25 April 2024, Thursday

കൂവാതെ പായുമോ തീവണ്ടികള്‍

Janayugom Webdesk
September 21, 2021 4:00 am

കൂ കൂ കൂ കൂ തീവണ്ടി, കൂകിപ്പായും തീവണ്ടി.… ഗൃഹാതുരമായൊരു ബാല്യത്തിന്റെ ഓര്‍മ്മകള്‍ മാത്രമല്ല ഈ വരികളിലൂടെ പുനര്‍ജനിക്കുന്നത്. സാധാരണക്കാരന്റെ മനസില്‍ രാജ്യത്ത് നെടുകയും കുറുകെയും ഓടുന്ന തീവണ്ടി എന്ന പേരിലുള്ള ഒരു വാഹനത്തിന്റെ ഓര്‍മ്മകള്‍ മാത്രവുമല്ല അത്. ഇന്ത്യന്‍ റയില്‍വേ എന്ന പൊതുമേഖലാ സംവിധാനത്തിനു കീഴിലാണ് നമ്മുടെ തീവണ്ടികളുടെ യാത്ര നിയന്ത്രിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ തീവണ്ടി എന്നത്, മഹത്തായൊരു സംസ്കാരത്തിന്റെയും അഭൗമമായൊരു കണ്ണിചേര്‍ക്കലിന്റെയും കുളിരാര്‍ന്ന യാത്രാനുഭവം നല്കുന്ന റയില്‍വേ എന്ന പ്രസ്ഥാനത്തിന്റെ ഗ്രാമ്യനാമമാണ്. ആയിരങ്ങള്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാവുന്ന തീവണ്ടികളുള്ള റയില്‍വേ നൂറ്റാണ്ടിലധികം ചരിത്രപാരമ്പര്യമുള്ള ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമാണ് ഇന്ത്യയില്‍.

 


ഇതുകൂടി വായിക്കു:യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികളും റയിൽവേയും


 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ലക്ഷത്തോളം തീവണ്ടികള്‍ക്ക് ഓടുന്നതിന് 69,000 കിലോമീറ്ററിലധികം പാത. അതില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത് 75 ശതമാനത്തോളം, ഏകദേശം 45,000 കിലോമീറ്റര്‍. യാത്രാസംവിധാനം എന്നതിനൊപ്പം തന്നെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും ശക്തവും വിപുലവുമായ ചരക്കു ഗതാഗത സംവിധാനവുമാണ് റയില്‍വേ. 2020 മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് (അതിന് ശേഷമാണ് ലോക്ഡൗണ്‍ യാത്രാനിയന്ത്രണങ്ങളുണ്ടായത്) 808.6 കോടി യാത്രക്കാരെയും 121.23 കോടി ടണ്‍ ചരക്കുകളും വഹിച്ചാണ് രാജ്യത്തിന്റെ ഹൃദയ വീഥികളിലൂടെ തീവണ്ടികള്‍ കുതിച്ചുപാഞ്ഞത്. പ്രതിദിനം 7350 ഓളം സ്റ്റേഷനുകള്‍ പിന്നിട്ടാണ് ഒരു ലക്ഷത്തോളം യാത്രാ വണ്ടികള്‍ പ്രയാണം നടത്തുന്നത്. ചരക്കു ഗതാഗതത്തിനായി 8500 ഓളം വണ്ടികളും ഓടുന്നുണ്ട്. 13 ലക്ഷത്തിലധികം ജീവനക്കാരുണ്ടായിരുന്ന റയില്‍വേയില്‍ രണ്ടു ലക്ഷത്തിലധികം ഒഴിവുകളാണുള്ളത്. അനുബന്ധമായി തൊഴിലെടുക്കുന്നവരുടെ എണ്ണം എത്രയോ ഇരട്ടിയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യന്‍ റയില്‍വേ.
ആഗോളവല്ക്കരണത്തിന്റെയും ഉദാരവല്ക്കരണ — സ്വകാര്യവല്ക്കരണ നയങ്ങളുടെയും വാളുകള്‍ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമീതെ ഭീഷണിയായി ഉയര്‍ന്നപ്പോള്‍തന്നെ റയില്‍വേയുടെ ഭാവിയും ആശങ്കയിലായിരുന്നു.

 

 

ഘട്ടംഘട്ടങ്ങളായി പല നടപടികളും വിവിധ കേന്ദ്രസര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായി. അനുബന്ധ സേവനങ്ങള്‍ പലതും കോര്‍പ്പറേറ്റ് സ്വഭാവമുള്ള കമ്പനികള്‍ രൂപീകരിച്ച് അതിന് കൈമാറി. ചിലതൊക്കെ നേരിട്ട് സ്വകാര്യ സംരംഭകര്‍ക്കും നല്കി. അപ്പോഴും റയില്‍വേ എന്നത് ആത്യന്തികമായി പൊതുമേഖലയിലും ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യാവുന്ന, സാധാരണക്കാരന്റെ ആശ്രയവുമായി നിലകൊണ്ടു. രോഗികള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ അര്‍ഹരായവര്‍ക്ക് സൗജന്യനിരക്കിലുള്ള യാത്രയ്ക്ക് അവസരമൊരുക്കി സേവനത്തിന്റെ വിശാലമായ പ്ലാറ്റ്ഫോമായാണ് റയില്‍വേ പ്രവര്‍ത്തിച്ചുപോന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി റയില്‍വേയെ സ്വകാര്യവല്ക്കരിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അതിവേഗ — തേജസ് തീവണ്ടികള്‍, രാജധാനി എക്സ്പ്രസുകള്‍, പല പേരുകളില്‍ അതിസമ്പന്നര്‍ക്കായി ഓടുന്ന തീവണ്ടികളെന്ന പോലെ, ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സ്വകാര്യവല്ക്കരണത്തിന് വേഗമേറി. റയില്‍വേയ്ക്കു പ്രത്യേകമായുണ്ടായിരുന്ന ബജറ്റ് സംവിധാനത്തെ പൊതുബജറ്റില്‍ ലയിപ്പിച്ചു. തീവണ്ടികളും തീവണ്ടിപ്പാളങ്ങളും സ്റ്റേഷനുകളും ഭൂമിയും സ്വകാര്യകുത്തകകള്‍ക്ക് കൈമാറുന്നതിനുള്ള പദ്ധതികള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കിത്തുടങ്ങി.

 


ഇതുകൂടി വായിക്കു:ട്രെയിന്‍ വൈകിയാല്‍ റയില്‍വെ നഷ്ടപരിഹാരം നല്‍കണം: സുപ്രീം കോടതി


ഇപ്പോഴിതാ റയില്‍വേ എന്ന സങ്കല്പത്തെയും അസ്തിത്വത്തെയും ഇല്ലാതാക്കുന്ന സുപ്രധാനമായ സ്വകാര്യവല്ക്കരണ നിര്‍ദ്ദേശങ്ങളുമുണ്ടായിരിക്കുന്നു. ഘടന മുഴുവന്‍ പൊളിച്ചടുക്കി, പ്രത്യേക കമ്പനികളാക്കുവാനാണ് തീരുമാനം. അടുത്തകാലത്താണ് പ്രതിരോധ മേഖലയിലെ ഓര്‍ഡനന്‍സ് ഫാക്ടറികളെ സ്വകാര്യവല്ക്കരിക്കുന്നതിന്റെ മുന്നോടിയായി കോര്‍പ്പറേഷനുകളാക്കുന്നതിന് തീരുമാനിച്ചത്. അതിന് സമാനമായി റയില്‍വേയെയും മാറ്റുന്നതിനാണ് നീക്കം. കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാലാണ് നിര്‍ദ്ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്. സ്ഥിരം തൊഴിലെന്ന സംവിധാനം അവസാനിപ്പിച്ച് താല്ക്കാലിക നിയമനങ്ങളും കരാര്‍ തൊഴിലും വ്യാപകമാക്കണം, കോച്ചു ഫാക്ടറികള്‍ ഉള്‍പ്പെടെയുള്ള വിവിധ യൂണിറ്റുകളെ ഒരു കമ്പനിയാക്കി മാറ്റണം, റയില്‍വേ നിയമന ബോര്‍ഡിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കണം, റയില്‍വേ നേരിട്ട് നടത്തുന്ന സ്കൂളുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് കേന്ദ്രീയ വിദ്യാലയങ്ങളിലേയ്ക്ക് മാറ്റണം, അതു സാധ്യമാകാത്തിടങ്ങളില്‍ സ്വകാര്യസംരംഭകരെ പരിഗണിക്കണം, റയില്‍വേ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും സ്വകാര്യസംരംഭകരുടെ പങ്കാളിത്തത്തോടെ നടത്തണം എന്നിങ്ങനെ സ്വകാര്യവല്ക്കരണത്തിന്റെ ചുളംവിളിയെന്ന് പ്രത്യക്ഷത്തില്‍ ബോധ്യമാവുന്ന നിര്‍ദ്ദേശങ്ങളാണ് സന്യാല്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

ആറുലക്ഷം കോടി രൂപയുടെ ധനസമ്പാദന പദ്ധതിയില്‍ റയില്‍വേയും ഉള്‍പ്പെട്ടിട്ടുണ്ടെന്നതിനാല്‍ മറ്റെന്തെങ്കിലും പ്രതീക്ഷിക്കുവാനും സാധ്യമല്ല.  പ്രണയത്തിന് പൂക്കുവാനും യുദ്ധങ്ങള്‍ക്കും വര്‍ഗീയ ഭ്രാന്തിനും ആളിക്കത്തുവാനും സൗഹാര്‍ദ്ദത്തിന് വേദി തീര്‍ക്കുവാനും അവസരമൊരുക്കിയ റയില്‍വേ, സാധാരണക്കാരന്റെ ഹൃദയങ്ങളിലൂടെ കൂകിപ്പാഞ്ഞ തീവണ്ടികള്‍, പട്ടിണിക്കാര്‍ക്കും സാധാരണക്കാര്‍ക്കുമായുള്ള അരിയും ആഹാരവസ്തുക്കളുമായി കുതിച്ചെത്തി കിതച്ചു നിന്ന ചരക്കുവണ്ടികള്‍. ചരിത്രത്തിന്റെ പൂര്‍വകാല ഗരിമയും ആധുനികതയുടെ സര്‍വസജ്ജീകരണങ്ങളും ആവാഹിച്ച് നിലകൊള്ളുന്ന റയില്‍വേയുടെ ചൂളംവിളികള്‍ അതിസമ്പന്നരുടെ യാത്രാമാര്‍ഗവും വരുമാനമാര്‍ഗവും മാത്രമായി മാറുന്നത് അത്യന്തം അപകടകരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.