Tuesday
19 Mar 2019

അന്ത്യയാമത്തില്‍ വീണ്ടും മോഡിയുടെ ജനവഞ്ചന

By: Web Desk | Wednesday 9 January 2019 8:00 AM IST


മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാരായ പത്ത് ശതമാനം പേര്‍ക്ക് സംവരണമെന്ന തുറുപ്പുചീട്ടുമായി തെരഞ്ഞെടുപ്പ് ചൂതുകളി കൊഴുപ്പിക്കാനുള്ള പുറപ്പാടിലാണ് ഭാരതീയ ജനതാപാര്‍ട്ടി. തൊഴില്‍ നിയമനങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും പത്തു ശതമാനം സംവരണം നല്‍കാന്‍ ഭരണഘടന ഭേഗദതിക്കുള്ള നിര്‍ദ്ദേശം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ അവതരിപ്പിക്കപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയാല്‍തന്നെ നീതിപീഠത്തിന്റെ സൂക്ഷ്മ പരിശോധനയെ അതിജീവിക്കുമോ എന്ന് ഉറപ്പില്ലാത്ത നിയമനിര്‍മാണം ഒന്നാന്തരം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന ആത്മവിശ്വാസമാണ് ബിജെപി വൃത്തങ്ങളില്‍ നിന്ന് ഒളിഞ്ഞും തെളിഞ്ഞും പുറത്തുവരുന്നത്. ജനങ്ങളെ കബളിപ്പിക്കാനുള്ള തങ്ങളുടെ വൈദഗ്ധ്യമോര്‍ത്ത് മോഡി-ഷാ പ്രഭൃതികള്‍ ഗോപ്യമായെങ്കിലും ഊറ്റം കൊള്ളുന്നുണ്ടാവണം. നാളിതുവരെയുള്ള തെരഞ്ഞെടുപ്പ് ജുംലകളെല്ലാം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് അവര്‍ ഈ അറ്റകൈ പ്രയോഗത്തിന് മുതിര്‍ന്നിരിക്കുന്നത്. മുന്നാക്ക ജാതികളില്‍പ്പെട്ട കര്‍ഷക സമൂഹങ്ങളുടെ ‘ഇല്ലായ്മയുടെയും ദാരിദ്ര്യാവസ്ഥയുടെയും ഭരണഘടനാപരമായ തിരിച്ചറിവാണ്’ പുതിയ നിയമനിര്‍മാണത്തിന്റെ അന്തസത്തയെന്നാണ് സംഘ്പരിവാര്‍ അവകാശവാദം. വടക്കേ ഇന്ത്യയിലെ ജാട്ട്, ഗുജ്ജര്‍, മറാഠ, കപ്പു, പാടിദാര്‍ തുടങ്ങിയ പ്രബല കര്‍ഷക സമുദായങ്ങള്‍ കഴിഞ്ഞ കുറച്ചേറെക്കാലമായി സര്‍ക്കാര്‍ തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും സംവരണമാവശ്യപ്പെട്ട് പ്രക്ഷോഭത്തിലായിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി ബിജെപിയെ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചുപോന്ന അവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിരാകരിക്കപ്പെട്ടതോടെ ഭരണകക്ഷിയില്‍ നിന്ന് അകന്നുവെന്നത് ഹിന്ദി ഹൃദയഭൂമിയിലെ സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗുജറാത്തിലും രാജസ്ഥാനിലും ഈ സമുദായങ്ങള്‍ക്ക് സംവരണ ആനുകൂല്യം നല്‍കാനുള്ള നിയമനിര്‍മാണങ്ങള്‍ നീതിപീഠം തിരസ്‌കരിക്കുകയാണ് ഉണ്ടായത്.

നിയമത്തിന്റെ മുന്നില്‍ നിലനില്‍ക്കില്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ട സംരംഭത്തിന്റെ ആവര്‍ത്തനവും അതുകൊണ്ടുതന്നെ ആ സുദായങ്ങളോടുള്ള കടുത്ത വഞ്ചനയുമാണ് മോഡി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും നിര്‍ദ്ദിഷ്ട സംവരണ തത്വം ബാധകമാക്കുംവിധമാണ് നിയമനിര്‍മാണമെന്നും വാര്‍ത്തകളുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശനത്തിന് ഈ സംവരണതത്വം ഒരു പരിധിവരെ പ്രായോഗികമാണെന്ന് വാദത്തിന് അംഗീകരിച്ചാല്‍പോലും ഉദ്യോഗ നിയമനക്കാര്യത്തില്‍ അത് കടലാസുപുലിയായി മാറുമെന്നതില്‍ സംശയമില്ല. പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം നല്‍കിയാണ് മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയത്. അതിന്റെ പത്തു ശതമാനം പോലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ കാര്‍ഷിക-ഗ്രാമീണ മേഖലയും അസംഘടിത സൂക്ഷ്മ, ചെറുകിട, ഇടത്തരം തൊഴില്‍ മേഖലകളും മോഡി സര്‍ക്കാരിന്റെ ഭ്രാന്തന്‍ സാമ്പത്തിക നയപരിപാടികളില്‍ തകര്‍ന്നടിഞ്ഞു. ഒരു തൊഴിലവസരവും സൃഷ്ടിക്കാത്ത സര്‍ക്കാര്‍ തൊഴില്‍ സംവരണം മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്കു കൂടി ഉറപ്പുവരുത്തുമെന്ന് പറയുന്നത് ശുദ്ധ അസംബന്ധവും തികഞ്ഞ കാപട്യവും കൊടും വഞ്ചനയുമാണ്. സുപ്രിം കോടതിയടക്കം രാജ്യത്തെ നീതിപീഠങ്ങള്‍ ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആവര്‍ത്തിച്ച് നിരാകരിച്ച അധിക സംവരണ പ്രശ്‌നത്തെ എങ്ങനെ നിയമപരമായും ഭരണഘടനാപരമായും നേരിടുമെന്നതിനെപ്പറ്റി യാതൊരു ചിന്തയും പരിഹാരമാര്‍ഗവും മുന്നോട്ടുവയ്ക്കാന്‍ മോഡി ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗം പരിഗണന അര്‍ഹിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ നൂറ്റാണ്ടുകളായി, തലമുറകളായി ജാതി വ്യവസ്ഥയുടെയും സാമൂഹ്യ അനാചാരങ്ങളുടെയും മനുഷ്യത്വരഹിതമായ വിവേചനങ്ങളുടെ ഇരകളായ ജനസമൂഹങ്ങളെയും മുന്നാക്കക്കാരിലെ പിന്നാക്കക്കാരെയും തുലനം ചെയ്യുന്നത് സാമൂഹികവും രാഷ്ട്രീയവുമായ അനീതിയാണ്. എല്ലാ ജനവിഭാഗങ്ങളുടെയും ഉന്നതിയും ക്ഷേമവുമാണ് ലക്ഷ്യമെങ്കില്‍ കൂടുതല്‍ നീതിപൂര്‍വമായ സാമ്പത്തിക പുനര്‍നിര്‍മാണമാണ് അതിനുള്ള മാര്‍ഗം. കോര്‍പറേറ്റ് ചങ്ങാത്തത്തിനു പകരം ജനകേന്ദ്രീകൃതവും തൊഴിലധിഷ്ഠിതവുമായ സാമ്പത്തിക വളര്‍ച്ചയും വികാസവുമാണ് അതിനുള്ള മാര്‍ഗം. അഴിമതിയും കോര്‍പറേറ്റ് പ്രീണനവും മാത്രം കൈമുതലാക്കി പ്രവര്‍ത്തിക്കുന്ന മോഡി സര്‍ക്കാരിന് അന്യമാണ് അത്തരമൊരു നയസമീപനം. അതുകൊണ്ടുതന്നെയാണ് തങ്ങളുടെ ഭരണത്തിന്റെ അന്തിമ യാമത്തില്‍ വീണ്ടും ഒരു ജനവഞ്ചനയ്ക്ക് മോഡി ഭരണം തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അതില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ തോല്‍ക്കുന്ന പന്തയക്കുതിരയിലാണ് ബെറ്റ് വെയ്ക്കുന്നത്.