തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സുപ്രീം കോടതി നിലപാട് അപലപനീയം

Web Desk
Posted on January 22, 2020, 4:15 am

ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി ഒരിക്കല്‍കൂടി നിരസിച്ചു. നീതിരഹിതമായ പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി മുമ്പും നിരസിച്ചിരുന്നു. ആ നിലപാടില്‍ ഇപ്പോള്‍ മാറ്റം ആവശ്യമില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ശരദ് എ ബോബ്ഡെ നീതിനിഷേധം തുടരാന്‍ അനുവദിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് സമാഹരിക്കുന്നതിനുള്ള നിയമാധിഷ്ഠിത മാര്‍ഗം എന്ന പേരിലാണ് 2017 ല്‍ പദ്ധതി ബിജെപി സര്‍ക്കാര്‍ ധനബില്ലിന്റെ രൂപത്തില്‍ പാസാക്കിയെടുത്തത്. എന്നാല്‍ ബിജെപി ഭരണകൂടം തെര‍ഞ്ഞെടുപ്പുകള്‍ക്ക് മാത്രമല്ല രാഷ്ട്രീയ കുതിരക്കച്ചവടത്തിനുകൂടി ഇത്തരത്തില്‍ സമാഹരിക്കുന്ന പണം ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ അട്ടിമറിച്ച് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ അവരോധിക്കുന്നതിന് ഒഴുക്കിയ പണം തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിലൂടെ സമാഹരിച്ചതാണ്.

കഴിഞ്ഞ പന്ത്രണ്ട് തവണകളായി വിറ്റഴിക്കപ്പെട്ട ബോണ്ടുകളിലൂടെ സമാഹരിച്ചത് ആറായിരത്തില്‍പ്പരം കോടി രൂപയാണ്. അതില്‍ 95 ശതമാനത്തിലധികവും എത്തിച്ചേര്‍ന്നത് ബിജെപിയുടെ മടിശീലയിലാണ്. നാളിതുവരെയുള്ള തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ അനുഭവപാഠം അത് കള്ളപ്പണക്കാര്‍ക്കും നികുതിവെട്ടിപ്പുകാര്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ലാഭരഹിത പ്രവര്‍ത്തനം നടത്തുന്നതായി അവകാശപ്പെടുന്ന ട്രസ്റ്റുകള്‍ക്കും മറ്റും ബിജെപിക്ക് വേണ്ടി യഥേഷ്ടം പണമൊഴുക്കാനുള്ള സംവിധാനമായി മാറിയിരിക്കുന്നു എന്നതാണ്. നീതിപൂര്‍വം തെര‍ഞ്ഞെടുപ്പുകള്‍ നടത്താന്‍ അധികാരപ്പെട്ട ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ തെര‍ഞ്ഞെടുപ്പു ബോണ്ട് പദ്ധതിയെ ശക്തമായി എതിര്‍ക്കുകയുണ്ടായി. നിലവിലുണ്ടായിരുന്ന ആദായ നികുതി നിയമം, 1951 ലെ ജന പ്രതിനിധി നിയമം, 2013ലെ കമ്പനി നിയമം എന്നിവ ഭേദഗതി ചെയ്താണ് 2017 ലെ ധനനിയമം പാസാക്കിയത്. അത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് സംബന്ധിച്ച സുതാര്യതയെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് കമ്മിഷന്‍ 2017 മെയ് മാസത്തില്‍ നിയമമന്ത്രാലയത്തെ രേഖാമൂലം അറിയിച്ചിരുന്നു. അത് അ­പ്പാ­ടെ അവഗണിച്ചുകൊണ്ടാണ് പ്രസ്തുത ധനബില്‍ ലോക്‌സഭ പാസാക്കിയത്. ഇ­ക്കാര്യത്തില്‍ ഗവണ്‍മെന്റ് പാര്‍ലമെന്റിനെ തെറ്റിധരിപ്പിക്കുകയായിരുന്നു എന്ന് പ്രസക്തമായ രേഖകള്‍ വെ­ളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച നിയമത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുടക്കം മുതല്‍ തന്നെ എതിര്‍ത്തിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. ‘തെരഞ്ഞെടുപ്പ് ബോണ്ട്, ആര്‍ബിഐ നിയമം എന്നിവ ഭേദഗതി ചെയ്യുന്നത് തെറ്റായ കീഴ്‌വഴക്കമായിരിക്കും സൃഷ്ടിക്കുക. അത് കള്ളപ്പണം വെളുപ്പിക്കുന്നതിനും ഇന്ത്യന്‍ കറന്‍സിയിലുള്ള വിശ്വാസം തകര്‍ക്കുന്നതിനും കേന്ദ്ര ബാങ്കിംഗ് നിയമത്തിനുതന്നെ ഭീഷണിയും ആകുമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു.

രാജ്യത്തെ പ്രമുഖ ഭരണഘടനാ സ്ഥാപനങ്ങളുടെ സുചിന്തിതമായ മുന്നറിയിപ്പുകള്‍‍ അവഗണിച്ചും അവ സംബന്ധിച്ച വിവരങ്ങള്‍ പാര്‍ലമെന്റിന്റെ മുമ്പില്‍ മറച്ചുവച്ചുമാണ് തെര‍ഞ്ഞെടുപ്പ് ബോണ്ട് പദ്ധതി നടപ്പാക്കിയത്. അതിനെതിരായ പരാതികള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കാനാണ് സുപ്രീം കോടതി വിസമ്മതിക്കുന്നത്. തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി എല്ലാ അര്‍ത്ഥത്തിലും അടിസ്ഥാന ജനാധിപത്യത്തിന്റെ നിഷേധമായി മാറിയിരിക്കുന്നു. അധികാരത്തിന്റെ മറവില്‍ രാജ്യത്തെ കോര്‍പ്പറേറ്റുകളെയും കള്ളപ്പണക്കാരെയും നികുതി നിഷേധകരെയും രാഷ്ട്രീയ ദല്ലാള്‍ സംഘങ്ങളെയും ഉപയോഗിച്ച് അസ്വാഭാവിക സാമ്പത്തിക ശക്തിയായി ബിജെപി മാറിയിരിക്കുന്നു. ആ പണക്കൊഴുപ്പ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നീതിരഹിതവും തുല്യതയില്ലാത്തതുമാക്കി മാറ്റിയിരിക്കുന്നു. തീര്‍ത്തും പ്രകടമായ അനീതിക്കെതിരെയാണ് രാഷ്ട്രീയ പാര്‍ട്ടികളും പൗരസംഘടനകളും പരമോന്നത നീതിപീഠത്തെ സമീപിക്കുന്നത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ സുപ്രീം കോടതി നഗ്നമായ ആ നീതിനിഷേധം തടയാന്‍ ഫലത്തില്‍ വിസമ്മതിക്കുകയും ഭരണകൂടത്തിന് തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കുകയുമാണ് ചെയ്യുന്നത്. നീതിനിഷേധത്തിനെതിരായ പരമോന്നത കോടതിയുടെ ഈ നിസംഗത നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ തകര്‍ച്ചയ്ക്കും ദേശീയ ജീവിതത്തില്‍ അരാജകത്വത്തിനും വഴിതെളിച്ചുകൂടാ.

Eng­lish Sum­ma­ry: janayu­gom edi­to­r­i­al about Supreme Court con­demns elec­tion bond scheme