അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം സുതാര്യത അനിവാര്യം

Web Desk
Posted on September 21, 2020, 5:00 am

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമായി ഒമ്പത് അല്‍ഖ്വയ്ദ തീവ്രവാദികളെ പിടികൂടിയെന്ന വാര്‍ത്ത ഉല്‍ക്കണ്ഠാജനകമാണ്. പാകിസ്ഥാന്‍ നിയന്ത്രിക്കുന്ന തീവ്രവാദി സംഘത്തെയാണ് പിടികൂടിയതെന്ന് എന്‍ഐഎ അവകാശപ്പെടുന്നു. രാഷ്ട്രതലസ്ഥാനമടക്കം രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു പിടിയിലായ സംഘം എന്നാണ് എന്‍ഐഎ വെളിപ്പെടുത്തിയിട്ടുള്ളത്. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളടക്കം രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ സാന്നിധ്യം എന്‍ഐഎ അടക്കമുള്ള സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഡി ഒരു ചോദ്യത്തിന് ഉത്തരമായി പാര്‍ലമെന്റിനെ അറിയിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കുമാണ് ഒമ്പത് അല്‍ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലായത്.

ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും രാഷ്ട്രസുരക്ഷയ്ക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണിയായി ഭീകരവാദം വളരുന്നതിനെതിരെ അതീവ കരുതല്‍ ആവശ്യമാണ്. എറണാകുളം ജില്ലയില്‍ നടന്ന അറസ്റ്റുകള്‍ അതിഥി തൊഴിലാളി കേന്ദ്രങ്ങളില്‍ നിന്നുമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെന്നു മാത്രമല്ല രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലും വന്‍നഗരങ്ങളിലും ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളുടെ സാന്നിധ്യമുണ്ട്. അവരെ സംബന്ധിച്ച് സംസ്ഥാനങ്ങളുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ കയ്യില്‍ വ്യക്തമായ യാതൊരു രേഖകളും ഇല്ലെന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യമായാലും കോവിഡ് വ്യാപനത്തിന്റെയും ദേശീയ അടച്ചുപൂട്ടലിനെ തുടര്‍ന്നുണ്ടായ കൂട്ടപലായനത്തിന്റെ ദുരനുഭവമായാലും ആഭ്യന്തര കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച വ്യക്തവും കൃത്യവുമായ ഒരു ഡേറ്റാ ബാങ്കിന്റെ അനിവാര്യത വൈകിയെങ്കിലും കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ അംഗീകരിച്ചേ മതിയാവു. അതുകൂടാതെ ഭീകരവാദമടക്കം അത്യ­ന്തം ആപത്കരമായ പ്രവണതകളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന അല്‍ഖ്വയ്ദ തീവ്രവാദികളുടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്തകള്‍ സാമാന്യ ജനങ്ങളില്‍ പല ആശയക്കുഴപ്പങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.

അറസ്റ്റിലായ യുവാക്കളില്‍ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദികളെ പിടികൂടിയത് തങ്ങളാണെന്ന് എന്‍ഐഎ അവകാശപ്പെടുമ്പോഴും ആ കൃത്യം യഥാര്‍ത്ഥത്തില്‍ നിര്‍വഹിച്ചത് തങ്ങളാണെന്ന് കേരള പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അവരുടെ കയ്യില്‍ നിന്നും ആയുധങ്ങള്‍ ഒന്നും തന്നെ കണ്ടെടുത്തിരുന്നില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. എന്‍ഐഎയുടെ നിര്‍ദ്ദേശപ്രകാരം തീവ്രവാദികളെന്ന് ആരോപിക്കപ്പെട്ടവരെ പിടികൂടി എന്‍ഐഎക്ക് കൈമാറുക മാത്രമാണ് കേരള പൊലീസ് ചെയ്തത്. തുടര്‍ന്നുള്ള തിരച്ചിലും തെളിവുശേഖരിക്കലുമെല്ലാം എന്‍ഐഎ നേരിട്ടാണ് നിര്‍വഹിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ആസൂത്രിതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഭീകരവാദി സംഘത്തെ പിടികൂടിയ സമയവും സന്ദര്‍ഭവും പല സംശയങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നയതന്ത്ര ബാഗേജ് വഴി നടന്ന സ്വര്‍ണക്കടത്തു സംബന്ധിച്ച അന്വേഷണം വഴിമുട്ടി നില്ക്കുകയും അത് ഖുർ ആനുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിലേക്ക് വഴിമാറിയ പശ്ചാത്തലവും അത്തരം സംശയങ്ങള്‍ പ്രസക്തമാക്കുന്നു. സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥരുടെ പൊടുന്നനെയുളള സ്ഥലം മാറ്റം, നയതന്ത്ര ബാഗേജ് സംബന്ധിച്ച കേന്ദ്ര മന്ത്രിമാര്‍ക്കിടയിലുള്ള ഭിന്ന നിലപാടുകള്‍, സ്വര്‍ണക്കടത്തിന് ഖുർ ആനുമായി ബന്ധപ്പെട്ട് കൈവന്നിരിക്കുന്ന വിവാദം എന്നിവയെല്ലാം ആ സംശയങ്ങളെ ബലപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ എന്‍ഐഎ കേരളത്തില്‍ ഇപ്പോള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന കേസുകളില്‍ കൂടുതല്‍ വ്യക്തതയും സുതാര്യതയും ആവശ്യമാണ്.

എന്‍ഐഎ കൈകാര്യം ചെയ്യുന്ന അലന്‍, താഹ കേസുകളില്‍ കുറ്റവാളികള്‍ക്കെതിരേ ദൃഢതയുള്ള തെളിവുകള്‍ ഒന്നും നാളിതുവരെ കണ്ടെത്താനായിട്ടില്ലെന്നത് ഏജന്‍സിയുടെ വിശ്വാസ്യതയ്ക്കു മങ്ങലേല്പിച്ചിട്ടുണ്ട്. എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സ്വതന്ത്ര സ്വഭാവത്തെപ്പറ്റി ദേശീയതലത്തില്‍ തന്നെ നിരവധി ചോദ്യങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്വേഷണ, സുരക്ഷാ ഏജന്‍സികള്‍ ഭരണകൂട രാഷ്ട്രീയത്തിന്റെ ചട്ടുകങ്ങളായാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന ആരോപണം അവഗണിക്കാവുന്നതല്ല. കേരളവും പശ്ചിമബംഗാളും അനതിവിദൂരമല്ലാത്ത ഭാവിയില്‍ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്ന സംസ്ഥാനങ്ങളാണ്. സ്വേച്ഛാധികാര പ്രവണതയും രാഷ്ട്രീയ അധാര്‍മ്മികതയും കൈമുതലായ ഭരണസംവിധാനം എന്‍ഐഎയെ പോലെ അമിതാധികാര സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അവര്‍ക്കും അവരെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനും ജനാധിപത്യപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്വമുണ്ട്.