രാജസ്ഥാൻ ഗവർണറുടെ വൈകിപ്പിക്കൽ തന്ത്രം

Web Desk
Posted on July 27, 2020, 4:00 am

പതിമൂന്ന് ദിവസം മുമ്പ് ഇതേ കോളത്തിൽ രാജസ്ഥാനിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചുള്ള നിലപാടുകൾ വിശദീകരിച്ചിരുന്നു. അതിനൊടുവിൽ ജനാധിപത്യം തോറ്റുകൊണ്ടേയിരിക്കുന്നുവെന്ന ആശങ്കയും മുന്നോട്ടുവച്ചിരുന്നു. രണ്ടാഴ്ചയാകാറായിട്ടും രാജസ്ഥാനിലെ ജനാധിപത്യം ജയിക്കുന്നുവെന്നതിന്റെ സൂചനകളല്ല വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് വീണ്ടും അതേ വിഷയത്തെകുറിച്ച് എഴുതേണ്ടിവരുന്നത്. അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഇപ്പോഴും അവിടെ നിലംപൊത്തിയിട്ടില്ല. പക്ഷേ തുടർന്നും നിലനിൽക്കുമോയെന്ന് ആർക്കും ഉറപ്പിച്ചു പറയാനുമാകില്ല. കോൺഗ്രസുകാർക്കു പോലും അതിന് സാധിക്കുന്നില്ല. രണ്ടാഴ്ചയ്ക്കിടയിൽ ഉണ്ടായ സംഭവവികാസങ്ങൾ ജനാധിപത്യം ജയിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സംഗതിയുമല്ല. ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സ്പീക്കർക്കും ഉപരിയായി കോടതികളും ഗവർണർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും പ്രതിഷ്ഠിക്കപ്പെട്ടേക്കുമോ എന്ന ആശങ്കയും ഇപ്പോഴത്തെ സാഹചര്യത്തിൽ ഉയരുന്നുണ്ട്. കോവിഡ് എന്ന മഹാമാരിയല്ല അധികാരമെന്ന ദുരയാണ് തങ്ങളെ നയിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്ന കപടസൂത്രങ്ങളുമായി കുറുക്കൻ കണ്ണുകൾ പായിച്ച് പതിവ് പോലെ ബിജെപി പതിയിരിക്കുന്നുണ്ട്.

കോവിഡിനെ തുടർന്നുള്ള ലോക്ഡൗൺ പ്രഖ്യാപനം പോലും നീട്ടിവച്ച് മധ്യപ്രദേശിലെ അധികാരം കുതിരക്കച്ചവടത്തിലൂടെയും കാലുമാറ്റത്തിലൂടെയും ജനാധിപത്യ ധ്വംസനത്തിലൂടെയും പിടിച്ചെടുത്ത അതേ തന്ത്രവുമായാണ് ഇവിടെയും അവർ ഇരിക്കുന്നത്. ഗവർണർ എന്ന റബർ സ്റ്റാമ്പിനെ ഉപയോഗിച്ച് നിയമസഭയെ നോക്കുകുത്തിയാക്കുന്നതിനും കുതിരക്കച്ചവടത്തിന് അവസരമുണ്ടാക്കുന്നതിനുമുള്ള ബിജെപി തന്ത്രത്തിന്റെ ഒത്താശക്കാരനാവുകയാണ് രാജസ്ഥാനിലെ ഗവർണർ കൽരാജ് മിശ്ര. 200 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് അധികാരത്തിലുള്ളത്. 2018 ഡിസംബറിൽ അധി­കാരമേൽക്കുമ്പോൾ 125 പേരുടെ പിന്തുണയാണ് ഗെലോട്ട് സർക്കാരിന് ഉണ്ടായിരുന്നത്. കോ­ൺഗ്രസിനകത്തുണ്ടായ ആഭ്യന്തര തർക്കം മൂന്നാഴ്ചകൾക്ക് മുമ്പാണ് പുറത്തെത്തിയത്. സച്ചിൻ പൈലറ്റ് തന്റെ പക്ഷത്തിന് ഭൂരിപക്ഷമുണ്ടെന്ന ധാരണയുണ്ടാക്കി ഭരണം പിടിക്കുന്നതിന് നടത്തിയ നീക്കങ്ങളാണ് പുതിയ പ്രതിസന്ധിക്കു കാരണമായത്. എന്നാൽ ബിജെപിയുമായി കൂട്ടുചേർന്ന് ഭരിക്കുന്നതിന് സച്ചിൻപൈലറ്റിന് സാധ്യതയില്ലെന്നാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. തനിക്ക് ഭരണം കയ്യടക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് മനസിലാക്കിയ സച്ചിൻ പൈലറ്റ് ബിജെപിയെയും കേന്ദ്ര അധികാരത്തെയും ദുരുപയോഗിച്ച് അധികാരത്തിലെത്താനുള്ള നീക്കമാണ് നടത്തുന്നതെന്ന് മനസിലാക്കുന്നതിന് ബുദ്ധിമുട്ടില്ല.

സച്ചിൻപൈലറ്റിന് തന്റെ കൂടെ നിൽക്കുന്ന വിമത കോൺഗ്രസ് അംഗങ്ങളെയും ബിജെപിയുടെ പിന്തുണയും ഉപയോഗിച്ച് സർക്കാർ ഉണ്ടാക്കുവാൻ സാധിക്കുമെങ്കിൽ നിയമസഭയിൽ അവിശ്വാസപ്രമേയം കൊണ്ടുവരികയാണ് ചെയ്യേണ്ടത്. അതിന് അദ്ദേഹം തുനിയുന്നില്ല. ഇങ്ങനെയൊരു പ്രതിസന്ധി രൂപപ്പെട്ടപ്പോൾ ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന്റെ മുന്നിലുള്ള വഴി സഭയിൽ ഭൂരിപക്ഷം തെളിയിക്കുക എന്നതാണ്. അതിന് അവർ സന്നദ്ധത പ്രഖ്യാപിച്ചിട്ടുമുണ്ട്. വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന ആത്മവിശ്വാസമാകാം ഇത്തരമൊരു നിലപാടിന്റെ അടിസ്ഥാനം. എന്നാൽ മന്ത്രിസഭയുടെ ശുപാർശ ഉണ്ടായിട്ടും സഭ വിളിച്ചുകൂട്ടാനല്ല, കൂട്ടാതിരിക്കാനുള്ള ന്യായവാദങ്ങളാണ് ഗവർണർ കൽരാജ് മിശ്രയുടെ ഓഫീസ് നിരത്തുന്നത്. ചട്ടപ്രകാരമുള്ള സമയപരിധിയില്ലാതെയാണ് സഭ വിളിച്ചുചേർക്കാൻ ആവശ്യപ്പെട്ടതെന്നാണ് ഒരു ന്യായം. അസാധാരണ സാഹചര്യങ്ങളിൽ പെട്ടെന്ന് സഭ വിളിച്ചുകൂട്ടാനുള്ള വ്യവസ്ഥ നിലവിലുണ്ട്. എന്നിട്ടും പഴുതുകൾ കണ്ടെത്തി സഭ വിളിച്ചുകൂട്ടാതിരിക്കുന്ന ഗവർണറുടെ നിലപാട്, ബിജെപിയുടെ കുതിരക്കച്ചവടത്തിനും കൂറുമാറ്റിക്കലിനും സമയമൊരുക്കി നൽകുന്നതിനാണ് എന്നതിൽ സംശയത്തിന് വകയില്ല. ഗവർണർ എന്ന പദവിയുടെ മാന്യതയല്ല ആവശ്യകത പോലുമില്ലെന്ന നിലപാടിനെ ഒരിക്കൽ കൂടി ശരിവയ്ക്കുന്നതാണ് രാജസ്ഥാനിലെ ഇപ്പോഴത്തെ സംഭവങ്ങൾ. അംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള നോട്ടീസ് നല്കിയ സ്പീക്കറുടെ നടപടി താല്ക്കാലികമായെങ്കിലും തടഞ്ഞ കോടതിയുടെ തീരുമാനം ജനാധിപത്യത്തിനുമേൽ നടക്കുന്ന പല വിധത്തിലുള്ള കടന്നാക്രമണങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ട്. കൂറുമാറ്റവും കുതിരക്കച്ചവടവും തന്നെ വിജയിച്ചുകൊണ്ടേയിരിക്കുന്നത് ആശാസ്യമല്ല. അതിൽ അധികാരത്തിന്റെ മത്തുപിടിച്ച ബിജെപിയാണോ അതല്ല സ്ഥാനമാനങ്ങളുടെയും അധികാരത്തിന്റെയും പേരിൽ തമ്മിലടിച്ച് ജീർണിച്ചുകൊണ്ടേയിരിക്കുന്ന കോൺഗ്രസാണോ ജയിക്കുന്നതെന്ന കണക്കെടുപ്പിന് സ്ഥാനമില്ല. ആത്യന്തികമായി ഇത് ജനാധിപത്യത്തിന്റെ ആസന്നമരണത്തെയാണ് ഓർമ്മപ്പെടുത്തുന്നത്. അത് വല്ലാതെ ആശങ്കപ്പെടുത്തുന്നുമുണ്ട്.