September 29, 2022 Thursday

Related news

September 29, 2022
September 28, 2022
September 28, 2022
September 27, 2022
September 25, 2022
September 25, 2022
September 23, 2022
September 23, 2022
September 22, 2022
September 21, 2022

രാജ്യസഭാ സംഭവവികാസങ്ങള്‍ ദുരന്തങ്ങളിലേക്കുള്ള മുന്നറിയിപ്പ്

Janayugom Webdesk
September 22, 2020 5:00 am

ഇന്ത്യന്‍ ഫാസിസം അതിന്റെ എല്ലാ നാട്യങ്ങളും അവസാനിപ്പിച്ച് യഥാര്‍ത്ഥ രൂപം പുറത്തെടുക്കുന്നതാണ് ഞായറാഴ്ചയും ഇന്നലെയുമായി രാജ്യസഭയില്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ അനാവരണം ചെയ്യുന്നത്. രാജ്യത്തെമ്പാടും കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയ കാര്‍ഷിക ബില്ലുകള്‍ ചര്‍ച്ചയും ഭേദഗതികളും വോട്ടെടുപ്പും കൂടാതെ പാസാക്കുന്നതിനെ രാജ്യസഭയില്‍ പ്രതിപക്ഷം ശക്തമായി ചെറുക്കുകയുണ്ടായി. പാര്‍ലമെന്റിന്റെ കോവിഡ്കാല നടപടിക്രമം അനുസരിച്ച് ഉച്ചക്ക് ഒരു മണിയോടെ രാജ്യസഭാ സമ്മേളനത്തിന്റെ അതാത് ദിവസത്തെ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ഉച്ചയോടെ വിവാദ കാര്‍ഷിക ബില്‍ പരിഗണനക്കെടുത്തപ്പോള്‍ തന്നെ അത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ചര്‍ച്ചയും ഭേദഗതി നിര്‍ദ്ദേശങ്ങളും മാറ്റിവയ്ക്കാനോ ബില്‍ സെലക്ട് കമ്മിറ്റിക്കു വിടാനൊ തയ്യാറാവാതെ അവതരണത്തെ തുടര്‍ന്ന് ശബ്ദവോട്ടെടുപ്പിലേക്ക് നീങ്ങാനാണ് രാജ്യസഭാ ഉപാധ്യക്ഷന്‍ മുതിര്‍ന്നത്. ഒരംഗമെങ്കിലും ആവശ്യപ്പെട്ടാല്‍ വോ‍ട്ടെടുപ്പ് അനുവദിക്കണമെന്ന് നടപടി ചട്ടങ്ങള്‍ അനുശാസിക്കുന്നു. ചട്ടം മാനിക്കാതെ ശബ്ദവോട്ടെടുപ്പിന് മുതിര്‍ന്നതാണ് പ്രതിപക്ഷ പ്രതിഷേധത്തിലേക്ക് നയിച്ചത്. ജനാധിപത്യത്തിന്റെ പരമോന്നത വേദിയായ പാര്‍ലമെന്റില്‍ അടിസ്ഥാന ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട അധ്യക്ഷവേദി അത് അട്ടിമറിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ മുന്നില്‍ മറ്റെന്തു മാര്‍ഗമാണ് അവശേഷിക്കുക? ജനങ്ങളുടെ ശബ്ദവും ഉല്‍ക്കണ്ഠകളും പാര്‍ലമെന്റില്‍ പ്രതിഫലിപ്പിക്കാന്‍ പ്രതിപക്ഷം നടത്തിയ ശ്രമമാണ് തികച്ചും ജനാധിപത്യവിരുദ്ധമായി എട്ട് പ്രതിപക്ഷാംഗങ്ങളുടെ സസ്പെന്‍ഷനില്‍ കലാശിച്ചിരിക്കുന്നത്. ഭരണകക്ഷിയുടെ ഈ ഫാസിസ്റ്റ് നടപടിക്കെതിരെ പാര്‍ലമെന്റിനെ തന്നെ സമരവേദിയാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ബന്ധിതമായിരിക്കുന്നു.

പാര്‍ലമെന്ററി ജനാധിപത്യത്തെ അതിന്റെ അര്‍ത്ഥത്തിലും ആശയത്തിലും സംരക്ഷിക്കാനുള്ള ഈ സമരത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ നടത്തുന്ന ധര്‍മ്മസമരം കര്‍ഷകരടക്കം പൗരസമൂഹത്തിന്റെയാകെ പിന്തുണ അര്‍ഹിക്കുന്നു. പാര്‍ലമെന്റിലും പുറത്തും ഒരുപോലെ വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ, കര്‍ഷകജനതയുടെ നിലനില്പിനെയും ഭക്ഷ്യസുരക്ഷയേയും അട്ടിമറിക്കുന്ന മൂന്ന് ബില്ലുകളാണ് യാതൊരു ചര്‍ച്ചയും കൂടാതെ നിയമമാക്കാന്‍ മോഡി ഭരണകൂടം ശ്രമിച്ചത്. കര്‍ഷകര്‍ക്ക് ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നതാണ് ഈ ബില്ലുകളെന്നാണ് പ്രധാനമന്ത്രിയും ഭരണകൂടവും അവകാശപ്പെടുന്നത്. ബിജെപി ഭരണത്തെ നാളിതുവരെ നിരുപാധികം പിന്തുണച്ചുപോരുന്ന ശിരോമണി അകാലിദളും ശിവസേനയുമടക്കം പാര്‍ട്ടികള്‍ ബില്ലിനെതിരെ രംഗത്തുവന്നുവെന്നു മാത്രമല്ല അകാലിദള്‍ മോഡി മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതമായി എന്നതും അവഗണിക്കാവുന്നതല്ല.

മോഡി നല്‍കുന്ന വാഗ്ദാനങ്ങളും ഉറപ്പും മുഖവിലയ്ക്കെടുക്കാന്‍ ഭരണകൂടത്തെ പിന്തുണക്കുന്നവര്‍ പോലും തയ്യാറാവാത്തത് മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ്. നോട്ടുനിരോധനം, ചരക്ക് സേവന നികുതി തുടങ്ങിയ തീരുമാനങ്ങളോരോന്നും കടുത്ത ജനവഞ്ചനയും വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുന്ന നടപടികളുമായിരുന്നുവെന്ന് ജനങ്ങള്‍ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. സമാനമായ രീതിയില്‍ രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെയും ജീവനോപാധിയും പട്ടിണിമരണങ്ങളെ തടയാനുള്ള മുന്‍കരുതലുമായ കാര്‍ഷികരംഗം കൂടി ദേശ‑വിദേശ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്നവയാണ് നിര്‍ദ്ദിഷ്ട കാര്‍ഷിക നിയമങ്ങള്‍. ജനങ്ങളുടെ ഉല്‍ക്കണ്ഠകളെ ദൂരീകരിക്കാന്‍ മതിയായ ഭേദഗതികള്‍ക്കുപോലും വഴങ്ങാതെ കുത്തകതാല്പര്യങ്ങള്‍ക്ക് രാജ്യത്തെതന്നെ അടിയറവയ്ക്കാനാണ് മോഡി സര്‍ക്കാര്‍ മുതിരുന്നത്.

കുത്തക കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കായി രാജ്യത്തിന്റെ പാര്‍ലമെന്ററി ജനാധിപത്യത്തേയും കീഴ്‌വഴക്കങ്ങളെയും ചട്ടങ്ങളെയും അട്ടിമറിക്കുന്ന നടപടികളാണ് രാജ്യസഭയില്‍ അരങ്ങേറിയത്. അതിനെ ചെറുക്കാന്‍ ശ്രമിച്ച ജനപ്രതിനിധികളെ സസ്പെന്റ് ചെയ്യുക വഴി കര്‍ഷകരുടെ മാത്രമല്ല പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തന്നെ കശാപ്പിനാണ് മോഡി ഭരണകൂടം മുതിര്‍ന്നിരിക്കുന്നത്. അധികാരത്തില്‍ വരുംമുമ്പ് ഹിറ്റ്ലറും മുസോളിനിയും ജനാധിപത്യ പ്രക്രിയയോടുള്ള തങ്ങളുടെ വിരക്തി മറച്ചുവച്ച് കപട വിധേയത്വം പ്രകടിപ്പിക്കാന്‍ വിമുഖത കാട്ടിയിരുന്നില്ല. 1933ല്‍ ജര്‍മ്മന്‍ ചാന്‍സലറായി നിയമിതനായ ഹിറ്റ്ലര്‍ തന്റെ സെെനിക യൂണിഫോം ഉപേക്ഷിച്ച് പൊതുചടങ്ങില്‍ സാധാരണ വസ്ത്രത്തില്‍ പ്രസിഡന്റ് പോള്‍ വോണ്‍ ഹിന്‍ഡന്‍ബര്‍ഗിനു മുന്നില്‍ ശിരസുനമിക്കാന്‍ പോലും തയ്യാറായിരുന്നു. മോഡിയും സംഘവും ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രകടിപ്പിക്കുന്ന ജനാധിപത്യ നാട്യങ്ങള്‍ ചരിത്രത്തിന്റെ ആവര്‍ത്തനമായി മാത്രമെ വിവേകികള്‍ക്ക് നോക്കിക്കാണാനാവൂ. ചരിത്രത്തിന്റെ ഈ ആവര്‍ത്തനം രാജ്യത്തെ കാത്തിരിക്കുന്ന ദുരന്തങ്ങളിലേക്കുള്ള മുന്നറിയിപ്പുകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.