Web Desk

October 28, 2020, 5:00 am

വിവാദങ്ങളില്‍ ഉയരുന്നത് ഭിന്നിപ്പിന്റെയും വിഭാഗീയതയുടെയും ശബ്ദം

Janayugom Online

സര്‍ക്കാര്‍, സംസ്ഥാന പൊതുമേഖലാ നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ മന്ത്രിസഭായോഗം എടുത്ത തീരുമാനം അനാവശ്യ വിവാദങ്ങള്‍ക്ക് കാരണമായി എന്നത് അത്യന്തം ഖേദകരമാണ്. പാര്‍ലമെന്റ് വന്‍ഭൂരിപക്ഷത്തോടെ പാസാക്കിയ 2019ലെ 103-ാമത് ഭരണഘടന ഭേഭഗതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.

പ്രസ്തുത സംവരണം നടപ്പാക്കുന്നതുകൊണ്ട് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്കും നിയമാനുസൃതം ഇപ്പോള്‍ ലഭിച്ചുവരുന്ന 50 ശതമാനം സംവരണത്തെ യാതൊരുതരത്തിലും പ്രതികൂലമായി ബാധിക്കുകയില്ലെന്ന് നിയമം ഉറപ്പുനല്കുന്നു. പൊതുവിഭാഗങ്ങള്‍ക്ക് മത്സരാധിഷ്ഠിതമായി ഇപ്പോള്‍ ലഭിച്ചുവരുന്ന 50 ശതമാനത്തില്‍ നിന്ന് സാമ്പത്തിക പിന്നാക്കാവസ്ഥമൂലം മത്സരക്ഷമത കുറഞ്ഞവര്‍ക്കായാണ് പുതുതായി പത്ത് ശതമാനം സംവരണം ചെയ്യുന്നത്. അത് സാമ്പത്തികനീതി ലക്ഷ്യംവച്ചുള്ള കരുതല്‍ നടപടിയായി കാണാന്‍ വിമര്‍ശകര്‍ വിസമ്മതിക്കുന്നത് നിക്ഷിപ്ത രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നീക്കമായെ വിലയിരുത്താനാവൂ. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ സംവരണത്തിന് അര്‍ഹതയില്ലാത്തവരും നാല് ലക്ഷം രൂപയ്ക്ക് താഴെ മാത്രം വാര്‍ഷിക കുടുംബവരുമാനമുള്ളവരെയുമാണ് സംവരണ ആനുകൂല്യത്തിനായി പരിഗണിക്കുക.

പഞ്ചായത്തുകളില്‍ 2.5 ഏക്കറില്‍ അധികവും മുനിസിപ്പാലിറ്റികളില്‍ 75 സെന്റില്‍ അധികവും കോര്‍പ്പറേഷനുകളില്‍ 50 സെന്റില്‍ അധികവും ഭൂമിയുള്ളവരും സംവരണ പരിധിയില്‍ ഉള്‍പ്പെടില്ല. മുനിസിപ്പല്‍ പ്രദേശത്ത് 20 സെന്റില്‍ അധികവും കോര്‍പ്പറേഷനുകളില്‍ 15 സെന്റില്‍ അധികവും വീട്ടുവളപ്പ് ഉള്ളവരും സംവരണപരിധിക്ക് പുറത്തായിരിക്കും. ഈ മാനദണ്ഡങ്ങള്‍തന്നെ ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും അവലോകനം ചെയ്യാനും വ്യവസ്ഥയുണ്ട്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും നേരിടുന്ന വിവേചനം സമൂഹത്തില്‍ ചെറുതല്ലാത്ത അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുണ്ട്. ആ ജനവിഭാഗങ്ങളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് അവഗണിക്കാനാവുന്നതല്ല. അവരുടെ അവസരസമത്വത്തിനായുള്ള അവകാശത്തിന് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്തുകയാണ് 103-ാമത് ഭരണഘടനാ ഭേഭഗതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

സാമ്പത്തിക കാരണങ്ങളാല്‍ ഒരു വിഭാഗം ജനങ്ങളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം അവഗണിക്കപ്പെട്ടുകൂട. മുന്നാക്ക സമുദായത്തില്‍ ജനിച്ചു എന്ന ഒറ്റക്കാരണത്താല്‍ സാമ്പത്തിക അസമത്വം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ സമ്പന്നരോട് മത്സരിച്ച് ജയിക്കണമെന്ന് വാശിപിടിക്കുന്നത് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ തീരുമാനത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടിയായി വ്യാഖ്യാനിക്കുന്നത് നിക്ഷിപ്ത രാഷ്ട്രീയതാല്പര്യത്തിന്റെ മാത്രം ഭാഗമാണ്. 2019 ജനുവരിയിലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും 103-ാം ഭരണഘടനാ ഭേദഗതിബില്‍ പാസാക്കിയത്. ലോക്‌സഭയില്‍ മൂന്നിനെതിരെ 323 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. രാജ്യസഭയിലാകട്ടെ ഇതു സംബന്ധമായി വന്ന ഭേദഗതി 18ന് എതിരെ 155 വോട്ടുകള്‍ക്ക് തിരസ്കരിക്കപ്പെടുകയുണ്ടായി.

കേരളത്തില്‍ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രകടനപത്രിക സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ സംവരണം നടപ്പാക്കുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയം ആ നിലപാടിനോടുകൂടിയുള്ള ജനപിന്തുണയാണ് അടയാളപ്പെടുത്തുന്നത്. വസ്തുതകള്‍ ഇതായിരിക്കെ ഇപ്പോള്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന വിവാദം അനാവശ്യവും ദുരുപദിഷ്ടവുമാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങളും അവകാശങ്ങളും അംഗീകരിച്ചും അവശതകള്‍ പരിഹരിച്ചുമേ ഒരു പരിഷ്കൃത ജനസമൂഹത്തെ കെട്ടുറപ്പോടെ മുന്നോട്ട് നയിക്കാനാവൂ. ആ ധാരണയും യാഥാര്‍ത്ഥ്യബോധവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം വ്യക്തമാക്കുന്നത്. അവിടെ ഭിന്നിപ്പിന്റെയും വിഭാഗീയതയുടെയും ശബ്ദങ്ങളാണ് വിവാദങ്ങളിലൂടെ ഉയര്‍ന്നുവരുന്നത്. അത് കേരളത്തിലെ പ്രബുദ്ധ ജനത അര്‍ഹിക്കുന്ന അവഗണനയോടെ തിരസ്കരിക്കുകതന്നെ ചെയ്യും.