20 April 2024, Saturday

പഞ്ചാബില്‍ ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് സമസ്യ

Janayugom Webdesk
September 20, 2021 4:00 am

ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ അവര്‍ മുഖ്യമന്ത്രിയെ മാറ്റി പ്രതിഷ്ഠിച്ചത്. അടുത്തവര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകാനിടയുള്ള ഭരണ വിരുദ്ധ വികാരവും അകത്തുള്ള വിഭാഗീയതയുമാണ് ഗുജറാത്തില്‍ മാറ്റി പ്രതിഷ്ഠയ്ക്ക് ബിജെപിയെ പ്രേരിപ്പിച്ചത്. ഡല്‍ഹിയില്‍ മോഡിയും — അമിത്ഷായും തമ്മില്‍ രൂപപ്പെട്ട സ്വരച്ചേര്‍ച്ച ഇല്ലായ്മയും ഇതിന് കാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. ഏത് വിധത്തിലും ഭരണം നിലനിര്‍ത്തുകയെന്ന കുതന്ത്രമാണ് ബിജെപി പല സംസ്ഥാനങ്ങളിലും പയറ്റിക്കൊണ്ടിരിക്കുന്നതെങ്കില്‍ കയ്യിലുള്ള പരിമിതമായ സംസ്ഥാനങ്ങളില്‍ പോലും അധികാരം കയ്യൊഴിയുന്നതിനുള്ള നടപടികളാണോ കോണ്‍ഗ്രസില്‍ ഉണ്ടാകുന്നതെന്ന് വേണം സംശയിക്കുവാന്‍. ഏറ്റവും ഒടുവില്‍ പഞ്ചാബില്‍ ഉണ്ടായ സംഭവവികാസങ്ങളാണ് ആ ഒരു സംശയത്തെ ബലപ്പെടുത്തുന്നത്. വിഭാഗീയതയും അധികാരത്തോടുള്ള ആര്‍ത്തിയും നിറഞ്ഞ മുന്‍നിര നേതാക്കള്‍ കഴിഞ്ഞ കുറേ കാലമായി കോണ്‍ഗ്രസിന്റെ ശാപമാണ്. അതിനെ നേരാംവണ്ണം നേരിടാനോ പ്രശ്നങ്ങള്‍ പരിഹരിക്കുവാനോ കഴിവില്ലാത്ത കേന്ദ്രനേതൃത്വവും മറ്റൊരു പരിമിതിയാണ്. ഇതെല്ലാമാണ് ഏറ്റവും സുവര്‍ണമായ അവസരങ്ങള്‍ പോലും മുന്നിലെത്തിയിട്ടും ഉപയോഗിക്കുവാന്‍ കഴിയാത്തവിധം ദുര്‍ബ്ബലമായ ആള്‍ക്കൂട്ടമായി കോണ്‍ഗ്രസിനെ അധഃപതിപ്പിച്ചത്. അതിന്റെ ഉത്തരവാദിത്തം ഡല്‍ഹിയിലിരിക്കുന്ന നേതൃത്വത്തിനു കൂടിയുള്ളതാണ്. ആയാറാം ഗയാറാം രാഷ്ട്രീയവും വിഭാഗീയതയും പ്രോത്സാഹിപ്പിച്ചും അതിസമ്പന്നരുടെ അടുക്കളകള്‍ നിരങ്ങിയും അഴിമതിയിലൂടെയും സമ്പത്തുണ്ടാക്കിയും തടിച്ചുകൊഴുക്കുമ്പോള്‍ കോണ്‍ഗ്രസ് അതിന്റെ പൂര്‍വകാല പാരമ്പര്യങ്ങളെല്ലാം ഉപേക്ഷിക്കുകയും വന്നവഴി മറക്കുകയുമായിരുന്നു.

 


ഇതുംകൂടി വായിക്കാം;പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചു


 

കോണ്‍ഗ്രസിന് ഭരണം കിട്ടിയ പഞ്ചാബ് ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും അതിന്റെ തനിയാവര്‍ത്തനമാണ് നടന്നത്. തെരഞ്ഞെടുക്കുന്ന ജനങ്ങളോടു പോലും പ്രതിബദ്ധതയില്ലാതെ പണത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള കൂറുമാറ്റങ്ങള്‍ കോണ്‍ഗ്രസുകാരുടെ ദിനചര്യയായി മാറി. ജയിക്കുന്ന എംഎല്‍ എമാരെ കൂറുമാറ്റം ഒഴിവാക്കുന്നതിനായി റിസോര്‍ട്ടുകളില്‍ താമസിപ്പിക്കേണ്ടിവന്ന നാണംകെട്ട നിരവധി സംഭവങ്ങള്‍ മറ്റുപല പാര്‍ട്ടികളിലും ഉണ്ടായെങ്കിലും കൂടുതല്‍ സംഭവിച്ചത് കോണ്‍ഗ്രസിലായിരിക്കും. അതുകൊണ്ടുതന്നെ ലഭിച്ച അധികാരങ്ങള്‍ ജനവിധിക്കു വിപരീതമായി മറ്റുള്ളവരുടെ കയ്യിലെത്തി യ എത്രയോ ഉദാഹരണങ്ങള്‍ സമീപകാലത്തുനിന്നുതന്നെ എടുത്തുകാട്ടാനുണ്ട്. മധ്യപ്രദേശും കര്‍ണാടകയും അതില്‍ അവസാനത്തേതാണ്. അതോടൊപ്പം അധികാരം ലഭിക്കുന്ന ഇടങ്ങളില്‍ രൂപംകൊള്ളുന്ന സ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള തമ്മില്‍ത്തല്ല് നിത്യസംഭവങ്ങളുമായി. അതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ഉണ്ടായ പഞ്ചാബിലെ മുഖ്യമന്ത്രിമാറ്റം. പഞ്ചാബില്‍ ഇത് ആദ്യത്തേതല്ല. 1992 ഫെബ്രുവരിയില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് നാലേമുക്കാല്‍ വര്‍ഷത്തിനിടെ രണ്ട് മുഖ്യമന്ത്രിമാരുണ്ടായി. അടുത്ത തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ — ബിജെപിസഖ്യം അധികാരത്തിലേറി. 2002ല്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തിലെത്തി അമരിന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം ഭരിച്ചുവെങ്കിലും വിഭാഗീയതയും തൊഴുത്തില്‍ക്കുത്തും കാരണം സംഭവിച്ച ഭരണപരാജയത്തെ തുടര്‍ന്ന് പുറത്തുപോകേണ്ടിവന്നു. പിന്നീട് പത്തുവര്‍ഷമാണ് കോണ്‍ഗ്രസ് അധികാരത്തിന് പുറത്തിരുന്നത്.

 


ഇതുംകൂടി വായിക്കാം;കോണ്‍ഗ്രസേ… പഞ്ചാബ് ജുദ്ധം തീര്‍ത്തേ തീരൂ


 

2017 മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാണ് അമരിന്ദര്‍സിങ്ങിന്റെ നേതൃത്വത്തില്‍ വീണ്ടും കോണ്‍ഗ്രസ് പഞ്ചാബില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ നാലരവര്‍ഷവും പഞ്ചാബിലെ കോണ്‍ഗ്രസിനകത്തെ തമ്മില്‍ത്തല്ല് വാര്‍ത്തയാകാതെ ഒരു ദിവസം പോലും ഉണ്ടായിട്ടുണ്ടാവില്ല എന്നത് അതിശയോക്തിയല്ല. മുഖ്യമന്ത്രിമാരും മന്ത്രിമാരും തമ്മിലുള്ള ഭിന്നത. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും ഭരണനേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍. അതിനൊപ്പം ഭരണ നടപടികളിലെ പോരായ്മകളെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍. ജനങ്ങളുടെ പ്രതിഷേധങ്ങള്‍. ഒടുവില്‍, ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ മുന്‍ ക്രിക്കറ്റ്താരം കൂടിയായ നവ്ജ്യോത് സിങ് സിദ്ദു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതോടെ പുതിയ കലഹങ്ങളും വിഭാഗീയതയും തുടര്‍ക്കഥയായി. അതിന്റെ ഫലമായി നിയമസഭാ തെരഞ്ഞെടുപ്പിന് ഏഴു മാസങ്ങള്‍ ബാക്കിനില്ക്കേ അമരിന്ദറിന്റെ പടിയിറക്കം. രണ്ടുതവണയായി ഒമ്പതു വര്‍ഷത്തിലധികം മുഖ്യമന്ത്രി പദത്തില്‍ ഇരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ അപമാനിതനായാണ് പുറത്തിറങ്ങിയത്. എന്താണ് കോണ്‍ഗ്രസെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുന്ന നടപടികള്‍. പുതിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ഇനിയുള്ള മാസങ്ങള്‍ മനഃസമാധാനത്തോടെ ഭരിക്കുവാന്‍ കഴിയുമെന്ന് കോണ്‍ഗ്രസിനെ അറിയാവുന്ന ആരും കരുതില്ല. അടുത്ത തെരഞ്ഞെടുപ്പിലും ജയിക്കുകയല്ല, വ്യക്തിപരമായ താല്പര്യങ്ങളും ഗ്രൂപ്പ് സമവാക്യങ്ങളും മാത്രമാണ് കോണ്‍ഗ്രസിന്റെ അജണ്ടയെന്ന സമകാലിക സമസ്യ പഞ്ചാബിലും ആവര്‍ത്തിച്ചിരിക്കുന്നു. രാജ്യതാല്പര്യങ്ങള്‍ കോണ്‍ഗ്രസില്‍ അവസാനത്തെ അജണ്ടയായി പോലുമില്ലെന്നാണ് പഞ്ചാബിലെ പുതിയ സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.