Monday
24 Jun 2019

കലാപത്തിന്റെ കാവിക്കളി തിരിച്ചറിയണം

By: Web Desk | Monday 15 April 2019 8:00 AM IST


തെരഞ്ഞെടുപ്പില്‍ ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണത്തിനായി ശബരിമലയുടെ പേരില്‍ വര്‍ഗീയ കാര്‍ഡിറക്കാന്‍ തന്നെയാണ് സംഘപരിവാറിന്റെ ആഹ്വാനം. പ്രധാനമന്ത്രി നരേന്ദ്രമോഡി മുതല്‍ സകലരും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പ്രേരണ നല്‍കുന്നു. ശബരിമലയല്ലാതെ കേരളത്തില്‍ മറ്റൊരു വിശേഷവുമില്ലെന്ന് മോഡി തുറന്നു സമ്മതിക്കുമ്പോള്‍ അവര്‍ ഭയക്കുന്നത് ഇടതുമുന്നേറ്റത്തെയാണെന്ന് വ്യക്തം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജികളില്‍ 12 വര്‍ഷക്കാലത്തെ നിയമനടപടികള്‍ക്ക് ശേഷം രാജ്യത്തെ പരമോന്നത കോടതിയാണ് അനുകൂല വിധി പ്രസ്താവിച്ചത്. ആര്‍എസ്എസും പുരോഹിത, ആചാര്യ സമൂഹവും കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും തുടങ്ങി സര്‍വരും അതിനെ സ്വാഗതം ചെയ്തു. ചെറിയൊരു കോണില്‍ നിന്നുടലെടുത്ത പ്രതിഷേധത്തെ വര്‍ഗീയമായി മുതലെടുക്കാനാവുമെന്ന സംഘപരിവാര്‍ കണ്ടെത്തലാണ് സംസ്‌കാര സമ്പന്നമായ കേരളത്തെ തമ്മിലടിപ്പിച്ചത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലാക്കാക്കി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരിടപെടലും നടത്തിയില്ല. സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന ഔദ്യോഗിക വിശദീകരണമാണ് കേന്ദ്രം നല്‍കിയത്. പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ശബരിമലയിലെത്തുന്ന വിശ്വാസികളുടെ സുരക്ഷയ്ക്കായി നിരോധനാജ്ഞ അടക്കം നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരാണ് നിര്‍ദ്ദേശം വച്ചത്. വിധിയെ ന്യായീകരിച്ച ആര്‍എസ്എസ് നേതാവാണ് പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപിയുടെ മുതിര്‍ന്ന ദേശീയ നേതാക്കളെല്ലാം സുപ്രിം കോടതിയുടെ വിധിയെ അനുകൂലിച്ചു. വിധിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ സ്ത്രീപക്ഷ വാദിയും ആര്‍എസ്എസ് പ്രവര്‍ത്തകയുമായ തൃപ്തി ദേശായി മലകയറാനെത്തി സംഘപരിവാര്‍ സമരങ്ങള്‍ക്ക് ശക്തിപകര്‍ന്നു. കൊച്ചുമകള്‍ക്ക് ചോറുനല്‍കാനെത്തിയ വൃദ്ധയെ നാളികേരമെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം വരെയുണ്ടായി.
ശബരിമലയില്‍ അക്രമം നടത്താനെത്തിയവര്‍ക്കെതിരെയാണ് കേസെടുത്ത് നിയമത്തിനുമുന്നിലെത്തിച്ചത്. സുപ്രിം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഏതൊരു സര്‍ക്കാരും ചെയ്യേണ്ട ഉത്തരവാദിത്തമാണത്. എന്നാല്‍ കേരളത്തില്‍ അയ്യപ്പന്റെ പേരുപറഞ്ഞാല്‍ പൊലീസ് അറസ്റ്റുചെയ്യുകയാണെന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പുവേദികളില്‍ പ്രപരിപ്പിക്കുന്നത്. ഇത് രാജ്യത്തെ ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കുന്നതിനും കേരളത്തില്‍ വീണ്ടും കലാപങ്ങള്‍ സൃഷ്ടിക്കാനും വേണ്ടിയുള്ളതാണ്. മേടമാസത്തിലെ വിഷുപൂജകള്‍ക്കായി ശബരിമല സജീവമാകുന്ന ഘട്ടത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാനാവുമോ എന്നുപോലും പ്രധാനമന്ത്രിയും സംഘപരിവാറും ശ്രമിക്കുകയാണ്. ഇന്നു പുലര്‍ച്ചെ നാലു മുതല്‍ ഏഴു വരെയാണ് ശബരിമലയില്‍ വിഷുക്കണി ദര്‍ശനം. ഇവിടേക്ക് സ്ത്രീകളെ വിടുന്നതിന് ശ്രമങ്ങളുണ്ടെന്ന് സോഷ്യല്‍ മീഡിയകളിലൂടെ അവര്‍ പ്രചരിപ്പിച്ചു. ശബരിമലയെയും അയ്യപ്പസ്വാമിയെയും ഉയര്‍ത്തിക്കാട്ടി ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ വോട്ടുതേടുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനെയും ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും പരസ്യമായി വെല്ലുവിളിക്കുന്നു. സുപ്രിം കോടതി വിധിയുടെ മറവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സംഘപരിവാറിന്റെ സമരങ്ങളില്‍ കൊടികളില്ലാതെ പങ്കെടുക്കുകയും ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ചെയ്ത കോണ്‍ഗ്രസിന് ഇപ്പോഴും ഇക്കാര്യത്തില്‍ ബോധോദയമുണ്ടായിട്ടില്ല.

ബിജെപി സ്ഥാനാര്‍ഥികളുടെ ഗൃഹസന്ദര്‍ശന ക്യാമ്പയിനുകളും പരസ്യപരിപാടികളുമെല്ലാം തീര്‍ത്തും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുള്ളതാണ്. വിശ്വാസം മുഖ്യവിഷയമാക്കുകയും അതിനെ ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടായി മാറ്റുകയുമാണ് ലക്ഷ്യം. ശബരിമല കര്‍മസമിതി എന്ന പേരില്‍ ആര്‍എസ്എസ് പ്രമുഖര്‍ നിയമം പറഞ്ഞ് വെല്ലുവിളികള്‍ നടത്തുന്നു. മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന് കൃത്യമായ തെരഞ്ഞെടുപ്പ് മുദ്രാവാക്യമാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ലക്ഷ്മണരേഖ ലംഘിച്ച് വോട്ടുകളില്‍ സമുദായ ധ്രുവീകരണം നടത്താനുള്ള ആര്‍എസ്എസ് ആസൂത്രിത നീക്കമാണിതിനുപിന്നിലെന്ന് വോട്ടര്‍മാര്‍ തിരിച്ചറിയണം. തുടക്കം കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടമാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ രണ്ടാം മണ്ഡലം തെരഞ്ഞെടുത്തതോടെ ബിജെപിയുടെ സാധ്യത പാടെ തകര്‍ന്നു. ഇതോടെയാണ് ബിജെപി ശബരിമലയും വിശ്വാസവും മുഖ്യഅജണ്ടയായി ഉയര്‍ത്താന്‍ തുടങ്ങിയത്.

ശബരിമല വിഷയത്തില്‍ ഉറച്ചൊരു നിലപാടെടുക്കാനും വിശ്വാസികള്‍ക്കായി നിയമനിര്‍മാണം വഴി കേന്ദ്രസര്‍ക്കാരിനാവുമായിരുന്നു. നാളിതുവരെ ഇതിലേക്ക് തലയിടാതിരുന്നത് മോഡി സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ടയാണെന്ന് നവോത്ഥാന ക്യാമ്പയിനിലൂടെ കേരളം ഒരേസ്വരത്തില്‍ പറഞ്ഞതാണ്. എന്നിട്ടും വോട്ടെടുപ്പിന് നാളുകള്‍ അവശേഷിക്കേ പ്രകടന പത്രികയിലൂടെയും പൊതുയോഗങ്ങളിലൂടെയും സ്ഥാനാര്‍ഥി പര്യടനത്തിലൂടെയും ജനങ്ങളുടെ മനസ് ശിഥിലമാക്കാനാണ് സംഘപരിവാര്‍ നീക്കമെങ്കില്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിലൂടെ തന്നെ തിരിച്ചടി നല്‍കാന്‍ ഓരോ വോട്ടര്‍മാരും തയ്യാറാവണം.