September 26, 2022 Monday

സമ്പദ്ഘടന തകർച്ചയിൽ

Janayugom Webdesk
September 20, 2020 5:30 am

മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) വിപരീതം 23 ശതമാനത്തിലും താഴെ എത്തിയിരിക്കുന്നു. തറപറ്റിയ നിലയിലാണ് രാജ്യത്തിന്റെ സമ്പദ്ഘടന. സാമ്പത്തിക ഉത്തേജക പാക്കേജുകൾ അനിവാര്യമായിരിക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് കടങ്കഥയായത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. 2020 മെയ് 12നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. ഒരു നാളിനു ശേഷം മെയ് 13ന് അടുക്കുകളായി വിശദാംശങ്ങൾ അറിയിക്കുമെന്ന വാഗ്ദാനവുമായി ധനമന്ത്രിയും എത്തി.

എന്നാൽ എക്കാലങ്ങളിലെപ്പോലെയും കൊടിയ ദാരിദ്ര്യദുരിതങ്ങളുടെ ആഴങ്ങളിലേക്ക് സാധാരണ ജനം അവഗണിക്കപ്പെട്ടു. അവർ നാടിനെ ഊട്ടിയിരുന്ന കർഷകരും തൊഴിലാളികളുമായിരുന്നു. മഹാമാരിയുടെ നാളുകളിൽ ചെറുവിരാമം പ്രതീക്ഷിച്ചിരുന്നവർക്ക് ദുരവസ്ഥകളിലെ കാഠിന്യമേറിയ യാഥാർഥ്യം ബോധ്യപ്പെട്ടു. അവർ കുടിയേറ്റ തൊഴിലാളികളും നാമമാത്ര വരുമാനത്തിൽ നിലനിൽപ്പിന് പരിശ്രമിക്കുന്നവരുമായിരുന്നു. 2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റിലും 3.5 ശതമാനമായിരുന്നു ധനക്കമ്മി. ജിഡിപി കമ്മിയും തുല്യം. ബജറ്റിലെ ചെലവ് പദ്ധതി 30,42,330 കോടിയുടേതായിരുന്നു.

പദ്ധതിയിലേക്ക് സർക്കാർ കടംകൊള്ളുന്നത്7,96,337 കോടിയും. സമ്പദ്ഘടനയുടെ തകർച്ചയുടെ ചക്രച്ചാൽ മഹാമാരിയ്ക്കും ലോക്ഡൗൺ വേളകൾക്കും മുമ്പേ പ്രകടമായിരുന്നു. സാമ്പത്തിക വളർച്ച സ്ഥിരമായി കുറയുന്നതും സർക്കാരിന്റെ സമ്പദ്സ്ഥിതി മോശമാകുന്നതും പോയ എട്ടുപാദങ്ങളിലെ ജിഡിപി താഴേക്ക് ഇഴയുന്നത് ചൂണ്ടിക്കാട്ടി റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ജിഡിപി തോത് കഴിഞ്ഞ എട്ടു പാദങ്ങളിലായി ഇടിയുകയാണ്. 2018 ഡിസംബറിനും 2019 മാർച്ചിനും ഇടയിൽ.08ശതമാനത്തിന്റെ വളർച്ച പ്രകടിപ്പിച്ചെങ്കിലും മിന്നായംപോലെ അത് മാഞ്ഞു. 2018 മാർച്ച് 18ന് ജിഡിപി നിരക്ക് 8.2ലേക്ക് ഉയർന്നു, 2020 മാർച്ചിൽ ലോക്ഡൗൺ ചിന്തകൾക്കു മുന്നേ 3.4 ശതമാനത്തിലേക്ക് വീണു. കോവിഡ് 19 ഉപജീവന മാർഗ്ഗങ്ങളേയും നിർമ്മാണ മേഖലയേയും ഗ്രഹിച്ച ഏപ്രിൽ ജൂൺ മാസങ്ങളും ജീവനെടുത്ത് അതിരുകൾ കടന്ന് പടർന്നു കയറിയ ജൂലൈയും കടന്ന് പോകുകയാണ്. നിത്യേന അനേകം ജീവനുകൾ പൊലിഞ്ഞു വീഴുന്നു.

എന്നാൽ രോഗത്തിന്റെയും മരണത്തിന്റെയും നിശബ്ദതയുടെ മറവിൽ വൻച്യുതികൾക്ക് കളമൊരുങ്ങുകയാണ്. നീണ്ട പ്രക്ഷോഭങ്ങളിലൂടെയും സഹനങ്ങളിലൂടെയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലങ്ങളിൽ ലോകമെമ്പാടും നേടിയ വിജയത്തിന്റെ ഫലമായി തൊഴിൽ സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തിയത് ഇപ്പോൾ എതിർദിശയിലേക്ക് മാറ്റി മാറിച്ചിരിക്കുന്നു. പത്തുമുതൽ പന്ത്രണ്ടുമണിക്കൂർ നീളുന്ന ജോലിസമയവും നാൽപതുശതമാനത്തോളം വെട്ടിക്കുറച്ച ശമ്പളവും. അംഗീകരിച്ചില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന ദുരവസ്ഥയും, ഇതൊക്കെ ഇപ്പോൾ വ്യവസ്ഥകളായിരിക്കുന്നു. ദേശീയ തലത്തിലും രാഷ്ട്രതലസ്ഥാനത്തും തൊഴിലില്ലായ്മ 13.8 ശതമാനമാനത്തിലേക്ക് ഉയർന്ന സാഹചര്യത്തിൽ മറുവഴികളില്ലാത്ത ഗതികേടിലേക്ക് ഉദ്യോഗാർഥികളും തൊഴിലാളികളും നീങ്ങുന്നു. 2020 ഓഗസ്റ്റിൽ തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനമായിരുന്നു. നിർമ്മാണ മേഖലയിലെ വളർച്ചാ നിരക്ക് 15 മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കായ 47.1 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് തൊഴിലവസരങ്ങളെ പുറകോട്ടടിച്ചു. ഒരു ദശകം പിന്നിലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തേതിലും വേഗതയിലാണ് നിലവിലെ ഇടിവ്.

ഇപ്പോൾ മുൻകാലങ്ങളിൽ സാമ്പത്തിക വളർച്ചയെ സഹായിച്ചിരുന്ന ശക്തികൾക്ക് ഉറവവറ്റിയിരിക്കുന്നു. ഉപഭോഗവും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ആവശ്യവും അദൃശ്യമായി. ഇത് പ്രത്യക്ഷത്തിൽ ആഭ്യന്തര ഉല്പാദന വളർച്ചയെ പിന്നോട്ടടിച്ചിരിക്കുന്നു. സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് (പിഎഫ്‌സിഇ)2019ൽ ജിഡിപിയുടെ 57 ശതമാനം ആയിരുന്നുവെങ്കിൽ 2020 മാർച്ചിൽ ആരംഭിച്ച പാദത്തിൽ 2.7 ശതമാനമായി തകർന്നു. ഒരു ദശകത്തിലെ എറ്റവും കുത്തനെയുള്ള പതനമായിവന്നു അത്, വീണ്ടെടുക്കാനാവാത്ത തകർച്ച. ഉപഭോഗ ആവശ്യങ്ങളിലുണ്ടായ ഈ തകർച്ച സാമ്പത്തിക വളർച്ചയുടെ വഴിയിൽ വിനാശകരമായ പ്രഭാവം പുലർത്തുകയും ചെയ്യുന്നു.

ഉപഭോഗ ആവശ്യങ്ങൾ, പ്രത്യേകിച്ചും നിരാശാജനകമായ തൊഴിൽ നഷ്ടത്തിന്റെയും അതിലൂടെയുള്ള വരുമാന ഇടിവിന്റെയും ഘടനയിൽ അന്തർലീനമായ ഒരു തകർച്ചയെ ജനം നേരിടുമ്പോൾ, ഗാർഹിക ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനും മിച്ചം പിടിക്കാനും അവർ പരിശ്രമിക്കും. ഇത് ഫലത്തിൽ സാമ്പത്തിക വളർച്ചയെ ദോഷകരമായി ബാധിക്കും. സമ്പദ്ഘടനയുടെ സമസ്തമേഖലയേയും പ്രതിസന്ധി ബാധിച്ചിരിക്കുന്നു എന്ന് അനുദിനം ബോധ്യപ്പെടുമ്പോൾ ഇതിന്റെ വീണ്ടെടുപ്പിന് കേന്ദ്ര സർക്കാരിന് നിർണ്ണായകമായ കർത്തവ്യം പൂർത്തീകരിക്കാനുണ്ട്. പ്രധാന മേഖലകൾക്കെല്ലാം പുരോഗമന ഘടനയിൽ സർക്കാരിൽ നിന്നുള്ള ധന പ്രതികരണത്തിന്റെ ഓഹരി അനിവാര്യമാണ്. എന്നാൽ അത്തരം നീക്കങ്ങളൊന്നുമില്ല. ഉപഭോക്താക്കളുടെ ഉപഭോഗം കുറയുന്നു.

പ്രാദേശിക ലോക്ഡൗണുകൾ ഉല്പാദക സംരംഭങ്ങൾക്ക് താഴുവീഴ്ത്തുന്നു. സമ്പദ്ഘടനയുടെ വീണ്ടെടുപ്പ് സാമ്പത്തിക ഉത്തേജക നടപടികളിലൂടെ മാത്രമേ സാധ്യമാകൂ. മൊത്തവിപണി വിലയിലുണ്ടാകുന്ന സങ്കോചം ഉല്പാദന പ്രേരകങ്ങളെയും ബാധിക്കുകയാണ്. പുറംചട്ടയിലെ തിളക്കംമാത്രമാണ് ഈ നിലനിൽക്കുന്ന ഇരുട്ടിൽ കാണാനാവുന്നത്. പരാജയങ്ങളും ഇരുണ്ട പാടുകളും മറച്ച് കമനീയ ചിത്രം വരയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. ഉള്ളടക്കത്തിൽ പട്ടിണിയും മരണത്തിന്റെ നിഴലും പ്രത്യക്ഷമായിരിക്കുന്നു. ഇരുട്ടിന് കനംവയ്ക്കുകയാണ്. പക്ഷെ, അന്ധത മിഴിക്കുന്നത് ചിലർക്ക് നേട്ടങ്ങളാകുന്നു. ജിഡിപി തോത് ന്യൂനതം 23 ശതമാനത്തിൽ വീണിഴയുമ്പോഴും അഡാനി അംബാനിമാരുടെ കച്ചവട ലാഭം 34 ശതമാനം ഉയർന്നിരിക്കുന്നു. വിരോധാഭാസമെന്തെന്ന് ശ്രദ്ധതിരിക്കാനുള്ള കണ്ണഞ്ചിപ്പിക്കുന്ന ശ്രമങ്ങൾ തുടരുന്നതു തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.