Tuesday
19 Feb 2019

ശബരിമല സ്ത്രീപ്രവേശം: സാമൂഹിക ധ്രുവീകരണമെന്നത് പാഴ്‌സ്വപ്‌നം

By: Web Desk | Friday 5 October 2018 10:08 PM IST

ല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിനുള്ള ഭരണഘടനാപരമായ അവകാശം അംഗീകരിച്ചുകൊണ്ടുള്ള സുപ്രിംകോടതിവിധി പുറത്തുവന്ന് ഒരാഴ്ച പൂര്‍ത്തിയായിരിക്കുന്നു. അത് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മതജീവിതത്തില്‍ അനഭിലഷണീയമായ ഒരു വഴിത്തിരിവിന് കാരണമാകുന്നതായുള്ള ആശങ്ക ശക്തമാവുകയാണ്. വിധി പ്രസ്താവം പുറത്തുവന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്തവരും അമര്‍ഷം ഉള്ളിലൊതുക്കി നിശബ്ദത പാലിച്ചവരും വിഷയത്തില്‍ നിസംഗത പുലര്‍ത്തിയിരുന്നവരുമടക്കം അതിനെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റാനുള്ള ഹീനശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. കാലമേറെയായി തുടര്‍ന്നുവരുന്ന ശബരിമല ദര്‍ശനത്തിലെ ആചാരമര്യാദകള്‍ തുടരണമെന്ന് ശഠിക്കുന്നവരും അതിനെ എതിര്‍ക്കുന്ന പരിഷ്‌കരണ വാദികളും അടങ്ങുന്ന രണ്ട് വിഭാഗം വിശ്വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനാണ് സുപ്രിംകോടതി തീര്‍പ്പുകല്‍പിച്ചത്. അതാവട്ടെ ഭരണഘടനാ മൂല്യങ്ങളുടെയും വിശാലവും സാര്‍വത്രികവുമായ മനുഷ്യാവകാശത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒന്നായിരുന്നു. ഭരണഘടനയ്ക്കും അത് ഉയര്‍ത്തിപ്പിടിക്കുന്ന തത്വങ്ങള്‍ക്കും വില കല്‍പിക്കുകയും അതിനോടുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്ത ഒരു ഭരണകൂടത്തിനും മറിച്ചൊരു നിലപാട് സ്വീകരിക്കാനോ ആ വിധി അവഗണിക്കാനോ കഴിയില്ല. ആ വിധിയില്‍ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അപകടം മണക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതിനെതിരെ പരമോന്നത കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഭരണഘടന തന്നെ അനുവദിച്ചു നല്‍കുന്നുണ്ട്. അത്തരത്തില്‍ നിയമപരമായ മാര്‍ഗം ആരായുന്നതിനു പകരം സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഇളക്കിവിടാന്‍ ശ്രമിക്കുന്നത് നിക്ഷിപ്ത രാഷ്ട്രീയ ലാക്കോടെ നടത്തുന്ന മുതലെടുപ്പ് ശ്രമമായേ കാണാനാവൂ. ഇവിടെ അത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെതിരെ ജനവികാരം ഇളക്കിവിടാനുള്ള പാഴ്ശ്രമമാണ്.

രാജ്യം ഭരിക്കുന്ന ബിജെപിയുടെ പ്രവര്‍ത്തകരിലും നേതാക്കളിലും ഗണ്യമായ ഒരു വിഭാഗം സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു. അവരില്‍ ഒരു വിഭാഗം കോടതി വിധിക്കെതിരെ സമരാഭാസങ്ങളുമായി തെരുവിലിറങ്ങിയിരിക്കുന്നത് കേരള രാഷട്രീയത്തില്‍ നിലയറ്റുപോയ ബിജെപിക്ക് സുപ്രിംകോടതിവിധി ഒരു കച്ചിത്തുരുമ്പെങ്കിലുമാവും എന്ന പ്രതീക്ഷയിലാണ്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ ഷാനി ഷിംഗ്‌നാപൂറടക്കം ക്ഷേത്രങ്ങളെ സംബന്ധിച്ച കോടതിവിധി അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. വിശ്വഹിന്ദു പരിഷത്തടക്കം സംഘ്പരിവാര്‍ പാളയത്തിലെ പടയ്ക്ക് അറുതിവരുത്തി ഐക്യത്തിന്റെ പ്രതീതി സൃഷ്ടിക്കാമെന്ന് മോഹിക്കുന്നവരും അവര്‍ക്കിടയിലുണ്ട്.

കേരളജനത എഴുതിത്തള്ളിയ കോണ്‍ഗ്രസിനാകട്ടെ അവരുടെ എല്ലാ പുരോഗമന, മതനിരപേക്ഷ കപടനാട്യങ്ങള്‍ക്കും അപ്പുറം തങ്ങളുടെ രാഷ്ട്രീയ പ്രസക്തി തെളിയിക്കാനുള്ള അവസരമാണ് ശബരിമല സ്ത്രീപ്രവേശന വിവാദം. കിരീടവും ചെങ്കോലും സിംഹാസനവും നഷ്ടമായ ഗതകാല അധികാരി വര്‍ഗവും സവര്‍ണ യാഥാസ്ഥിതികത്വത്തിന്റെ അവശേഷിപ്പുകളും ജനാധിപത്യ, മതനിരപേക്ഷ, പുരോഗമന സമൂഹത്തില്‍ ആളിക്കത്താനുള്ള അവസാന അവസരമായാണ് ഈ വിവാദത്തെ കാണുന്നത്. കേരളത്തിലെ ഹിന്ദുമതത്തിനും പൊതുസമൂഹത്തിനും മഹത്തരവും അഭിമാനകരവുമായ ഒരു ചരിത്രവും പാരമ്പര്യവുമുണ്ട്. അത് തൊട്ടുകൂടായ്മക്കും തീണ്ടലിനും ജാതിഭ്രാന്തിനും സ്ത്രീകള്‍ക്ക് മേല്‍മുണ്ടുപോലും നിഷേധിച്ചിരുന്ന മനുഷ്യത്വഹീനമായ അനാചാരങ്ങള്‍ക്കും ക്ഷേത്രപ്രവേശ നിഷേധത്തിനും അന്ധവിശ്വാസങ്ങള്‍ക്കും സവര്‍ണാധിപത്യത്തിനുമെതിരെ ഉയര്‍ന്നുവന്ന സാമൂഹ്യ പരിഷ്‌കരണത്തിന്റെയും നവോത്ഥാനത്തിന്റെയും ചരിത്രമാണ്. ഇരുളടഞ്ഞ ആ ദിനങ്ങളിലേക്ക് മടങ്ങിപോകാനും കേരളത്തെ ഒരിക്കല്‍ക്കൂടി ഭ്രാന്താലയമാക്കി മാറ്റാനും ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിച്ചിരുന്നതെന്ന് ചരിത്രം വിധിയെഴുതും.കേരളത്തിലെ ഭരണാധിപന്‍മാര്‍ പോലും തീണ്ടാപ്പാടകലെ നിന്നിരുന്ന സവര്‍ണാധിപത്യത്തിന്റെ കാലമുണ്ടായിരുന്നു. ക്ഷേത്രങ്ങളുടെ കവാടങ്ങള്‍ സ്ത്രീപുരുഷ ഭേദമന്യേ മഹാഭൂരിപക്ഷത്തിനും കൊട്ടിയടക്കപ്പെട്ടിരുന്ന കാലം. കുരുതിയും മൃഗബലിയും അതിന്റെ നികൃഷ്ട രൂപത്തില്‍ അരങ്ങേറിയിരുന്ന ഇരുളടഞ്ഞ കാലം. മാറുമറയ്ക്കാന്‍ തന്റേടം കാട്ടിയ സ്ത്രീകള്‍ പൊതുനിരത്തില്‍ വസ്ത്രാക്ഷേപത്തിനും കൂട്ടബലാല്‍സംഗത്തിനും ഇരകളായിരുന്ന കാലം. മനുഷ്യനെ സവര്‍ണ മേധാവികള്‍ മൃഗങ്ങളെപോലെ ചന്തകളില്‍ കൈമാറ്റം ചെയ്തിരുന്ന അടിമത്തത്തിന്റെ കാലം. സിരകളിലൊഴുകുന്ന സവര്‍ണ രക്തത്തിന്റെ പേരില്‍ ഊറ്റംകൊള്ളുന്ന ചിലരെങ്കിലും ആ നഷ്ട ‘സൗഭാഗ്യങ്ങളെ’പറ്റി സ്വപ്‌നം കാണുന്നവരുണ്ടാകും. അവര്‍ക്ക് തെറ്റി. എണ്ണമറ്റ സാമൂഹ്യ വിപ്ലവകാരികള്‍ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണില്‍ അത്തരം സ്വപ്‌നങ്ങളുടെ വിത്ത് ഇനി ഒരിക്കലും മുളയ്ക്കില്ല. പ്രശ്‌നങ്ങളെ സമചിത്തതയോടെ നേരിടാന്‍ കരുത്തും നവോത്ഥാന പാരമ്പര്യവും പേറുന്ന എല്‍ഡിഎഫ് ഗവണ്‍മെന്റ് അവരുടെ കപ്പല്‍പായയിലെ കൊടുങ്കാറ്റിനെ എടുത്തുകളയുക തന്നെ ചെയ്യും.