Web Desk

January 23, 2020, 4:31 am

ജീര്‍ണത ബാധിച്ച് പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്ന നീതിപീഠം

Janayugom Online

പരമോന്നത നീതിപീഠത്തിന്റെ നീതിനിഷ്ഠയും സ്വതന്ത്രസ്വഭാവവും നിയമവാഴ്ചയോടുള്ള പ്രതിബദ്ധതയും ഭരണഘടനാ ബാഹ്യമായ സ്വാധീനങ്ങള്‍ക്ക് അതീതമായ സ്വഭാവദാര്‍ഢ്യവും ഭരണഘടനാമൂല്യങ്ങളോടുള്ള പ്രതിബദ്ധതയും സംബന്ധിച്ച് സംശയങ്ങളും ആശങ്കകളും സമകാലിക ദേശീയ ജീവിതത്തിന്റെ സവിശേഷതകളായി മാറിയിരിക്കുന്നു. സമീപകാലത്ത് സുപ്രീംകോടതിയില്‍ നിന്നും സുപ്രധാന വിഷയങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിധിന്യായങ്ങളും ഉത്തരവുകളും പരാമര്‍ശങ്ങളും ജനങ്ങളുടെ അത്തരം ആശങ്കകളെ ന്യായീകരിക്കുന്നു. ഭരണകക്ഷിയുടെ നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ഭരണഘടനാ സ്ഥാപനങ്ങളെയും മറ്റ് നിയമാധിഷ്ഠിത സ്ഥാപനങ്ങളെയും ആജ്ഞാനുവര്‍ത്തികളാക്കി മാറ്റാന്‍ എല്ലാക്കാലത്തും ശ്രമങ്ങള്‍ നടന്നിട്ടുണ്ടാവാം. എന്നാല്‍ മോഡിഭരണത്തില്‍ അത്തരം ശ്രമങ്ങള്‍ എല്ലാ അതിര്‍ത്തികളും ലംഘിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും അവസാനം പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും പൗരത്വ പട്ടികയ്ക്കും എതിരായ കേസുകളില്‍ ഇന്നലെ സുപ്രീം കോടതി അവലംബിച്ച നിലപാട് ദേശീയതലത്തില്‍ നീതിനിര്‍വഹണ സംവിധാനത്തിന്റെ അപലപനീയമായ അപച്യുതിയാണ് തുറന്നുകാട്ടുന്നത്. അത് വ്യവസ്ഥാപിത സംവിധാനത്തിന്റെ തകര്‍ച്ചയെ മാത്രമല്ല അതില്‍ ഉള്‍പ്പെട്ട ന്യായാധിപന്മാരുടെ നീതിബോധത്തിന്റെ അഭാവത്തെയോ അല്ലെങ്കില്‍ രാഷ്ട്രീയ അധികാര കേന്ദ്രത്തോടുള്ള അപമാനകരമായ വിധേയത്വത്തെ തന്നെയോ ആണ് അടയാളപ്പെടുത്തുന്നത്.

ആദരണീയരായ സുപ്രീം കോടതി ന്യായാധിപന്മാരെ സംബന്ധിച്ച് അത്തരം ഒരഭിപ്രായം പൊതുജനങ്ങളില്‍ രൂഢമൂലമാവാന്‍‍ അവരുടെ പ്രവൃ‍ത്തികള്‍ തന്നെയാണ് നിര്‍ബന്ധിതമാക്കിയത്. സങ്കീര്‍ണമായ മനുഷ്യാവകാശ പ്രശ്നങ്ങള്‍, വിശ്വാസങ്ങളും നിയമവാഴ്ചയും ഉള്‍പ്പെട്ട തര്‍ക്കങ്ങള്‍, ഭരണഘടനയും ഭരണഘടനാ മൂല്യങ്ങളും സംബന്ധിച്ച നിയമപ്രശ്നങ്ങള്‍ എന്നിവ പോകട്ടെ സാമാന്യനീതിയുടെ പ്രശ്നങ്ങളില്‍ പോലും ആ നീതിപീഠ ജീര്‍ണത മറനീക്കി പുറത്തുവരുന്നുവെന്നതാണ് ഏറെ ഉല്‍ക്കണ്ഠാജനകം. വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗിക ഉപദ്രവം ആരോപിച്ച ജീവനക്കാരിയെ ജോലിയില്‍ തിരിച്ചെടുത്ത സുപ്രീം കോടതി നടപടി ആഴത്തില്‍ വേരോട്ടമുണ്ടാക്കിയ ആ ജീര്‍ണതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജസ്റ്റിസ് ഗൊഗോയ്ക്കെതിരെ ലൈംഗിക ദുഷ്‌പെരുമാറ്റം ആരോപിച്ച സ്ത്രീ ജോലിയില്‍ പ്രവേശിച്ചുവെന്നും അവര്‍ക്ക് അവകാശപ്പെട്ട കുടിശിക അനുവദിച്ചുവെന്നും തുടര്‍ന്ന് അവര്‍ അവധിയില്‍ പ്രവേശിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജസ്റ്റിസ് ഗൊഗോയ്‌യുടെ വസതിയില്‍ നിയമിക്കപ്പെട്ട ജീവനക്കാരി തനിക്കെതിരെ നടന്ന സ്വാഗതാര്‍ഹമല്ലാത്ത പെരുമാറ്റത്തെപ്പറ്റി പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് അവരെ സ്ഥലം മാറ്റുകയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുകയുമുണ്ടായി. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് കുറ്റാരോപിതനായ ജസ്റ്റിസ് ഗൊഗോയ്‌യുടെ അധ്യക്ഷതയില്‍തന്നെ കേസ് കേട്ടത് നീതിനിര്‍വഹണ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയമിക്കുകയുണ്ടായി. പ്രശ്നത്തിന്റെ വൈകാരികതപോലും കണക്കിലെടുക്കാതെയുള്ള തുടര്‍ നടപടിയില്‍ നിന്നും പരാതിക്കാരി പിന്മാറാന്‍ നിര്‍ബന്ധിതയായി. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയില്‍ പരാതിയില്‍ ‘കഴമ്പി‘ല്ലെന്ന് കണ്ടെത്തി. അവരുടെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

സംഭവത്തില്‍ ‘വ്യക്തമായ സ്ഥാപനപരമായ പക്ഷപാതിത്വം’ ഉള്ളതായി വിരമിച്ച ജസ്റ്റിസ് മദന്‍ ലോക്കൂര്‍ പോലും അഭിപ്രായപ്പെടുകയുണ്ടായി. തുടര്‍ന്ന് പരാതിക്കാരിയുടെ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും ഡല്‍ഹി പൊലീസ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഈ പ്രതികാര നടപടികള്‍ നീതിപീഠത്തില്‍ നിന്നുള്ള ഇടപെടല്‍ മൂലമാണെന്ന ആരോപണവും ഉയര്‍ന്നുകേട്ടിരുന്നു. രാജ്യം മുഴുവന്‍ നീതിക്കുവേണ്ടി ഉറ്റുനോക്കുന്ന നീതിപീഠം സാമാന്യ നീതിപോലും ഇരകള്‍ക്ക് നിഷേധിക്കുന്ന ഇത്തരം സംഭവങ്ങള്‍ പരമോന്നത കോടതിയുടെ ജീര്‍ണതയായി ജനങ്ങള്‍ വിലയിരുത്തിയാല്‍ ആര്‍ക്കാണ് അത് നിഷേധിക്കാനാവുക. സുപ്രീം കോടതിയിലെ ഒരു ജീവനക്കാരി‍ക്കുപോലുേം സാമാന്യനീതി നിഷേധിക്കുംവിധം അധഃപതിച്ച ഒന്നായി പരമോന്നത നീതിപീഠം മാറിയാല്‍ നീതിക്കുവേണ്ടി ജനങ്ങള്‍ക്ക് ആരെയാണ് ആശ്രയിക്കാനാവുക. ഈ പശ്ചാത്തലത്തില്‍ വേണം മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും വേണ്ടിയുള്ള ജനങ്ങളുടെ മുറവിളി വിലയിരുത്തപ്പെടേണ്ടത്. ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന നിയമനിര്‍മ്മാണസഭയും ഭരണനിര്‍വഹണ സംവിധാനവും ഭൂരിപക്ഷവാദത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. മൂന്നാമത്തേതും ജനങ്ങള്‍ നീതിക്കുവേണ്ടി ഉറ്റുനോക്കുന്നതുമായ സംവിധാനമാണ് അതിനെപ്പറ്റിയുള്ള എല്ലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തുംവിധം ജീര്‍ണത ബാധിച്ച് രാജ്യത്തിനു മുന്നില്‍ നഗ്നമായി നിലകൊള്ളുന്നത്.

Eng­lish Sum­ma­ry: janayu­gom edi­to­r­i­al about supreme court Recent judgments