Web Desk

February 27, 2021, 4:00 am

സ്വേഛാധിപത്യം ഉറപ്പിക്കുന്ന നിയന്ത്രണ ചട്ടങ്ങള്‍

Janayugom Online

രേന്ദ്രമോഡി സര്‍ക്കാര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ച 2021ലെ വിവര സാങ്കേതിക വിദ്യാ ചട്ടങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെയും വിയോജിക്കാനും യഥാര്‍ത്ഥ വസ്തുതകള്‍ അറിയാനും അറിയിക്കാനുമുള്ള പൗരന്മാരുടെ ഭരണഘടനാപരമായ അവകാശത്തെയും നിഷേധിക്കാനുള്ള സ്വേഛാധിപത്യ ഭരണകൂടത്തിന്റെ നടപടിയാണ്. ചട്ടം നിലവില്‍ വരുന്നതോടെ ഇന്റര്‍നെറ്റ് വഴി ലഭ്യമായിരുന്ന ഡിജിറ്റല്‍ ഉള്ളടക്കം ഇനിമേല്‍ എന്തായിരിക്കണം എന്നു നിര്‍ണയിക്കാനുള്ള അവകാശത്തിന്റെ കാവല്‍ക്കാരനും വിധികര്‍ത്താവുമായി ഭരണകൂടം മാറും. സദാചാരം, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എ­ന്നിവയുടെ പേരില്‍ ഡിജിറ്റല്‍ ഉള്ളടക്കത്തെ നിയന്ത്രിക്കാനും നിരോധിക്കാനുമുള്ള അവകാശമാണ് പുതിയ ചട്ടങ്ങള്‍ വഴി ഭരണകൂടം കയ്യടക്കിയിരിക്കുന്നത്. ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന­തും രാജ്യദ്രോഹപരം, അഥവാ ഭരണകൂടത്തോട് നീരസം ഉളവാക്കുന്നത്, എന്ന് ഭരണകൂട വൃത്തങ്ങള്‍ കരുതുന്ന ഏത് ഉള്ളടക്കവും പൊതുജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാനും നിഷേധിക്കാനും നിരോധിക്കാനുമുള്ള സമഗ്രാധികാരമാണ് പുതിയ ചട്ടങ്ങള്‍ വഴി ഭരണകൂടം കെെപ്പിടിയില്‍ ഒതുക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങള്‍, ഡിജിറ്റല്‍ മാധ്യമങ്ങള്‍, ഓവര്‍ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകള്‍ എന്നിവക്കെല്ലാം ബാധകമാവുന്ന ചട്ടങ്ങളാണ് ഇവ. നരേന്ദ്രമോഡി സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതിനും അധികാര തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനും സംഘടിതവും ആസൂത്രിതവുമായി സാമൂഹ്യമാധ്യമങ്ങള്‍ അടക്കം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ ഏറ്റവും അധികം ദുരുപയോഗം ചെയ്തവരില്‍ നിന്നു തന്നെയാണ് അവയുടെ ചിറക് അരിയാനുള്ള നീക്കവുമെന്നത് വിരോധാഭാസമായി തോന്നിയേക്കാം. രാജ്യത്താകെ തീവ്രഹിന്ദുത്വ പ്രതിലോമ ആശയങ്ങളും അസത്യ, അശാസ്ത്രീയ പ്രചാരണങ്ങളും ആപല്‍ക്കരമായ വിദ്വേഷ പ്രചാരണവും സംഘടിപ്പിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങളെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെയും ദുരുപയോഗം ചെയ്തവര്‍ തന്നെ അവര്‍ക്കെതിരെ രംഗത്തുവരുന്നത് കൗതുകകരമായി തോന്നിയേക്കാം. പരമ്പരാഗത മാധ്യമങ്ങളെ ‘ഗോധി മാധ്യമ’ങ്ങളാക്കി വരുതിയിലാക്കിയ ഭരണകൂടവും സംഘപരിവാര്‍ തീവ്രഹിന്ദുത്വ ശക്തികളും ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ക്കെതിരെ തിരിയുന്നത് അവ തങ്ങളുടെ നി­ക്ഷിപ്ത താല്പര്യങ്ങള്‍‌ക്കെതിരായി മാറുന്നത് തിരിച്ചറിഞ്ഞുകൊണ്ടാണ്. ലോകത്ത് ഏറ്റവും അ­ധികം തവണയും, സമയവും ഇന്റര്‍നെറ്റ് നിരോ­ധനം ഏര്‍പ്പെടുത്തി­യ രാജ്യങ്ങളുടെ പട്ടികയി­ല്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. പൗരത്വ ഭേ­ദഗതി നിയമത്തിനെതിരായ സമരത്തിലും കര്‍ഷക പ്രക്ഷോഭത്തിലും അഭിപ്രായ സ്വാ­­തന്ത്ര്യത്തിനും ആ­ശയപ്രചാരണത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഇ­ന്റര്‍നെറ്റ്, സാമൂഹ്യ മാധ്യമങ്ങള്‍, ഡിജിറ്റല്‍ മീഡിയ തുടങ്ങിയവയുടെ ശക്തി എ­ന്തെന്ന് ജനങ്ങളും ഭരണകൂടവും തിരിച്ചറിഞ്ഞു.

ദിശാ രവിയടക്കം കാലാവസ്ഥാ വ്യതിയാ­ന, മനുഷ്യാവകാശ പ്ര­വര്‍ത്തകരെ നിശബ്ദമാക്കാന്‍ ഭരണകൂടം നടത്തിവരുന്ന ശ്രമങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ കരുത്തില്‍ ഭരണകൂടത്തിനുണ്ടായ ഭയത്തില്‍ നിന്നുമാണ്. ഭരണകൂടത്തിന്റെ വികലവും വിനാശകരവുമായ നയപരിപാടികള്‍ക്കെതിരായ സഹനസമരത്തിന്റെ സംഘാടനവും സന്ദേശവും പ്രചരിപ്പിക്കാന്‍ ലക്ഷ്യംവച്ചുള്ള ‘ടൂള്‍കിറ്റി‘നെ ഭരണകൂടം ആണവ ബോംബിനെക്കാള്‍ അധികം ഭയപ്പെടുന്നുവെന്ന് ഇതിനകം വ്യക്തമായ വസ്തുതയാണ്. സാമൂഹ്യ മാധ്യമങ്ങളെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെയും വരുതിയില്‍ നിര്‍ത്താന്‍ മോഡി ഭരണകൂടം നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്ന പശ്ചാത്തലത്തിലാണ് പുതിയ ചട്ടങ്ങളുമായുള്ള രംഗപ്രവേശം. ഇന്റര്‍നെറ്റ് നിരോധനം ലോകവ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത് നടപടികള്‍ക്ക് വേഗത കൂട്ടി. രാജ്യത്ത് വളര്‍ന്നുവന്ന വിദ്വേഷ പ്രചാരണത്തിന്റെയും ഭിന്നിപ്പിക്കലിന്റെയും ഉറവിടം ബിജെപിയും സംഘപരിവാറും പ്രതിനിധാനം ചെയ്യുന്ന തീവ്രഹിന്ദുത്വ ദേശീയവാദവും അവരുടെ സെെബര്‍ പടയാളികളുമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെയും സാമൂഹ്യമാധ്യമങ്ങളെയും നിയന്ത്രിക്കാന്‍ വെമ്പല്‍കൂട്ടുന്നവര്‍ അത്തരം ദേശവിരുദ്ധ, സാമൂഹ്യവിരുദ്ധ ശക്തികളെ നിയന്ത്രിക്കാന്‍ ഇവര്‍ തയ്യാറാവുമോ? മോഡി ഭരണകൂടം 2019 ജൂണ്‍ മുതല്‍ 2020 ജൂണ്‍ വരെ ഗൂഗിളില്‍ നിന്നു നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട 16,783 ഇനങ്ങളില്‍ അശ്ലീലവും നഗ്നതയും ഉള്‍പ്പെട്ടവ കേവലം രണ്ട് ശതമാനം മാത്രമായിരുന്നു എന്നത് ഭരണകൂടത്തിന്റെ സദാചാര വ്യഗ്രത തുറന്നുകാട്ടാന്‍ മതിയായതാണ്.

രാഷ്ട്രാതിര്‍ത്തികളെ ഉല്ലംഘിച്ചു വളര്‍ന്നുകഴിഞ്ഞ സെെബര്‍ ലോകത്തിനുമേല്‍ ഉചിതമായ നിയന്ത്രണം കൂടിയേതീരൂ. രാഷ്ട്ര താല്പര്യങ്ങളെയും നിയമങ്ങളെയും മാനിക്കാത്ത, രാഷ്ട്രാതീത ശക്തികളായി ആധുനിക ഡിജിറ്റല്‍ മുതലാളിത്തം വളര്‍ന്നിരിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. വ്യക്തി സ്വാതന്ത്ര്യത്തെയൊ സ്വകാര്യതയെയൊ രാഷ്ട്രതാല്പര്യങ്ങളെയൊ ജനാധിപത്യത്തെയൊ മനുഷ്യാവകാശങ്ങളെ പോലുമൊ മാനിക്കാത്ത ശക്തികളായി അവ മാറിയിരിക്കുന്നു. അവയ്ക്ക് ന്യായമായ പരിഹാരവും പ്രതിവിധിയും രാഷ്ട്രങ്ങളുടെ ആഗോള സമുദായതലത്തില്‍ മാത്രമെ കണ്ടെത്താനാവൂ. മറിച്ച്, മോഡിഭരണകൂടം ലക്ഷ്യംവയ്ക്കുന്നത് തങ്ങളുടെ സ്വേഛാധിപത്യം ഉറപ്പിക്കാനും അതിനുവേണ്ടി പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കലാണ്.