Web Desk

January 26, 2021, 5:00 am

ഭരണഘടനയുടെ അന്തസത്തയും ചെെതന്യവും സംരക്ഷിക്കപ്പെടണം

Janayugom Online

ഇന്ത്യ 72-ാമതു റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. കോളനിവാഴ്ചയില്‍ നിന്നും വിമോചിതരായ ഇന്ത്യന്‍ ജനത വ്യക്തമായി നിര്‍വചിക്കപ്പെട്ട ഭരണഘടനയുടെ അടിസ്ഥാനത്തില്‍ സ്വയം സംഘടിതമായി റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതിന്റെ വാര്‍ഷികം. അസാധാരണവും അഭൂതപൂര്‍വവുമായ ഒരു റിപ്പബ്ലിക് ദിനാചരണമാണ് ഇക്കൊല്ലം നടക്കുന്നത്. സമാന്തരമായി രണ്ട് ദിനാചരണ പരിപാടികള്‍ക്കാണ് രാഷ്ട്ര തലസ്ഥാനവും രാജ്യമാകെയും സാക്ഷ്യം വഹിക്കുന്നത്.

കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഔപചാരിക റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഒരുവശത്ത്. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി കര്‍ഷകരും ഇതര ജനസാമാന്യങ്ങളും നടത്തുന്ന ദിനാചരണ പരിപാടികള്‍ മറുവശത്ത്. നൂറ്റിമുപ്പത് കോടി ജനങ്ങള്‍ അധിവസിക്കുന്ന രാജ്യാതിര്‍ത്തിക്കുള്ളില്‍ മുഖാമുഖം നില്‍ക്കുന്ന രണ്ട് റിപ്പബ്ലിക്കുകളെയാണ് ഈ സമാന്തര റിപ്പബ്ലിക് ദിനാചരണം പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യന്‍ ജനത സ്വമേധയാ ആവിഷ്കരിച്ച് അംഗീകരിച്ച് സ്വയം സമര്‍പ്പിച്ച ഭരണഘടന അഭിമുഖീകരിക്കുന്ന കനത്ത വെല്ലുവിളിയെയാണ് ഈ സമാന്തര റിപ്പബ്ലിക് ദിനാചരണം പ്രതിഫലിപ്പിക്കുന്നത്.

ഭരണഘടനയുടെ കാവലാളായി മാറേണ്ട ഭരണകൂടമടക്കം ഭരണഘടനാ സ്ഥാപനങ്ങള്‍ തങ്ങളുടെ ദൗത്യത്തില്‍ അറിഞ്ഞുകൊണ്ട് വീഴ്ച വരുത്തുകയും ഭരണഘടനാ തത്വങ്ങളെയും വ്യവസ്ഥകളെയും മൂല്യങ്ങളെയും കാറ്റില്‍പറത്തുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യമെമ്പാടും സമാന്തരമായി റിപ്പബ്ലിക് ദിനാചരണം നടത്താന്‍ കര്‍ഷകരടക്കം ജനസാമാന്യങ്ങളെ നിര്‍ബന്ധിതമാക്കിയത്. വെെരുധ്യങ്ങളും വെെവിധ്യങ്ങളും നിറഞ്ഞ വിപുലവും വിസ്തൃതവുമായ ഒരു ജനതയ്ക്ക് ഒരുമിച്ച്, ഐക്യത്തോടെയും സ്വരച്ചേര്‍ച്ചയോടെയും ജീവിക്കാന്‍ അനുയോജ്യമായ അടിത്തറയും അന്തരീക്ഷവും ഒരുക്കിനല്‍കുന്നത് ഭരണഘടനയും ഭരണഘടനാ തത്വങ്ങളും മൂല്യങ്ങളും മാത്രമാണ്. അതിന്റെ അന്തസത്തയും ചെെതന്യവും ഉള്‍ക്കൊള്ളാന്‍ രാഷ്ട്രത്തിന്റെ ഏതെങ്കിലും ഘടകം വിസമ്മതിക്കുന്നത് രാഷ്ട്രത്തിന്റെ ശെെഥില്യത്തെയായിരിക്കും ക്ഷണിച്ചുവരുത്തുക.

വെെവിധ്യമാര്‍ന്ന മതങ്ങളുടെയും വിശ്വാസങ്ങളുടെയും ജീവിതരീതികളുടെയും ആചാരക്രമങ്ങളുടെയും സാംസ്കാരിക വെെജാത്യങ്ങളുടെയും രാഷ്ട്രീയ‑പ്രത്യയശാസ്ത്ര ധാരണകളുടെയും കളിത്തൊട്ടിലാണ് ഇന്ത്യ. ഭാഷാ, വര്‍ണ, വംശ വെെജാത്യങ്ങളാല്‍ സമാനതകളില്ലാത്ത ജനതയാണ് ഇന്ത്യക്കാര്‍. ആ വെെ­വിധ്യങ്ങളെയും വെെ­ജാത്യങ്ങളെയും തുറന്ന മനസോടെ അംഗീകരിച്ചും പരസ്പരം ആദരിച്ചും മാത്രമെ നമുക്ക് ഒരുമിച്ച് നിലനില്‍ക്കാനാവൂ. ഒന്ന് മറ്റൊന്നിന്റെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ നടത്തുന്ന ഏത് ശ്രമവും സമൂഹത്തില്‍ ശക്തമായ ചെ­റുത്തുനില്പും പിളര്‍പ്പും ക്ഷണിച്ചുവരുത്തും.

സാമൂഹിക, സാംസ്കാരിക, മത, ഭാഷാ, വംശ, വര്‍ണ്ണ വെെവിധ്യങ്ങളുടെ സന്തുലിതമായ നിലനില്പിന് ഒപ്പം പ്രധാനമാണ് സാമ്പത്തിക നീതിയുടെ പ്രശ്നങ്ങളും. ഇന്ത്യന്‍ ഭരണഘടന സ്വകാര്യ സ്വത്തിന് സംരക്ഷണം ഉറപ്പു ന­ല്കുന്നതോടൊപ്പം സമ്പത്ത് ആര്‍ജിക്കാനുള്ള അവകാശത്തിനും നിയമസംരക്ഷണം നല്‍കുന്നു. എന്നാല്‍, അതൊരിക്കലും മഹാഭൂരിപക്ഷം വരുന്ന ദുര്‍ബല ജനവിഭാഗങ്ങളുടെ സമ്പത്തും അവരുടെ അധ്വാനവും അധ്വാനഫലവും കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കുന്നില്ല. ഭരണഘടന സ്ഥാപനത്തിന്റെ, ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ, 73-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഭരണഘടനയുടെ അന്തസത്ത തന്നെ നിരന്തരമായ കടന്നാക്രമണങ്ങള്‍ക്ക് വിധേയമാകുന്നു എന്ന യാഥാര്‍ത്ഥ്യം രാഷ്ട്രത്തെ അസ്വസ്ഥമാക്കുന്നു.

ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നീ ആശയങ്ങളുടെ അടിത്തറയിലാണ് ഇന്ത്യന്‍ റിപ്പബ്ലിക്ക് നിലയുറപ്പിക്കുന്നത്. എന്നാല്‍ ആ അടിത്തറ, റിപ്പബ്ലിക്കിന് ആധാരമായ ഭരണഘടനയുടെ സംരക്ഷകരായി വര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നുതന്നെ നിരന്തരമായ കടന്നാക്രമണത്തില്‍ ആടി ഉലയുകയാണ്. ഈ ആക്രമണം പുറത്തുനിന്നുള്ള ഒന്നല്ല. അതിന്റെ സ്രോതസ് ഉള്ളില്‍ തന്നെയാണ്. അതാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ട് സമാന്തര റിപ്പബ്ലിക് ദിനാചരണം അനിവാര്യമാക്കിയത്. ഇന്ത്യന്‍ റിപ്പബ്ലിക് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളിയെയാണ് നേരിടുന്നത്. ഭരണഘടനയേയും അതിന്റെ അന്തസത്തയേയും മൂല്യങ്ങളേയും സംരക്ഷിച്ചു നിലനിര്‍ത്താതെയും അതിനെ നിരന്തരം ശക്തിപ്പെടുത്താതെയും ഒരു രാഷ്ട്രം എന്ന നിലയിലും ജനത എന്ന നിലയിലും ഇന്ത്യക്ക് മുന്നോട്ടുള്ള പ്രയാണം ദുഷ്കരമാവും. ഇന്നു നടക്കുന്ന സമാന്തര റിപ്പബ്ലിക് ദിനാചരണം നിര്‍ബന്ധിതമാക്കിയത് കേവലം മൂന്ന് കാര്‍ഷിക കരിനിയമങ്ങള്‍ക്ക് എതിരായ പ്രതിഷേധം മാത്രമല്ല. മറിച്ച്, ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ക്ക് ഉറപ്പുനല്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അവകാശങ്ങളുടെ ചെെതന്യം വീണ്ടെടുക്കാനും നിലനിര്‍ത്താനും കൂടുതല്‍ ശാക്തീകരിക്കാനുള്ള അഭിവാഞ്ഛയെയാണ് അത് പ്രതിനിധീകരിക്കുന്നത്, പ്രതിഫലിപ്പിക്കുന്നത്.