Monday
25 Mar 2019

അഭിമാനകരം ഈ വിജയം

By: Web Desk | Monday 2 April 2018 9:43 PM IST


കേരള ഫുട്‌ബോളിന്‍റെ അഭിമാനമുയര്‍ത്തി സന്തോഷ് ട്രോഫിയില്‍ ആറാം കിരീടം. കാല്‍പന്തുകളിയില്‍ കേരളത്തിന്‍റെ മടങ്ങിവരവിന് കാതോര്‍ത്തിരുന്ന കളിപ്രേമികള്‍ക്ക് ഏറ്റവും സന്തോഷകരമാണിത്. ഗ്രൂപ്പ് ഘട്ടം മുതല്‍ ഫൈനല്‍ വരെ തോല്‍വി അറിയാതെ മുന്നേറിയ കേരളത്തിന്‍റെ വിജയത്തിന് തിളക്കമേറും. കേരള ഫുട്‌ബോള്‍ വിജയാഹ്ലാദത്തിലാണ്. ഈ മാസം ആറിന് വിജയദിനം കൊണ്ടാടാനായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതും ഈ വിജയം കായികകേരളം എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ്.

സന്തോഷ് ട്രോഫിയില്‍ 14-ാം ഫൈനല്‍ കളിച്ച കേരളം പരമ്പരഗതവൈരികളായ ബംഗാളിനെ തകര്‍ത്ത് കിരീട നേട്ടം സ്വന്തമാക്കിയപ്പോള്‍ അത് ഒരു പകരംവീട്ടല്‍കൂടിയായി മാറി. സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നിശ്ചിത സമയവും അധിക സമയവും സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം വിജയികളായത്. യുവതാരങ്ങള്‍ അണിനിരന്ന ടീമിന്‍റെ ഒത്തിണക്കത്തോടെയുള്ള കളിയില്‍ കോച്ച് സതീവന്‍ ബാലനും അഭിമാനിക്കാനേറെയുണ്ട്. പ്രതിരോധവും ആക്രമണവും ഒരു പോലെ സമന്വയിപ്പിച്ച് കളത്തില്‍ നിറഞ്ഞാടുകയായിരുന്നു കേരള യുവത്വം. തുടര്‍ച്ചയായ മത്സരങ്ങള്‍ കേരളടീമിനെ തളര്‍ത്തിയിട്ടുണ്ടോ എന്ന് സംശയിച്ചപ്പോഴും അതെല്ലാം തകര്‍ത്തെറിഞ്ഞ പ്രകടനമായിരുന്നു കേരളത്തിന്‍റേത്. സ്വന്തം നാട്ടില്‍ ഇതിന് മുന്‍പ് നടന്ന ഒന്‍പത് ഫൈനലുകളിലും കിരീടം നേടിയ ചരിത്രമായിരുന്നു ബംഗാളിന്റേത്. ഇതും കേരളത്തിന്‍റെ ചുണക്കുട്ടികള്‍ പഴങ്കഥയാക്കി.
ഇതാദ്യമായാണ് കേരളം പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ബംഗാളിനെ തകര്‍ക്കുന്നത്. കഴിഞ്ഞ രണ്ട് തവണ ബംഗാളിനെ ഫൈനലില്‍ നേരിട്ടപ്പോള്‍ കേരളം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വച്ച് കിരീടം നഷ്ടപ്പെടുത്തിയിരുന്നു. 2004-ല്‍ ഡല്‍ഹിയിലായിരുന്നു കേരളത്തിന്റെ അവസാന കിരീടം. അന്ന് പഞ്ചാബിനെയാണ് കേരളം ഫൈനലില്‍ തോല്‍പ്പിച്ചത്. 2013-ല്‍ കൊച്ചിയില്‍ ഫൈനലിലെത്തിയെങ്കിലും സര്‍വീസസിനോട് തോല്‍ക്കുകയായിരുന്നു.

സന്തോഷ് ട്രോഫിയുടെ 77 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ കേരളത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ ടീമാണ് ഇത്തവണ പ്രതിനിധീകരിച്ചത്. ടീമിന്‍റെ ശരാശരി പ്രായം 23 വയസായിരുന്നു. തൃശൂര്‍ സ്വദേശിയും പ്രതിരോധക്കാരനുമായ രാഹുല്‍ വി രാജ് ടീമിനെ നയിച്ചു. ടീമില്‍ 13 പേര്‍ പുതുമുഖങ്ങളായിരുന്നു. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ഫുട്‌ബോളില്‍ ജേതാക്കളായ കാലിക്കറ്റ് സര്‍വകലാശാലയുടെ അഞ്ച് കളിക്കാര്‍ ടീമിലുണ്ടായിരുന്നു. ടീം പരിശീലകന്റെയും ആരാധകരുടെയും പ്രതീ്ക്ഷക്കൊത്തുയര്‍ന്നപ്പോള്‍ ജിതിന്‍ എംഎസ്, മിഥുന്‍, രാഹുല്‍, അഫ്ദാല്‍ തുടങ്ങിയ ഒരുപിടി യുവതാരങ്ങള്‍ ടൂര്‍ണമെന്റിന്‍റെ തന്നെ കണ്ടെത്തലുകളായി മാറുകയും ചെയ്തു.

ഇന്ത്യന്‍ സൂപ്പര്‍ലീഗിന്‍റെ വരവോടെ ഫുട്‌ബോള്‍ രാജ്യത്ത് ജനകീയത വീണ്ടെടുക്കുന്നതിന്‍റെ പാതയിലാണ്. രാജ്യം അണ്ടര്‍ 17 ലോകകപ്പ് വേദിയായതും നാഴികക്കല്ലായി. ടൂര്‍ണമെന്റുകള്‍ കുറഞ്ഞതോടെയാണ് ജനങ്ങള്‍ക്കുള്ള താല്‍പര്യവും കുറഞ്ഞു തുടങ്ങിയത്. എന്നാലിപ്പോള്‍ ഇതിന് മാറ്റമുണ്ടായി. കളിക്കളങ്ങളിലേക്ക് കാണികളെത്തിത്തുടങ്ങി. കേരളവും ഇതിനൊപ്പമുണ്ട്. ഐഎസ്എല്‍ മത്സരങ്ങളില്‍ അരലക്ഷത്തിലേറെ കാണികളാണ് കൊച്ചി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നത്. സൂപ്പര്‍ലീഗിലും ഐ ലീഗിലും കേരളത്തിന് പ്രാതിനിധ്യമുണ്ട്. ഫെഡറേഷന്‍ കപ്പിന് പകരമുള്ള സൂപ്പര്‍കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിനും ഗോകുലം എഫ്‌സിക്കും അവസരം ലഭിച്ചതും കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരള ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണെന്ന് നിസംശയം പറയാന്‍ സാധിക്കും. എങ്കിലും ഇനിയുമേറെ പടികള്‍ കയറാന്‍ ബാക്കിയുണ്ട്.
ലോകകപ്പ് ഫുട്‌ബോളിന്‍റെ ആരവങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ലോകജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ ഫിഫ ലോക റാങ്കിങില്‍ 99 -ാം സ്ഥാനത്താണുള്ളത്. ഫുട്‌ബോളിന് രാജ്യത്തുള്ള ജനകീയത ശരിക്കും ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ ഇക്കാലം കൊണ്ട് ലോകകപ്പില്‍ യോഗ്യത നേടാന്‍ നമുക്കാവുമായിരുന്നു. ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ കളിക്കുന്ന ഒരു കാലം ഉണ്ടാവണം എന്നത് ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവരുടേയും സ്വപ്‌നമായി അവശേഷിക്കുകയാണ്. ഇതിന്‍റെ പ്രധാനകാരണം വാണിജ്യവത്കരണം കടന്നുവന്നെങ്കിലും ഇപ്പോഴും ഫുട്‌ബോളിന്‍റെ വളര്‍ച്ചക്കുവേണ്ടി ചിട്ടയായ ഒരു സമീപനം രാജ്യത്തിനും ഫുട്‌ബോള്‍ ഫെഡറേഷന്‍റെ തലപ്പത്തുള്ളവര്‍ക്കും ഇല്ലായെന്നുള്ളതാണ്. ഇതില്‍ കേരളത്തിലും മിസോറാമിലും അടക്കം ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത് ശുഭോദര്‍ക്കമാണ്. ഫുട്‌ബോള്‍ സ്‌കൂളുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചുതുടങ്ങിയിരിക്കുന്നു. ശാസ്ത്രീയമായ സമീപനം സ്വീകരിക്കുകയും ലക്ഷ്യബോധത്തോടുകൂടി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഇന്ത്യക്കും ഒരു ഫുട്‌ബോള്‍ ശക്തിയാകുവാന്‍ സാധിക്കും.

ദീര്‍ഘവീക്ഷണത്തോടുകൂടി ഫുട്‌ബോള്‍ പരിശീലനത്തെയും വികസനത്തെയും സ്വപ്‌നം കാണാന്‍ അധികൃതര്‍ തയ്യാറാവണം. ചെറുപ്രായത്തില്‍തന്നെ കുട്ടികളെ കണ്ടെത്തി അടിസ്ഥാന പരിശീലനം നല്‍കണം. 15 വയസുവരെ പൂര്‍ണതയുള്ള ഒരു ഫുട്‌ബോള്‍ കളിക്കാരന്റെ തലത്തിലേയ്ക്ക് ഉയര്‍ത്തുവാനുള്ള പരിശീലനമാണ് ലഭ്യമാക്കേണ്ടത്. കൂടുതല്‍ മത്സരങ്ങള്‍ കളിക്കുവാനുള്ള അവസരങ്ങള്‍ ഒരുക്കികൊടുക്കണം. 15 മുതല്‍ 18 വയസുവരെ നിലവാരമുള്ള പ്രൊഫഷണല്‍ കളിക്കാരന്‍റെ തലത്തിലേയ്ക്ക് ഉയരുവാനുള്ള സാഹചര്യങ്ങളും പരിശീലനവും ഒരുക്കികൊടുക്കണം. ക്ലബ് ഫുട്‌ബോളിനും പ്രാധാന്യം നല്‍കി കളിക്കാരന്റെ പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തിക്കൊണ്ടുവരണം. ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതില്‍ ഏറെ പങ്കുവഹിക്കാനുള്ളത് സംസ്ഥാന അസോസിയേഷനുകള്‍ക്കാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും പങ്കുവഹിക്കാനാകും. ഈ നിലയില്‍ ഫുട്‌ബോള്‍ കളിക്കാരെ വളര്‍ത്തിയെടുക്കുവാനുള്ള പദ്ധതി ഉണ്ടാകണം. കേരളമെങ്കിലും ഇക്കാര്യത്തില്‍ ഒരു മാതൃകയാവണം. കേരളത്തിന്‍റെ യുവനിര സന്തോഷ് ട്രോഫിയില്‍ ഇപ്പോള്‍ നേടിയിരിക്കുന്ന വിജയം ഭാവിയിലേക്കുള്ള ചവിട്ടുപടിയാകണം.