Web Desk

March 02, 2021, 4:49 am

ജാഗ്രത ആവശ്യപ്പെടുന്ന ഉഷ്ണകാലം വീണ്ടും

Janayugom Online

വീണ്ടും കേരളം കടുത്ത ചൂട് അനുഭവിച്ചു തുടങ്ങിയിരിക്കുകയാണ്. യഥാർത്ഥത്തിൽ പരമ്പരാഗത ധാരണ പ്രകാരമുള്ള മാസ പരിഗണനകളനുസരിച്ച് ചൂടുകാലം തുടങ്ങേണ്ട സമയംതന്നെയാണിത്. മെയ്‌ മാസം വരെയെങ്കിലും തീക്ഷ്ണമായ ചൂടിന്റെ കാലമാണ് കേരളത്തിൽ. ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഏറ്റവും കഠിനമേറിയ ചൂടിനെ നേരിടേണ്ടിവരാറുണ്ടായിരുന്നത്. എന്നാൽ നേരത്തേതന്നെ ചൂട് ആരംഭിക്കുകയും ഇപ്പോൾ കഠിനതരമാകുകയും ചെയ്തിരിക്കുകയാണ്. ഇപ്പോൾതന്നെ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലെ താപനില 30 ഡിഗ്രിസെൽഷ്യസിൽ അധികമായിരിക്കുകയാണ്. 32 ഡിഗ്രിയാണ് ശരാശരി താപനില. ചിലയിടങ്ങളിൽ 36–37 ഡിഗ്രിയായി ഇതിനകം തന്നെ ഉയർന്നുകഴിഞ്ഞിട്ടുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ രേഖകളിൽനിന്ന് വ്യക്തമാകുന്നത്. കുറേ വർഷങ്ങൾക്ക് മുമ്പ് ഇത്രയും ഉയർന്ന പകൽ താപനില ചില പ്രദേശങ്ങളിൽ മാത്രമായിരുന്നു. അതും വരാനിരിക്കുന്ന മാസങ്ങളിൽ. എന്നാൽ ഇപ്പോൾ പ്രദേശിക വ്യത്യാസങ്ങളില്ലാതെ താപനില ഉയരുന്ന പ്രവണതയാണ് കാണുന്നത്.

കഴിഞ്ഞ കുറേ ദശകങ്ങളായി നാം ചർച്ച ചെയ്യുകയും സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ വിഷയം. പാരിസ്ഥിതിക സംരക്ഷണം അവബോധമായി വളർത്തുന്നതിൽ കാലാവസ്ഥാ വ്യതിയാനം ഒരളവുവരെ നമ്മെ ജാഗ്രതപ്പെടുത്തുവാൻ തുടങ്ങിയിട്ടുമുണ്ട്. അതിന്റെ ഭാഗമായി പ്രകൃതിസംരക്ഷണവും വനവിസ്തൃതി കൂട്ടുന്നതും ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ സർക്കാരും പൊതുസമൂഹവും കൈകോർത്ത് നടപ്പിലാക്കി വരുന്നുമുണ്ട്. പരിസ്ഥിതി ദിനത്തിനും വനദിനത്തിനുമൊക്കെ അപ്പുറം പ്രകൃതിസംരക്ഷണത്തിനുള്ള നിരവധി യത്നങ്ങളാണ് സംസ്ഥാനം ഏറ്റെടുത്തത്. ഏറ്റവും ഒടുവിൽ വനത്തിനും പ്രകൃതിക്കുംവേണ്ടി ജീവിച്ച, പാരിസ്ഥിതിക പോരാട്ടത്തിന്റെ മുൻനിര പോരാളിയായിരുന്ന സുഗതകുമാരിയുടെ ശ്രദ്ധാഞ്ജലിയായി കേരളം ചെയ്തതും സംസ്ഥാനത്താകെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുക എന്നുള്ളതായിരുന്നു. നാടൻ മാന്തോപ്പ് എന്നതുൾപ്പെടെയുള്ള പരിപാടികൾ സംസ്ഥാനത്തെമ്പാടും ഇപ്പോഴും നടന്നുവരികയാണ്. ഈ വിധത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും വിനാശം കുറയ്ക്കുന്നതിനുമുള്ള കരുതലുകൾ കുറേ ദശകങ്ങളായി കേ­­രളത്തിൽ നടന്നുവരുന്നുണ്ട്. പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന വികസന വിഷയങ്ങളെ ചോദ്യം ചെയ്യുന്ന മാനസികാവസ്ഥ സാധാരണക്കാർക്കുപോലും സൃഷ്ടിക്കുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുമുണ്ട്.

പക്ഷേ മുൻകാലങ്ങളിൽ നിർബാധം നടന്ന പ്രകൃതി ചൂഷണത്തിന്റെയും അതിർത്തിയിൽ മലനിരകളായി കാവൽ നില്ക്കുന്ന പശ്ചിമഘട്ടത്തിനു നേരെയുണ്ടായ കടന്നുകയറ്റത്തിന്റെയുമൊക്കെ അനന്തരഫലമെന്ന നിലയിൽ കാലാസ്ഥാ വ്യതിയാനത്തെ പൂർണാർത്ഥത്തിൽ തടുക്കുവാൻ ഇപ്പോഴും നാം പ്രാപ്തരായിട്ടില്ല. അതുകൊണ്ടാണ് കാടിനെയും മരങ്ങളെയും പ്രകൃതി സംരക്ഷണത്തെയും കൂടുതൽ ശ്രദ്ധിക്കുകയും അതിന് വേണ്ടി സംവിധാനങ്ങളും പദ്ധതികളും ഏർപ്പെടുത്തുകയും ചെയ്തിട്ടുള്ള പ്രദേശങ്ങളെന്ന വ്യത്യാസമില്ലാതെ താപനില ഉയരുന്നതിനും കടുത്ത ചൂട് അനുഭവിക്കുന്നതിനും കാരണമായിരിക്കുന്നത്. ഏതെങ്കിലും ഒരു പ്രദേശത്തെ പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനങ്ങൾ കൊണ്ടു ഫലമില്ലെന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. മറ്റൊരിടത്തുണ്ടാകുന്ന പ്രകൃതിനാശവും ചൂഷണവും സമീപപ്രദേശങ്ങളെയും ബാധിക്കുന്നുവെന്നർത്ഥം. അതുകൊണ്ട് കൂടുതൽ തീവ്രവും വ്യാപകവും വേഗമേറിയതുമായ പ്രവർത്തനങ്ങൾ വേണമെന്നാണ് സാഹചര്യങ്ങൾ നമ്മോട് ആവശ്യപ്പെടുന്നത്. എങ്കിലും ഇപ്പോഴത്തെ അടിയന്തര കടമ ചൂടിനെ കരുതലോടെ നേരിടുന്നതിനുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുക എന്നുള്ളതാണ്.

ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മറ്റും അതാത് ദിവസങ്ങളിൽ നല്കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാൻ ഓരോ വ്യക്തിയും സന്നദ്ധമാകേണ്ടതുണ്ട്. രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്നു വരെ നേരിട്ടുള്ള വെയിൽക്കൊള്ളുന്നത് ഒഴിവാക്കുക, ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ ആരോഗ്യ പരിപാലന നിർദ്ദേശങ്ങൾ ഓരോ വ്യക്തിയും പാലിക്കണം. ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തുക, ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക, വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്.

ചൂട് നേരിട്ടേൽക്കുന്നത് സൂര്യാഘാതം പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നത് മാത്രമല്ല ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിൽ നിർജലീകരണം സംഭവിക്കുകയും വലിയ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമായിത്തീരുകയും ചെയ്യും. 65 വയസിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തിലുണ്ട്. മഹാമാരിയെ നാം നേരിടുന്നത് ജാഗ്രതയോടും കരുതലോടും കൂടിയാണെന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്. സർക്കാർ ആവിഷ്കരിച്ചപദ്ധതികളും മുൻകരുതൽ നിർദ്ദേശങ്ങളും യഥാവിധി പാലിക്കാൻ സന്നദ്ധമായതുകൊണ്ടാണ് മരണ നിരക്ക് കുറയ്ക്കാനും വ്യാപനം രൂക്ഷമാകാതിരിക്കാനും സാധിച്ചത്. എന്നാൽചില ഘട്ടങ്ങളിൽ കൈവിട്ടു പോയത് നാം മറന്നുകൂടാ. അത്രയും ഭീകരമായ സാഹചര്യമല്ലെന്ന് ആശ്വാസിക്കാമെങ്കിലും വളരെയേറെ കരുതലും ജാഗ്രതയും ആവശ്യമുള്ള ഘട്ടംതന്നെയാണ് ഈ ചൂടുകാലവും.