Web Desk

February 04, 2021, 5:14 am

മുള്ളുവേലികൾ പണിയുന്ന കിരാതത്വം

Janayugom Online

ഇന്നലെ അലഹബാദ് ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി സുപ്രധാനമാണ്. ഉത്തർപ്രദേശിൽ ട്രാക്ടർ ഉടമകളിൽനിന്ന് അരലക്ഷം രൂപ മുതൽ പത്തു ലക്ഷം രൂപവരെ ബോണ്ട് വാങ്ങുന്ന നടപടി നിയമവിരുദ്ധമാണ് എന്നായിരുന്നു അത്. ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിലും ആളുകളെ എത്തിക്കുന്നതിലും നിന്ന് ട്രാക്ടർ ഉടമകളെ പിന്തിരിപ്പിക്കുന്നതിനായിരുന്നു നിയമവിരുദ്ധമായ ഈ നടപടി ആദിത്യനാഥ് സർക്കാർ സ്വീകരിച്ചത്.

കോടതിയുടെ ഇടപെടലിനെ തുടർന്ന് ഇത് പിൻവലിക്കാമെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചിരിക്കുകയാണ്. ഇത്തരത്തിൽ നിയമവിരുദ്ധവും കിരാതവുമായ നടപടികളാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളും കേന്ദ്രസർക്കാരിന് കീഴിലുള്ള ഡൽഹി പൊലീസും കർഷകപ്രക്ഷോഭത്തെ നേരിടുന്നതിന് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് കർഷകർ ഡൽഹിയുടെ മൂന്ന് അതിർത്തി പ്രദേശങ്ങളിലാണ് പ്രധാനമായും പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളിലും ചെറുസംഘങ്ങളായുള്ള സമരങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഹരിയാന, ഉത്തർപ്രദേശ് സസ്ഥാനങ്ങളിലും ഡൽഹി അതിർത്തിയിലും കർഷക പ്രക്ഷോഭകരെ ഒഴിപ്പിക്കുന്നതിന് പാഴ്ശ്രമം നടത്തുകയുണ്ടായി. ഗാസിപ്പൂരിൽ രണ്ടു രാത്രികളിൽ ഹീനമായ നീക്കങ്ങളാണ് നടത്തിയത്. ഹിന്ദുത്വ സംഘടനാപ്രവർത്തകരെ പ്രദേശവാസികളെന്ന പേരിൽ എത്തിച്ച് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയും അതിന്റെ കൂടെ ചേർന്ന് പൊലീസ് നടപടിക്ക് വഴിയൊരുക്കുകയുമായിരുന്നു നീക്കം. എന്നാൽ കർഷകർ നിലപാടിൽ ഉറച്ചു നിന്നതിനാൽ ആ ശ്രമങ്ങൾ ഫലവത്തായില്ല.

ചില സംസ്ഥാനങ്ങളിലെ ചെറുസമരങ്ങൾ ഒഴിപ്പിക്കപ്പെട്ടുവെങ്കിലും പൊലീസ് നടപടിയും സംഘപരിവാർ ആക്രമണങ്ങളും പ്രക്ഷോഭത്തെ കനപ്പിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ക്രൂരവും മനുഷ്യത്വ രഹിതവുമായ മാർഗ്ഗങ്ങളിലൂടെ പ്രക്ഷോഭകരെ നേരിടുന്നതിന് സർക്കാരുകൾ നടപടി സ്വീകരിച്ചിരിക്കുന്നത്. വാർത്താവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകർ സഞ്ചരിച്ച തീവണ്ടി വഴിതിരിച്ചുവിട്ട സംഭവമുണ്ടായി. ഫിറോസ്‌പൂരിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട തീവണ്ടി വഴിതിരിച്ചുവിട്ടതിനാൽ കർഷകർക്ക് പാതിവഴിയിൽ ഇറങ്ങേണ്ടിവന്നു. കൂടാതെ രാജസ്ഥാനിൽ നിന്ന് ഡൽഹിയിലേക്കുള്ള തീവണ്ടികൾ റദ്ദാക്കുകയും ചെയ്തു. മൂന്ന് പ്രധാന പ്രക്ഷോഭകേന്ദ്രങ്ങളും രണ്ടും മൂ­ന്നും കിലോമീറ്ററുകൾ അകലെവച്ച് കൊട്ടിയടച്ചിരിക്കുകയാണ്.

നിരവധി ബാരിക്കേഡുകൾ മുള്ളുവേലികൾ ഘടിപ്പിച്ചാണ് തടസം സൃഷ്ടിച്ചിരിക്കുന്നത്. വിവിധപ്രദേശങ്ങളിൽ നിന്ന് വാഹനങ്ങളിലെത്തുന്ന പ്ര­ക്ഷോഭകർ അകലെ നി­ർത്തി കിലോമീറ്ററുകൾ നടന്നുവേണം സ­മര കേ­ന്ദ്രങ്ങളിലെത്താ­ൻ. അതിനിടയിൽ പൊ­­­ലീ­സിന്റെ നിരന്തരമായ പരിശോധനകളും നേരിടണം. കൂടാതെ മു­ള്ളുവേലികൾ കെട്ടിയ ബാരിക്കേഡുകളുടെ നിരകൾ കടന്ന് ആയാസപ്പെട്ട് യാത്ര ചെയ്യുകയും വേണമെന്നതാണ് സ്ഥിതി. പ്രക്ഷോഭ കേന്ദ്രങ്ങളിൽ നിന്ന് പുറത്തേക്ക് പോകുന്നതിനും അതേപ്രതിബന്ധങ്ങൾ മറികടക്കണം. സമരകേന്ദ്രങ്ങൾക്ക് മുകളിൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് സദാസമയവും നിരീക്ഷണമുണ്ട്. ഇത്തരം സംവിധാനങ്ങൾക്ക് പിന്നാലെയാണ് കിരാതമായ നടപടികൾ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. എടുത്തുമാറ്റാവുന്ന ബാരിക്കേഡുകൾക്കു പകരം സിംഘു അതിര്‍ത്തിയിലെ പ്രധാന ഹൈവേയില്‍ രണ്ടു വരികളായി സിമന്റ് മതിലുകൾ തീർത്തിരിക്കുകയാണ്.

മുകളിലാകട്ടെ ഇരുമ്പു കമ്പികള്‍ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരിക്കുകയാണ്. ഇവയ്ക്ക് ഇടയിലൂടെയാത്ര ചെയ്യുകയെന്നത് അതീവ ദുഷ്കരമാണെന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ഇതിന് പുറമേ കർഷകരുടെ വാഹനങ്ങൾ സഞ്ചരിച്ച് സമരകേന്ദ്രങ്ങളിലെത്തുന്നത് തടയുന്നതിനായി റോഡുകളിൽ കൂർത്തഇരുമ്പ് കമ്പികൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പ്രക്ഷോഭകർ എത്തുന്നത് തടയുക മാത്രമല്ല ഇതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെന്നത് വ്യക്തമാണ്. കേന്ദ്രങ്ങളിലേക്കുള്ള എല്ലാ കവാടങ്ങളും കൊട്ടിയടച്ച് തടവിലാക്കുകയെന്നതും അവരുടെ ഉദ്ദേശ്യമാണെന്ന് കരുതണം. ഡൽഹിയിലേക്കുള്ള അതിർത്തികളിലാണ് മൂന്ന് സമരവും നടക്കുന്നത്. ഇവ ഡൽഹിക്കു ചുറ്റുമുള്ള സംസ്ഥാനങ്ങളുടെ കൂടി പരിധിയിലാണ്. അതുകൊണ്ട് വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണം അതാത് സംസ്ഥാനങ്ങളെ ഉപയോഗിച്ച്തടയുന്നതിന് ശ്രമങ്ങൾ ഉണ്ടായപ്പോള്‍ ഡൽഹി സർക്കാർ വാഹനങ്ങളിൽ വെള്ളമെത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കി. ട്രാക്ടറുകളിലെയും ട്രോളികളിലെയും പ്രകാശം ഉപയോഗിച്ച് വൈദ്യുതിയില്ലെന്ന സാഹചര്യത്തെ മറികടക്കുകയും ചെയ്തു. ഇതെല്ലാം തടയുകയെന്നതും സർക്കാരിന്റെ ലക്ഷ്യമായി കരുതാവുന്നതാണ്.

അതിർത്തികളിൽ ശത്രുരാജ്യങ്ങളോടുപോലും പാലിക്കേണ്ട ചില മര്യാദകളുണ്ട്. കർഷക പ്രക്ഷോഭകരോട് അതുപോലും കാട്ടുന്നതിന് തയ്യാറാകുന്നില്ലെന്നാണ് പൊലീസിന്റെ സന്നാഹങ്ങൾ വ്യക്തമാക്കുന്നത്. നെഞ്ചളവിന്റെ വിസ്തൃതിയിൽ മേനി നടക്കുകയും അതിന്റെ പേരിൽ അണികൾ അമാനുഷികത്വം കല്പിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയുടെ ഭരണത്തിലാണ് ഒരു പ്രക്ഷോഭത്തെ നേരിടുന്നതിന് ഇത്രയും ക്രൂരവും മനുഷ്യത്വരഹിതവുമായ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ജനങ്ങളാകെ ഏറ്റെടുത്ത ഒരു പ്രക്ഷോഭത്തെ നേരിടാനാകാതെ വരുമ്പോൾ കൂവിത്തോല്പിക്കു (നാടൻപ്രയോഗം മറ്റൊന്നാണ്) കയെന്ന പഴഞ്ചൻ രീതിയാണ് കേന്ദ്ര സർക്കാരും സ്വീകരിച്ചിരിക്കുന്നത്. ഇതുകൊണ്ടൊന്നും മഹാപ്രക്ഷോഭത്തെ തകർക്കാനാവില്ലെന്ന് മനസിലാകാത്തത് മോഡിക്കും കൂട്ടർക്കും മാത്രമാണ്.