ആധാര്‍: പോരാട്ടത്തിന് കരുത്തുപകരുന്ന സുപ്രിംകോടതി വിധി

Web Desk
Posted on September 26, 2018, 10:47 pm

ലോക്‌സഭ 2016ല്‍ ധനബില്ലായി പാസാക്കിയ ആധാര്‍ പദ്ധതിക്കും ആധാര്‍ ചട്ടങ്ങള്‍ക്കും സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷവിധി സാധുത നല്‍കി. ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ കെ സിക്രി, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരുടെ ഭൂരിപക്ഷ വിധിയോട് നിശിതമായി വിയോജിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിധിന്യായം ആധാര്‍ പ്രശ്‌നത്തെ സജീവമാക്കി നിലനിര്‍ത്തുമെന്നാണ് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നത്. നിലവില്‍ നിയമസാധുതയുള്ള ഭൂരിപക്ഷ വിധി വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ മേല്‍ കടന്നുകയറുന്ന ആധാര്‍ ചട്ടങ്ങളുടെ വ്യാപ്തി ഗണ്യമായി പരിമിതപ്പെടുത്തുന്നതാണ്. ആധാര്‍ നേടുന്നതിനുവേണ്ടി വേണ്ടത്ര അറിവുകൂടാതെ വ്യക്തികള്‍ നല്‍കിയ സ്വകാര്യ വിവരങ്ങളും ബയോമെട്രിക് തിരിച്ചറിയല്‍ വിവരങ്ങളും അധികാര കേന്ദ്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന് കര്‍ക്കശമായ പരിധികള്‍ വിധിന്യായം നിഷ്‌കര്‍ഷിക്കുന്നുണ്ട്. അത്തരം വിവരങ്ങള്‍ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടി കൈമാറ്റം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഭൂരിപക്ഷ വിധി വ്യക്തമാക്കുന്നു. ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എന്നിവയ്ക്ക് ആധാര്‍ ആവശ്യപ്പെടുന്നത് വിധി നിയമവിരുദ്ധമാക്കിയിട്ടുണ്ട്. കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിനും സിബിഎസ്ഇ മുതല്‍ യുജിസി വരെ നടത്തുന്ന പരീക്ഷകള്‍ക്കും ആധാര്‍ ആവശ്യമില്ലെന്നും വിധി വ്യക്തമാക്കുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളില്‍ പങ്കാളികളാകുന്നതിനും സബ്‌സിഡികളടക്കം ധനസഹായം ലഭിക്കുന്നതിനും ആധാര്‍ അനിവാര്യമായിരിക്കുന്നു. പാന്‍കാര്‍ഡ് ആദായനികുതി കണക്കുകള്‍ സമര്‍പ്പിക്കുക തുടങ്ങിയവയ്ക്കും ആധാര്‍ കൂടിയേ തീരൂ. ആധാറിനു നിയമസാധുത ലഭിച്ചെങ്കിലും അതിന്റെ ദുരുപയോഗം വലിയൊരളവ് തടയാനും നിയന്ത്രിക്കാനും സുപ്രിംകോടതിയുടെ ഭൂരിപക്ഷ വിധിയിലൂടെ കഴിയുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നു.

സുപ്രിംകോടതി വിധി ആധാര്‍ സംബന്ധിച്ച് രാഷ്ട്രീയ, പൗരാവകാശ പ്രവര്‍ത്തകര്‍ ഉന്നയിച്ചുപോന്ന മൗലിക പ്രശ്‌നങ്ങള്‍ക്ക് ആത്യന്തിക പരിഹാരമല്ല. ജനങ്ങളുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും അവകാശങ്ങളുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതില്‍ അതിപ്രധാനമാണ് ആധാര്‍ പൗരന്‍മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് ഭരണകൂടത്തിനും കോര്‍പ്പറേറ്റുകള്‍ക്കും അവസരമൊരുക്കിയേക്കാമെന്ന ആശങ്ക. വ്യക്തികളെ സംബന്ധിക്കുന്ന നിര്‍ണായക വിവരശേഖരം അവരുടെ സ്വകാര്യതയെ ലംഘിക്കുമെന്ന ആശങ്ക മാത്രമല്ല അത് വ്യക്തികളുടെ രാഷ്ട്രീയ സ്വത്വത്തെ നിര്‍ണയിക്കുന്ന താക്കോല്‍ തന്നെയായി ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ഭയത്തിനുകൂടി കാരണമാകുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ സ്വകാര്യതക്കുള്ള അവകാശം നിഷേധിക്കുന്ന നിയമനിര്‍മാണത്തിന് ഭരണകൂടം ഉപയോഗിച്ച വഴി ഭരണഘടനയുടെ തന്നെ ലംഘനമാണെന്ന ശക്തമായ അഭിപ്രായം സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഭൂരിപക്ഷ അഭിപ്രായത്തോട് നിശിതമായി വിയോജിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് അതിനെ ‘ഭരണഘടനാ വഞ്ചന’ എന്നാണ് വിധിന്യായത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മൗലിക പ്രാധാന്യമുള്ള ഒരു നിയമനിര്‍മാണത്തില്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയെ മറികടക്കാന്‍ ആധാര്‍ ചട്ടങ്ങള്‍ ധനബില്ലായി പാസാക്കുകയായിരുന്നു. ഒരു നിയമനിര്‍മാണ പ്രക്രിയ ധനബില്ലാണെന്ന് നിര്‍ണയിക്കാനുള്ള ലോക്‌സഭാ സ്പീക്കറുടെ അധികാരവും അവകാശവും ഭരണഘടനയുടെ വെളിച്ചത്തിലുള്ള സൂക്ഷ്മ പരിശോധനയില്‍ നിലനില്‍ക്കുകയില്ലെന്നാണ് അഭിജ്ഞ നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ആധാറിനുവേണ്ടി ശേഖരിച്ച ബയോമെട്രിക് തെളിവുകളടക്കം വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച സുപ്രിംകോടതി ഭൂരിപക്ഷ വിധിന്യായത്തിലെ സംതൃപ്തി ആ അളവില്‍ പങ്കുവയ്ക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല. അത് സംബന്ധിച്ച് പൊതുസമൂഹത്തില്‍ ഇതിനകം നടന്ന തുറന്നുകാട്ടലുകള്‍ തന്നെയാണ് ന്യായാധിപന്‍മാരുടെ നിലപാടില്‍ ഓട്ട വീഴ്ത്തുന്നത്. ക്ഷേമപദ്ധതികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധിതമാക്കിയത് രാജ്യത്തിന് ഞെട്ടിക്കുന്ന ചില അനുഭവപാഠങ്ങള്‍ നല്‍കുകയുണ്ടായി എന്നതും വിസ്മരിക്കാവുന്നതല്ല. റേഷന്‍ കാര്‍ഡുകളുമായി ആധാര്‍ ബന്ധപ്പെടുത്താന്‍ കഴിയാതെപോയ അമ്പതിലധികം ഹതഭാഗ്യര്‍ രാജ്യത്ത് പട്ടിണി മരണത്തെ വരിക്കേണ്ടി വന്നുവെന്നത് ഇന്ത്യ പോലൊരു രാജ്യത്ത് ആധാര്‍ പോലെ ഒരു പരിഷ്‌കാരം തിടുക്കത്തില്‍ നടപ്പാക്കിയതിന്റെ ദുരന്തഫലമാണ്. ഇപ്പോഴത്തെ ഭൂരിപക്ഷവിധി ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കരുതെന്ന സുപ്രിംകോടതിയുടെ തന്നെ മുന്‍നിര്‍ദേശത്തിന്റെ നിരാകരണമാണ്. ആധാറിന്റെ ദുരുപയോഗത്തിനും ഭരണഘടനാ വിരുദ്ധതയ്ക്കുമെതിരായ ചെറുത്തുനില്‍പ്പ് കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നതാണ് ഇപ്പോഴത്തെ വിധി. ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് അശോക് ഭൂഷണും വ്യക്തമാക്കിയ വിയോജിപ്പുകള്‍ ജനങ്ങളുടെ ആശങ്കകളാണ് പങ്കുവയ്ക്കുന്നത്. ഇപ്പോഴത്തെ വിധിന്യായത്തിന്റെ പുനഃപരിശോധനക്കുള്ള വാതിലുകളാണ് ആ വിയോജിപ്പുകള്‍ തുറന്നുവയ്ക്കുന്നത്.