27 March 2024, Wednesday

കോണ്‍ഗ്രസിന്റെ പുനരുജ്ജീവനവും പ്രത്യയശാസ്ത്ര വെല്ലുവിളികളും

Janayugom Webdesk
October 18, 2021 5:00 am

കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം സംബന്ധിച്ച വാര്‍ത്തകള്‍ രാജ്യം ഏറെ കൗതുകത്തോടെയും താല്പര്യത്തോടെയുമാണ് നോക്കിക്കാണുന്നത്. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി സംഘടനാപരമായ പുനരുജ്ജീവന പ്രക്രിയക്കാണ് തയാറെടുക്കുന്നതെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ രണ്ടുതവണ മാത്രമാണ് ആ പാര്‍ട്ടിയില്‍ അര്‍ത്ഥപൂര്‍ണമായ സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. മറ്റെല്ലായ്പ്പോഴും തെരഞ്ഞെടുപ്പെന്നാല്‍ നേതൃത്വത്തിന്റെ പാദസേവയാണ് ആധിപത്യം പുലര്‍ത്തിയിട്ടുള്ളത്. ശനിയാഴ്ച ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലും അതുതന്നെയാണ് ആധിപത്യം പുലര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നേതൃത്വത്തിനും നേതൃഘടകങ്ങളുടെ നിഷ്ക്രിയത്വത്തിനുമെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ പോലും പാദസേവയില്‍ തങ്ങള്‍ ആരുടെയും പിന്നിലല്ലെന്നു തെളിയിക്കാന്‍ മത്സരിക്കുന്നതായാണ് അനുഭവപ്പെടുന്നത്. എന്നിരിക്കിലും ദീര്‍ഘകാല ഇടവേളയ്ക്കുശേഷം താഴെത്തലം മുതല്‍ അത്യുന്നത പദവി വരെ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയും അതിനുള്ള സമയക്രമം നിശ്ചയിക്കുകയും ചെയ്തുവെന്നത് അവഗണിക്കാവുന്നതല്ല. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ അച്ചടക്കപൂര്‍ണമായ ആഭ്യന്തര ജനാധിപത്യം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അവഗണിച്ച് മുന്നോട്ടുപോകാനാവില്ല.


ഇതുംകൂടി വായിക്കു: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ പുതിയ പോര്‍മുഖത്തിന് വഴിതെളിക്കുന്നു


നിശ്ചയിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തിമ ഫലം എന്തായിരിക്കുമെന്ന് പ്രവര്‍ത്തക സമിതിയിലെ ചര്‍ച്ചകളും ഉരുത്തിരിഞ്ഞ ഏകാഭിപ്രായവും വ്യക്തമായ സൂചന നല്കുന്നുണ്ട്. എന്നിരിക്കിലും പ്രവര്‍ത്തക സമിതിയുടെ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ നേതൃത്വത്തെ സംബന്ധിച്ച ഏകാഭിപ്രായത്തിന്റെ ഉടമ, രാഹുല്‍ഗാന്ധി, ആ അഭിപ്രായം പരിഗണിക്കുമെന്ന് പറഞ്ഞു നടത്തിയ മറുപടി പ്രസംഗം കോണ്‍ഗ്രസിനെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും ചിന്തോദ്ദീപകമാണ്.
കോണ്‍ഗ്രസില്‍ ‘ചിന്താപരമായും പ്രത്യയശാസ്ത്ര പ്രശ്നങ്ങളിലും പാര്‍ട്ടി എവിടെ നില്ക്കുന്നു എന്നതിലെ‍ വ്യക്തതയാണ് പ്രശ്നം’ എന്നാണ് രാഹുല്‍ പ്രവര്‍ത്തക സമിതിക്കു മുന്നില്‍ ഉന്നയിച്ച ചോദ്യം. ആ ചോദ്യത്തിനാണ് കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിനു നല്കേണ്ട ഉത്തരവും. 2015 യുപിയിലെ ദാദ്രിയില്‍ അഖ്‌ലാഖ് എന്ന മുസ്‌ലിം ആള്‍‍ക്കൂട്ടക്കൊലയ്ക്ക് ഇരയായപ്പോഴും പിന്നീട് ഹത്രാസില്‍ ഒരു ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനും കൊലയ്ക്കും ഇരയായപ്പോഴും പാര്‍ട്ടിക്കുള്ളില്‍ സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ പ്രതികരണത്തെപ്പറ്റി രാഹുല്‍ പരാമര്‍ശിച്ചു.


ഇതുംകൂടി വായിക്കു:കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി: കുടുംബവാഴ്ച തന്നെ തുടരും


അഖ്‌ലാഖിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞു. ഹത്രാസ് സന്ദര്‍ശനം നടന്നെങ്കില്‍ തന്നെയും സമാന പ്രതികരണമാണ് പാര്‍ട്ടിയില്‍ നിന്നും രാഹുലിന് ലഭിച്ചത്. രാജ്യത്തെ പാവപ്പെട്ടവരും അരികുവല്ക്കരിക്കപ്പെട്ടവരും മോഡി ഭരണകൂടത്തിന്റെ നിരന്തര ആക്രമണങ്ങള്‍ക്ക് വിധേയരാകുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആശയപരമായി എവിടെ നില്ക്കുന്നു എന്ന ചോദ്യമാണ് പ്രവര്‍ത്തക സമിതിക്ക് മുമ്പാകെ രാഹുല്‍ ഉന്നയിച്ചത്. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ രാഹുല്‍ ആശങ്കപ്പെടുന്നതുപോലെയാണ് കോണ്‍ഗ്രസെങ്കില്‍ രാജ്യം ഭരിക്കുന്ന ബിജെപിയും അവരും തമ്മില്‍ എന്ത് അന്തരമാണ് ഉള്ളത്? രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും പട്ടിണിപ്പാവങ്ങളും മതനിരപേക്ഷ പുരോഗമന-ജനാധിപത്യ ശക്തികളും ഏറെക്കാലമായി ഉന്നയിച്ചുപോരുന്ന ചോദ്യമാണ് ഏറെ വൈകിയെങ്കിലും രാഹുല്‍ ഗാന്ധിയും ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ മൂന്നു ദശകത്തോളമായി പിന്തുടര്‍ന്നുവരുന്ന ചിന്താപദ്ധതിയും പ്രത്യയശാസ്ത്രവും ബിജെപിയില്‍ നിന്ന് ഏറെയൊന്നും ഭിന്നമല്ല എന്ന തോന്നലാണ് മോഡി ഭരണത്തിന് വഴിയൊരുക്കിയത്. അതില്‍ നിന്നും വേറിട്ട് മതനിരപേക്ഷതയിലും ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും അടിയുറച്ച പ്രത്യയശാസ്ത്രത്തെയും ചിന്തയേയും വീണ്ടെടുക്കാന്‍ കോണ്‍ഗ്രസിന് ആവുമോ എന്നതാണ് രാജ്യത്തെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയ പാര്‍ട്ടി നേരിടുന്ന വെല്ലുവിളി.


ഇതുംകൂടി വായിക്കു:കോൺഗ്രസിൽ ഉടൻ നേതൃമാറ്റമില്ല; സോണിയഗാന്ധി ഇടക്കാല അദ്ധ്യക്ഷയായി തുടരും


സംഘടനാ തെരഞ്ഞെടുപ്പ്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതുകൊണ്ടോ പാര്‍ട്ടിയില്‍ അച്ചടക്കം പുനഃസ്ഥാപിച്ച് അതിനെ സെമികേഡര്‍ പാര്‍ട്ടിയാക്കിയതുകൊണ്ടോ മാത്രം കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനോ വീണ്ടെടുക്കാനോ കഴിഞ്ഞേക്കില്ല. മതനിരപേക്ഷ ജനാധിപത്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയും സാമൂഹിക‑സാമ്പത്തിക നീതിയില്‍ ഉറച്ച ജനകീയതയും അവഗണിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം അസാധ്യമാവും.

You may also­like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.