റബർ ആക്ട് ഇല്ലാതാക്കൽ കേരളത്തിന് തിരിച്ചടിയാകും

Web Desk
Posted on July 24, 2020, 5:30 am

ആഗോള റബർ ഉല്പാദക രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. മൊത്തം ഉല്പാദനത്തിന്റെ 4.8 ശതമാനമാണ് ഇവിടെയെന്നാണ് കണക്ക്. ഉല്പാദന ക്ഷമതയിലും ലോകത്ത് മൂന്നാം സ്ഥാനമുണ്ട് നമ്മുടെ രാജ്യത്തിന്. വിയറ്റ്നാമും തായ്‌ലാൻഡുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. റബർ ഉല്പാദനം കൂടുന്ന ഘട്ടത്തിലും ഇറക്കുമതി വർധിക്കുന്നത് വിലയിടിവിന് കാരണമായി. പ്രകൃതിദത്ത റബറിന്റെ ഇറക്കുമതി 2017–18ൽ 4.69 ലക്ഷം ടൺ ആയിരുന്നത് 18–19ൽ 5.82 ലക്ഷം ടണ്ണായി ഉയർന്നു. പക്ഷേ പ്രകൃതിദത്ത റബറിന്റെ ഉല്പാദനം ഈ കാലയളവിൽ 6.94 ലക്ഷം ടണ്ണിൽ നിന്ന് 6.51 ലക്ഷം ടൺ ആയി കുറഞ്ഞു.

ഇന്ത്യയിലെ ഉപഭോഗമാകട്ടെ ഈ വർഷങ്ങളിൽ 11,12,210 ടൺ എന്നതിൽ നിന്ന് 12,11,940 ടൺ ആയി ഉയരുകയും ചെയ്തു. ഇറക്കുമതിയാണ് യഥാർത്ഥ വില്ലനായി തീരുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. സംസ്ഥാനത്തെ മൊത്തം കൃഷിഭൂമിയുടെ 21 ശതമാനത്തിലും വേരാഴ്ത്തി പടർന്നിരിക്കുന്നത് റബർ മരങ്ങളാണ്. തോട്ടവിളകളിൽ നാളികേരത്തിനാണ് ഒന്നാം സ്ഥാനമെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ട വരുമാനം നല്കുന്ന കൃഷി റബർ തന്നെയായിരുന്നു. വലിയൊരു വിഭാഗത്തിന്റെ വരുമാന സ്രോതസായി റബർ നിലക്കൊണ്ടു. എന്നാൽ ഇന്ന് സ്ഥിതിയാകെ മാറിയിട്ടുണ്ട്. അതിലൊന്നാണ് അനിയന്ത്രിതമായ ഇറക്കുമതി കാരണം ഉണ്ടായ വിലയിടിവ്. ഇതോടൊപ്പം കാലാവസ്ഥയിലുണ്ടായ വ്യതിയാനവും കൃഷിച്ചെലവുകളുടെ വർധനയും റബർ കൃഷി നഷ്ടമാകുന്ന സ്ഥിതിയുണ്ടാക്കി.

ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് മികച്ച പിന്തുണ നല്കുന്ന നാണ്യ വിളകളിൽ പ്രമുഖസ്ഥാനമുണ്ടായിരുന്നുവെന്നതിനാലാണ് 1947ൽ റബർ ആക്ട് നിലവിൽ വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ റബർ ബോർഡ് രാജ്യത്തെ കർഷകരെ സംബന്ധിച്ചിടത്തോളം നല്ലൊരു അത്താണിയായിരുന്നു. എന്നാൽ 1947 ൽ പ്രാബല്യത്തിൽ വന്ന റബർ ആക്ട് പിൻവലിക്കാനും അതുവഴി റബർ ബോർഡ് പോലുള്ള കർഷക സൗഹൃദ സ്ഥാപനം ഇല്ലാതാക്കുന്നതിനുമുള്ള നടപടി കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുകയാണ്. ഈ നടപടി ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കാരണം രാജ്യത്തെ മൊത്തം റബർ ഉല്പാദനത്തിന്റെ 92 ശതമാനത്തിലധികവും ഇവിടെയാണ്. റബർ കൃഷിയെ നേരിട്ട് ആശ്രയിച്ച് കഴിയുന്ന രാജ്യത്തെ 10.32 ലക്ഷം കർഷകരിൽ 70 ശതമാനവും കേരളത്തിലാണെന്ന പ്രത്യേകതയുമുണ്ട്.

ഇതെല്ലാംവച്ച് പരിശോധിക്കുമ്പോൾ റബർ ആ­ക്ടും അതുവഴി റബർ ബോ­ർഡും ഇല്ലാതാകുന്നതിന്റെ ഏറ്റവും വ­ലി­യ പ്രത്യാഘാതങ്ങൾ നേരിടാൻ പോകുന്ന സം­സ്ഥാനങ്ങളിൽ ഒ­ന്നായിരിക്കും കേരളം. കാരണം സ്വാഭാവിക റബർ കേരളത്തിലെ ക­ർഷകരുടെയും സം­­സ്ഥാ­­­നത്തിന്റെയും പ്രധാന വരുമാനമാ­ർഗ്ഗമാണ്. രാജ്യത്തിലെ റബർ വിസ്തൃതിയുടെ 78 ശതമാനവും സ്വാഭാവിക റബർ ഉല്പാദനത്തിന്റെ 90 ശതമാനവും കേരളത്തിലാണ്. വില കുറഞ്ഞിട്ടു പോലും റബർ കർഷകർ പിടിച്ചുനിൽക്കുന്നത് ഉല്പാദന ബോണസ് പോലുള്ള സംസ്ഥാന സർക്കാരിന്റെ വിവിധ ഇടപെടലുകൾ ഒന്നുകൊണ്ടുമാത്രമാണ്.

ചെറുകിട നാമമാത്ര കർഷകർക്ക് സ്വാഭാവിക റബറിന് 150 രൂപ താങ്ങുവില ഉറപ്പാക്കുന്നതാണ് റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതി. റബർ ബോർഡിന്റെയും ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉല്പാദക സംഘങ്ങളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഇത്തരം വിവിധ പദ്ധതികൾക്കൊപ്പം റബർ ആക്ടിന്റെ അടിസ്ഥാനത്തിൽ ബോർഡ് നടപ്പിലാക്കുന്ന റബർ പുതു കൃഷി, തോട്ടങ്ങളുടെ പുനരുദ്ധാരണം, നൈപുണ്യവികസനം എന്നീ പദ്ധതികൾ കർഷകർക്ക് വളരെ സഹായകരമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയും കേരളത്തിന്റെ ആശങ്ക അറിയിച്ചും സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ കേന്ദ്രത്തിന് കത്ത് നല്കിയിട്ടുണ്ട്. കിസാൻസഭ ഉൾപ്പെടെയുള്ള സംഘടനകളും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കോവിഡിന്റെ ദുരിതപർവം എല്ലാ വിഭാഗത്തിനും കഷ്ടകാലമാണ് നല്കിയത്. ഏറ്റവുമധികം ഉല്പാദനം നടക്കേണ്ടിയിരുന്ന ഘട്ടത്തിലായിരുന്നു ലോക്ഡൗൺ. ഇതും റബർ പോലുള്ള തോട്ടവിള കർഷകർക്ക് തിരിച്ചടിയായതാണ്. ഈയൊരുഘട്ടത്തിൽ കർഷകർക്ക് പ്രയോജനപ്രദമായ പദ്ധതികളും ആനുകൂല്യങ്ങളും കവരുന്നതും ഇല്ലാതാക്കുതും തികച്ചും മനുഷ്യത്വരഹിതമാണ്. ആയതിനാൽ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും കാർഷിക ജനവിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണം. വലിയൊരു വിഭാഗം ജനങ്ങളുടെ വരുമാനമാർഗം തടയുന്ന റബർ ആക്ടിന്റെ ഇല്ലാതാക്കൽ ഉപേക്ഷിക്കുകയും റബർ ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽസജീവമാക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാരിൽനിന്ന് ഉണ്ടാവണം.