ഗാഡ്ഗില്‍ കമ്മിഷന്‍ എന്ന് അറിയപ്പെടുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു ദശകം പിന്നിട്ടിരിക്കുന്നു. അതിനെതിരെ ഉയര്‍ന്ന വിവാദങ്ങളുടെയും എതിര്‍പ്പുകളുടെയും പശ്ചാത്തലത്തില്‍ രൂപം നല്കിയ കസ്തൂരിരംഗന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് എട്ടു വര്‍ഷവും. ഗാഡ്ഗില്‍ കമ്മിഷനെതിരെ കടുത്ത പരിസ്ഥിതിസൗഹൃദവും യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതെന്നുമുള്ള വിമര്‍ശനവും എതിര്‍പ്പുമാണ് ഉയര്‍ന്നത്. അത്തരം എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് കസ്തൂരി രംഗന്‍ കമ്മിഷന്‍ നിലവില്‍ വന്നത്. ‘ഈ റിപ്പോര്‍ട്ട് നല്കുന്ന സന്ദേശം അതീവ ഗുരുതരവും ആശങ്കാജനകവും സത്വര നടപടി ആവശ്യപ്പെടുന്നതുമാണ്. അത് ആവശ്യപ്പെടുന്നത് ജൈവസമ്പന്നവും വൈവിധ്യമാര്‍ന്നതുമായ പശ്ചിമഘട്ട നൈസര്‍ഗിക പ്രകൃതിയില്‍ ഇനിയും അവശേഷിക്കുന്നവ സംരക്ഷിക്കുകയും വേണ്ടവിധം പരിപാലിക്കുകയും അതിനെ പുനരജ്ജീവിപ്പിക്കുകയും എന്നതാണ്’ എന്ന് കസ്തൂരിരംഗന്‍ പറയുകയുണ്ടായി. ആ മുന്നറിയിപ്പ് അര്‍ഹിക്കുന്ന ഗൗരവത്തോടെ സ്വീകരിക്കുകയും ആ ദിശയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ നാം ദയനീയമായി പരാജയപ്പെട്ടു എന്നാണ് 2018, 2019 ല്‍ കേരളം നേരിട്ടതും ഇപ്പോള്‍ നാം നേരിട്ടുകൊണ്ടിരിക്കുന്നതുായ പ്രകൃതി ദുരന്തങ്ങള്‍ നല്കുന്ന പാഠം. തീര്‍ച്ചയായും ഈ ദുരന്തങ്ങളുടെ എല്ലാം ഉത്തരവാദിത്തം നമ്മുടെ നിരുത്തരവാദപരമായ അനാസ്ഥയുടേതു മാത്രമല്ല. കേരളം മാത്രമല്ല മനുഷ്യരാശി അധിവസിക്കുന്ന ഈ ഭൂപ്രപഞ്ചത്തില്‍ ഒരിടവും മനുഷ്യനോ ജീവജാലങ്ങള്‍ക്കോ ജൈവപ്രകൃതിക്കോ സുരക്ഷിതമല്ലെന്ന് അനുനിമിഷം ബോധ്യപ്പെടുത്തുന്ന ദുരന്തങ്ങളാണ് ലോകമെമ്പാടും അരങ്ങേറുന്നത്. കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയും അതു മനുഷ്യരാശിക്കും ജൈവപ്രപഞ്ചത്തിനും കാത്തുവച്ചിരിക്കുന്ന ദുരന്താന്ത്യത്തെപറ്റിയുമുള്ള മുന്നറിയിപ്പുകള്‍ ഒന്നും അര്‍ഹിക്കുന്ന ഗൗരവത്തോടെയും ആവശ്യമായ വേഗതയോടെയും ഉള്‍ക്കാള്ളാനും പ്രതിരോധം ഉയര്‍ത്താനും മനുഷ്യ ചേതന ഇനിയും സന്നദ്ധമായിട്ടില്ലെന്നതാണ് ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം.
ഇത് കൂടി വായിക്കുക: പന്‍ഡോറ പേപ്പേഴ്സ്: വസ്തുതകള്‍ പുറത്തുവരണം| Janayugom Editorial
മേഘവിസ്ഫോടനത്തിന്റെ വേഗത്തില്‍ മതിയായ മുന്നറിയിപ്പുകളില്ലാതെ കേരളത്തിനുമേല്‍ വന്നുപതിക്കുന്ന ദുരന്തപരമ്പരകള്‍ അതിവേഗം മാറിചിന്തിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. അതിന് ഏറെ സമയം അവശേഷിക്കുന്നില്ല. ഓരോ ദുരന്തത്തിലും ഉയരുന്ന വിലാപങ്ങളും അത് ജനങ്ങളുടെ ജീവിതത്തിനും ജീവനോപാധികള്‍ക്കും വരുത്തിവയ്ക്കുന്ന അപരിഹാര്യങ്ങളായ നഷ്ടങ്ങളും കേരളത്തിന്റെ ജൈവപ്രകൃതിക്കുമേല്‍ സൃഷ്ടിക്കുന്ന ഒരിക്കലും ഉണങ്ങാത്ത മുറിവുകളും ആ ദൗത്യത്തിന്റെ അത്യാവശ്യകതയ്ക്കാണ് അടിവരയിടുന്നത്. കാലാവസ്ഥാവ്യതിയാനവും അത് സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ആവൃത്തിയും കാലാവസ്ഥയടക്കം പ്രകൃതി പ്രതിഭാസങ്ങളെ സൂക്ഷ്മമായും നിരന്തരവുമായി നിരീക്ഷിക്കാനുള്ള വികേന്ദ്രീകൃതവും ആവശ്യമായത്ര വ്യാപകവുമായ സംവിധാനങ്ങള്‍ അനിവാര്യമാക്കുന്നു. കേന്ദ്രീകൃത സംവിധാനങ്ങളുടെ അപര്യാപ്തത അനുഭവത്തില്‍ നിന്ന് നാം തിരിച്ചറിഞ്ഞേ മതിയാവു. ആവശ്യകതകളും അപായസാധ്യതകളും കണക്കിലെടുത്ത് മേഖലകള്‍ തിരിച്ച് ഭൂവിനിയോഗത്തില്‍ കര്‍ശനമായ നിയന്ത്രണം കൂടാതെ ദുരന്തങ്ങളുടെ ആവര്‍ത്തനം ഒഴിവാക്കാനാവില്ല. ഭൂവിഭവങ്ങളുടെ ഉപയോഗവും അനിയന്ത്രിത ചൂഷണവും അവസാനിപ്പിക്കാന്‍ നിയമനിര്‍മ്മാണമടക്കം നടപടികള്‍ക്ക് ഇനിയും കാലതാമസം വിനാശത്തിനുള്ള കാത്തിരിപ്പാവും. പ്രകൃതിയുടെയും മനുഷ്യന്റെയും നിലനില്പിനു വെല്ലുവിളി ഉയര്‍ത്തുന്ന എല്ലാത്തരം വികസന പ്രവര്‍ത്തനങ്ങളും തല്‍ക്കാലത്തേക്കെങ്കിലും മരവിപ്പിച്ച് പുനര്‍ചിന്തനത്തിനു വിധേയമാക്കണം. മതിയായ പരിസ്ഥിതി ആഘാതപഠനവും സാമൂഹിക ആഘാതപഠനവും ഓരോ വികസന പദ്ധതിക്കും ആവശ്യമായി വരുന്ന പ്രകൃതി വിഭവങ്ങളുടെ വൈപുല്യവും അതിന്റെ സ്രോതസും വിശദവും സുതാര്യവുമായ പഠനത്തിന് വിധേയമാക്കാതെ ഏറ്റെടുക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ദുരന്തങ്ങളുടെ അപായമണിയാണ് മുഴക്കുന്നത്.
ഇത് കൂടി വായിക്കുക: പന്‍ഡോറ പേപ്പേഴ്സ്: വസ്തുതകള്‍ പുറത്തുവരണം| Janayugom Editorial
ദുരന്തങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പും രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. അത് സാമാന്യം തൃപ്തികരമായി അഭിനന്ദനാര്‍ഹമാംവിധം നിര്‍വഹിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വെല്ലുവിളി മറ്റൊരു ദുരന്തം തടയുക എന്നതാണ്. ആ ദിശയില്‍ ഗൗരവമായും കൂട്ടായും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനും നമ്മുടെ പൊതു സമൂഹത്തിനും കഴിയണം.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.