Friday
19 Jul 2019

ആള്‍മാറാട്ട ഉത്തരമെഴുത്ത് അതിവേഗം മായ്‌ക്കേണ്ട കളങ്കം

By: Web Desk | Wednesday 15 May 2019 10:44 PM IST


മുക്കം നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു പരീക്ഷയില്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഉത്തരം എഴുതിയ സംഭവം പ്രഭയാര്‍ജ്ജിക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കളങ്കമായിരിക്കുന്നു. സംഭവത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടും ഗൗരവമര്‍ഹിക്കുന്നു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഉത്തരങ്ങളെഴുതുകയും ചിലരുടെ ഉത്തരക്കടലാസുകള്‍ തിരുത്തിക്കൊടുക്കുകയും ചെയ്തതായാണ് സംശയം. സംഭവത്തില്‍ കൂടുതല്‍ അധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്ന് ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. സംഭവത്തില്‍ സാമ്പത്തികലക്ഷ്യമുണ്ടായിരുന്നോ എന്നു പൊലീസ് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അധ്യാപകര്‍ കള്ളത്തരം കാട്ടുന്നു എന്ന ആക്ഷേപം അവരുടെ തൊഴിലിനോടുള്ള വഞ്ചന എന്നതിലുപരി വിദ്യാര്‍ഥികള്‍ക്ക് ദുര്‍മാതൃകയാണ്. പരീക്ഷകളുടെ വിശ്വാസ്യത സംരക്ഷിക്കുന്നതില്‍ പരീക്ഷാ ചുമതലയുള്ള അധ്യാപകരുടെ പ്രത്യേക ബാധ്യതയില്‍ നിന്നുള്ള പിന്നോട്ടുപായലുമാണിത്.
മുക്കം നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് വിദ്യാര്‍ഥികള്‍ക്കായി പ്ലസ് ടു പരീക്ഷ എഴുതിയെന്ന വാര്‍ത്ത വെള്ളിയാഴ്ച രാവിലെയാണ് പുറത്തുവന്നത്. നാല് വിദ്യാര്‍ഥികള്‍ക്കായി പരീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്.
ഉത്തരക്കടലാസുകളില്‍ സമാനമായ കയ്യക്ഷരം കണ്ടതോടെയാണ് മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഇതേ വിദ്യാര്‍ഥികള്‍ എഴുതിയ മറ്റു വിഷയങ്ങളുടെ ഉത്തരക്കടലാസുകള്‍ മറ്റു ക്യാമ്പുകളില്‍ നിന്നും വരുത്തി നോക്കിയതോടെ പരീക്ഷ എഴുതിയത് വിദ്യാര്‍ഥികളല്ലെന്ന് വ്യക്തമായി. ഒന്നിലധികം പേര്‍ക്കായി ഇയാള്‍ ഉത്തരം എഴുതിയതില്‍ ദുരൂഹതയുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിഗമനം. ഉത്തരങ്ങള്‍ താന്‍ എഴുതിയതാണെന്ന് അധ്യാപകന്‍ സമ്മതിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷാഫലങ്ങള്‍ അഭിമാനകരമായിരുന്നു. ഹയര്‍ സെക്കന്‍ഡറിയില്‍ 84.33 ശതമാനം വിജയം. എസ്എസ്എല്‍സിക്കു റിക്കാര്‍ഡ് വിജയമായിരുന്നു. 98.11 ശതമാനം. ആര്‍ക്കും മോഡറേഷന്‍ നല്‍കാതെയായിരുന്നു ഈ വിജയം. എന്നാല്‍ ഇങ്ങനെയുള്ള അഭിമാനകരമായ കാര്യങ്ങള്‍ക്കുമേല്‍ കരിനിഴല്‍വീഴ്ത്തുന്നതാണ് ഒറ്റപ്പെട്ടെതെങ്കിലും മുക്കം നീലേശ്വരം സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന ആള്‍മാറാട്ടവും ക്രമക്കേടുകളും.
വിദ്യാലയങ്ങള്‍ തമ്മില്‍ അനാരോഗ്യമായ മത്സരം നടക്കുന്നുവെന്ന് ധരിക്കേണ്ടിയിരിക്കുന്നു. വിജയം പെരുപ്പിച്ച് കാട്ടാന്‍ വളഞ്ഞവഴികള്‍ തേടുന്നുവെന്ന് പൊതുസമൂഹം ധരിച്ചാല്‍ ആരെ കുറ്റപ്പെടുത്തും. കൊല്ലം ജില്ലയില്‍ വിദ്യാര്‍ഥി ക്ലാസ്സ് മുറിയില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയെന്ന പരാതി പോലും ഇത്തരം അനാരോഗ്യ പ്രവണതകളുടെ തുടര്‍ച്ചയെന്ന് ആക്ഷേപമുയര്‍ന്നതും ഓര്‍മ്മിക്കണം.
മുക്കം നീലേശ്വരത്തു നടന്ന ആള്‍മാറാട്ട ഉത്തരമെഴുത്ത് ഒറ്റപ്പെട്ടതാണ്. പക്ഷെ അതു വിദ്യാഭ്യാസരംഗത്തെ മൂല്യാവബോധത്തിന് ആഘാതമേല്‍പ്പിക്കുന്നു എന്ന ബോധ്യമുണ്ടാകണം. വിദ്യാലയങ്ങള്‍ വിജയശതമാനത്തില്‍മാത്രം ശ്രദ്ധിച്ചാല്‍ പോരാ. വിദ്യാര്‍ഥികള്‍ക്കു ധാര്‍മികമൂല്യങ്ങളും പൗരബോധവും അച്ചടക്കബോധവും പകരേണ്ട ഇടമാണ് വിദ്യാലയം. പരീക്ഷാവിജയത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ അതു വിസ്മരിക്കപ്പെട്ടുകൂടാ. വിജയശതമാനം അല്‍പം കുറഞ്ഞിരുന്നാല്‍പോലും അച്ചടക്കമുള്ള സ്‌കൂള്‍ അംഗീകരിക്കപ്പെടും. അധ്യാപനത്തിലും പരീക്ഷാമേല്‍നോട്ടത്തിലും ഇപ്പോള്‍ അധ്യാപകര്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നു എന്ന യാഥാര്‍ഥ്യം മറക്കുന്നില്ല. വിദ്യാര്‍ഥികളുടെ നന്മയ്ക്കുവേണ്ടി ആത്മാര്‍ഥമായി ചെയ്യുന്ന കാര്യങ്ങള്‍ പോലും അധ്യാപകര്‍ക്ക് തിരിച്ചടിയാകുന്നു. പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള ജീവിത പാഠങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ചൂണ്ടിക്കാട്ടുമ്പോള്‍ പരിഹസിക്കപ്പെടുന്നു.
അസഹിഷ്ണുതയുടെ കാലത്ത് സഹിഷ്ണുതയിലേക്കുള്ള സദ്മാര്‍ഗ്ഗം വിദ്യാഭ്യാസത്തിലൂടെയേ തുറക്കാനാവൂ. ഇതിന് അധ്യാപകരുടെ വ്യക്തിത്വം, സ്വഭാവസവിശേഷതകള്‍, വിദ്യാഭ്യാസയോഗ്യത, ജോലിയോടുള്ള പ്രതിബദ്ധത, സമൂഹത്തോടുള്ള അര്‍പ്പണം എന്നിവ ബോധന പ്രക്രിയയുടെ ഗുണനിലവാരം നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. സത്യം, ധര്‍മം, നീതി എന്നിവയിന്മേല്‍ കെട്ടിപ്പടുക്കേണ്ടതാണ് വിദ്യാഭ്യാസ മേഖല. അവിടെ അധാര്‍മികമായതൊന്നും ഉണ്ടാവരുത്. പാഠ്യപദ്ധതികള്‍ക്കും പാഠപുസ്തകങ്ങള്‍ക്കും അപ്പുറത്തേക്ക് ഇറങ്ങിച്ചെന്ന് ജീവിതമൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നുനല്‍കാന്‍ അധ്യാപകര്‍ക്ക് കഴിയണം. ഓരോ വിദ്യാര്‍ഥിയെയും ഉള്ളറിഞ്ഞ് മനസിലാക്കുകയും അര്‍ഹമായ പാതകളിലേക്ക് പരിശീലിപ്പിക്കുകയും ശരിയുടെയും ഉയര്‍ച്ചയുടെയും വഴികളില്‍ ഉറപ്പിക്കുകയും ചെയ്തിരുന്ന ധാരാളം അധ്യാപകര്‍ പോയ തലമുറകളില്‍ ഉണ്ടായിരുന്നു. പക്ഷെ ഇക്കാലത്ത് അത് പ്രായോഗികമല്ലെന്നു ആവര്‍ത്തിക്കുന്നവരാണേറെ. ഒന്നുറപ്പിക്കാനാകണം അധ്യാപകര്‍ നല്ല മാതൃകകള്‍ മാത്രമാകണം. മുക്കം നീലേശ്വരം കളങ്കം ഇനി ആവര്‍ത്തിക്കാതിരിക്കണം. പൂര്‍ണ്ണമായും തിരുത്താനും കഴിയണം.