ജോ ബെെഡന് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത് ആ രാജ്യത്തിന്റെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു വഴിത്തിരിവിനെയാണ് അടയാളപ്പെടുത്തുന്നത്. അക്രമങ്ങളും കലാപങ്ങളും ആഭ്യന്തരയുദ്ധവും കൂട്ടക്കൊലകള്‍ തന്നെയും ആ രാജ്യത്തിന് അന്യമല്ല. അങ്ങേയറ്റം പ്രതിലോമകരവും അരാജകവുമായിരുന്ന ട്രംപിസത്തിന്റെ നാളുകള്‍. ഏതുതരത്തിലുള്ള അമേരിക്കയായിരിക്കും ജോ ബെെഡന്റെ നേതൃത്വത്തില്‍ ഉരുത്തിരിയുക എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പു കാഴ്ചവച്ച വിഭജിത രാഷ്ട്രത്തില്‍നിന്നും വെെവിധ്യങ്ങളെയും വെെരുദ്ധ്യങ്ങളെയും രാഷ്ട്രീയ നിപുണതയോടെ സമന്വയിപ്പിക്കാന്‍ ബെെഡന് ഭരണകൂടത്തിനു കഴിയുമോയെന്നതാണ് വെല്ലുവിളി.
ഏക ധ്രുവ ലോകത്തിന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ സംഭവിച്ച ശെെഥില്യം ബഹുധ്രുവ ലോകത്തെ മറ്റൊരു രാഷ്ട്രീയ, സാമ്പത്തിക, സെെനിക ശക്തി മാത്രമാക്കി മാറ്റിയ യുഎസിന് യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാനും സ്വന്തം സ്ഥാനം നിര്‍ണയിക്കുന്നതില്‍ എത്രത്തോളം മുന്നേറാനും എന്നതായിരിക്കും ലോകത്തിന്റെ പരിഗണന. ആദ്യലക്ഷ്യം കെെവരിക്കാതെ രണ്ടാമത്തെ ചോദ്യത്തിന് ഫലപ്രഥമായി ഉത്തരം കണ്ടെത്താന്‍ ആവില്ല. ട്രംപിസത്തിന്റെ നാലാണ്ട് അമേരിക്കയ്ക്കും ലോകത്തിനുമുണ്ടാക്കിയ ക്ഷതം അത്ര ആഴമേറിയതാണ്. ട്രംപിസം ഒരു ആകസ്മിക പ്രതിഭാസം ആയിരുന്നില്ല. അതൊരു രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രത്യയശാസ്ത്രത്തിന്റെ സ്വാഭാവിക പരിണാമം ആയിരുന്നു. ആ യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ നെടുകെ പിളര്‍ന്ന യുഎസിന് ‘അമേരിക്കന്‍ ഐക്യനാടുകള്‍’ എന്ന പേര് അര്‍ത്ഥപൂര്‍ണമാക്കാന്‍ കഴിയില്ല. അതുവഴി മാത്രമെ അമേരിക്കയ്ക്ക് ലോകരാഷ്ട്ര സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ഉറപ്പിക്കാനാവൂ.
ആഭ്യന്തര രംഗത്തും ആഗോള രംഗത്തും ബെെഡന് ഭരണകൂടം ബഹുമുഖ വെല്ലുവിളികളെയാണ് നേരിടുന്നത്. പുതിയ പ്രസിഡന്റിന്റെ പ്രായം കൂടി കണക്കിലെടുക്കുമ്പോള്‍ വരുന്ന നാല് വര്‍ഷങ്ങളില്‍ എത്ര വേഗം ബെെഡന് ഭരണകൂടത്തിന് തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നിര്‍വഹിക്കാനാകും എന്നത് നിര്‍ണായകമാണ്. അത്തരം ഒരു മാറ്റത്തിന് സുശക്തമായ അടിത്തറ പാകാനും അതിന്റെ തുടര്‍ച്ച ഉറപ്പുവരുത്താനുമായാല് ബെെഡന് കൃതാര്‍ത്ഥത അവകാശപ്പെടാം. നാല് ലക്ഷം കവിഞ്ഞ മരണനിരക്കുമായി കോവിഡ് മഹാമാരി ആ രാജ്യത്ത് താണ്ഡവ നൃത്തം തുടരുകയാണ്. അതിവേഗം ആ വിപത്തിന് തടയിടണമെങ്കില്‍ ആരോഗ്യരംഗത്ത് സമൂല അഴിച്ചുപണി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അതാവട്ടെ അവിടത്തെ സമ്പദ്ഘടനയുടെയും സാമ്പത്തിക തത്വശാസ്ത്രത്തിന്റെയും പുനഃസംഘടനയിലൂടെയെ സാധ്യമാവൂ. കോര്‍പ്പറേറ്റ് ധനാധിപത്യത്തിന്റെ ഇരകളായ മഹാഭൂരിപക്ഷം അമേരിക്കന്‍ ജനങ്ങളെയും അണിനിരത്തിക്കൊണ്ട് മാത്രമെ ആ ലക്ഷ്യം സാക്ഷാത്കരിക്കാനാവൂ. അതിന് ട്രംപിസം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സാമ്പത്തിക അവിശുദ്ധ കൂട്ടുകെട്ട് തകര്‍ക്കപ്പെടണം.
വെെറ്റ് ഹൗസിനുമേല്‍ കെെവരിച്ച വിജയവും ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷവും സെനറ്റിലെ സമനിലയും ബെെഡന് സഹായകമാണ്. ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു കൊണ്ടുപോകുകയും കോണ്‍ഗ്രസിന് മുന്നിലുള്ള അന്വേഷണങ്ങള്‍ സമയബന്ധിതമായും വിജയകരമായും പൂര്ത്തിയാക്കാനുമായാല് വലതുപക്ഷ പ്രതിലോമ ശക്തികള്‍ക്ക് അമേരിക്കന്‍ ജീവിതത്തില്‍ കെെവരിക്കാനായ ആധിപത്യം തകര്‍ക്കാനായേക്കും. റിപ്പബ്ലിക്കന്മാരെപ്പോലെ തന്നെ ഡമോക്രാറ്റുകളില്‍ നല്ലൊരു പങ്കും അളവറ്റ കോര്‍പ്പറേറ്റ് സമ്പത്ത് പങ്കുപറ്റുന്നവരാണ്. അവിടെയാണ് ജനാഭിമുഖ്യവും ജനനന്മയില്‍ പ്രതിബന്ധവുമായ രാഷ്ട്രീയ സംസ്കാരം അനിവാര്യമാകുന്നത്. അത് എത്രത്തോളം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നതായിരിക്കും ബെെഡന് ഭരണകൂടത്തിന്റെ വിജയവും, അത്തരമൊരു രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയും നിര്‍ണയിക്കുക. അമേരിക്കന്‍ രാഷ്ട്ര സങ്കല്പത്തെ പിടിച്ചുലയ്ക്കുന്ന വര്‍ണവെറിയും മത, വംശ, വിദ്വേഷ രാഷ്ട്രീയത്തിനും അറുതിവരുത്തുന്നതില്‍ ഈ പുതിയ രാഷ്ട്രീയത്തിന് നിര്‍ണായക പങ്കായിരിക്കും നിര്‍വഹിക്കാനാവുക. സാമ്പത്തിക അനീതികള്‍ക്കും തൊഴിലാളിവിരുദ്ധതയ്ക്കും അത് ശക്തമായ പ്രതിരോധമായി ഉയര്‍ന്നുവരും.
കാലാവസ്ഥാ വ്യതിയാനം, ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്രസഭയടക്കം ആഗോള ബഹുരാഷ്ട്ര വേദികളിലേക്കുള്ള യുഎസിന്റെ ക്രിയാത്മക തിരിച്ചുവരവ് എന്നിവയ്ക്ക് ബെെഡന്റെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ വഴിതുറക്കും. അത്തരമൊരു തിരിച്ചുവരവ് ബെെഡന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിനും സൗദി അറേബ്യക്കും അവര്‍ പിന്തുടരുന്ന വിനാശകരമായ രാഷ്ട്രീയ, സെെനിക നടപടികള്‍ക്കും വിരാമമിടാന്‍ ബെെഡന് കഴിയണം. അത് ആഗോള രംഗത്ത് യുഎസിന്റെ അന്തസ് നിശ്ചയമായും ഉയര്‍ത്തും. ഭീകരവാദത്തിനും ആധിപത്യ ശ്രമങ്ങള്‍ക്കും കടിഞ്ഞാണിടാന്‍ യുഎസ് അതിന്റെ മുന്‍ഗണനകള്‍ പുനര്‍നിര്‍ണയിക്കണം. ബഹുധ്രുവ ലോകം എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും അതില്‍ യാഥാര്‍ത്ഥ്യബോധത്തോടെ സ്വന്തം സ്ഥാനം നിശ്ചയിക്കുകയുമെന്നതാണ് കൂടുതല്‍ നീതിപൂര്‍വവും സംഘര്‍ഷരഹിതവും സമാധാനപൂര്‍വവുമായ ഒരു പുതുലോക സൃഷ്ടിക്ക് ബെെഡന് ഭരണകൂടത്തിന് നല്കാവുന്ന ഏറ്റവും വലിയ സംഭാവന.