23 June 2024, Sunday

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍

Janayugom Webdesk
September 14, 2021 4:00 am

സെപ്റ്റംബര്‍ 12 വനിതാസംവരണ ബില്‍ അവതരിപ്പിക്കപ്പെട്ടതിന്റെ 25ാം വാര്‍ഷിക ദിനമായിരുന്നു. വനിതാസംഘടനകളും ഇടതു — പുരോഗമനരാഷ്ട്രീയപ്രസ്ഥാനങ്ങളും ദീര്‍ഘകാലമായി നടത്തിപ്പോരുന്ന സമരത്തിന്റെ ഭാഗമായി സിപിഐ നേതാവ് ഗീതാമുഖര്‍ജിയുടെ കാര്‍മികത്വത്തിലായിരുന്നു വനിതാ ബില്‍ രൂപപ്പെട്ടത്. എന്നാല്‍ കാല്‍നൂറ്റാണ്ടായിട്ടും അത് നിയമമായില്ലെന്നത് പുരോഗമന സമൂഹത്തിന് ഭൂഷണമല്ലതന്നെ. കേരളം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തിനു കീഴിലായിരുന്ന ഘട്ടത്തില്‍ തങ്ങളുടെ അധികാര പരിധിയില്‍പ്പെടുന്ന മേഖലകളില്‍, തദ്ദേശ പഞ്ചായത്ത് സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വനിതാസംവരണം നടപ്പിലാക്കുകയുണ്ടായി.

തദ്ദേശസ്ഥാപനങ്ങളില്‍ അത് അമ്പതു ശതമാനമായിരുന്നു. എന്നാല്‍ അവതരിപ്പിക്കപ്പെട്ട സംവരണ നിയമം പോലും നടപ്പിലാക്കുന്നതിന് ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ മനസുകാട്ടുന്നില്ലെന്നതുകൊണ്ടാണ് ഇപ്പോഴും വനിതാസംവരണമെന്നത് ദേശീയതലത്തില്‍ മരീചികയായി തുടരുന്നത്. വനിതകളെ അധികാരത്തിന്റെ ശ്രേണിയിലെത്തിക്കുന്നതിനുള്ള വിമുഖതയ്ക്കൊപ്പമാണ് പല സംസ്ഥാനങ്ങളില്‍ നിന്നും അവര്‍ക്കെതിരായ അതിക്രമത്തിന്റെ തുടര്‍ക്കഥകള്‍ ആവര്‍ത്തിക്കുന്നത്. ശാരീരികമായ അതിക്രമങ്ങള്‍ക്കൊപ്പംതന്നെ വിശ്വാസത്തിന്റെ പേരിലുള്ള ശാരീരിക — മാനസിക പീഡനങ്ങളും പലരും നേരിടേണ്ടി വരുന്നുണ്ട്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ നിന്നുണ്ടായ ആരെയും വേദനിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന വാര്‍ത്ത അവയിലൊന്നായിരുന്നു.

 

 

ആധുനികസമൂഹത്തിന് യോജിക്കാത്ത ഈസംഭവം നടന്നത് ദാമോഹ് ജില്ലയിൽ ജബേര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബാനിയ ഗ്രാമത്തിലായിരുന്നു. നഗ്നരായ പെണ്‍കുട്ടികളെ തവളയെ ചരടില്‍കോര്‍ത്ത ദണ്ഡുമായി വീടുതോറും കയറിയിറങ്ങി ഭിക്ഷയെടുപ്പിക്കുകയായിരുന്നു. പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ച് ഓരോ വീടുകളിൽ നിന്നും ധാന്യം ശേഖരിച്ച് ഭണ്ഡാരത്തിൽ സമർപ്പിച്ചാല്‍ മഴയുണ്ടാകുമെന്ന അന്ധവിശ്വാസത്തില്‍ നിന്നാണ് ഇത്തരമൊരു ദുരാചാരം നടന്നത്. യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്കെതിരായും കുട്ടികള്‍ക്കെതിരായുമുളള അതിക്രമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണിത്. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നുണ്ടെങ്കിലും നേരത്തേയുണ്ടായ മറ്റു ചില സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടായില്ലെന്നതുകൊണ്ട് തന്നെ കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിക്കാനാവില്ല.


ഇതുംകൂടി വായിക്കുക: നിര്‍ഭയ വിധിക്കുശേഷവും സ്ത്രീസുരക്ഷാ പോരാട്ടം തുടരണം


ഈ സംഭവം നടന്നതിന്റെ തുടര്‍ച്ചയായാണ് നിഷ്ഠൂരമായ രണ്ട് അതിക്രമങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്ന് പുറത്തുവന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് ഡല്‍ഹിയിലും കഴിഞ്ഞവര്‍ഷം ഉത്തര്‍പ്രദേശിലെ ഹത്രാസിലും നടന്ന പീഡനങ്ങ­ള്‍ക്ക് സമാനമായിരുന്നു മുംബൈയിലെ സാക്കിനാക്കയില്‍ മുപ്പതുകാരിക്കുനേരെ ഉണ്ടായത്. ബൈറാനി റോഡില്‍ ഒരു വശത്തായി നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുള്ളിലാണ് യുവതി ക്രൂരമായി പീഡ­നത്തിന് ഇരയായത്. ബലാത്സംഗത്തിനുശേഷം യുവതിയുടെ സ്വ­കാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റി. രക്തത്തില്‍കുളിച്ചുകിടന്ന യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെവച്ച് മരിക്കുകയായിരുന്നു. വെ­ള്ളിയാഴ്ചയാണ് മുംബൈ­യില്‍ പതിനാലുകാരി റയില്‍വെ സ്റ്റേഷനില്‍ പീഡിപ്പിക്കപ്പെട്ടത്. സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ ശ്രീകാന്ത് ഗെയ്ക്‌വാദ് എന്ന മുപ്പത്തിയഞ്ചുകാരന്‍ റയിൽവേ ക്വാര്‍ട്ടേഴ്സിലെ ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എതിര്‍പ്പു പ്രകടിപ്പിച്ച പെൺകുട്ടിയെ പ്രതി ചുറ്റിക ഉപയോഗിച്ച് അടിച്ചതിനാല്‍ തലയ്ക്കും പരിക്കേറ്റു.


ഇതുംകൂടി വായിക്കുക:കരയാനിനിയില്ല, പൊരുതുകയാണ് പെണ്‍ശക്തി


ദേശീയതലത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നതെന്ന ദേശീയവനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതും കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. ഈ വര്‍ഷം ആദ്യ എട്ട് മാസങ്ങളിൽ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 46 ശതമാനം വർധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍പകുതിയുമുണ്ടായത് യുപിയിലാണെന്നാണ് ദേശീയ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ജനുവരി മുതൽ ഓഗസ്റ്റ് വരെ 19,953 പരാതികൾ വനിതാ കമ്മിഷന് ലഭിച്ചു. 2020ലെ ഇതേ കാലയളവിൽ 13,618 പരാതികളാണ് ലഭിച്ചത്. ബലാത്സംഗം, ബലാത്സംഗ ശ്രമം- 1,022, സൈബർ കുറ്റകൃത്യങ്ങള്‍ — 585 പരാതികളും ലഭിച്ചതായി വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശർമ്മ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഉത്തർപ്രദേശിൽ നിന്നാണ് ‑10,084.

വനിതാ സംരക്ഷണനിയമങ്ങളും അതുപ്രകാരമുള്ള ശിക്ഷകളും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും വനിതാ സംവരണത്തിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തുന്നവയാണ് മേല്പറഞ്ഞ സംഭവങ്ങളും കണക്കുകളും. ലിംഗസമത്വവും ലിംഗനീതിയും ആഗ്രഹിക്കുന്നവരെല്ലാം ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി നീങ്ങണമെന്നാണ് സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നത്.


ഇതുംകൂടി വായിക്കുക: സ്ത്രീകളില്ലാത്ത ജനാധിപത്യം ജനാധിപത്യമല്ല


 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.