Web Desk

December 05, 2020, 3:07 am

സബ്സിഡി ഒഴിവാക്കൽ സ്വകാര്യവല്ക്കരണ പാത

Janayugom Online

പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചതിന് പിറകെ സബ്സിഡി ഇല്ലാതാക്കിയത് ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ ഉപയോക്താക്കളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. എണ്ണക്കമ്പനികളെ സ്വകാര്യവല്ക്കരിക്കാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ മുന്നൊരുക്കമായിവേണം ഈ നീക്കത്തെ കാണാൻ. സബ്സിഡി ഉള്ളതും ഇല്ലാത്തതുമായ ഗാർഹിക പാചകവാതക സിലിണ്ടറിന് ഒരുമിച്ച് 50 രൂപ വർധിപ്പിച്ചത് ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്. സാധാരണ കുടുംബങ്ങൾക്ക് സഹായമെന്ന നിലയിലാണ് സിലിണ്ടറുകൾക്ക് സബ്സിഡി ഏർപ്പെടുത്തിയത്. 14.5 കിലോയുടെ 12 സിലിണ്ടറുകളാണ് ഉപയോക്താവിന് ഒരു വർഷം ലഭിക്കുക. പാവപ്പെട്ടവർക്ക് തുടർന്നിരുന്ന സബ്സിഡി നിർത്തലാക്കിയതോടെ 20,000 കോടി രൂപ ലാഭിക്കാമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. സബ്സിഡി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എണ്ണക്കമ്പനികളെ സ്വകാര്യവല്ക്കരിക്കുന്നതിലൂടെ വൻതോതിൽ കോഴയും ഇവർ ലക്ഷ്യമിടുന്നുണ്ടെന്നും ആരോപിക്കപ്പെടുന്നു. നിലവില്‍ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്(ബിപിസിഎൽ) വില്പനയ്ക്ക് വച്ചിരിക്കുകയാണ്.

ഈ നടപടികൾക്കു വേഗം കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ വികസന പദ്ധതികളെല്ലാം കേന്ദ്രസർക്കാർ മരവിപ്പിച്ചു. ശതകോടികൾ ചെലവിട്ടുള്ള പുതിയ പദ്ധതികൾ തൽക്കാലം നടപ്പാക്കേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. ബിപിസിഎൽ വാങ്ങാൻ വിദേശക്കമ്പനികളടക്കമാണ് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ കമ്പനികളും ഇക്കൂട്ടത്തിലുണ്ട്. ബിപിസിഎൽ വില്പന അടുത്ത ഘട്ടത്തിലേക്ക് കടന്നതായി ധനമന്ത്രി നിർമ്മലാ സീതാരാമൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് ബിപിസിഎല്ലിലെ കേന്ദ്ര സർക്കാരിന്റെ ഓഹരിമൂല്യം 47,430 കോടി രൂപയാണ്. ടെണ്ടറിൽ വിജയിക്കുന്ന കമ്പനി പൊതുജനങ്ങളുടെ പക്കലുള്ള 26 ശതമാനം ഓഹരികൂടി വാങ്ങണം. ഇന്ത്യയിൽ എണ്ണ ശുദ്ധീകരണ ബിസിനസിന്റെ 15.33 ശതമാനവും വിപണനത്തിന്റെ 22 ശതമാനവും ബിപിസിഎൽ ആണ് കയ്യാളുന്നത്.

സബ്സിഡി നിലനിർത്തിക്കൊണ്ടുള്ള കച്ചവടത്തിന് സ്വകാര്യ കമ്പനികൾ ഒന്നും തയ്യാറല്ല. അതുകൊണ്ടുതന്നെ ബിപിസിഎൽ വില്പന നടക്കുംമുമ്പേ, സബ്സിഡി ഇല്ലാത്ത വിതരണ ശൃംഖലയൊരുക്കാനുള്ള നാടകങ്ങളും കേന്ദ്രത്തിൽ നടക്കുന്നു. നിലവിൽ ബിപിസിഎല്ലിന്റെ സബ്സിഡി ഉപയോക്താക്കളെ ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐഒസി) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡി (എച്ച്പിസിഎൽ)നും പകുത്തുനല്‍കാൻ നീക്കം നടക്കുന്നതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തേതന്നെ സബ്സിഡി ഉപയോക്താക്കളോട് ചിറ്റമ്മനയം കാണിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. ആഗോള വിപണിവില കുറയുന്നതനുസരിച്ച് സബ്സിഡി സിലിണ്ടറുകളുടെ വില കുറയ്ക്കാറില്ല. എന്നാൽ വിലവർധനവിന്റെ സമയത്ത് രണ്ട് വിഭാഗങ്ങൾക്കും ഒരുപോലെ കൂട്ടുകയും ചെയ്തിരുന്നു. സബ്സിഡി നിർത്തലാക്കാൻ തീരുമാനിച്ചതോടെ നരേന്ദ്രമോഡി സർക്കാരിന്റെ ജനദ്രോഹനയത്തിന്റെ അടുത്തഭാവം തെളിയുകയായിരുന്നു. ബിഹാർ തെരഞ്ഞെടുപ്പുവരെ പിടിച്ചുനിന്ന കേന്ദ്ര സർക്കാർ, വോട്ടെടുപ്പിനുശേഷം പാചകവാതകത്തിനും പെട്രോൾ, ഡീസൽ എന്നിവയ്ക്കും കുത്തനെ വിലകൂട്ടുകയും ചെയ്തു. വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിലയിലും വലിയ വർധനവുണ്ടായി. അന്താരാഷ്ട്ര വിപണിയിൽ വിലകൂടിയെന്ന ന്യായം നിരത്തിയാണിത്. ഇന്ധനവിലയാണെങ്കിൽ പത്ത് ദിവസത്തിലേറെയായി തുടർച്ചയായി കൂട്ടിക്കൊണ്ടിരിക്കുന്നു. കമ്പനി വില്പന നടക്കുന്നതോടെ ഭീമമായ തുകയിലാകും എത്തുക.

കോവിഡ് മഹാമാരിയുണ്ടാക്കിയ നഷ്ടം നികത്താനാവാതെ ജനങ്ങൾ പ്രയാസപ്പെടുന്ന ഈ ഘട്ടത്തിലാണ് ഈ വിലവർധനവെന്നത് ഗൗരവതരമാണ്. സർവ ജീവിതച്ചെലവുകളിലും ഗണ്യമായ വർധനവിന് കാരണമാകുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. കഴിഞ്ഞ മാർച്ചിനുശേഷം പരിശോധിച്ചാൽ പെട്രോളിന് 68 ശതമാനവും ഡീസലിന് 100 ശതമാനവും നികുതികൂട്ടി. ഈസമയത്തെല്ലാം അന്താരാഷ്ട്ര വിപണിയിൽ വില കുറയുകയായിരുന്നുവെന്നതാണ് വസ്തുത. വിലനിയന്ത്രണം കമ്പനികൾക്ക് വിട്ടുകൊടുത്തതു മുതൽ വൻ ലാഭമാണ് കേന്ദ്ര സർക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2014 മുതൽ 2019 വരെയുള്ള കണക്കനുസരിച്ച് 1,78,056 കോടി രൂപയാണ് പെട്രോൾ, ഡീസൽ വിപണിയിൽ നിന്നുള്ള വരുമാനം. 2020 ലെ കണക്കുകൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുമില്ല. 2014ലെ പെട്രോളിന്റെ കേന്ദ്രനികുതി, 9.48 രൂപയായിരുന്നെങ്കിൽ ഇന്ന് 32.98 രൂപ(വിലയുടെ 69 ശതമാനം)യാണെന്നതാണ് ശ്രദ്ധേയം. ഇത് ലോകത്തിലെ ഏറ്റവും കൂടിയ ഇന്ധനനികുതിയാണ്. ലോകത്ത് ഏറ്റവും കുറവ് കോർപറേറ്റ് നികുതി (15 ശതമാനം) ഈടാക്കുന്ന രാജ്യവും ഇന്ത്യയാണ്. കുത്തക നികുതി കുറച്ച് സാധാരണ ജനങ്ങളെ കുത്തിപ്പിഴിയുന്ന ഭരണകൂടം ഇന്ത്യക്കിതാദ്യമാണ്. 2020–21 സാമ്പത്തിക വർഷത്തിലെ നികുതി വർധനവിലൂടെ രണ്ട് ലക്ഷം കോടി രൂപയാണ് കേന്ദ്രം അധികവരുമാനമായി പ്രതീക്ഷിക്കുന്നത്. പാചകവാതകത്തിന്റെ കാര്യത്തിലും വൻ കൊള്ളയാണ് കേന്ദ്ര സർക്കാരും കമ്പനികളും തുടരുന്നത്.