Web Desk

October 29, 2020, 5:00 am

ഇന്ത്യാ-യുഎസ് പ്രതിരോധക്കരാര്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും

Janayugom Online

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യയും യുഎസും ഒപ്പുവച്ച സൈനിക‑പ്രതിരോധ പ്രാധാന്യമുള്ള കരാറുകള്‍ രാജ്യത്തിന്റെ സ്വതന്ത്ര വിദേശനയത്തിലും തന്ത്രപരമായ സ്വയംഭരണാധികാരത്തിലും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. ഇരു രാജ്യങ്ങളുടെയും പ്രതിരോധ‑വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ ഏഷ്യാ പസഫിക് മേഖലയില്‍ യുഎസ് മേല്‍ക്കോയ്മയില്‍ ഒരു സൈനിക സഖ്യത്തിന് അടിത്തറപാകുകയും മേഖലയെ ശീതയുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന ആശങ്ക വ്യാപകമാണ്. യുഎസ് ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സൈനിക ചതുഷ്‌കോണ സഖ്യത്തിനുള്ള തിരനോട്ടമായേ യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍ പങ്കാളിത്തത്തോടെ നവംബറില്‍ നടക്കുന്ന ‘മലബാര്‍ സൈനിക പ്രകടന’ത്തിനു മുന്നോടിയായി ഒപ്പുവച്ച കരാറിനെ നോക്കിക്കാണാനാവൂ. കഴിഞ്ഞ ആറുമാസങ്ങളായി ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ നിലനില്ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യതാല്പര്യങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഹാനികരമായി മാറിയേക്കാവുന്ന കരാര്‍ ഒപ്പുവച്ചതെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍ മോഡി-ട്രംപ് ദ്വയങ്ങളുടെ ആത്മനിഷ്ഠസൗഹൃദത്തില്‍ നിന്നും ആസൂത്രിതമായി ഒരുക്കപ്പെട്ട കെണിയിലേക്കാണ് രാജ്യം വലിച്ചിഴക്കപ്പെട്ടിരിക്കുന്നതെന്ന് കഴിഞ്ഞ ആറുവര്‍ഷങ്ങളിലെ ചരിത്രം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ കാണാന്‍ കഴിയും. ചൊവ്വാഴ്ച ഇരുരാജ്യങ്ങളും ചേര്‍ന്ന് ഒപ്പുവച്ച അ‍ഞ്ചുകരാറുകളില്‍ തന്ത്രപ്രാധാന്യമര്‍ഹിക്കുന്ന ‘ബെക്ക’ (ബേസിക് എക്സ്ചേഞ്ച് ആന്റ് കോ-ഓപ്പറേഷന്‍ എഗ്രിമെന്റ്) ഒറ്റപ്പെട്ട, സ്വയംഭൂവായ ഒന്നല്ല. ‘ഏഷ്യാ-പസഫിക് മേഖലയടക്കം ആഗോളക്കാഴ്ചപ്പാടോടെ നാം തുടര്‍ന്നുവരുന്ന ചര്‍ച്ചകളുടെ’ ഫലമാണ് ബെക്ക കരാറെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളെയും ഒരു സൈനികസഖ്യത്തില്‍ തളയ്ക്കുക എന്ന ലക്ഷ്യത്തോടെ 2016 ലും 2018 ലും ഒപ്പുവച്ച കരാറുകളുടെ പിന്തുടര്‍ച്ചയും ഫലത്തില്‍ സഖ്യത്തിന്റെ സ്ഥാപനവല്ക്കരണവുമാണ് ബെക്കയിലൂടെ പൂര്‍ത്തിയായിരിക്കുന്നത്. യുദ്ധതന്ത്ര പ്രാധാന്യമുള്ള ഭൗമവിവരങ്ങളുടെ തത്‌സമയ കൈമാറ്റ, സഹകരണ കരാറെന്ന നിലയില്‍ ഇന്ത്യയ്ക്ക് ഏറെ സഹായകമെന്ന പ്രതീതി ജനിപ്പിക്കുന്ന കരാറാണ് ബെക്ക.

എന്നാല്‍ തങ്ങളുടെ വാണിജ്യ, സൈനികതാല്പര്യങ്ങള്‍ക്ക് ഇന്ത്യയുടെ വിപുലമായ സാറ്റലൈറ്റ് നിരീക്ഷണ സംവിധാനങ്ങള്‍കൂടി പ്രയോജനപ്പെടുത്തി ചൈനയുമായുള്ള വ്യാപാര യുദ്ധം കൊഴുപ്പിക്കുകയാണ് യുഎസ് ലക്ഷ്യം. തന്ത്രപ്രധാന വിവരകൈമാറ്റ‑സഹകരണ ലക്ഷ്യത്തിനു പുറമെ ഏഷ്യ‑പസഫിക് മേഖലയിലെ മറ്റുരാജ്യങ്ങളില്‍ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും കരാര്‍ ലക്ഷ്യമിടുന്നു. ഫലത്തില്‍ യുഎസ് വ്യാപാര‑സൈനിക താല്പര്യങ്ങള്‍ ഏഷ്യ‑പസഫിക് മേഖലയില്‍ വളര്‍ത്തുന്ന ആഗോള സാമ്രാജ്യത്വത്തിന്റെ ആശ്രിതപങ്കാളിയായി ഇന്ത്യയെ മാറ്റുകയാണ് കരാര്‍. വളര്‍ന്നു വികസിക്കുന്നതും പാശ്ചാത്യ സാമ്പത്തികശക്തികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതുമായ ചൈനയെ ഏഷ്യ‑പസഫിക് മേഖലയില്‍ ചെറുക്കാനുള്ള പ്രാദേശികപങ്കാളിയായാണ് യുഎസ് ഇന്ത്യയെ നോക്കിക്കാണുന്നത്. ചൈനയ്ക്ക് ആഗോള സമ്പദ്ഘടനയിലും വ്യാപാരത്തിലും അവരുടേതായ നിക്ഷിപ്തതാല്പര്യങ്ങളും ലക്ഷ്യങ്ങളുമുണ്ട്. ഒരു ബൃഹദ്സമ്പദ്ഘടനയും സൈനികശക്തിയുമെന്ന നിലയില്‍ ഇന്ത്യയ്ക്ക് സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ അത് രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും പണയപ്പെടുത്തിക്കൊണ്ട് ആവരുത്.

യുഎസിന്റെ സൈനിക ഇടപെടലുകള്‍ക്കും സഖ്യശ്രമങ്ങള്‍ക്കും വഴങ്ങിക്കൊടുക്കേണ്ടിവന്ന രാജ്യങ്ങളുടെ പില്‍ക്കാലത്തെ അവസ്ഥ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യ‑യുഎസ് സൈനിക സഖ്യവും ഓസ്ട്രേലിയയും ജപ്പാനും ഉള്‍പ്പെട്ട ചതുഷ്‌കോണ സൈനികസഖ്യത്തിലേക്കുള്ള അതിന്റെ വിപുലീകരണവും മേഖലയിലാകെ അവിശ്വാസത്തിന്റെയും അസ്ഥിരീകരണത്തിന്റെയും വിത്തുവിതയ്ക്കാനേ സഹായകമാവൂ. ഇന്ത്യ‑ചൈന അതിര്‍ത്തിയില്‍ നിലനില്ക്കുന്ന സംഘര്‍ഷാന്തരീക്ഷത്തിനു സമാധാനപൂര്‍വമായ ചര്‍ച്ചകളിലൂടെ പരിഹാരം കാണുക എന്നത് ഇരുജനതയുടെയും ആവശ്യവും അഭിവാഞ്ഛയുമാണ്. അയല്‍രാജ്യങ്ങളുടെ തര്‍ക്കങ്ങളിലേക്ക് മറ്റുള്ളവരെ വലിച്ചിഴയ്ക്കുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാനേ വഴിവയ്ക്കൂ. ചൈനയുമായി തുറന്ന പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുഎസിന് ഇന്ത്യ‑ചൈന തര്‍ക്കങ്ങളില്‍ ഇടപെടാന്‍ അവസരം നല്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും.