Web Desk

October 30, 2020, 5:00 am

ഫേസ്ബുക്കിന്റെ ബീഭത്സത തുറന്നുകാട്ടപ്പെടുന്നു

Janayugom Online

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രഥമ സ്ഥാനത്തുള്ള ഫേസ്ബുക്കിന്റെ ഏഷ്യയിലെ നയതന്ത്ര മേധാവി അംഖിദാസിന്റെ രാജി ആ സ്ഥാപനവും മോഡി ഭരണകൂടവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ബീഭത്സമുഖത്തെയാണ് തുറന്നുകാട്ടുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷതയേയും സമാധാനപരമായ സാമൂഹ്യ അന്തരീക്ഷത്തെയും തകര്‍ക്കുന്നതില്‍ ഫേസ്ബുക്ക് വഹിച്ച കുത്സിത പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണങ്ങളാണ് അംഖിദാസിന്റെ രാജിയിലേയ്ക്ക് നയിച്ചത്. ജനങ്ങള്‍ക്കിടയില്‍ മതവിദ്വേഷം വളര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ അക്ഷന്തവ്യമായ കുറ്റകൃത്യമാണ്.

ഫേസ്ബുക്കിന്റെ നയരൂപീകരണത്തിലും അതിന്റെ നിര്‍വഹണത്തിലും നേതൃത്വം നല്കിയിരുന്ന അംഖിദാസ് ബോധപൂര്‍വം വിദ്വേഷ പ്രചരണത്തെ പ്രോത്സാഹിപ്പിക്കുകയും അതിന് ഒത്താശ നല്കിയിരുന്നതുമായാണ് ആരോപണം. നരേന്ദ്രമോഡിയോടും ബിജെപി സംഘ്പരിവാര്‍ വൃത്തങ്ങളോടുമുള്ള തികഞ്ഞ പക്ഷപാതിത്വത്തോടെ മതവിദ്വേഷ പ്രചാരണത്തിന് അംഖിദാസ് ഫേസ്ബുക്ക് വഴി അവസരം ഒരുക്കിനല്കിയതായാണ് സ്വതന്ത്ര അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം നിരീക്ഷിക്കുന്ന നിരവധി സംഘടനകള്‍ ഉന്നയിച്ച പരാതികളെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി സ്ഥിരം സമിതി ഫേസ്ബുക്ക് പ്രതിനിധികളെ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് അംഖിദാസ് രാജിവച്ചത്. അവര്‍ തുടര്‍ന്നു ‘അവര്‍ക്ക് ഏറെ താല്പര്യമുള്ള സാമൂഹ്യ സേവന’രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഫേസ്ബുക്കിന്റെ ഇന്ത്യന്‍ ബിസിനസ് മേധാവി അജിത് മോഹന്‍ പ്രസ്താവനയില്‍ സൂചിപ്പിക്കുകയുണ്ടായി. അവര്‍ വരാന്‍ പോകുന്ന പശ്ചിമബംഗാള്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുപ്രധാന പ്രചാരണ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ, ഒരുപക്ഷെ, തെരഞ്ഞെടുപ്പില്‍ മത്സരിക്കുകതന്നെയോ ചെയ്യുമെന്ന അഭ്യൂ­ഹം ശക്തമാണ്. ഫേസ്ബുക്കിന് ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളും ഏറ്റവും വലിയ ബിസിനസുമുള്ള രാജ്യമാണ് ഇന്ത്യ.

ആഗോളതലത്തില്‍ ഏറ്റവുമധികം പ്രചാരമുള്ള സാമൂഹ്യമാധ്യമം എന്ന നിലയില്‍ ഫേസ്ബുക്ക് ഇന്ന് രാജ്യാതിര്‍ത്തികള്‍ക്കും നിയമവ്യവസ്ഥകള്‍ക്കും അതീതമായ ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. തുടക്കത്തില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി സമഗ്രാധിപത്യ പ്രവണതകള്‍‍ക്കും സ്വേച്ഛാധികാരത്തിനും എതിരെ ജനകീയ പ്രതിരോധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഫേസ്ബുക്ക് ഫലപ്രദമായ ഉപകരണമായി പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. ഫേസ്­ബുക്ക് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കഴിഞ്ഞ പതിനാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ സാധാരണ ഉപയോക്താവിന് തങ്ങളുടെ സൗഹൃദബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സഹായകമായ ഉപാധി എന്നതില്‍ നിന്നും ശതകോടിക്കണക്കിനു ഡോളര്‍ ലാഭം കുന്നുകൂട്ടാനുള്ള ബിസിനസ് സംരംഭമായി അത് മാറിക്കഴിഞ്ഞു. ജനകീയ ചെറുത്തുനില്പുകളുടെ സുഗന്ധം പരത്തുന്ന സാമൂഹ്യ മാധ്യമത്തില്‍ നിന്നും ചോരമണക്കുന്ന, വിദ്വേഷം വമിപ്പിക്കുന്ന, അത്യന്തം പ്രതിലോമകരമായ ആയുധമായുള്ള അതിന്റെ പരിവര്‍ത്തനത്തിന് ഏറെക്കാലം വേണ്ടിവന്നില്ല.

തീവ്ര ഹിന്ദുത്വത്തിന്റെയും ഹിംസാത്മക ദേശീയവാദത്തിന്റെയും കൈകളില്‍ അത് ഏറ്റവും ഭീകരമായ വിധ്വംസക ശക്തിയായി മാറുന്നതിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. മുസ്‌ലിം മതന്യൂനപക്ഷത്തിനും ദളിതര്‍ക്കുമടക്കം പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണത്തിനുള്ള ഉപകരണമായി അത് മാറിയിരിക്കുന്നു. അംഖിദാസിനെ തുടര്‍ന്ന് തല്‍സ്ഥാനത്ത് അവരോധിക്കപ്പെടുമെന്ന് പറയപ്പെടുന്ന ഇപ്പോഴത്തെ വാട്സ്ആപ് മേധാവി തീവ്ര ഹിന്ദുത്വത്തിന്റെയും മോഡി ഭരണകൂടത്തിന്റെയും മറ്റൊരു വിശ്വസ്തവിധേയനായിരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ഡല്‍ഹിയിലെ വംശീയ കലാപത്തിലും മ്യാന്‍മറിലും ശ്രീലങ്കയിലും സമീപകാലത്ത് അരങ്ങേറിയ വംശീയ ഹത്യകളിലും ഫേസ്ബുക്കിന്റെ പങ്കിനെപ്പറ്റി ആഗോളതലത്തില്‍ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങള്‍ അവഗണിക്കാവുന്നതല്ല. ലോകത്താകെ വളര്‍ന്നുവരുന്ന ഫാസിസ്റ്റ്, സമഗ്രാധിപത്യ പ്രവണതകളുടെ പേറ്റച്ചിയായി മാറുകയാണോ ഫേസ്ബുക്ക് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഫേസ്ബുക്കിന്റെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്നത് എന്തുവിലകൊടുത്തും ലാഭം കുന്നുകൂട്ടുകയെന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുതലാളിത്തത്തിന്റെ ബീഭത്സതയാണ്.