7 December 2024, Saturday
KSFE Galaxy Chits Banner 2

കരുതൽശേഖരം തുറക്കുന്നത് കൊള്ളലാഭത്തിനും സ്വകാര്യവൽക്കരണത്തിനും

Janayugom Webdesk
November 25, 2021 5:00 am

ന്ത്യയടക്കം പ്രമുഖ ഉപഭോക്തൃ രാഷ്ട്രങ്ങൾ തങ്ങളുടെ അസംസ്കൃത എണ്ണയുടെ തന്ത്രപ്രധാന ശേഖരം തുറക്കാനെടുത്ത തീരുമാനം പെട്രോളിയം കയറ്റുമതി രാഷ്ട്രസംഘടന (ഒപെക്-ഒപിഇസി)യടക്കം എണ്ണ വ്യാപാര കൂട്ടുകെട്ടുകൾക്ക് എതിരായ വിതരണതല ഇടപെടലാണ്. ലോകരാഷ്ട്രങ്ങളെ മറ്റു പോംവഴിയില്ലാത്തവിധം ജാമ്യത്തടവുകാരാക്കുന്ന എണ്ണവ്യാപാര കൂട്ടുകെട്ടുകൾക്കെതിരെ അഭൂതപൂർവമായ വെല്ലുവിളിയാണ് ഉപഭോക്തൃ രാഷ്ട്രങ്ങൾ ഉയർത്തിയിരിക്കുന്നത്. അസംസ്കൃത എണ്ണയുടെ ഉല്പാദനം, വിതരണം എന്നിവയെ ഏകപക്ഷീയമായി നിയന്ത്രിച്ച് കൃത്രിമമായി വിപണിവില ഉയർത്തുന്ന അവരുടെ തന്ത്രത്തെയാണ് പ്രമുഖ ഉപഭോക്തൃ രാഷ്ട്രങ്ങളായ യുഎസ്, ചെെന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയവയുടെ രാഷ്ട്രങ്ങളുടെ ഏകോപിത നടപടി വെല്ലുവിളിക്കുന്നത്. ആഗോള എണ്ണവിപണിയെ ഏകപക്ഷീയമായി നിയന്ത്രിക്കുന്ന ഒപെക് അടക്കമുള്ള കയറ്റുമതി രാഷ്ട്ര സംഘടനകൾക്ക് നടപടി ശക്തമായ മുന്നറിയിപ്പാണ് നല്കുന്നത്. ലോകമാകെ കോവിഡ് മഹാമാരിയുടെയും അടച്ചുപൂട്ടലിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും പിടിയിൽ അമരുമ്പോഴും എണ്ണകയറ്റുമതി രാഷ്ട്രങ്ങൾ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയർത്തുകയും അതുവഴി സമ്പദ്ഘടനകളുടെ തിരിച്ചുവരവിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏകോപിത നടപടി വിപണിയിൽ എന്ത് മാറ്റമാണ് സൃഷ്ടിക്കുക എന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്. ഉപഭോക്തൃ രാജ്യങ്ങളുടെ വിതരണതല ഇടപെടലിനെതിരെ ഉല്പാദക രാജ്യങ്ങൾ പ്രതിനടപടി സൂചനകൾ ഇതിനകം നല്കിക്കഴിഞ്ഞു. ഉല്പാദനം കുറച്ച്, ആവശ്യകത ഉയർത്തി പ്രതിസന്ധി രൂക്ഷമാക്കാനാണ് അവരുടെ നീക്കം.


ഇതുംകൂടി വായിക്കാം;എണ്ണവില്പനക്കെതിരെ ഒപെക് രാജ്യങ്ങള്‍


 

നിലവിൽ 9.5 ദിവസത്തേക്കു മാത്രം മതിയായ കരുതൽ ശേഖരമുള്ള ഇന്ത്യ അമ്പതു ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് റിഫെെനറികൾക്ക് കെെമാറുക. കേവലം പ്രതീകാത്മകമായ ആ നടപടി വിപണിയിൽ കാര്യമായ പ്രതികരണം എന്തെങ്കിലും സൃഷ്ടി ക്കുമെന്ന് കരുതുക വയ്യ. ഇന്ത്യൻ ഉപഭോക്താവിനെ വലയ്ക്കുന്ന പെട്രോളിയം വിലയുടെ മുഖ്യകാരണം അവയുടെമേൽ കേന്ദ്രസർക്കാർ ചുമത്തിവരുന്ന ദുർവഹമായ എക്സെെസ് തീരുവയാണ്. അതിൽ നീതിപൂർവമായ ഇളവുകൾ നല്കണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്. എണ്ണയുടെ മേൽ ലോകത്ത് നിലവിലുള്ള ഏറ്റവും ഉയർന്ന നികുതിഭാരമാണ് ഇന്ത്യയിലേത്. വസ്തുത അതായിരിക്കെ കരുതൽ ശേഖരം പ്രതീകാത്മകമായി തുറക്കാനുള്ള ഇപ്പോഴത്തെ തീരുമാനം യുഎസിനോടൊപ്പം ചേർന്നുള്ള ദുർബലന്റെ മസിൽപിടുത്തം മാത്രമാണ്. ഇപ്പോഴത്തെ പ്രഖ്യാപനം വരുന്നതിന് രണ്ടു മാസം മുമ്പുതന്നെ കരുതൽശേഖരത്തിൽ നിന്നും അസംസ്കൃത എണ്ണ ശുദ്ധീകരണ ശാലകൾക്ക് നല്കിതുടങ്ങിയിരുന്നു. അതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നത് ഒപെകിന് എതിരായ സമ്മർദ്ദതന്ത്രം ആയിരുന്നില്ല. മറിച്ച്, രാഷ്ട്രത്തിന്റെ തന്ത്രപ്രധാനമായ എണ്ണശേഖരവും സംഭരണികൾ തന്നെയും സ്വകാര്യവൽക്കരിക്കാനുള്ള അജണ്ടയുടെ ഭാഗമായിരുന്നു. ഒക്ടോബർ 21ന് ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡിന്റെ (ഐഎസ്പിആർഎൽ‍) മേധാവി എച്ച്പിഎസ് അഹുജ എണ്ണയുടെ കരുതൽ ശേഖരത്തിന്റെ വില്പന ആരംഭിച്ചതായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘പാട്ടത്തിനു നല്കാനായി സംഭരണികൾ ഒഴിച്ചെടുക്കുന്നതിനാണ്’ വില്പന എന്ന് അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. വീപ്പക്ക് 19 ഡോളർ വിലയ്ക്കു വാങ്ങിയ അസംസ്കൃത എണ്ണ പൊതുമേഖല ശുദ്ധീകരണശാലകൾക്ക് 80 ഡോളർ വിലയ്ക്ക് വിറ്റഴിച്ച് കൊള്ളലാഭം കൊയ്യുകയായിരുന്നു ഐപിആർഎൽ. കുറഞ്ഞ വിലയ്ക്ക് വാങ്ങി ശേഖരിച്ച അസംസ്കൃത എണ്ണ പെട്രോളിന്റെയും ഡീസലിന്റെയും വിപണിവില നിയന്ത്രിക്കാനായല്ല വിറ്റഴിച്ചതെന്നു വ്യക്തം.


ഇതുംകൂടി വായിക്കാം;എണ്ണവില്പനക്കെതിരെ ഒപെക് രാജ്യങ്ങള്‍


അസംസ്കൃത എണ്ണയുടെ കരുതൽശേഖരം തുറക്കുന്നതുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വിപണിവിലയിൽ എന്തെങ്കിലും മാറ്റമുണ്ടാവും എന്ന പ്രതീക്ഷ അസ്ഥാനത്താണെന്നാണ് അനുഭവം തെളിയിക്കുന്നത്. ഒപെകിന് എതിരായ ആഗോള തന്ത്രത്തിന്റെ ഭാഗമായി തുറക്കുന്ന ശേഖരം രാജ്യത്തിന്റെ പരിമിതമായ സംഭരണശേഷിപോലും സ്വകാര്യ കുത്തകകൾക്ക് കെെമാറാനുള്ള എളുപ്പവഴിയായി മാറ്റുകയാണ് മോഡി സർക്കാർ. അതിശക്തമായ ചെറുത്തുനില്പ് സമരത്തിലൂടെയെ എണ്ണയുടെ വില കുറയ്ക്കാനും ജനങ്ങളുടെ മേലുള്ള സാമ്പത്തിക സമ്മർദ്ദത്തിന് അയവുവരുത്താനും ആവു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.