തലയ്ക്ക് മന്തും കാലിനു ഭ്രാന്തും പിടിച്ച കേരളത്തിലെ പ്രതിപക്ഷം

Web Desk
Posted on September 19, 2020, 5:00 am

അത്യന്തം ഭീഷണമായ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലും എല്ലാ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സംസ്ഥാനത്ത് അരങ്ങുതകര്‍ക്കുന്ന പ്രതിപക്ഷ സമരാഭാസത്തിനെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ കേരള ഹെെക്കോടതി നിര്‍ബന്ധിതമായിരിക്കുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് സമരം നടത്തുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് പൊലീസിന് നിര്‍ദ്ദേശം നല്‍കി. എല്‍ഡിഎഫ് ഗവണ്മെന്റിന്റെയും മന്ത്രി കെ ടി ജലീലിന്റെയും രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ‌ബിജെപിയും അക്രമസമരങ്ങളുമായി കഴിഞ്ഞ ഒരാഴ്ചക്കാലമായി തെരുവുകള്‍ കയ്യടക്കുന്നത്.

അക്രമാസക്തവും പ്രകോപനപരവുമായ സമരത്തെ നേരിടാന്‍ നിര്‍ബന്ധിതരായ പൊലീസ് സേനാംഗങ്ങള്‍, സമരവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയില്‍ ഇതിനകം രോഗവ്യാപനം സംഭവിച്ചതായാണ് വാര്‍ത്ത. നിക്ഷിപ്ത രാഷ്ട്രീയ താല്പര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ തങ്ങളുടെ അനുയായികളെ സമരമുഖത്തേക്ക് ഇറക്കിവിടുന്ന കോണ്‍ഗ്രസ്, ബിജെപി നേതൃത്വത്തിന്റെ അവിവേകം അവരുടെ അണികളെ മാത്രമല്ല നാടിനെയാകെ അനിയന്ത്രിതമായ രോഗവ്യാപനത്തിലേക്കും മരണത്തിന്റെ നിഴലിലേക്കുമാണ് തള്ളിനീക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കാലാള്‍പടയില്‍ നിരവധി പേര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗബാധയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലത്തിനുള്ളില്‍ രോഗവ്യാപനതോത് കുത്തനെ ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരുംദിവസങ്ങളില്‍ പിടിച്ചാല്‍ക്കിട്ടാത്തവിധം വ്യാപനം കുതിച്ചുയരുമെന്ന ആശങ്ക ആരോഗ്യപ്രവര്‍ത്തകര്‍ മറച്ചുവയ്ക്കുന്നില്ല. ജനാധിപത്യ സംവിധാനത്തില്‍ ഭരിക്കുന്നവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കാനും സമരം ചെയ്യാനുമുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. എന്നാല്‍ ആ അവകാശം നിക്ഷിപ്ത താല്പര്യങ്ങള്‍ക്കുവേണ്ടി പ്രതിപക്ഷ നേതൃത്വത്തെ മരണത്തിന്റെ വ്യാപാരികളായി മാറാന്‍ അനുവദിച്ചുകൂട.

നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്ത് നടന്നതുമായി ബന്ധപ്പെട്ട് എന്‍ ഐ എ, ഇഡി, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും അതുസംബന്ധിച്ച മാധ്യമ വിചാരണയും തകൃതിയായി നടന്നുവരികയാണ്. അന്വേഷണവും വിചാരണയും അതിന്റെ സ്വാഭാവികവും യുക്തിഭദ്രവും നിയമാനുസൃതവുമായ അന്ത്യത്തിലേക്കു നീങ്ങാന്‍ അനുവദിക്കുന്നതിനുപകരം ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ ഏകപക്ഷീയമായി വിചാരണയും വിധിപ്രസ്താവവും നടത്തി ശിക്ഷ നടപ്പാക്കാന്‍ ശ്രമിക്കുന്ന വിചിത്ര കാഴ്ചക്കാണ് നാം സാക്ഷ്യം വഹി‌‌ക്കുന്നത്. അത് അതീവഗുരുതരമെന്ന് കരുതപ്പെടുന്ന ഒരു കുറ്റകൃത്യത്തിന്റെ ഉറവിടവും കുറ്റവാളികളെയും കണ്ടെത്തുന്നതിലുപരി തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളും താല്പര്യങ്ങളും സംരക്ഷിക്കാനുള്ള ‘സുവര്‍ണ്ണാവസര’മാക്കി മാറ്റുകയാണ് പ്രതിപക്ഷം.

യഥാര്‍ത്ഥത്തില്‍ സ്വര്‍ണകള്ളക്കടത്തല്ല അവരുടെ പ്രശ്നം. മറിച്ച്, പ്രതിപക്ഷത്തെ മൂന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ വെെരുധ്യങ്ങളും അതിന്റെ സമ്മര്‍ദ്ദങ്ങളുമാണ് ഈ സമരാഭാസത്തിന്റെ അന്തര്‍ധാര. രാജ്യസുരക്ഷയില്‍ നിര്‍ണ്ണായകമായ സ്വര്‍ണക്കടത്ത് പുറത്തുകൊണ്ടുവരികയല്ല അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികളെ നയിക്കുന്ന ബിജപി ഭരണകൂടത്തിന്റെ ലക്ഷ്യം. അതായിരുന്നുവെങ്കില്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ രായ്ക്കുരാമാനം സ്ഥലംമാറ്റി അന്വേഷണം അട്ടിമറിക്കാന്‍ അവര്‍ മുതിരില്ലായിരുന്നു. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലാണോ അല്ലയോ എന്ന കാര്യത്തില്‍ ഒരു സമവായം പോലും കേന്ദ്ര മന്ത്രിസഭയ്ക്ക് തന്നെയില്ല എന്നതും ശ്രദ്ധേയമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റും നേതൃത്വത്തിലെ വലിയൊരു വിഭാഗവും തമ്മില്‍ നടക്കുന്ന നിഴല്‍യുദ്ധമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെന്ന വ്യാജേന തെരുവുകളില്‍ അരങ്ങേറുന്നത്.

കോണ്‍ഗ്രസില്‍ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിപദകാംക്ഷിയുമായ രമേഷ് ചെന്നിത്തലയും തമ്മില്‍ നടക്കുന്ന അധികാര വടംവലിയാണ് തെരുവുകളിലേക്ക് പരന്നൊഴുകുന്നത്. സ്വന്തം അണികളെപോലും വഞ്ചിക്കുകയും കൊള്ളയടിക്കുകയും ചെയ്ത മുസ്‌ലിം ലീഗിന് തങ്ങളുടെ രാഷ്ട്രീയ നഗ്നതയ്ക്കു മറപിടിക്കാന്‍ മറ്റെന്ത് മാര്‍ഗമാണ് അവശേഷിക്കുന്നത്? എല്ലാ പ്രാതികൂല്യങ്ങളുടെയും നടുവില്‍ നിന്നുകൊണ്ടും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റി, അപ്രതീക്ഷിതവും അതിദുഷ്കരവുമായ വെല്ലുവിളികള്‍ സധെെര്യം ഏറ്റെടുത്ത്, വിജയകരമായി മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന അംഗീകാരവും പിന്തുണയും കോണ്‍ഗ്രസും ലീഗും ബിജെപിയും ഉള്‍പ്പെട്ട പ്രതിപക്ഷ നിരയെ വിറളിപിടിപ്പിച്ചിരിക്കുന്നു. സമനില തെറ്റിയ ആ അവിശുദ്ധ സഖ്യം പെരുമാറുന്നത് കവി കുഞ്ഞുണ്ണിമാഷ് വിഭാവനം ചെയ്ത ‘തലയ്ക്ക് മന്തും കാലിന് ഭ്രാന്തും’ പിടിച്ച കഥാപാത്രത്തെപ്പോലെയാണ്. ഭ്രാന്തുപിടിച്ച ആ കാലുകള്‍ ചങ്ങല‌ക്കിടണമെന്നാണ് കേരള ഹെെക്കോടതി പറഞ്ഞുവച്ചിരിക്കുന്നത്.