ്ങളും അദ്ദേഹത്തെ വേറിട്ടുനിർത്തി. വെട്ടിത്തുറന്നു പറയുന്ന ശൈലി അദ്ദേഹത്തിനുതന്നെ വിനയാകുന്നതിനും കേരളം സാക്ഷിയായി. കോൺഗ്രസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്തെത്തിയത്. പക്ഷേ ചരിത്രത്തിൽസ്ഥാനം പിടിച്ചത് കേരള കോൺഗ്രസിന്റെ നേതാവെന്ന നിലയിലാണ്. അതിന് കാരണമായത് 1964 ൽ കോൺഗ്രസിലുണ്ടായ വിമതനീക്കവും അതേ തുടർന്നുള്ള പുതിയ പാർട്ടിയുടെ പിറവിയും. കോൺഗ്രസിലെ പ്രസ്തുത കലാപത്തിന് നേതൃത്വം നല്കിയ ബാലകൃഷ്ണപിള്ളയുടെ കൂടി നേതൃത്വത്തിലാണ് കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ പിറവിയുണ്ടാകുന്നത്. 

കോൺഗ്രസിൽ ആയിരിക്കേ കെപിസിസി എക്സിക്യൂട്ടീവ് അംഗം, എഐസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ബാലകൃഷ്ണപിള്ള കേരള കോൺഗ്രസിന്റെയും നേതൃസ്ഥാനങ്ങൾ വഹിച്ചു. ഐക്യമുന്നണിയുടെകാലത്ത് നിയമസഭാംഗമായ അദ്ദേഹം അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗതം, എക്സൈസ്, ജയിൽ വകുപ്പുകളുടെ മന്ത്രിയായിരുന്നു. പിന്നീട് മൂന്ന് മന്ത്രിസഭകളിൽ വൈദ്യുതി വകുപ്പും രണ്ടു തവണ ഗതാഗത വകുപ്പും കൈകാര്യംചെയ്ത മന്ത്രിയായി. ഭരണാധികാരിയെന്ന നിലയിൽ വൈദ്യുതി മേഖലയിലും ഗതാഗത മേഖലയിലും അദ്ദേഹത്തിന്റെ പേരുചാർത്താവുന്ന നേട്ടങ്ങൾ പലതുണ്ട്.
കോൺഗ്രസിൽ നടന്ന ഒരു പിളർപ്പിലൂടെയാണ് അദ്ദേഹം കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ രൂപീകരണത്തിനുള്ള നേതൃത്വപരമായ പങ്കുവഹിക്കുന്നത്. കേരള കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ കേരളത്തിലെ രാഷ്ട്രീയ സമസ്യയുടെ ഭാഗമാക്കുന്നതിൽ സ്തുത്യർഹമായപങ്കുവഹിച്ച അദ്ദേഹം പലപ്പോഴും അതിലെ തർക്കങ്ങളുടെയും അതുവഴിയുള്ള പിളർപ്പുകളുടെയും നായകനുമായി. അത് ചിലപ്പോഴൊക്കെ സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള വെറുംതർക്കങ്ങളായിരുന്നു. കെ എം ജോർജിന് ശേഷം ചെയർമാൻ സ്ഥാനത്തിനുവേണ്ടിയുള്ള തർക്കമായിരുന്നു കേരള കോൺഗ്രസിന്റെ ആദ്യപിളർപ്പിനു കാരണമായത്. അത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകപാർട്ടിയുടെ രൂപീകരണത്തിലേയ്ക്കു വഴിവച്ചു. കേരളത്തിലെമ്പാടും അടിത്തറയുള്ളതായിരുന്നില്ലെങ്കിലും കേരളകോൺഗ്രസ് എന്ന രാഷ്ട്രീയപാർട്ടിയുടെ പ്രസക്തി വർധിപ്പിക്കുന്നതിൽ ബാലകൃഷ്ണപിള്ള വഹിച്ച പങ്ക് വിസ്മരിക്കുവാനാകാത്തതാണ്.

രാഷ്ട്രീയനേതാവും ഭരണാധികാരിയും ആയിരിക്കുമ്പോഴും സാമുദായിക പ്രസ്ഥാനങ്ങളിലും അദ്ദേഹം ഇടപെട്ടു. അതിനപ്പുറം വിവാദങ്ങളുടെ തോഴനാകുന്ന സന്ദർഭങ്ങളും പലതുണ്ടായി. അത് അദ്ദേഹത്തിന് ജയിൽവാസമുള്‍പ്പെടെ അനുഭവിക്കേണ്ടിവന്ന അവസ്ഥയുമുണ്ടാക്കി. കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടിയുടെ നേതാവെന്ന നിലയിൽ കേന്ദ്ര നയങ്ങളെ നിശിതമായി എതിർത്തുപോന്നിരുന്ന അദ്ദേഹത്തിന്റെ അത്തരം ഒരു ഘട്ടത്തിലുള്ള പ്രസംഗമായിരുന്നു കുപ്രസിദ്ധമായ പഞ്ചാബ് മോഡൽ പ്രസംഗം എന്നറിയപ്പെട്ടത്. അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസിന്റെ കാലത്ത് കേരളത്തിൽ പ്രഖ്യാപിച്ച റയിൽവേ കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് മാറ്റിയതായിരുന്നു ഇത്തരമൊരു പ്രസംഗത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

കേരളത്തോടുള്ള കൂറിന്റെയും കേന്ദ്ര അവഗണനയ്ക്കെതിരായുള്ള പ്രതിഷേധത്തിന്റെയും ശബ്ദമായാണ് ആ പ്രസംഗം നടന്നതെങ്കിലും സ്വന്തം മുന്നണിയുടെയും പാർട്ടിയിലെ സഹപ്രവർത്തകരുടെയും ഇടപെടലുകൾ അതിനെ നിയമയുദ്ധത്തിലേക്ക് നയിച്ചു. ഇതുണ്ടാക്കിയ കോലാഹലങ്ങൾ മന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹത്തെ നിഷ്കാസിതനാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെടുകയും ഇടമലയാർ കേസിൽ അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെടുകയും ചെയ്തു അദ്ദേഹം. അതിലൊന്നും കൂസാതെ പ്രവർത്തനങ്ങളിൽ സജീവമായി അദ്ദേഹം കേരള രാഷ്ട്രീയത്തിന്റെ ചലനങ്ങളിൽ ഇടപെട്ടു. സ്വന്തം പാർട്ടിയുടെ നിലനില്പിനുവേണ്ടിയുള്ള യാത്രകളിൽ അദ്ദേഹം പലതവണ ചുവടുകൾ മാറുകയും ചെയ്തു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി അദ്ദേഹം കേരള മുന്നാക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു. വിവിധ തലങ്ങളിൽ അധികാരവും ജനപ്രാതിനിധ്യവും കയ്യാളി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന നേതാവാണ് കടന്നുപോയിരിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ അടയാളപ്പെട്ട ഒന്നായി ആർ ബാലകൃഷ്ണപിള്ള എന്ന പേര് ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.