23 April 2024, Tuesday

കരുതലോടെ ചേര്‍ത്തുപിടിക്കുക തിരികെയെത്തുന്ന കുട്ടികളെ

Janayugom Webdesk
November 1, 2021 5:00 am

കോവിഡാനന്തരമെന്ന കാലഗണന ഇപ്പോഴും സാധ്യമായിട്ടില്ല. കോവിഡിനൊപ്പം ജീവിക്കുക എന്നാണ് ആരോഗ്യരംഗം മനുഷ്യരാശിയോട് ആവര്‍ത്തിച്ചു പറയുന്നത്. കോവിഡ് എന്ന മഹാമാരി അവസാനിക്കണമെങ്കില്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്നും ഒരു പകര്‍ച്ചവ്യാധിയായി അത് സമൂഹത്തില്‍ തുടരുമെന്നുമാണ് ലോകാരോഗ്യസംഘടന പോലും നല്കുന്ന മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ താല്ക്കാലികമായെങ്കിലും കോവിഡിനൊപ്പം ജീവിക്കുകയെന്ന അവസ്ഥയോട് പൊരുത്തപ്പെടുകയാണ് നാം. ഈ പശ്ചാത്തലത്തിലാണ് ഒന്നര വര്‍ഷം മുമ്പ് അടച്ചിട്ട സ്കൂളുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തന ക്ഷമമാകുന്നത്. കോളജുകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കൗമാരക്കാര്‍ കഴിഞ്ഞയാഴ്ച മുതല്‍ പഠനമാരംഭിച്ചിരുന്നു. അതിന്റെ കൂടെ നമ്മുടെ കുട്ടികളും ഇന്ന് മുതല്‍ പഠനാന്തരീക്ഷത്തിലേയ്ക്ക് കാലുവയ്ക്കുകയാണ്.

ദിവസത്തില്‍ അല്പനേരമെങ്കിലും കുട്ടികളെ അയക്കുവാന്‍ സ്കൂളുകള്‍ ഇല്ലായിരുന്നുവെങ്കില്‍ അമ്മമാരെക്കൊണ്ട് ഭ്രാന്താലയങ്ങള്‍ നിറയുമായിരുന്നുവെന്ന് പറഞ്ഞത് അമേരിക്കക്കാരനായ എഡ്ഗാര്‍ ഹോവ് ആണ്. 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ ജനിച്ച അദ്ദേഹം ജീവിച്ചത് കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകള്‍ വരെയായിരുന്നു. അമ്മമാര്‍ വീട്ടില്‍ കഴിയുക മാത്രം ചെയ്യുന്ന കാലത്ത് ഈ അഭിപ്രായ പ്രകടനം അമ്മമാരുടെ പക്ഷത്തുനിന്നു നോക്കുമ്പോള്‍ ശരിയാണെന്നു തോന്നാമെങ്കിലും ഇക്കാലത്ത് പ്രസ്തുത അഭിപ്രായത്തെ വിപരീതാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാവുന്നതാണ്. കോവിഡ് കാലത്ത്, പോകുവാന്‍ സ്കൂളുകള്‍ ഇല്ലാതായത് നമ്മുടെ കുട്ടികളെയാണ് മാനസികമായ പ്രയാസത്തിലാക്കിയത്. കുറേ കാലം വീട്ടിന്റെ ചുവരുകള്‍ക്കുള്ളിലും പിന്നീട് സമീപപ്രദേശങ്ങളിലും മാത്രം സഹവാസ സാഹചര്യമുണ്ടായ കുട്ടികള്‍ മാനസികോല്ലാസത്തിന്റെ പ്രധാന ഉപാധികളെല്ലാം നഷ്ടപ്പെട്ടവരായി. പഠനം തടസപ്പെട്ടതും പരീക്ഷകള്‍ നടക്കാത്തതും കാരണം ആശങ്കകളും ആകാംക്ഷയും വര്‍ധിച്ചത് 91 ശതമാനം വിദ്യാര്‍ത്ഥികളിലും മാനസികമായ സമ്മര്‍ദ്ദം സൃഷ്ടിച്ചുവെന്നാണ് ആഗോളതലത്തില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

 


ഇതുംകൂടി വായിക്കാം;സ്കൂള്‍ തുറക്കുന്നു: മറക്കരുതേ ഈ കാര്യങ്ങൾ


 

പഠന വിധേയമാക്കിയ കുട്ടികളിലെ വിവിധ പ്രായക്കാര്‍ അതിക്ഷോഭം, അശ്രദ്ധ, അനിശ്ചിതത്വം, ഭയം, ഒറ്റപ്പെടല്‍ എന്നിവ സൃഷ്ടിച്ച ഉല്‍ക്കണ്ഠകള്‍, അസ്വസ്ഥത, വിശപ്പില്ലായ്മ തുടങ്ങിയ പല പ്രയാസങ്ങള്‍ നേരിടുന്നുവെന്നാണ് കണ്ടെത്തിയത്. പഠനാന്തരീക്ഷവും അധ്യാപകരും സഹപാഠികളുമായുള്ള സഹവാസവും പരിസരപഠന സാധ്യതകളും കായികവിനോദസാധ്യതകളും നഷ്ടപ്പെട്ട കുട്ടികളുടെ മാനസികാരോഗ്യം തിരികെ കിട്ടണമെങ്കില്‍ അവരെ തിരികെ സ്കൂളിലെത്തിക്കണമെന്നത് അധികൃതരുടെ മാത്രമല്ല, എഡ്ഗാര്‍ ഹോവ് ഭ്രാന്ത് പിടിച്ചേക്കുമെന്ന് സൂചിപ്പിച്ച അമ്മമാരുള്‍പ്പെടെയുള്ള രക്ഷിതാക്കളുടെയാകെ അനിവാര്യതയായി. സമൂഹത്തിന്റെയാകെ ആവശ്യവുമായി. പക്ഷേ വേനലവധിയോ മറ്റ് ദീര്‍ഘകാല അവധിയോ അവസാനിച്ച് എന്നതുപോലെ ആരംഭിക്കുവാനാകുമായിരുന്നില്ല അത്. രോഗാണുക്കളും രോഗവാഹകരും എവിടെയുമുണ്ടാകാമെന്ന സാഹചര്യവും വകഭേദങ്ങളും വ്യാപനവും സംബന്ധിച്ച മുന്നറിയിപ്പുകളും നിലനില്ക്കുമ്പോള്‍ ജാഗ്രതയുടെയും കരുതലിന്റെയും സമഗ്രാവസ്ഥയില്‍ മാത്രമേ അതിന് സാധിക്കുകയുള്ളൂ. മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചും മുന്നൊരുക്കങ്ങള്‍ നടത്തിയുമാണ് സ്കൂളുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് അധികൃതര്‍ നടപടികളെടുത്തത്.

വിപുലമായ സജ്ജീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍തലത്തില്‍ ഒരുക്കിയിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിനൊപ്പം ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുള്ളവയെല്ലാം ചേര്‍ന്നാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. പല തലത്തിലുള്ള യോഗങ്ങള്‍, പൊതുമാര്‍ഗ്ഗരേഖയ്ക്കു പുറമേ വിവിധ വകുപ്പുകളുടെ രൂപരേഖകള്‍, അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം, തുറക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ, സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള ശുചീകരണ പ്രക്രിയ, എത്തിച്ചേരുന്ന കുട്ടികളും അധ്യാപകരും സ്വീകരിക്കേണ്ട കോവിഡ് പെരുമാറ്റരീതികൾ, തിരികെ എത്തുന്ന കുട്ടികൾക്ക് വരാനിടയുള്ള മാനസിക പ്രശ്നങ്ങളും അവയുടെ പരിഹാര മാർഗങ്ങളും, കുട്ടികളിലെ പഠന പിന്നാക്കാവസ്ഥ, പഠനവൈകല്യങ്ങൾ മുതലായവ കണ്ടെത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ എന്നിങ്ങനെ സമഗ്രമായ ആവിഷ്കരണത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ കുട്ടികള്‍ ഒന്നര വര്‍ഷത്തിനുശേഷം ഇന്നുമുതല്‍ സ്കൂളുകളിലെത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി ആവശ്യമായ സര്‍ക്കാര്‍ധനസഹായവും യഥാസമയം ലഭ്യമാക്കി. ഇതെല്ലാമാണെങ്കിലും വാക്സിൻ എടുക്കാത്ത 2609 അധ്യാപകരും അനധ്യാപകരും സംസ്ഥാനത്തുണ്ടെന്നത് ദൗര്‍ഭാഗ്യകരമാണ്.

 


ഇതുംകൂടി വായിക്കാം;ആശങ്ക വേണ്ട: കുട്ടികളെ ധൈര്യമായി സ്കൂളില്‍ വിടാമെന്ന് മന്ത്രി വി ശിവന്‍കുട്ടി


കോവിഡെന്ന മഹാമാരിക്കാലത്ത് നമ്മുടെ കുട്ടികള്‍ സ്കൂളുകളില്‍ തിരികെയെത്തുമ്പോള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമല്ല പൊതുസമൂഹത്തിനാകെ വലിയ ഉത്തരവാദിത്തമുണ്ട്. കുട്ടികളെ കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട മറ്റ് രണ്ട് ഉദ്ധരണികളും അമേരിക്കക്കാരുടെ വകയാണ്. ഏറ്റവും വിലപ്പെട്ട പ്രകൃതി വിഭവം നമ്മുടെ കുഞ്ഞുങ്ങളാണെന്ന് ഹെർബർട്ട് ഹൂവറും ലോകത്ത് സത്യം പറയുന്നവരിലേറെയും ശിശുക്കളാണെന്ന് ഒലിവർ ഹോംസും പറഞ്ഞുവച്ചിട്ടുണ്ട്. കാമ്പസുകള്‍ ഭാവിയിലേയ്ക്കുള്ള മനുഷ്യസംഭരണശാലയാണെന്ന് പറഞ്ഞത് നെഹ്രുവാണ്. നമുക്കതുകൊണ്ട് കോവിഡിന്റെ ഈ കെട്ടകാലത്ത്, കുട്ടികള്‍ എന്ന ആ പ്രകൃതിവിഭവങ്ങളുടെ, സത്യസന്ധരുടെ, ഭാവിയിലേക്കുള്ള സംഭരണശാലകളുടെ കരുതലുള്ള കാവല്‍ക്കാരായിരിക്കാം.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.