Web Desk

January 03, 2021, 5:00 am

നമുക്ക് പ്രതിജ്ഞ പുതുക്കാം

Janayugom Online

ല്ലാ വായനക്കാർക്കും നവവത്സരാശംസകൾ. പുതു ഇന്ത്യയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായുള്ള പോരാട്ടം നമുക്ക് തുടരാം. 2021ലേക്ക് കടന്നിരിക്കെ പോയ വർഷത്തിലേക്ക് തിരിഞ്ഞുനോക്കുക സ്വാഭാവികമാണ്. മാനവരാശി അസാധാരണവും കയ്പേറിയതും നീണ്ടുനിൽക്കുന്നതുമായ അനുഭവങ്ങൾ നേരിട്ട നാളുകളുടേതായിരുന്നു പോയവർഷം. എന്നാൽ, ഏതൊരു പ്രതിസന്ധിയും ഒന്നായി നിലകൊണ്ടും ശാസ്ത്രത്തിന്റെ പിൻബലത്തിലും മനുഷ്യവംശം മറികടക്കുമെന്ന വസ്തുതയ്ക്കും ആ നാളുകൾ അടിവരയിടുന്നു. എങ്കിലും കോവിഡ് 19ന്റെ പാഠങ്ങൾ നാം മനസിൽ സൂക്ഷിക്കേണ്ടതുണ്ട്. ചിലയിടങ്ങളിൽ നിന്ന് കോവിഡ് ദൈവത്തിന്റെ ചെയ്തിയെന്ന് വിളംബരമുണ്ടായി. ദൈവമാകട്ടെ ഇക്കാര്യങ്ങളിൽ നിഷ്കളങ്കനും നിസ്സഹായനുമാണ്. കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും ആഗോളതാപനവുമായി ബന്ധപ്പെട്ടുമുള്ള പല പഠനങ്ങളും മഹാമാരികളെക്കുറിച്ചുള്ള നിരവധി മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇത്തരം മുന്നറിയിപ്പുകളിൽ കോവിഡ് 19നു പിന്നിലെ സാമ്പത്തിക രാഷ്ട്രീയകാരണങ്ങളും അടങ്ങിയിരുന്നു. വിപണിയുടെ ലാഭം മാത്രം ലാക്കാക്കിയുള്ള മുതലാളിത്തത്തിന്റെ പ്രവർത്തനങ്ങൾ ശാസ്ത്രീയമായ പഠനങ്ങൾ പരിഗണിച്ചതേയില്ല. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും തീവ്രതയേറ്റുന്ന ചെയ്തികൾ തുടരുകയും ചെയ്തു. ഫലത്തിൽ ഇതെല്ലാം കോവിഡ് 19 വൈറസിന്റെ വ്യാപനത്തിന് വഴിയായി.

കാലാവസ്ഥാ വ്യതിയാനം അതിന്റെ ഗൗരവത്തിൽ തന്നെ പരിഗണിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പുകൾ ആവർത്തിക്കപ്പെടുകയാണ്. ലോകമെമ്പാടുള്ള ഭരണകൂടങ്ങളും രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ പാരിസ്ഥിതിക നയങ്ങൾ നിർവചിക്കണമെന്നാണ് ആവശ്യം. കോവിഡ് 19ന്റെ നാളുകൾ, മഹാമാരികൾ നേരിടുന്നതിൽ വിപണി കേന്ദ്രീകൃത സാമ്പത്തിക ശാസ്ത്രത്തിന്റെ പൊള്ളത്തരങ്ങൾ വെളിവാക്കി. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനികശക്തിയായ അമേരിക്ക പോലും കോവിഡ് 19നു മുന്നിൽ നിസ്സഹായരായി. മഹാമാരിമൂലമുള്ള മരണനിരക്കിൽ ലോകത്തിൽ ഒന്നാമതെന്ന നാണക്കേടിലുമായി. വിപണിയുടെ തത്വങ്ങൾക്കനുസരിച്ചായിരുന്നു ട്രംപ് ഭരണകൂടം കോവിഡിനെ നേരിട്ടത്. ചെറുരാജ്യങ്ങളായ ക്യൂബ, വിയറ്റ്നാം തുടങ്ങിയവ കോവിഡിനെ നേരിട്ട മികവാർന്ന രീതി വിശകലനം ചെയ്യേണ്ടതുണ്ട്. ഇത്തരം പ്രതിസന്ധികളിൽ മനുഷ്യാധ്വാനത്തിന്റെ മഹത്വവും അവർ നേരിട്ട വിവേചനവും പ്രകടമായിരുന്നു. “ബ്ലാക്ക് ലൈവ്സ് മാറ്റർ” ബാനറുകളുമായി ജനസഹസ്രങ്ങൾ തെരുവിലിറങ്ങി മുഴക്കിയ മുദ്രാവാക്യങ്ങൾ ലോകം ശ്രദ്ധിച്ചതും പോയവർഷമായിരുന്നു. ലോകത്തോട് “മനുഷ്യാവകാശങ്ങൾ പഠിപ്പിക്കുന്ന” അമേരിക്കയിലായിരുന്നു ഇതിനും തുടക്കം. ബൊളീവിയ, ചിലി തുടങ്ങിയ രാജ്യങ്ങളിൽ ജനാധിപത്യ ശക്തികൾ രാഷ്ട്രീയ വിജയം കൈവരിച്ചത് ലാറ്റിനമേരിക്കൻ കരീബിയൻ രാജ്യങ്ങൾക്ക് പുതിയ വഴിത്താരകൾ തീർക്കാൻ ഉപകരിക്കും.
2020 രാജ്യത്തെ ജനതയുടെ അകക്കണ്ണ് തുറക്കാൻ പര്യാപ്തമാണ്.

ഭരണകൂടത്തിന്റെ മുൻഗണന ജനങ്ങളുടെ സുരക്ഷയല്ലെന്നും കോവിഡ് 19 മഹാമാരി രാജ്യത്തെ ജനതയെ ബോധ്യപ്പെടുത്തി. മാർച്ച് ആരംഭത്തിൽ രാജ്യം കോവിഡ് ഭീതിയിൽ വിറങ്ങലിച്ചിരിക്കെ ട്രംപിനു വിരുന്നൊരുക്കാനുള്ള തിരക്കിലായിരുന്നു മോഡിയും കൂട്ടരും. മധ്യപ്രദേശിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് ഭരണം കൈക്കലാക്കാനുള്ള ശ്രമങ്ങളും സജീവമാക്കി. ഇതെല്ലാം സാധിച്ചതിനു ശേഷമാണ് കോവിഡിനെ നേരിടുന്നതിന് മോഡി ഭരണകൂടം പദ്ധതികളാലോചിച്ചത്. ലോക്ഡൗൺ നാലുമണിക്കൂർ നോട്ടീസിലാണ് സംഭവിച്ചത്. കുടിയേറ്റ തൊഴിലാളികളുടെയും അസംഘടിത ജീവനക്കാരുടെയും അതിദീനമായ ജീവിത സാഹചര്യങ്ങൾ ആ നാളുകൾ വെളിപ്പെടുത്തി. അവരുടെ ദുരിതങ്ങൾക്ക് മുന്നിൽ ഉത്തേജക പാക്കേജുകൾ ശൂന്യമായിരുന്നു. കേന്ദ്രസർക്കാരിന്റെ കൂട്ടാളികളായ അതിസമ്പന്നർക്കായുള്ളതായിരുന്നു ഉത്തേജക പാക്കേജുകൾ. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് വഴിയൊരുക്കാനുള്ള അവസരവുമായി കേന്ദ്രസർക്കാരിന് ലോക്ഡൗൺ കാലം. കേന്ദ്ര സർക്കാരിന്റെ സ്വദേശി മന്ത്രങ്ങൾ വിദേശമൂലധനത്തിനായുള്ള പാദസേവാ ധ്വനികൾ മാത്രമായി. രാജ്യത്തിന്റെ ഭൂമിയും വായുവും ആകാശവും രാജ്യം അപ്പാടെയും വില്പനയ്ക്കായി. ‘സബ് കാ സാഥ്’ (എല്ലാവർക്കുമൊപ്പം) എന്ന ബിജെപി മുദ്രാവാക്യം നേർ വിപരീതമെന്നും വെളിവാക്കപ്പെട്ടു.

തൊഴിൽ അവകാശങ്ങൾ ഹനിക്കപ്പെട്ടു. പാർലമെന്റ് വെറും കാഴ്ചക്കാരായി. നേരിട്ടുള്ള വിദേശ നിക്ഷേപം സമ്മാനിക്കുന്ന അഞ്ച് ട്രില്ല്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായിരുന്നു പ്രചോദനം. കാർഷിക നിയമങ്ങളും ഇതിന് അനുസൃതമായി ചുട്ടെടുക്കപ്പെട്ടു. കുത്തകകൾക്ക് കാർഷികമേഖല കൈയ്യേറാൻ വഴിയൊരുക്കി. കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് കർഷകരാണ് ഇതിനെതിരെയുള്ള പ്രക്ഷോഭത്തിൽ അണിനിരക്കുന്നത്. രാജ്യത്തെ കൃഷിയെയും ഭക്ഷ്യസുരക്ഷയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണവർ. പഞ്ചാബിൽ ആരംഭിച്ച ചെറിയൊരു മുന്നേറ്റം രാജ്യമെമ്പാടും വലിയൊരു പോരാട്ടമായി രൂപപ്പെടുകയായിരുന്നു. ചർച്ചയ്ക്ക് സർക്കാർ വഴങ്ങേണ്ടി വരുന്നു. ഫലമെന്തായാലും കർഷക പോരാട്ടം രാജ്യചരിത്രത്തിൽ പുതുഅധ്യായം രചിച്ചിരിക്കുന്നു. കേരളത്തിലും ജമ്മുകശ്മീരിലും ഇടതു ജനാധിപത്യശക്തികൾ നേടിയ വിജയം 2020ന്റെ അവസാനനാളുകൾക്ക് ശോഭയേറ്റി.

ജനകീയ പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ ആവതെല്ലാം എന്നതാകട്ടെ പുതുവർഷ പ്രതിജ്ഞ. ഈ വലിയ ദൗത്യത്തിനായി ഞങ്ങൾ നിലകൊള്ളുന്നു. മതേതരത്വവും ജനാധിപത്യവും ദേശീയ ഐക്യവും സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളും നേരിടുന്ന വെല്ലുവിളി കനത്തതാണ്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം മുൻഗണന അർഹിക്കുന്നു. പുതുഇന്ത്യ സാക്ഷാത്കരിക്കാനുള്ള ചരിത്രപരവും രാജ്യസ്നേഹത്തിന്റെയും പോരാട്ടമാണിത്. ഇടതുപക്ഷം പൊതുവായും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രത്യേകമായും രാജ്യത്തിന്റെ വിജയത്തിനായി സമസ്തമേഖലയുടെയും പങ്കാളിത്തം ഉറപ്പാക്കാൻ പ്രവർത്തിക്കുന്നു. ദുരിതമേറിയ സാഹചര്യത്തിൽ നാം സഞ്ചരിക്കേണ്ട ദൂരം നമുക്ക് തിരിച്ചറിയാം. ഈ ദൂരം താണ്ടേണ്ടത് വികസനത്തിന്റെ മറുപാത തുറക്കാനുള്ള പോരാട്ടത്തിന്റെ ഭാഗവുമാണ്. മതേതര ജനാധിപത്യ ഇടതുശക്തികളുടെ വിശാലമായ പ്രതിപക്ഷ ഐക്യം രാജ്യം ആഗ്രഹിക്കുന്നു. നമ്മുടെ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന്റെ വർഷമായി 2021നെ നമുക്ക് മാറ്റാനാകണം. ഈ ദിശയിലേക്ക് സാധ്യമായതെല്ലാം ചെയ്യാം എന്ന നമ്മുടെ പ്രതിജ്ഞ നവീകരിക്കാം.